യെമന്‍: യെമനി പൗരന്റെ കൊലപാതക കേസില്‍ സനയിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷയില്‍ ഇളവുകിട്ടുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. വിവിധ തലത്തിലെ ഇടപെടലുകളില്‍ പ്രതീക്ഷയുണ്ടെന്നും നിമിഷപ്രിയ എത്രയും വേഗം മോചിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ഭര്‍ത്താവ് സാമുവല്‍ തോമസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍, കൊല്ലപ്പെട്ട സഹാദരന്‍ തലാല്‍ അബ്ദോ മെഹ്ദിയുടെ കൊലയ്ക്ക് പകരമായി നിമിഷപ്രിയയുടെ ചോര വേണമെന്ന കടുത്ത നിലപാടിലാണ് അബ്ദുല്‍ ഫത്താ മെഹദി. വധശിക്ഷയ്ക്ക് പുതിയ തീയതി നിശ്ചയിക്കണമെന്ന് അബ്ദുല്‍ ഫത്താ മെഹദി ആവര്‍ത്തിച്ചു. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ പുതിയ തീയതി ആവശ്യപ്പെട്ട് അറ്റോര്‍ണി ജനറലിനെ കണ്ടതായി അബ്ദുല്‍ ഫത്താ മെഹദി ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.

'ബഹുമാനപ്പെട്ട ഡപ്യൂട്ടി ജനറലുമായി ഇന്ന് കൂടിക്കാഴ്ച നടത്തി. ഞങ്ങളുടെ ഉറച്ച നിലപാട് അദ്ദേഹത്തെ ധരിപ്പിച്ചു. ശിക്ഷാ വിധി നടപ്പാക്കുന്നതിന് തീയതി നിശ്ചയിക്കണമെന്ന വ്യക്തമായ ആവശ്യം മുന്നോട്ടുവച്ചു. പ്രതികാരമല്ലാതെ മറ്റൊരു വഴിയുമില്ല'


വധശിക്ഷയ്ക്ക് പുതിയ തീയതി നിശ്ചയിക്കണം എന്നാണ് അബ്ദുല്‍ ഫത്താഹ് മെഹ്ദിയുടെ ആവശ്യം. വധശിക്ഷ നീട്ടിവെച്ചിട്ട് ആഴ്ചള്‍ പിന്നിട്ടെന്നും പുതിയ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും കാട്ടി അബ്ദുല്‍ ഫത്താഹ് മെഹ്ദി പ്രോസിക്യൂട്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. വധശിക്ഷയ്ക്ക് പുതിയ തീയതി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട കത്തില്‍ മധ്യസ്ഥ ശ്രമങ്ങള്‍ക്കോ ചര്‍ച്ചകള്‍ക്കോ ഉള്ള എല്ലാ ശ്രമങ്ങളെയും തള്ളുന്നുവെന്നും പറഞ്ഞിരുന്നു.

അബ്ദുല്‍ ഫത്താ മെഹ്ദി വധശിക്ഷ റദ്ദാക്കുന്നതിന് എതിരെ നേരത്തെ ശക്തമായി രംഗത്ത് വന്നിരുന്നു. 'ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞത് അസാധാരണമല്ല. ഇത്ര കോലാഹലം ഉണ്ടാക്കാന്‍ പോന്നത്ര വലിയ അദ്ഭുതവുമല്ല. സമാനമായ കേസുകളില്‍ പലപ്പോഴും സംഭവിക്കാറുള്ള സ്വാഭാവികനടപടി മാത്രമാണ്. നിയമത്തെക്കുറിച്ച് അല്‍പ്പമെങ്കിലും ബോധമുള്ള ആര്‍ക്കും ഇത് നന്നായറിയാം' അബ്ദുള്‍ ഫത്താ മെഹ്ദി കുറിച്ചു.

'സെഷന്‍സ് കോടതിക്ക് നിശ്ചിത കാലയളവിലേക്ക് വിധി നടപ്പാക്കുന്നത് മാറ്റിവെക്കാന്‍ അധികാരമുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ ഞങ്ങളുടെ ഉണങ്ങാത്ത മുറിവുകളില്‍ പടുത്തുയര്‍ത്തിയ വ്യാജ വിജയത്തിനായി നിങ്ങള്‍ പ്രാര്‍ഥിക്കരുത്. സത്യം പരാജയപ്പെടില്ല. ശിക്ഷ നടപ്പാക്കാനുള്ള പുതിയ തീയതി ഉടന്‍ വരും' മെഹ്ദി പറഞ്ഞിരുന്നു.


യെമെന്റെ തലസ്ഥാനമായ സനായില്‍ നടന്ന ഉന്നതതല യോഗത്തില്‍ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള തീരുമാനം ഉണ്ടായതായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് തെറ്റായ പ്രചാരണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന പ്രതികരണം വന്നത്.

2017 ജൂലൈ 25ന് യെമനില്‍ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന്‍ തലാല്‍ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. നിമിഷ പ്രിയയുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷ പറഞ്ഞത്.