കൊച്ചി: സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന് നേതൃത്വം നല്‍കിയിരുന്ന സാമുവല്‍ ജെറോമിനെതിരെ കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി. നിമിഷപ്രിയ കേസില്‍ സാമുവല്‍ ജെറോം ഇതുവരെ കാര്യമായ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരന്‍ വ്യക്തമാക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അബ്ദുല്‍ ഫത്താഹ് മഹ്ദിയുടെ ആരോപണം. മലയാളത്തിലാണ് ഫത്താഹ് മഹ്ദി ആരോപണം ഉയര്‍ത്തുന്നത്.

മാധ്യമങ്ങളോട് പറയും പോലെ സാമുവല്‍ ജെറോം അഭിഭാഷകനല്ലെന്നാണ് മഹ്ദി ആരോപിക്കുന്നത്. പ്രതിയുടെ കുടുംബത്തിന്റെ യമനിലെ പ്രതിനിധിയായി പവര്‍ ഓഫ് അറ്റോര്‍ണി ഉള്ള ആള്‍ മാത്രമാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി പറയുന്നു. മധ്യസ്ഥത എന്ന പേരില്‍ തങ്ങളുടെ സഹോദരന്റെ രക്തത്തില്‍ സാമുവല്‍ ജെറോം വ്യാപാരം നടത്തുകയാണെന്നും അബ്ദുല്‍ ഫത്താഹ് ആരോപണമായി ഉന്നയിച്ചു.

നിമിഷ പ്രിയയ്ക്ക് വധശിക്ഷ വിധിച്ചത് കോടതി ശരിവെച്ചതിന് പിന്നാലെ സനയില്‍ വെച്ച് സാമുവലിനെ കണ്ടെന്നും സന്തോഷം നിറഞ്ഞ മുഖത്തോടുകൂടെ തനിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചുവെന്നും തലാലിന്റെ സഹോദരന്‍ പറയുന്നു. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം, കേരളത്തിലെ മാധ്യമങ്ങളില്‍ തലാലിന്റെ കുടുംബത്തിന് ദിയാദനമായി നല്‍കാന്‍ സാമുവല്‍ ഇരുപതിനായിരം ഡോളര്‍ ആവശ്യപ്പെട്ടതായി കണ്ടതായും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.

'ഞങ്ങള്‍ അദ്ദേഹത്തെ കണ്ടിട്ടില്ല, ഈ വിഷയത്തില്‍ അദ്ദേഹം ഞങ്ങളെ വിളിച്ചിട്ടില്ല, ഒരു ടെക്സ്റ്റ് മെസ്സേജും അയച്ചിട്ടില്ല, മറിച്ചാണെന്ന് തെളിയിക്കാന്‍ ഞാന്‍ അദ്ദേഹത്തെ വെല്ലുവിളിക്കുന്നു....ഞങ്ങള്‍ക്ക് സത്യം അറിയാം, കള്ളം പറയുന്നതും വഞ്ചിക്കുന്നതും നിര്‍ത്തിയില്ലെങ്കില്‍ ഞങ്ങള്‍ അത് തുറന്നുകാട്ടും', അബ്ദുല്‍ ഫത്താഹ് മഹ്ദി ഫേസ്ബുക്കില്‍ കുറിച്ചു.

തലാലിന്റെ കുടുംബവുമായി നേരത്തെ ബന്ധപ്പെട്ടിരുന്നുവെന്നാണ് സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന് നേതൃത്വം നല്‍കിയത് സാമുവല്‍ ജെറോമായിരുന്നു. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് സാമുവല്‍ ജെറോമിന് 40,000 ഡോളര്‍ (38 ലക്ഷം) ആക്ഷന്‍ കൗണ്‍സില്‍ അയച്ചുകൊടുത്തിരുന്നു. എന്നാല്‍ ഈ പണവുമായി ബന്ധപ്പെട്ടും സാമുവലിനെതിരെ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഇക്കാര്യവും മഹ്ദിയുടെ സഹോദരന്റെ പോസ്റ്റിലുണ്ട്.

