ലണ്ടന്‍: ''എന്റെ അക്കൗണ്ടുകളില്‍ നിന്നും ഇഡി പിടിച്ചെടുത്ത 1024 കോടി രൂപയെവിടെ?''. മിനിഞ്ഞാന്ന് ലണ്ടന്‍ ഹൈക്കോടതിയില്‍ ഉയര്‍ന്ന കുപ്രസിദ്ധ സാമ്പത്തിക കുറ്റവാളി നീരവ് മോദിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കൃത്യമായി എതിര്‍ ഭാഗത്തു നിന്നും വന്നില്ല. ബാങ്ക് ഓഫ് ഇന്ത്യയുമായുള്ള കേസില്‍ വെറും 73 കോടി നീരവില്‍ നിന്നും കിട്ടാനായി ബാങ്കിന്റെ അഭിഭാഷകന്‍ ചോദ്യം ഉയര്‍ത്തവെയാണ് തന്റെ 1024 കോടി പിടിച്ചെടുത്ത പണമൊക്കെ എവിടെ എന്ന് നീരവ് ചോദിക്കുന്നത്.

അത് ബാങ്കിന് കിട്ടിയെങ്കില്‍ ഞങ്ങള്‍ ഈ കോടതിയില്‍ വന്നു നിന്ന് സമയം കളയുമോ എന്ന ചോദ്യമാണ് ബാങ്കിന്റെ അഭിഭാഷകന്‍ ടോം ബസ്ലി തിരികെ ചോദിച്ചത്. ഇതോടെ നീരവില്‍ നിന്നും പിടിച്ചെടുത്ത വന്‍തുക എവിടെ പോയെന്ന കൗതുകമുണര്‍ത്തുന്ന ചോദ്യം ഉയരുകയാണ്. ഇന്ത്യയില്‍ വിവിധ ബാങ്കുകളില്‍ നിന്നായി നീരവും കൂട്ടാളികളും ചേര്‍ന്ന് 28,000 കോടി രൂപ തട്ടിച്ചെടുത്തു എന്ന ആരോപണത്തെ തുടര്‍ന്നാണ് 2016 ല്‍ മോദി യുകെയിലേക്ക് കടന്നത്.

അന്ന് ബിജെപി സര്‍ക്കാര്‍ മോദിയെ നാട് വിടാന്‍ മൗന സമ്മതം നല്‍കി എന്ന രാഷ്ട്രീയ വിവാദവും ഉയര്‍ന്നിരുന്നു.

ഇതേതുടര്‍ന്ന് എങ്ങനെയും സമാന കുറ്റം തന്നെ നേരിടുന്ന വിജയ് മല്യയെയും നീരവ് മോദിയെയും ഇന്ത്യയില്‍ എത്തിക്കാന്‍ മോദി സര്‍ക്കാര്‍ ബ്രിട്ടീഷ് സര്‍ക്കാരുമായി നിരന്തരം സമ്പര്‍ക്കത്തില്‍ ആണെങ്കിലും ഇരു കുറ്റവാളികളും ബ്രിട്ടീഷ് കോടതികളുടെ അഭയം തേടിയതിനാല്‍ നാട് കടത്തല്‍ നടപടി പോലും അനന്തമായി നീളുകയാണ്. ഏതു സാമ്പത്തിക കുറ്റവാളികള്‍ക്കും യുകെയില്‍ എത്തിയാല്‍ സസുഖം വാഴാം എന്ന ആരോപണം നിലവില്‍ക്കേയാണ് കഴിഞ്ഞ ആറു വര്‍ഷമായി നീരവ് മോദി ജയിലില്‍ കഴിയുന്നതും വിജയ് മല്യ ജാമ്യത്തില്‍ കഴിയുന്നതും. ഓരോ കേസുകള്‍ ഒന്നിന് പിന്നാലെ ഒന്നായി കോടതികളില്‍ എത്തുന്നതോടെ ഇക്കൂട്ടത്തില്‍ നീരവ് മോദി കഴിഞ്ഞ ആറുവര്‍ഷമായി ഏറെക്കുറെ പുറം ലോകവും ആയി ബന്ധമറ്റ നിലയിലുമാണ്. ഇക്കാര്യം കഴിഞ്ഞ ദിവസം ലണ്ടന്‍ ഹൈക്കോടതിയില്‍ നടന്ന വാദത്തിലും അദ്ദേഹം ഉയര്‍ത്തിക്കാട്ടി.

