കണ്ണൂർ: സംസ്ഥാനത്തെ ഞെട്ടിച്ച് കഴിഞ്ഞ ദിവസമാണ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിൽ വെടിക്കെട്ട് അപകടം ഉണ്ടായത്. അപകടത്തിൽ നൂറിലേറെ പേര്‍ക്കാണ് പൊള്ളലേറ്റത്. പൊള്ളലേറ്റ് 98 പേര്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ഇപ്പോഴും ചികിത്സയിൽ കഴിയുകയാണ്. 30 പേര്‍ ഐസിയുവിലും തുടരുന്നു. ഇതില്‍ മൂന്ന് പേര്‍ അതീവഗുരുതരാവസ്ഥയിൽ വെന്‍റിലേറ്ററില്‍ തുടരുന്നുണ്ട്.

ഇപ്പോഴിതാ വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി ഉയർന്നിരിക്കുകയാണ്. ഇന്നലെയാണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ചോയ്യങ്കോട് കിണാവൂർ സ്വദേശി സന്ദീപ് (38) എന്ന യുവാവ് മരണത്തിന് കീഴടങ്ങിയത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ സന്ദീപ് വെൻ്റിലേറ്ററിലായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്.

ഇന്ന് അതീവ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടിയാണ് മരണത്തിന് കീഴടങ്ങിയിരിക്കുയാണ്. നീലേശ്വരം കിണാവൂര്‍ സ്വദേശി രതീഷാണ്(32) ഇന്ന് രാവിലെ മരിച്ചത്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

60 ശതമാനത്തില്‍ അധികം പൊള്ളലേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രക്ത സമ്മര്‍ദ്ദ കുറവും ഹൃദയത്തിന്‍റെ പ്രവര്‍ത്തനത്തിന് തകറാറുമുള്ളതിനെ തുടര്‍ന്ന് വെന്‍റിലേറ്ററില്‍ ആയിരുന്നു. ഇതോടെ വെടിക്കെട്ട് ദുരന്തത്തിൽ മരണം രണ്ടായി.

തിങ്കളാഴ്ചയാണ് ക്ഷേത്രത്തില്‍ വെടിക്കെട്ടപകടം ഉണ്ടായത്. മൂവാളംകുഴി ചാമുണ്ഡിയുടെ കുളിച്ചുതോറ്റം അരങ്ങിലെത്തിയപ്പോഴായിരുന്നു സംഭവം നടന്നത്. പടക്കം പൊട്ടിച്ചപ്പോള്‍ തീപ്പൊരി പടക്കപ്പുരയിലേക്ക് വീഴുകയായിരുന്നു. ഇരുന്നൂറിലേറെ പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇതിനിടെ സംഭവത്തില്‍ പിടിയിലായവരുടെ ജാമ്യം കോടതി റദ്ദാക്കിയിട്ടുണ്ട്.