ന്യൂഡല്‍ഹി: ദ് ഹിന്ദു ദിനപത്രത്തില്‍ സിപിഎമ്മിന്റെ ഉള്‍പ്പെടെ ഇടതുപക്ഷ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ലേഖികയ്ക്ക് അഭിമുഖം നല്‍കാനും മുഖ്യമന്ത്രി പിണറായി വിജയനു പിആര്‍ ഏജന്‍സിയുടെ സഹായം വേണ്ടിവന്നത് വന്‍ വിവാദത്തിലേക്ക്. ഈ പി ആര്‍ ഏജന്‍സിക്ക് ആരാണ് പണം നല്‍കുന്നതെന്ന ചര്‍ച്ചയും സജീവം. വരും ദിവസങ്ങളില്‍ വിവരാവകാശ ചോദ്യമായി ഇത് സര്‍ക്കാരിന് മുന്നിലെത്തും. പി ആര്‍ ഏജന്‍സിയുമായി സര്‍ക്കാരിന് ബന്ധമില്ലെന്ന മറുപടി വന്നാല്‍ അത് വിവാദത്തെ പുതിയ തലത്തിലെത്തിക്കും. ഇന്ത്യന്‍ പി ആര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആഗോള ബ്രാന്റാണ് 'കെയ്‌സന്‍ ഗ്ലോബല്‍'.

ഇന്ത്യയിലും വിദേശത്തും സാന്നിധ്യമുള്ള 'കെയ്‌സന്‍ ഗ്ലോബല്‍' എന്ന പബ്ലിക് റിലേഷന്‍സ്ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ ഇടപാടുകാരില്‍ വേദാന്ത, നാസ്‌കോം ഫൗണ്ടേഷന്‍ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങളുണ്ട്. മാര്‍ക്കറ്റിങ്, പിആര്‍ രംഗങ്ങളില്‍ അനുഭവപരിചയമുള്ള വിനീത് ഹാണ്ഡയുടെ നേതൃത്വത്തില്‍ 2008 ല്‍ ആരംഭിച്ച കമ്പനി ഇന്ത്യയിലെ വമ്പന്‍ കമ്പനിയാണ്. കമ്പനി പ്രസിഡന്റും മലയാളിയുമായ നിഖില്‍ പവിത്രന്‍ മുംബൈ കേന്ദ്രീകരിച്ചാണു പ്രവര്‍ത്തിക്കുന്നത്. 2018 ല്‍ വൈസ് പ്രസിഡന്റ് പദവിയില്‍ കെയ്‌സനിലെത്തിയ നിഖില്‍, കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണു പ്രസിഡന്റായത്. ഈ കമ്പനിയാണ് മുഖ്യമന്ത്രിയുടെ 'പിആര്‍ വിവാദത്തില്‍' കുടുങ്ങുന്നത്.

ഹിന്ദു പത്രത്തിലെ 'മലപ്പുറം' പരാമര്‍ശമാണ് വിവാദമായത്. ഇത് താന്‍ പറഞ്ഞതല്ലെന്ന് പറഞ്ഞ് ഹിന്ദു പത്രത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് തള്ളി പറഞ്ഞു. പിന്നാലെ ഹിന്ദു എല്ലാം പി ആര്‍ എജന്‍സിയുടെ തലയിലിട്ട് മാപ്പും പറഞ്ഞു. എന്നിട്ടും പിആര്‍ ഏജന്‍സിയെ തള്ളി പറയാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തയ്യാറായിട്ടില്ല. ഇതും ചര്‍ച്ചകളില്‍ നിറയുന്നു. മലപ്പുറത്തെ വിവാദത്തിലേക്ക് കൊണ്ടു വന്നത് എന്തിനെന്ന ചോദ്യമാണ് ഉയരുന്നത്. ബിജെപിക്കായാണ് ഈ വാദം കൊണ്ടു വന്നതെന്ന ചര്‍ച്ചയാണ് പ്രതിപക്ഷം കൊണ്ടു വരുന്നത്.

സാധാരണ മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഒപ്പമുള്ള നേതാക്കളുമായോ ഉദ്യോസ്ഥരുമായോ സംസാരിച്ച് അഭിമുഖത്തിനു സമയം കണ്ടെത്തുകയാണ് രീതി. ചിലപ്പോഴെല്ലാം ഓഫീസില്‍ നിന്നും നേരിട്ടും മാധ്യമങ്ങളെ ബന്ധപ്പെടാറുണ്ട്. ഇത്തവണ മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് സൗകര്യമൊരുക്കാമെന്നു പറഞ്ഞ് മാധ്യമ സ്ഥാപനത്തെ പിആര്‍ ഏജന്‍സി സമീപിച്ചുവെന്നതും അഭിമുഖത്തില്‍ പറഞ്ഞതിനു പുറമേ എന്തുകൂടി ഉള്‍പ്പെടുത്തണമെന്ന് 'റിലയന്‍സില്‍ പ്രവര്‍ത്തിക്കുന്ന'യാള്‍ ആവശ്യപ്പെട്ടുവെന്നതും ശ്രദ്ധേയമാണെന്ന് മനോരമ പറയുന്നു. റിലയന്‍സിനെ ഈ വിവാദത്തിലേക്ക് മനോരമ കൊണ്ടു വരുന്നതു വന്നതും നിര്‍ണ്ണായകമാണ്. ഇതിന് മുമ്പും കെയ്‌സന്‍ കമ്പനി മുഖ്യമന്ത്രിയുമായി സഹകരിച്ചിട്ടുണ്ട്.