മൂന്നു വര്‍ഷം അല്ലലറിയാത്ത ലണ്ടന്‍ ജീവിതം, എല്ലാം മാറ്റി മറിച്ചത് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ മൈക് ബ്രൗണിന്റെ കണ്ണില്‍ പെട്ടതോടെ

ഒന്‍പതു വര്‍ഷം മുന്‍പ് ഇന്ത്യയില്‍ നിന്നും രക്ഷപ്പെട്ടോടി ലണ്ടനില്‍ എത്തിയ നീരവ് മോദി അല്ലലറിയാതെ കോടികള്‍ കയ്യില്‍ വച്ച് ലണ്ടനില്‍ സുഖ ജീവിതം നയിക്കുക ആയിരുന്നു. മൂന്നു വര്‍ഷങ്ങള്‍ നൊടിയിടയില്‍ കടന്നു പോയി. 2019 മാര്‍ച്ച് ഒന്‍പതിനാണ് നീരവിന് യഥാര്‍ത്ഥ ശനിദിശ തുടങ്ങിയത്. ലണ്ടനില്‍ സാധാരണ സവാരിക്ക് ഇറങ്ങിയ നീരവിനെ റോഡില്‍ കൂടി നടന്നു പോകുമ്പോള്‍ അപ്രതീക്ഷിതമായി സീനിയര്‍ പത്ര പ്രവര്‍ത്തകന്‍ മൈക് ബ്രൗണിന്റെ കണ്ണില്‍ പെടുന്നത്. ഹലോ നീരവല്ലേ എന്ന കൗതുകത്തോടെയുള്ള മൈക്കിന്റെ ചോദ്യത്തിന് താന്‍ നിയമങ്ങള്‍ക്കെല്ലാം അതീതനാണ് എന്ന അഹന്തയോടെ കഴിഞ്ഞിരുന്ന നീരവ് ഒട്ടും ദാര്‍ഷ്ട്യം വിടാതെ നോ കമന്റ്സ് എന്ന മറുപടി നല്‍കി. ഈ ദൃശ്യം പകര്‍ത്തിയ മൈക് ബ്രൗണ്‍ സമൂഹ മാധ്യമമായ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ഇതോടെ നീരവ് ലണ്ടനില്‍ എവിടെയാണെന്ന ചോദ്യത്തിന് ഉത്തരമായി.

നീരവിന്റെ ദൃശ്യം പുറത്തു വന്നതോടെ ബ്രിട്ടനിലും ഇന്ത്യയിലും മാധ്യമങ്ങള്‍ സജീവമായി. ഉടന്‍ നീരവ് ബ്രിട്ടീഷ് പോലീസിന്റെ പിടിയിലുമായി. കൃത്യം പത്തു ദിവസത്തിനിടെ നീരവ് ജയിലിലും എത്തി. ഇത് അന്യായ തടങ്കല്‍ ആണെന്ന് കാട്ടി നീരവും അയാളെ തങ്ങള്‍ക്ക് വിട്ടു നല്‍കണം എന്ന് കാണിച്ചു ഇന്ത്യന്‍ സര്‍ക്കാരും നിയമ യുദ്ധത്തിന് ഇറങ്ങിയതോടെ ഓരോ ജാമ്യ അപേക്ഷ തള്ളുമ്പോഴും മറ്റൊരു കേസില്‍ നീരാവിന്റെ ജയില്‍ വാസം തുടരുകയായിരുന്നു . ഇങ്ങനെയാണ് കഴിഞ്ഞ ആറു വര്‍ഷമായി ലണ്ടനിലെ കുപ്രസിദ്ധ കുറ്റവാളികള്‍ കഴിയുന്ന ജയിലിലേക്ക് നീരവ് എത്തിയത്.

ഇപ്പോള്‍ കണ്ടാല്‍ തിരിച്ചറിയാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ ആയ നീരവിനു മൊബൈല്‍ ഫോണോ ലാപ് ടോപ്പോ ഇല്ലാത്തതിനാല്‍ തന്റെ കേസില്‍ എന്താണ് സംഭവിക്കുന്നത് എന്ന് പോലും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയാണ്. അഭിഭാഷകനു നല്‍കാന്‍ പണം ഇല്ലാത്തതിനാല്‍ സ്വന്തമായി കേസ് വാദിക്കുന്ന നീരാവിനു നിയമ യുദ്ധത്തില്‍ ഒരടി മുന്നോട്ടു വയ്ക്കാനുമാകുന്നില്ല. ഇതോടെയാണ് ഇക്കാര്യങ്ങള്‍ കഴിഞ്ഞ ദിവസം നടന്ന വിചാരണയില്‍ നീരവ് ബോധിപ്പിക്കാന്‍ ശ്രമിച്ചത്. പക്ഷെ കോടതി നീരവിന്റെ ആവലാതികള്‍ കേള്‍ക്കാന്‍ തയ്യാറാകാതെ കേസില്‍ അടുത്ത വാദം അടുത്ത ജനുവരിയിലേക്ക് മാറ്റുക ആയിരുന്നു.

