- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒഴിവ് റിപ്പോർട്ട് ചെയ്യാൻ ഒരു ദിവസം വൈകി; ഒറ്റദിവസത്തിന്റെ വ്യത്യാസത്തിൽ നിസമോൾക്കു നഷ്ടമായത് ഏറെക്കാലമായി പ്രതീക്ഷിച്ചിരുന്ന ജോലി; ചില വകുപ്പുകൾ ഒഴിവുകളുടെ വിവരം ഇമെയിലിനു പകരം തപാൽ മാർഗം പിഎസ്സിയെ അറിയിച്ചതു കൊണ്ടുള്ള നഷ്ടമെന്ന് നിസ; നിഷ ബാലകൃഷ്ണന്റെ ദുരനുഭവ കഥ ഒറ്റപ്പെട്ടതല്ല
കൊച്ചി: ഒഴിവുകൾ കൃത്യമായി റിപ്പോർട്ടു ചെയ്യാത്തതു കൊണ്ട് ആറ്റുനോറ്റിരുന്ന ജോലി കൈയിൽ നിന്നും വഴുതി പോയവരുട കഥകൾ അടുത്തിടെ കൂടുതലായി പുറത്തുവന്നിട്ടുണ്ട്. കൊല്ലം ചവറ സ്വദേശി നിഷ ബാലകൃഷ്ണന് സർക്കാർ ജോലി നഷ്ടപ്പെട്ടതിൽ അടക്കം ഒഴിവുകൾ റിപ്പോർട്ടു ചെയ്യുന്നതിലെ വീഴ്ച്ച പ്രകടമാണ്. നിഷയുടേതിന് സമാനമായ വിധത്തിൽ സർക്കാർ ജോലി കൈവിട്ട കഥ പറയുകയാണ് പറവൂരിലെ കെ കെ നിസമോളും.
ഒറ്റദിവസത്തിന്റെ വ്യത്യാസത്തിലാണ് നിസമോൾക്കു ഏറെ കാലമായി പ്രതീക്ഷിച്ചിരുന്ന ജോലി നഷ്ടമായത്. 2015 മാർച്ച് 30നു കാലാവധി അവസാനിച്ച എൽഡി ക്ലാർക്ക് (എറണാകുളം ജില്ല) റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നയാളായിരുന്നു പറവൂർ സ്വദേശി കെ.കെ.നിസമോൾ (44). ആ വർഷം ജൂൺ 30 വരെ, പ്രതീക്ഷിക്കാവുന്ന ഒഴിവുകൾക്കു കൂടി കാലാവധി തീരുന്ന റാങ്ക് ലിസ്റ്റിൽ നിന്നു നിയമനം നൽകാമെന്നു സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ ഈ ഒഴിവുകൾ മാർച്ച് 30നു മുൻപു റിപ്പോർട്ട് ചെയ്യണം.
മുസ്ലിം വിഭാഗത്തിൽ അടുത്തതായി പരിഗണിക്കേണ്ടിയിരുന്ന നിസ അതിനാൽ ജോലി കിട്ടുമെന്ന പ്രതീക്ഷയിലുമായിരുന്നു. മാർച്ച് 30നു രാത്രി 12 വരെ റിപ്പോർട്ട് ചെയ്ത ഒഴിവുകളിലെല്ലാം പിഎസ്സി ലിസ്റ്റിൽ നിന്നു നിയമനം നടത്തി. എന്നാൽ ചില വകുപ്പുകളിൽ ജൂൺ 30നു മുൻപ് ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്ന 4 ഒഴിവുകൾ പിഎസ്സിക്കു റിപ്പോർട്ട് ചെയ്തത് മാർച്ച് 31ന്. റാങ്ക് ലിസ്റ്റിന്റെ കാലാവധി 30ന് അവസാനിച്ചതിനാൽ നിസ പുറത്തായി.
