സന: യെമനി പൗരന്‍ തലാല്‍ അബ്ദോ മെഹ്ദിയുടെ കൊലപാതക കേസില്‍ സനയിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ ധാരണയായെന്ന് കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കാന്തപുരത്തിന്റെ അറിയിപ്പ് പ്രതീക്ഷാവഹമാണെങ്കിലും തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താ മെഹ്ദി വധശിക്ഷ റദ്ദാക്കുന്നതിന് എതിരെ ശക്തമായി രംഗത്ത് വന്നിരുന്നു.

ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞതിനര്‍ഥം വിധി റദ്ദാക്കി എന്നല്ലെന്ന തലാലിന്റെ സഹോദരന്റെ പുതിയ കുറിപ്പാണ് വീണ്ടും ആശങ്കയ്ക്ക് ഇടയാക്കിയത്.

'ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞത് അസാധാരണമല്ല. ഇത്ര കോലാഹലം ഉണ്ടാക്കാന്‍ പോന്നത്ര വലിയ അദ്ഭുതവുമല്ല. സമാനമായ കേസുകളില്‍ പലപ്പോഴും സംഭവിക്കാറുള്ള സ്വാഭാവികനടപടി മാത്രമാണ്. നിയമത്തെക്കുറിച്ച് അല്‍പ്പമെങ്കിലും ബോധമുള്ള ആര്‍ക്കും ഇത് നന്നായറിയാം' അബ്ദുള്‍ ഫത്താ മെഹ്ദി കുറിച്ചു.

'സെഷന്‍സ് കോടതിക്ക് നിശ്ചിത കാലയളവിലേക്ക് വിധി നടപ്പാക്കുന്നത് മാറ്റിവെക്കാന്‍ അധികാരമുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ ഞങ്ങളുടെ ഉണങ്ങാത്ത മുറിവുകളില്‍ പടുത്തുയര്‍ത്തിയ വ്യാജ വിജയത്തിനായി നിങ്ങള്‍ പ്രാര്‍ഥിക്കരുത്. സത്യം പരാജയപ്പെടില്ല. ശിക്ഷ നടപ്പാക്കാനുള്ള പുതിയ തീയതി ഉടന്‍ വരും' മെഹ്ദി പറയുന്നു.


വധശിക്ഷ തടഞ്ഞതിനുപിന്നാലെ ശിക്ഷ ഉടന്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് തലാല്‍ കുടുംബം രംഗത്തെത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ശിക്ഷ നടപ്പാക്കാന്‍ പുതിയ തീയതി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം അറ്റോര്‍ണി ജനറലിന് കത്തു നല്‍കിയെന്നായിരുന്നു റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പങ്കിടരുതെന്ന് ഭര്‍ത്താവ് ടോമി തോമസും പ്രതികരിച്ചിരുന്നു. മോചനത്തിന് ഇത് തടസമാകുമെന്നാണ് കുടുംബത്തിന്റെ നിലപാട്.

നിമിഷ പ്രിയയുടെ കേസുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും അവയില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. 'യെമനിലെ കൊലപാതക കേസില്‍ വധശിക്ഷ നേരിടുന്ന ഇന്ത്യന്‍ പൗരയായ നിമിഷ പ്രിയയുടെ കേസുമായി ബന്ധപ്പെട്ട് അവകാശവാദങ്ങളുന്നയിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അവ തെറ്റാണ്. വൈകാരിക പ്രാധാന്യമുള്ള ഈ വിഷയത്തില്‍ തെറ്റായ വിവരങ്ങളും ഊഹാപോഹങ്ങളും ഒഴിവാക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു' കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.

യെമെന്റെ തലസ്ഥാനമായ സനായില്‍ നടന്ന ഉന്നതതല യോഗത്തില്‍ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള തീരുമാനം ഉണ്ടായതായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുള്ള പ്രതികരണം വന്നത്.