മ്മുടെ നാട്ടില്‍ ക്രൂരതയുടെ പര്യായമാണ് ഗോവിന്ദച്ചാമി. സൗമ്യ എന്ന പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്ന ഒറ്റക്കയ്യന്‍ ഇന്നും സമാനതകളില്ലാത്ത ക്രൂരതയുടെ ജീവിച്ചിരിക്കുന്ന ഓര്‍മ്മയാണ്. ഗോവിന്ദച്ചാമി ഒരു കൊലയേ ചെയ്തുള്ളുവെന്ന് പറയാം. പക്ഷേ 19 പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്ന് ശരീരം കൊത്തിനുറുക്കി വേര്‍പെടുത്തി അഴുക്കുചാലില്‍ തള്ളുന്ന ഒരു സൈക്കോ കില്ലര്‍ ഇന്ത്യയിലുണ്ടായിരുന്നു. അതാണ് 2004-2005 കാലഘട്ടത്തില്‍ രാജ്യത്തെ നടുക്കിയ നിതാരി കൂട്ടക്കൊലക്കേസിലെ പ്രതി, സുരീന്ദ്ര കോലി! ഭീകരമായ കുറ്റകൃത്യങ്ങളുടെ പര്യായമായി മാറി ഇയാള്‍. കീഴ്ക്കോടതി വധശിക്ഷക്ക് വിധിച്ച ഈ പ്രതി, 19 കൊല്ലത്തിനൊടുവില്‍ കുറ്റവിമുക്തനാവുകയാണ്. സുപ്രീം കോടതി അയാള്‍ക്കെതിരെയുള്ള മുഴുവന്‍ കേസുകളും മതിയായ തെളിവുകളുടെ അഭാവത്തില്‍ തള്ളിയിരിക്കയാണ്. ഇതോടെ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി മാറിയിരിക്കയാണ് നിതാരി കൂട്ടക്കൊല.

15 കൊലക്കേസുകളില്‍ ശിക്ഷ അനുഭവിച്ചിരുന്ന ഒരാളാണ് ഒടുവില്‍ എല്ലാ കേസുകളിലും കുറ്റവിമുക്തനാക്കി പുറത്തേക്ക് ഇറങ്ങുന്നത്. അവസാന കേസിലും സുരീന്ദ്ര കോലിയെ കുറ്റവിമുക്തനാക്കി പുറത്തേയ്ക്ക് അയക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടപ്പോള്‍, അഴുക്കുചാലില്‍ ബലാല്‍സംഗം ചെയ്യപ്പെട്ട് അറുത്ത് മുറിക്കപ്പെട്ട് അഴുകി അസ്ഥികൂടമായി കിടന്ന കുട്ടികളുടേയും യുവതിയുടേയും അരുംകൊലയാണ് ഒന്നുമല്ലാതായി മാറിയിരിക്കുന്നത്. ആ കുഞ്ഞുങ്ങളും പെണ്‍കുട്ടികളും എങ്ങനെ പിന്നെ ഇല്ലാതായി എന്ന ചോദ്യം ഈ വാര്‍ത്ത കേള്‍ക്കുന്ന ആരും ചോദിച്ചു പോകും. ഈ കേസില്‍ എവിടെയാണ് പ്രോസിക്യൂഷന് പിഴച്ചത്? നിയമവൃത്തങ്ങളില്‍ സജീവമാണ് ഈ ചര്‍ച്ച.