ശിക്ഷ നടപ്പാക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് കൊലപാതക കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെച്ചത്. യെമനിലെ പ്രമുഖ സൂഫി പണ്ഡിതനായ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളു വഴി കാന്തപുരം എപി അബൂബക്കര്‍ നടത്തിയ ഇടപെടലാണ് വധശിക്ഷ മാറ്റി വയ്ക്കാന്‍ കാരണമെന്നാണ് പുറത്തുവന്ന വിവരം. യെമന്‍ മാധ്യങ്ങളും ഇത് വാര്‍ത്തയാക്കിയിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇത്തരം ഒരു ഇടപെടല്‍ നടന്നിട്ടില്ലെന്നാണ് അറിയിച്ചത്.

ഫത്താഹ് അബ്ദുള്‍ മെഹ്ദി പോസ്റ്റിന് പിന്നാലെ ഈ വിഷയത്തില്‍ കേരളത്തിലും ചര്‍ച്ചകള്‍ സജീവമായി. പോസ്റ്റ് പങ്കുവച്ച് സുപ്രീംകോടതി അഭിഭാഷകനും സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ നിയമോപദേഷ്ടാവുമായ അഡ്വ. സുഭാഷ് ചന്ദ്രന്‍ കെ ആര്‍ രംഗത്തെത്തി. ഒരേ സമയം ദയ കാത്തു കഴിയുന്ന നിമിഷയുടെ കുടുംബവും ഇരയായ തലാല്‍ മെഹ്ദിയുടെ കുടുംബവും വഞ്ചിക്കപ്പെട്ടു എന്ന ആശങ്കയാണ് അഡ്വ. സുഭാഷ് ചന്ദ്രന്‍ കെ ആര്‍ പങ്കുവയ്ക്കുന്നത്.

മരണത്തിന്റെ വ്യാപാരികള്‍ എന്ന് തുടങ്ങുന്ന പോസ്റ്റില്‍ മനുഷ്യജീവന്‍ വെച്ചുള്ള കച്ചവടമാണ് നടന്നതെന്ന ചോദ്യമാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. ഞങ്ങള്‍ പൂര്‍ണമായും തലാലിന്റെ കുടുംബത്തിന്റെ വികാരങ്ങളെ മാനിക്കുന്നു ; തെറ്റ് ചെയ്ത സഹോദരി നിമിഷക്കു വേണ്ടി നിരുപാധികം മാപ്പിരക്കുന്നു എന്നും അദ്ദേഹം പറയുന്നു.

സാമുവല്‍ ജെറോം നിമിഷയെ രക്ഷിക്കാനുളള ശ്രമങ്ങളെ പ്രതിസന്ധിയിലാക്കരുതെന്ന് നേരത്തെയും അഡ്വ. സുഭാഷ് ചന്ദ്രന്‍ പറഞ്ഞിരുന്നു. നിമിഷ പ്രിയ മോചിപ്പിക്കപ്പെട്ടാല്‍ സാമുവല്‍ ജെറോമിന് ക്രെഡിറ്റ് നല്‍കാം. എന്നാല്‍ മോചന ശ്രമങ്ങളെ പ്രതിസന്ധിയിലാക്കരുത് എന്നായിരുന്നു മുന്‍പ് നടത്തിയ പ്രതികരണം. മോചനത്തിനായി സാമുവലിന് 44,000 ഡോളര്‍ നല്‍കി. അത് എന്തിനാണ് ഉപയോഗിച്ചതെന്ന് അറിയിച്ചിട്ടില്ല. ദയവുചെയ്ത് മോചനശ്രമങ്ങളെ പരാജയപ്പെടുത്തരുത്' എന്നായിരുന്നു സുഭാഷ് ചന്ദ്രന്റെ പ്രതികരണം.