പട്‌ന: മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിഖാബ് വലിച്ചു താഴ്ത്തിയ മുസ്ലിം വനിതാ ഡോക്ടര്‍ നുസ്രത് പര്‍വീണ്‍ ജോലി ഉപേക്ഷിക്കുന്നു. നിയമനക്കത്ത് കൈപ്പറ്റിയെങ്കിലും അപമാനഭാരം കാരണം ജോലിക്കു ചേരുന്നില്ലെന്ന നിലപാടിലാണ് ഇവര്‍. മുഖ്യമന്ത്രിയില്‍ നിന്നും നേരിട്ട അവഹേളനം സഹിക്കാന്‍ കഴിയാത്തതാണ് എന്നാണ് അവരുടെ നിലപാട്. ഈ മാസം 20 ന് ജോലിയില്‍ ചേരാനാണ് നിയമനക്കത്ത്. നുസ്രതിനെ ആശ്വസിപ്പിച്ചു ജോലിയില്‍ ചേരാന്‍ പ്രേരിപ്പിക്കുകയാണു കുടുംബാംഗങ്ങള്‍.

ഡിസംബര്‍ 15 ന് ആയുഷ് ഡോക്ടര്‍മാര്‍ക്കുള്ള നിയമനക്കത്തു വിതരണ ചടങ്ങിലാണു നിതീഷ് കുമാര്‍ അപമര്യാദയായി പെരുമാറിയത്. ഡോക്ടര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനിടെ അവരുടെ ഹിജാബ് ഊരിമാറ്റാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചു. ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി നിതീഷ് കുമാറിനെ തടയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.

മനോനില തകരാറിലായ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. നിതീഷ് കുമാറിന്റെ പ്രവര്‍ത്തി നീചമാണെന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ്, മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അദ്ദേഹം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. നിതീഷ് കുമാര്‍ ഹിജാബ് ഊരിയത് ജെഡിയു - ബിജെപി സഖ്യത്തിന്റെ സ്ത്രീകളോടുള്ള മനോഭാവമാണെന്ന് ആര്‍ജെഡി വക്താവ് ഇജാസ് അഹമ്മദ് പറഞ്ഞു.

അതിനിടെ ആയുഷ് ഡോക്ടര്‍മാരുടെ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിതാഡോക്ടറുടെ നിഖാബ് മാറ്റാന്‍ ശ്രമിച്ച മുഖ്യമന്ത്രി നിതീഷ് കുമാറിന് ഭീഷണിയുമായി പാക്കിസ്ഥാന്‍ ഭീകരനും. പരസ്യമായി മാപ്പുപറഞ്ഞില്ലെങ്കില്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. പാകിസ്താനി ഡോണ്‍ ഷഹ്‌സാദ് ഭട്ടി ആണ് ഭീഷണിസന്ദേശവീഡിയോ പുറത്തുവിട്ടത്. പ്രതികാരംചെയ്തശേഷം, മുന്നറിയിപ്പുനല്‍കിയില്ലെന്ന് പറയരുതെന്നും ഭീഷണിയില്‍ പറയുന്നു. സംഭവത്തില്‍ ബിഹാര്‍ പോലീസും കേന്ദ്ര ഏജന്‍സിയും അന്വേഷണമാരംഭിച്ചു.

ഡിസംബര്‍ 15-ന് സെക്രട്ടേറിയറ്റില്‍, പുതുതായി നിയമിതരായ ആയുഷ് ഡോക്ടര്‍മാര്‍ക്ക് നിയമനക്കത്തുകള്‍ വിതരണംചെയ്യുന്ന വേദിയിലാണ് വിവാദസംഭവം.നിയമനക്കത്ത് വാങ്ങാനെത്തിയ ഡോ. നുസ്രത്ത് പര്‍വീണിന് ഉത്തരവ് കൈമാറിയതിനുപിന്നാലെ ചിരിച്ചുകൊണ്ട് ഇതെന്താണെന്ന് ചോദിച്ച നിതീഷ് കുമാര്‍ നിഖാബ് വലിച്ചൂരാന്‍ ശ്രമിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി ഇടപെട്ട് അദ്ദേഹത്തെ തടയുന്നതും ദൃശ്യത്തിലുണ്ട്.

അതിനിടെ, നിഖാബ് വിവാദവുമായി ബന്ധപ്പെട്ട് 'അദ്ദേഹം നിങ്ങളെ മറ്റെവിടെയെങ്കിലും തൊട്ടിരുന്നെങ്കില്‍ എന്തുസംഭവിക്കുമായിരുന്നു?' എന്ന വിവാദ പ്രസ്താവന നടത്തി യുപി മന്ത്രിയും പുലിവാല് പിടിച്ചു. പ്രസ്താവന വിവാദമായതോടെ തന്റെ പ്രസ്താവന വളച്ചൊടിക്കപ്പെട്ടെന്ന് ഉത്തര്‍പ്രദേശ് ഫിഷറീസ് വകുപ്പ് മന്ത്രി സഞ്ജയ് നിഷാദ്. ഭോജ്പുരി ഭാഷയില്‍ ഒരു സംഭവത്തെ അധികം വലുതാക്കരുതെന്നും സംയമനംപാലിക്കണമെന്നും ഉദ്ദേശിച്ചുപറയുന്ന വാക്കുകള്‍ ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തിയപ്പോള്‍ സംഭവിച്ച തെറ്റാണ് തന്റെ പ്രസ്താവനയെ വിവാദത്തിലാക്കിയതെന്നും ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ പദ്ധതിയുടെ യഥാര്‍ഥ ഗുണഭോക്താവുതന്നെയാണോയെന്ന് പരിശോധിക്കാനാണ് നിതീഷ് കുമാര്‍ മുഖാവരണം മാറ്റാന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.