ഡല്‍ഹിയില്‍ പെണ്‍കുട്ടികളെ കാണാതാവുന്നു

നിരവധി സിനിമകള്‍ക്ക് അടിസ്ഥാനമായ സംഭവമാണ് നിതാരി കൂട്ടക്കൊലയുടേത്. 2005-2006ല്‍ നോയിഡയില്‍ നിന്ന് നിരവധി പെണ്‍കുട്ടികളെ കാണാതായത് വലിയ ചര്‍ച്ചയായിരുന്നു. കാണാതായ പെണ്‍കുട്ടികളില്‍ ജ്യോതി (10), രചന (8), എന്നിവരുടെ പിതാക്കന്മാരായ ജബ്ബു ലാല്, പപ്പു ലാല് എന്നിവര്‍ പൊലീസില്‍ പരാതി നല്കി. വ്യവസായിയായ മൊനീന്ദര്‍ സിംഗ് പാന്ദറിന്റെ വീട്ടിലെ വീട്ടുജോലിക്കാരനായ സുരീന്ദര്‍ കോലിയെ, ജബ്ബു ലാലും പപ്പുലാലും സംശയിച്ചു. സംശയം ഉന്നയിച്ച് പൊലീസിനെ സമീപിച്ചുവെങ്കിലും ഫലമുണ്ടായില്ല. പിന്നാലെ പിതാക്കന്മാര്‍ തന്നെ മക്കളെ അന്വേഷിച്ചിറങ്ങുകയും ചെയ്തു. പ്രാദേശിക റെസിഡന്‍ഷ്യല്‍ അസോസിയേഷന്റെ മുന്‍ മേധാവി എസ് സി മിശ്രയോട് മക്കളെ കണ്ടെത്തുന്നതിന് സഹായം ആവശ്യപ്പെട്ടു. അവര്‍ എല്ലാം കുട്ടികളെ തിരയുമ്പോള്‍ ഒപ്പം സുരീന്ദര്‍ കോലിയും കൂട്ടാളിയും ഉണ്ടായിരുന്നു.

അതിനിടെ, സമീപത്തെ ഓടയില്‍ ശരീരാവശിഷ്ടങ്ങള്‍ കണ്ടതായി അഭ്യൂഹങ്ങള്‍ കേട്ടുതുടങ്ങി. 2006 ഡിസംബര്‍ 29ന് രാവിലെ 9.30ന് മിശ്രയും, ജബ്ബി, പപ്പു എന്നിവരും ഓടയുടെ അരികിലെത്തി. മാസങ്ങളായി വ്യത്തിയാക്കാതെ കിടക്കുകയായിരുന്നു അഴുക്കുചാല്‍. അതില്‍ നിന്ന് ഒരു കൈ കണ്ടെത്തിയതായി ജബ്ബു പറഞ്ഞു. ശേഷം പെണ്‍കുട്ടികളെ കാണാതായി എന്ന പരാതി രജിസ്റ്റര്‍ ചെയ്ത സെക്ടര്‍ 20ല്‍നിന്ന് പൊലീസിനെ വിളിച്ചു. സംഭവസ്ഥലത്ത് പൊലീസെത്തിയപ്പോഴേക്കും, നാട്ടുകാര്‍ മൂന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തതായി ദി ഇന്ത്യന് എക്സ്പ്രസ് അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് കോലിയെ അറസ്റ്റ് ചെയ്യുകയും അയാള്‍ കുറ്റസമ്മതം നടത്തിയെന്ന് പൊലീസ് അറിയിക്കുകയും ചെയ്തു. ഒപ്പം വീട്ടുടമയും വ്യവസായിയുമായി മൊനീന്ദര്‍ സിങ് പാന്ദറും അറസ്റ്റിലായി. കോലിയുടെ കേസില്‍ കൂട്ടുപ്രതിയായിരുന്നു പാന്ദര്‍. മിഠായിയും മറ്റും നല്‍കി കൊച്ചുകുട്ടികളെ വീട്ടിലേക്ക് വിളിച്ച് വരുത്തിയശേഷം ബലാത്സംഗംചെയ്ത് കൊല്ലുകയും, ശേഷം മൃതശരീരം നുറുക്കി അഴുക്കുചാലില്‍ തള്ളുകയുമായിരുന്നു, ഈ സൈക്കോകളുടെ രീതി.