കേരളത്തിലെ പ്രളയം, വയനാട് പുനരധിവാസം എന്നിവയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റേതായി ദുബായിലെ ഖലീജ് ടൈംസില്‍ വന്ന അഭിമുഖം തയാറാക്കിയതും കെയ്‌സന്‍ കമ്പനി തന്നെയെന്ന് മനോരമ പറയുന്നു. മുഖ്യമന്ത്രിക്കു പറയാനുള്ള കാര്യങ്ങള്‍ അഭിമുഖമായി പ്രസിദ്ധീകരിക്കണമെന്ന് അഭ്യര്‍ഥിച്ച് ഇവര്‍ ഖലീജ് ടൈംസിനെ കഴിഞ്ഞമാസം ആദ്യം ഇമെയില്‍ വഴി ബന്ധപ്പെട്ടു. പ്രളയം, പുനരധിവാസം എന്നിവ സംബന്ധിച്ചു മാത്രമായിരിക്കണം ചോദ്യങ്ങളെന്നും നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം, ഖലീജ് ടൈംസ് തയാറാക്കിയ ചോദ്യങ്ങള്‍ കെയ്‌സന് അയച്ചുകൊടുത്തു. മറുപടി ഇവര്‍ ഖലീജിനു തിരികെ നല്‍കി. സെപ്റ്റംബര്‍ 5ന് ഓണ്‍ലൈനിലും 6നു പത്രത്തിലും പ്രസിദ്ധീകരിച്ച അഭിമുഖത്തിനായി മുഖ്യമന്ത്രിയുമായി പത്രത്തിന്റെ പ്രതിനിധികളാരും നേരിട്ടു സംസാരിച്ചിട്ടില്ലെന്നും മനോരമ പറയുന്നു.

വയനാടിന്റെ പുനര്‍നിര്‍മാണത്തില്‍ പ്രവാസികള്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രതീക്ഷയാണ് അഭിമുഖത്തിന്റെ തലക്കെട്ടായത്. ഹിന്ദു പത്രത്തിന് അഭിമുഖം നല്‍കുമ്പോള്‍ സര്‍ക്കാരിന്റെ ഉദ്യോഗസ്ഥര്‍ ആരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നില്ല. കെയ്‌സന്റെ സിഇഒ വിനീത് ഹാണ്ഡയും 'സുബ്രമണ്യം' എന്നു സ്വയം പരിചയപ്പെടുത്തിയ വ്യക്തിയും ഒപ്പമുണ്ടായിരുന്നു താനും. മലയാളത്തിലായിരുന്നു അഭിമുഖം. മുഖ്യമന്ത്രിയുടെ സ്വന്തം 'പബ്ലിക് റിലേഷന്‍സ്' ജോലികള്‍ക്കായി മാത്രം സര്‍ക്കാര്‍ ഖജനാവില്‍നിന്നു മാസം 12 ലക്ഷത്തോളം രൂപ ശമ്പളത്തിനായി ചെലവിടുമ്പോഴാണു വന്‍തുക പ്രതിഫലം പറ്റുന്ന 'പാന്‍ ഇന്ത്യന്‍' പിആര്‍ ഏജന്‍സികളുടെ സേവനം മുഖ്യമന്ത്രി തേടുന്നതെന്ന വാര്‍ത്തയും ചര്‍ച്ചയാകുന്നുണ്ട്. സ്വകാര്യ പിആര്‍ ഏജന്‍സികള്‍ക്കു നല്‍കുന്ന പണം ഏത് അക്കൗണ്ടില്‍നിന്ന് എന്നതിലും വ്യക്തതയില്ല-ഇങ്ങനെ പോകുന്നു മനോരമ വാര്‍ത്ത.

ഏതായാലും നിയമസഭാ സമ്മേളനം ദിവസങ്ങള്‍ക്കുള്ളില്‍ തുടങ്ങും. ഈ വിഷയങ്ങള്‍ പ്രതിപക്ഷം നിയമസഭയ്ക്കുള്ളില്‍ ചര്‍ച്ചയാക്കുമെന്ന് ഉറപ്പാണ്. ഇതിന്റെ സൂചനകളാണ് മനോരമ അടക്കമുള്ള മാധ്യമങ്ങളില്‍ കാണുന്നത്. ഈ വിഷയങ്ങളെ എങ്ങനെ സഭയ്ക്കുള്ളില്‍ മുഖ്യമന്ത്രി പ്രതിരോധിക്കുമെന്നതാണ് ഉയരുന്ന ചോദ്യം. പി വി അന്‍വര്‍ തുറന്നു വിട്ട കൊടുങ്കാറ്റുകള്‍ക്കൊപ്പം പി ആര്‍ വിവാദവും സര്‍ക്കാരിന് തലവേദനയായി മാറും.