കൊച്ചി: കേരളത്തിന്റെ വ്യവസായ കുതിപ്പിന് കരുത്ത് പകരാന്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടിക്ക് പൂര്‍ണ പിന്തുണ നല്‍കി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. കേരളത്തില്‍ മൂന്ന് ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുമെന്ന് നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചു. ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടിയില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

സംസ്ഥാനത്ത് 31 പ്രോജക്ടുകളാണ് വരാന്‍ പോകുന്നത്. 896 കിലോമീറ്റര്‍ ദൂരമാണ് വികസിപ്പിക്കാന്‍ പോകുന്നത്. ഇതില്‍ പാലക്കാടിനെ വടക്കന്‍ കേരളവുമായി ബന്ധിപ്പിക്കുന്ന അഞ്ചു പാക്കേജുകള്‍ ഉള്‍പ്പെടുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു. പാലക്കാട്- മലപ്പുറം ദേശീയ പാത നാലുവരിയാക്കാന്‍ 10,840 കോടി രൂപ ചെലവഴിക്കും. 120 കിലോമീറ്ററാണ് ദൂരം. ഇതടക്കം അഞ്ചുപാക്കേജുകളും ബിഡിങ് സ്റ്റേജിലാണെന്നും മന്ത്രി പറഞ്ഞു.

അങ്കമാലി- കുണ്ടന്നൂര്‍ ബൈപ്പാസ് നിര്‍മ്മാണത്തിന് 6500 കോടിയുടെ പദ്ധതി കേന്ദ്രമന്ത്രി പ്രഖ്യാപിച്ചു. ഇതിന്റെ ഡിപിആര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ആറുമാസത്തിനുള്ളില്‍ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയുമെന്നും കേന്ദ്രമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡ് പദ്ധതിക്ക് 5000 കോടിയുടെ പാക്കേജും മന്ത്രി പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായി 62.7 കിലോമീറ്റര്‍ ദൂരമാണ് വികസിപ്പിക്കുക. അഞ്ചുമാസത്തിനുള്ളില്‍ പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

നേരത്തെ 'ഇന്‍വെസ്റ്റ് കേരള' ആഗോള ഉച്ചകോടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കൊച്ചി ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഉച്ചകോടി നടക്കുന്നത്. നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാന്‍ സാധ്യമായ എല്ലാ വഴികളും തേടുമെന്നും കേരളത്തെ വിജ്ഞാന സമൂഹമാക്കി മാറ്റുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി. ഭൂമിയില്ലാത്തതിനാല്‍ നിക്ഷേപകന് മടങ്ങേണ്ടി വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച സാഹചര്യമാണ്. സംസ്ഥാനത്ത് ഉടനീളം സര്‍ക്കാര്‍ തൊഴില്‍ മേളകള്‍ നടത്തി. ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ ഇന്ത്യയില്‍ കേരളം ഒന്നാമതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനം അടിസ്ഥാന സൗകര്യ വികസനത്തിനും റോഡ്, റെയില്‍ വികസനത്തിനും പ്രാധാന്യം നല്‍കി. എല്ലാ റോഡുകളിലും വികസനം ഉറപ്പുവരുത്തി. പവര്‍ കട്ട് ഇല്ലാത്ത സംസ്ഥാനമാണ് കേരളം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളം നിക്ഷേപകരുടെ സ്വര്‍ഗമായി മാറുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ കേരളം രാജ്യത്തിന് മാതൃകയാണ്. മൊബൈല്‍ സാന്ദ്രതയില്‍ കേരളം രാജ്യത്ത് ഒന്നാമതാണ്. കേരളം സൃഷ്ടിക്കുന്നത് വന്‍ തൊഴിലവസരങ്ങളാണെന്നും വ്യവസായ മന്ത്രി വ്യക്തമാക്കി.

വിവിധ വ്യവസായ സംഘടനകളുടെ സഹകരണത്തോടെ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സംഘടിപ്പിക്കുന്ന ഉച്ചകോടി, എ.ഐ ആന്‍ഡ് റോബോട്ടിക്‌സ്, എയ്‌റോസ്‌പേസ് ആന്‍ഡ് ഡിഫന്‍സ്, ലോജിസ്റ്റിക്‌സ്, മാരിടൈം ആന്‍ഡ് പാക്കേജിങ്, ഫാര്‍മ-മെഡിക്കല്‍ ഉപകരണങ്ങള്‍- ബയോടെക്, പുനരുപയോഗ ഊര്‍ജം, ആയുര്‍വേദം, ഫുഡ്‌ടെക്, മൂല്യവര്‍ധിത റബര്‍ ഉല്‍പന്നങ്ങള്‍, ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി, മാലിന്യ സംസ്‌കരണം-നിയന്ത്രണം തുടങ്ങിയ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കും.

കെഎസ്‌ഐഡിസിയാണ് ദ്വിദിന ഉച്ചകോടി സംഘടിപ്പിക്കുന്നത്. 26 രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികളുംബഹ്‌റൈന്‍, അബുദാബി, സിംബാബ്വേ മന്ത്രിതലസംഘവും എത്തും. ജര്‍മനി, വിയറ്റ്‌നാം, നോര്‍വേ, ഓസ്‌ട്രേലിയ, മലേഷ്യ, ഫ്രാന്‍സ് എന്നിവയും ഉച്ചകോടിയുടെ പങ്കാളിരാജ്യങ്ങളാണ്. ഷാര്‍ജ, അബുദാബി, ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഉള്‍പ്പെടെയുള്ള വ്യവസായ, വാണിജ്യ സംഘടനകളും പങ്കെടുക്കും.