ജയിലില്‍ കയറിയ നാള്‍ മുതല്‍ പുറം ലോകവുമായി ബന്ധമറ്റ് നീരവ്

താന്‍ ജയിലില്‍ കയറിയ നാള്‍ മുതല്‍ പുറം ലോകവുമായി ഒരു ബന്ധവും ഇല്ലാതെ കഴിയുകയാണ് താന്‍ എന്നാണ് ഇപ്പോള്‍ നീരവ് മോദി കോടതിയെ അറിയിച്ചിരിക്കുന്നത്. താന്‍ ബാങ്ക് ഓഫ് ഇന്ത്യക്ക് ഒരു രൂപ പോലും കടബാധ്യത വരുത്തിയിട്ടില്ല എന്നാണ് ഇപ്പോള്‍ നീരവ് പറയുന്നത്. എന്നാല്‍ അടിക്കടി മാറ്റിവയ്ക്കുന്ന കേസില്‍ വാദിക്കാന്‍ തനിക്ക് അടിസ്ഥാനപരമായി ഒരു സൗകര്യവും ലഭിക്കുന്നില്ല എന്നാണ് മിനിഞ്ഞാന്ന് നടന്ന വാദത്തില്‍ നീരവ് ഉയര്‍ത്തിക്കാട്ടിയത്. തനിക്ക് ഇന്റര്‍നെറ്റ് ബന്ധം നിഷേധിക്കുന്നതിനു എതിരെ ആയിരുന്നു നീരവിന്റെ പരാതി. തന്റെ ഭാഗം വിശദീകരിക്കാന്‍ ഏതെങ്കിലും രേഖകള്‍ ലഭിക്കാന്‍ ശ്രമിച്ചാലോ സാക്ഷികളെ ബന്ധപ്പെടാന്‍ ശ്രമിച്ചാലോ തനിക്കതിരെ കൂടുതല്‍ ക്രിമിനല്‍ നിയമനടപടി ആരംഭിക്കുന്ന സാഹചര്യം ആണെന്നും നീരവ് ചൂണ്ടിക്കാട്ടി. തേംസ് സൈഡ് ജയിലില്‍ കഴിയുന്ന 54കാരനായ നീരവ് മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കോടതി നടപടികളില്‍ പങ്കെടുത്തത്.

ബാങ്കിന്റെ വക്കീല്‍ ടാങ്കുകളും മിസൈലുകളുമായി തന്നെ നേരിടാന്‍ നില്‍ക്കുമ്പോള്‍ തന്റെ കൈകളില്‍ മര വടികള്‍ മാത്രം ആണെന്നായിരുന്നു നീരവിന്റെ വാദം. എന്റെ കംപ്യുട്ടറുകളും മറ്റും ഇ ഡി പിടിച്ചെടുത്തിരിക്കുകയാണ്. തന്റെ രേഖകള്‍ മുഴുവന്‍ അവരുടെ കൈകളിലാണ്. ഈ അവസ്ഥയില്‍ കേസില്‍ തനിക്ക് തന്റെ ഭാഗം തെളിയിക്കാന്‍ ഒരു സഹായവും കിട്ടുന്നില്ല എന്നാണ് നീരവ് ഉയര്‍ത്തിയ പ്രധാന പരാതി. 2012 ല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും 131 കോടി രൂപ വായ്പ എടുത്ത കേസിലാണ് നീരവ് നിയമനടപടി നേരിടുന്നത്.

ഈ ലോണിന്റെ കാര്യത്തില്‍ തന്റെ വ്യാജ ഒപ്പുകളാണോ എന്നത് പരിശോധിക്കാന്‍ ഫോറന്‍സിക് സംഘം തയ്യാറാകണം എന്നും നീരവ് ആവശ്യപ്പെടുന്നു. താന്‍ വെറും മൂന്നു കോടിയാണ് ബാങ്കില്‍ നിന്നും ആവശ്യപ്പെട്ടത് എന്നും നീരവ് പറയുന്നു. നീരവിന്റെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ ബാങ്ക് തയ്യാറാകണമെന്നും അയാള്‍ക്ക് രേഖകള്‍ പരിശോധിക്കാന്‍ അവസരം നല്‍കണമെന്നും ജഡ്ജ് ഡേവിഡ് ബെയ്‌ലി വ്യക്തമാക്കി. രേഖകളുടെ ഹാര്‍ഡ് കോപ്പികള്‍ നീരവിനു നല്‍കാന്‍ ബാങ്ക് തയ്യാറാകണമെന്നും ജഡ്ജ് ഉത്തരവിട്ടിട്ടുണ്ട്. ക്രിമിനല്‍ കേസുകളുടെ നടപടിക്രമങ്ങള്‍ മൂലം അടുത്തവര്‍ഷം അവസാനം വരെ നീരവിനു ജാമ്യം നല്‍കാന്‍ കഴിയില്ല എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.