25ഓളം മൃതദേഹങ്ങള്‍ കണ്ടെത്തിയതായാണ് പ്രദേശവാസികള്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇതില്‍ പലതും എല്ലുകളായിരുന്നു. 19 പെണ്‍കുട്ടികളെയാണ് കാണാതായതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അതില്‍ ഒരാള്‍ മാത്രമാണ് പ്രായപൂര്‍ത്തിയായിരുന്ന വ്യക്തി. പാന്ദറിന്റെ വീട്ടില്‍ സ്ഥിരമായി വന്നിരുന്ന പായല്‍ എന്ന സ്ത്രീയായിരുന്നു അത്. പായലിനേയും ആറ് കുട്ടികളേയും കൊലപ്പെടുത്തിയതായി പ്രതി സമ്മതിച്ചിരുന്നു. പായല്‍ ഒരു ലൈംഗികത്തൊഴിലാളിയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഓടയില്‍ നിന്ന് കണ്ടെത്തിയ എല്ലുകളും തലയോട്ടിയും ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കി. 10 പേര്‍ അതിക്രമങ്ങള്‍ക്ക് ഇരകളായെന്ന് കണ്ടെത്തി. കശാപ്പുകാരന്‍ ചെയ്തതുപോലെ വെട്ടിനുറുക്കി എന്നാണ് കൊലപാതകത്തെക്കുറിച്ച് റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നത്. അത്രയേറെ മൃഗീയമായിരുന്നു അതിക്രമങ്ങള്‍. ബലാത്സംഗം, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് കോലിക്കെതിരെ സിബിഐ ചുമത്തിയിരുന്നത്. എന്നാല്‍ കൂട്ടാളിയായ പന്ദറിനെതിരെ കൊലപാതക കുറ്റത്തിന് ശക്തമായ തെളിവുകള്‍ ഇല്ലെന്നായിരുന്നു സിബിഐ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

നാടിനെ നടുക്കിയ കുറ്റകൃത്യത്തെകുറിച്ചുള്ള യുപി പൊലീസിന്റെ അന്വേഷണത്തില്‍ പ്രദേശവാസികള്‍ തൃപ്തരല്ലായിരുന്നു. സംഭവത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പ്രദേശവാസികള്‍ പൊലീസുകാര്‍ക്കെതിരെ കല്ലേറും നടത്തിയിരുന്നു. പൊലീസുകാരുടെ ഭാഗത്ത്നിന്ന് വലിയ വീഴ്ചയാണുണ്ടായതെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ അന്വേഷണ സംഘത്തെ നിയോഗിച്ചത്. സംഭവത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ അന്നത്തെ മുലായം സിംഗ് യാദവ് സര്ക്കാര് മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം നിരവധി പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്ഡ് ചെയ്തിരുന്നു. പൊലീസിന്റെ ഭാഗത്ത് നിന്ന് കടുത്ത് അനാസ്ഥയായിരുന്നു കേന്ദ്രപാനലും കണ്ടെത്തിയത്. അതേവര്‍ഷം തന്നെ യുപി സര്‍ക്കാര്‍ കേസ് സിബിഐയ്ക്ക് കൈമാറാനും തീരുമാനിച്ചു.

അഞ്ച് വധശിക്ഷ!

2009-ല്‍ ഗാസിയാബാദിലെ ഒരു പ്രത്യേക കോടതി 14കാരിയായ റിമ്പ ഹല്ദാറിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില് പാന്ദറും കോലിയും കുറ്റക്കാരാണെന്ന് കണ്ടെത്തി. രണ്ട് പ്രതികള്‍ക്കും വധ ശിക്ഷ വിധിച്ചു. കോടതി സംഭവത്തെ അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. അഞ്ച് വ്യത്യസ്ത കേസുകളിലായി കോലിക്ക് അഞ്ച് വധശിക്ഷ വിധിച്ചു. സംഭവത്തില് കോലി ദയാഹര്‍ജി നല്‍കി. എന്നാല്‍, ദയാഹരജി അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളി.

2014 സെപ്റ്റംബര്‍ 12ന് കോലിയെ തൂക്കിലേറ്റേണ്ടതായിരുന്നു. എന്നാല്‍ ചീഫ് ജസ്റ്റിസ് എച്ച് എല് ദത്തു സെപ്റ്റംബര്‍ എട്ടിന് പുലര്‍ച്ചെ 1.30ന് ഒരു ഉത്തരവ് പുറപ്പെടുവിച്ചു. കോലിയുടെ അഭിഭാഷക ഇന്ദിര ജെയ്സിംഗ് നല്‍കിയ പുനഃപരിശോധനാ ഹര്ജിയിലാണ് കോടതി ഉത്തരവിട്ടത്. അടുത്തമാസം വധശിക്ഷ സുപ്രീംകോടതി ശരിവക്കുകയായിരുന്നു. എന്നാല്‍ 2015-ല്‍ അലഹാബാദ് ഹൈക്കോടതി വധ ശിക്ഷ ജീവപര്യന്തമായി കുറച്ചു. പിന്നീട് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 2019-ല്‍ വീണ്ടും മറ്റൊരു കേസില്‍ വധശിക്ഷ വിധിച്ചു. അങ്ങനെ ആകെ 13 കേസുകളില്‍ കോലി ശിക്ഷിക്കപ്പെട്ടിരുന്നു.

