മലപ്പുറം: വണ്ടൂരിനടുത്ത് നടുവത്ത് നിപ ബാധിച്ച് മരിച്ച 24-കാരന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു. സെപ്റ്റംബര്‍ ഒമ്പത് തിങ്കളാഴ്ച മരിച്ച യുവാവിന് ഇന്നലെയാണ് നിപ സ്ഥിരീകരിച്ചത്. പുണെ വൈറോളജി ലാബിലെ ഫലമാണ് പോസിറ്റീവായത്. മലപ്പുറം ജില്ലയില്‍ 175 പേര്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതില്‍ 74 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 126 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 49 പേര്‍ സെക്കന്ററി സമ്പര്‍ക്ക പട്ടികയിലുമാണ്. പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള 104 പേരാണ് ഹൈ റിസ്‌ക് കാറ്റഗറിയിലുള്ളത്. സമ്പര്‍ക്ക പട്ടികയിലുള്ള 10 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ 13 പേരുടെ സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭ്യമാകാനുണ്ടെന്നും മന്ത്രി അറിയിച്ചു.

മലപ്പുറം സര്‍ക്കാര്‍ അതിഥി മന്ദിര കോമ്പൗണ്ടില്‍ കണ്‍ട്രോള്‍ സെല്‍ പ്രവര്‍ത്തനം തുടങ്ങി. 0483 2732010, 0483 2732060 എന്നീ നമ്പറുകളില്‍ നിപ കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടാം. രോഗം ബാധിച്ച് മരിച്ച 24കാരന്റെ യാത്രാ വിവരങ്ങളും സമയവും അടങ്ങിയ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. മരിച്ച വ്യക്തിയുടെ വീടിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ 66 ടീമുകളായി ഫീല്‍ഡ് സര്‍വെ ആരംഭിച്ചു.

മമ്പാട് പഞ്ചായത്തിലെ 590 വീടുകളിലും വണ്ടൂരിലെ 447 വീടുകളിലും തിരുവാലിയിലെ 891 വീടുകളിലും അടക്കം ആകെ 1928 വീടുകളില്‍ സര്‍വെ നടത്തി. മമ്പാട് ഗ്രാമപഞ്ചായത്തില്‍ 10, വണ്ടൂരില്‍ 10, തിരുവാലിയില്‍ 29 ആകെ 49 പനി കേസുകള്‍ സര്‍വെയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ മമ്പാട് കണ്ടെത്തിയ ഒരു പനി കേസ് മാത്രമാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ ട്യൂഷന്‍ സെന്ററുകളും അങ്കണവാടികളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കി. കണ്ടൈന്‍മെന്റ് സോണില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പോലീസിന് യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.

സെപ്റ്റംബര്‍ നാലിനാണ് യുവാവിന് രോഗലക്ഷണങ്ങള്‍ ആരംഭിച്ചത്. നാലിനും അഞ്ചിനും യുവാവ് വീട്ടില്‍ തന്നെയായിരുന്നു. ആറാം തീയതി രാവിലെ 11.30 മുതല്‍ 12 വരെ ഫാസില്‍ ക്ലിനിക്കിലുണ്ടായിരുന്നു. അന്നേ ദിവസം വൈകീട്ട് 7.30 മുതല്‍ 7.45 വരെ ബാബു പാരമ്പര്യവൈദ്യശാലയിലും. അന്ന് രാത്രി 8.18 മുതല്‍ 10.30 വരെ ജെ.എം.സി. ക്ലിനിക്കില്‍ ചെലവഴിച്ചു.

ഏഴാം തീയതി രാവിലെ 9.20 മുതല്‍ 9.30 വരെ നിലമ്പൂര്‍ പോലീസ് സ്റ്റേഷനില്‍. ഓട്ടോയിലായിരുന്നു ഈ യാത്ര. അന്ന് രാത്രി 7.25 മുതല്‍ 8.24 വരെ എന്‍.ഐ.എം.എസ് എമര്‍ജന്‍സി വിഭാഗത്തില്‍. അന്ന് രാത്രി 8.25-ന് ഐ.സി.യു.വിലേക്ക് മാറ്റി. എട്ടാം തീയതി ഉച്ചയ്ക്ക് ഒരു മണി വരെ അവിടെ ചികിത്സയില്‍.

എട്ടിന് ഉച്ചയ്ക്ക് 1.25-ന് എം.ഇ.എസ് ആശുപത്രിയിലേക്ക് മാറ്റി. 2.06 മുതല്‍ 3.55 വരെ എം.ഇ.എസ് അത്യാഹിത വിഭാഗത്തില്‍. 3.59 മുതല്‍ 5.25 വരെ എം.എര്‍.ഐ. മുറിയില്‍. 5.35 മുതല്‍ 6 വരെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ തുടരുന്നു. പിന്നീട്, 6.10-ന് എം.ഐ.സി.യു യൂണിറ്റ് ഒന്നിലേക്ക് മാറ്റുന്നു. ഒമ്പതാം തീയതി പുലര്‍ച്ചെ 12.50 വരെ ഇവിടെ ചികിത്സയില്‍.

ഒമ്പതിന് പുലര്‍ച്ചെ ഒന്നിന് എം.ഐ.സി.യു യൂണിറ്റ് രണ്ടിലേക്ക് മാറ്റുന്നു. പുലര്‍ച്ചെ 8.46 വരെ ഇവിടെ ചികിത്സയില്‍. യുവാവുമായി ബന്ധപ്പെട്ടവരുടെ സമ്പര്‍ക്കപ്പട്ടിക ആരോഗ്യവകുപ്പ് ഞായറാഴ്ച പുറത്തുവിട്ടിരുന്നു

ആരോഗ്യവകുപ്പ് പുറത്തുവിട്ട റൂട്ട്മാപ്പ്

24-കാരന്റെ മരണം നിപ ബാധിച്ചാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ ആളുകള്‍ പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.

തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാര്‍ഡുകള്‍, മമ്പാട് പഞ്ചായത്തിലെ 7-ാം വാര്‍ഡ് എന്നിവ കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് പ്രഖ്യാപിച്ചു.