ചില വകുപ്പുകൾ ഒഴിവുകളുടെ വിവരം ഇമെയിലിനു പകരം തപാൽ മാർഗം പിഎസ്സിയെ അറിയിച്ചതു കൊണ്ടാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ വൈകിയതെന്നു നിസ പറയുന്നു. പ്രായപരിധി കഴിഞ്ഞതിനാൽ ഇനിയൊരു പിഎസ്സി പരീക്ഷ എഴുതാൻ കഴിയില്ല. പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചു മുഖ്യമന്ത്രിക്കു നിവേദനം നൽകി കാത്തിരിക്കുകയാണു നിസ.
നേരത്തെ നാലു സെക്കൻഡ് വൈകിപ്പിച്ച് ഉദ്യോഗസ്ഥൻ 'പക തീർത്ത'തിനാൽ കൊല്ലം ചവറ സ്വദേശി നിഷ ബാലകൃഷ്ണന് സർക്കാർ ജോലി നഷ്ടപ്പെട്ടതു സംബന്ധിച്ച വിവാദത്തിൽ സർക്കാർ അന്വേഷണം ആരംഭിച്ചിരുന്നു. റാങ്ക് പട്ടികയുടെ കാലാവധി തീരുന്ന ദിവസം അർധരാത്രി 12 മണിക്ക് ഒഴിവ് റിപ്പോർട്ട് ചെയ്ത നഗരകാര്യ ഡയറക്ടർ ഓഫിസിലെ ഉദ്യോഗസ്ഥൻ ചെയ്തതുകൊടുംക്രൂരത നിഷയ്ക്ക് ജോലി നഷ്ടമാകാൻ ഇടയാക്കിയത്.
നഗരകാര്യ വകുപ്പ് ഡയറക്ടറുടെ തിരുവനന്തപുരത്തെ ഓഫിസിൽ നിന്ന് വിവിധ ജില്ലാ പിഎസ്സി ഓഫിസുകളിലേക്ക്, റാങ്ക് പട്ടികയുടെ അവസാനദിവസമായ 2018 മാർച്ച് 31ന് അർധരാത്രിയോടെയാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തതെന്ന് അന്വേഷണത്തിന്റെ ഭാഗമായ രേഖാപരിശോധനയിൽ സ്ഥിരീകരിച്ചു. തിരുവനന്തപുരം, മലപ്പുറം, തൃശൂർ, കൊല്ലം, കണ്ണൂർ, എറണാകുളം ജില്ലാ പിഎസ്സി ഓഫിസുകളിലേക്ക് രാത്രി 11.36 മുതൽ അർധരാത്രി വരെ ഉള്ള സമയത്താണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തത്. ഇതോടെ നിഷയ്ക്കു ജോലി നഷ്ടപ്പെട്ടു എന്നാണു പരാതി.
കൊച്ചി കോർപറേഷൻ ഓഫിസിൽ ഉണ്ടായ ഒഴിവുകൾ നിഷയുടെയും മറ്റ് ഉദ്യോഗാർഥികളുടെയും ശ്രമഫലമായി നഗരകാര്യ ഡയറക്ടറുടെ ഓഫിസിലേക്ക് 2018 മാർച്ച് 28ന് റിപ്പോർട്ട് ചെയ്യിച്ചിരുന്നു. അടുത്ത രണ്ടു ദിവസം അവധിദിനങ്ങൾ ആയിരുന്നു. പിഎസ്സിക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ ഇപ്പോൾ ഓൺലൈൻ സംവിധാനം ഉണ്ടെന്നും അന്ന് മാനുവൽ രീതിയായിരുന്നുവെന്നും ആണ് ഉദ്യോഗസ്ഥർ വാക്കാൽ നൽകിയിരിക്കുന്ന വിശദീകരണം. ഇത് അടക്കമുള്ള കാര്യങ്ങൾ സർക്കാർ പരിശോധിക്കാനിരിക്കയാണ്.
മറുനാടന് മലയാളി ബ്യൂറോ