എന്നാല്‍ 2023-ല്‍ കീഴ്ക്കോടതിയുടെ ശിക്ഷ അലഹാബാദ് ഹൈക്കോടതി റദ്ദാക്കി. സംശയാതീതമായി കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വെറുതെ വിട്ടത്. തെളിവുകളുടെ അഭാവത്തിലാണ് പ്രതികളെ വെറുതെ വിട്ടത്. സുരേന്ദ്ര കോലി, കൂട്ടുപ്രതിയായ മൊനീന്ദര്‍ സിങ് പാന്ദര്‍ എന്നിവരെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. ആകെയുള്ള 19 കേസുകളില്‍ മൂന്നെണ്ണത്തില്‍ തെളിവുകളുടെ അഭാവത്തില്‍ സിബിഐ ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഒരു കേസില് ശിക്ഷിക്കപ്പെട്ടതിന്റെ പേരില്‍ കോലിയടെ ജീവപര്യന്തം തുടര്‍ന്നു. ജസ്റ്റിസുമാരായ അശ്വനി കുമാര് മിശ്ര, സയ്യിദ് അഫ്താബ് ഹുസൈന് റിസ് വി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇവര്‍ 16 കേസുകളില്‍ 15 എണ്ണത്തിലും കോലിയെ വെറുതെവിട്ടു. ഇതില്‍ വിചാരണ കോടതി നേരത്തെ കുറ്റവിമുക്തനാക്കിയ 3 എണ്ണവും ഉള്‍പ്പെടുന്നുണ്ട്. പാന്ദറിനെതിരെ മൂന്ന് കേസുകളുണ്ട്. ഹൈക്കോടതി ഉത്തരവോടെ മൂന്നിലും ഇയാള്‍ കുറ്റവിമുക്തനാക്കപ്പെട്ടിരിക്കുകയാണ്.

ഇതിനെതിരെ പോയ അപ്പീലില്‍, സുപ്രീംകോടതിയും കോലിയെയും കൂട്ടാളിയെയും കുറ്റവിമുക്തനാക്കിയിരിക്കയാണ്. നേരത്തെ തന്നെ 15 കേസില്‍ കോടതി കുറ്റവിമുക്തനാക്കിയിരുന്ന സുരേന്ദ്ര കോലിയെ അവശേഷിച്ച കേസില്‍ കൂടി സുപ്രീം കോടതി അയാളുടെ ക്യൂറേറ്റീവ് പെറ്റീഷന്‍ അനുവദിച്ചു പുറത്തുവിടുകയാണ്. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രം നാഥ് എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ണായക ഉത്തരവ്. 2023ല്‍ തന്നെ നിതാരി കൊലക്കേസിലെ മറ്റൊരു പ്രതിയായിരുന്ന മൊഹീന്ദര്‍ സിങ് പാന്ഥര്‍ കുറ്റവിമുക്തനാക്കപ്പെട്ട് പുറംലോകത്ത് എത്തിയിരുന്നു.

എന്താണ് ഈ കേസില്‍ പറ്റിയത് എന്ന ചോദ്യത്തിന് തുടക്കത്തിലെ പൊലീസ് വീഴ്ച എന്നാണ് പ്രധാന ഉത്തരം. സുപ്രധാനമായ എല്ലാ തെളിവുകളും തുടക്കത്തില്‍തന്നെ ലോക്കല്‍പൊലീസിന്റെ അനാസ്ഥമൂലം നശിച്ചിരുന്നു. മൃതദേഹങ്ങള്‍ നാട്ടുകാര്‍ തന്നെ പുറത്തെടുത്തതിനാല്‍ ഫിംഗര്‍ പ്രിന്റ്പോലും കിട്ടിയില്ല. ദൃക്സാക്ഷികളില്ലാത്ത കേസില്‍ ഇതെല്ലാം, പ്രൊസിക്യുഷന് തിരിച്ചടിയായി.