- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബലാത്സംഗം ചെയ്ത സമയം നിവിന്‍ പോളി അവിടെ ഉണ്ടായിരുന്നില്ല; 'വര്‍ഷങ്ങള്‍ക്ക് ശേഷം' സിനിമയുടെ ഷൂട്ടിങ്ങ് നടന്റെ നിരപരാധിത്വം തെളിയിച്ചു; ലൈംഗീകാരോപണത്തില്‍ നിവിന്‍ പോളിയെ കുറ്റവിമുക്തനാക്കി പോലീസ് റിപ്പോര്‍ട്ട് കോടതിയില്‍; സത്യം തെളിയുമ്പോള്‍ അറിയേണ്ടത് 'വ്യാജ പരാതിയിലെ' വില്ലനെ
കൊച്ചി: ലൈംഗികാരോപണകേസില്‍ നടന്‍ നിവിന്‍ പോളിക്ക് പോലീസിന്റെ ക്ലീന്‍ ചിറ്റ്. കേസിലെ ആറാം പ്രതിയായിരുന്ന നിവിന്‍പോളിയെ പ്രതിസ്ഥാനത്ത് നിന്ന് പോലീസ് ഒഴിവാക്കി. കോതമംഗലം ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ഇത് സംബന്ധിച്ച പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. കൃത്യം നടന്നു എന്ന് ആരോപിക്കുന്ന സമയത്ത് നിവിന്‍ പോളി സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ല എന്ന് പൊലീസ് കണ്ടെത്തി. പരാതിക്കാരി ഉന്നയിച്ച ആരോപണത്തില്‍ ഇതോടെ കഴമ്പില്ലെന്നും കണ്ടെത്തി. ഇതാണ് കോടതിയെ അന്വേഷണ സംഘം അറിയിച്ചത്. അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. എറണാകുളം ഊന്നുകല്‍ പൊലീസാണ് നിവിന്‍ പോളിയും മറ്റ് ആറ് പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ ആറാം പ്രതിയായിരുന്നു നിവിന്‍.
സിനിമയില്‍ അവസരം നല്‍കാമെന്ന് വാദ്ഗാനം ചെയ്ത് നിവിന്‍ പോളി ഉള്‍പ്പെടെ 6 പേര്‍ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. കോതമംഗലം സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍ നടനെതിരെ കേസെടുത്ത് അന്വേഷണം നടത്തി. നടനെ ചോദ്യം ചെയ്യുകയും ചെയ്തു. 2023 ഡിസംബര്‍ 14,15 തീയതികളില്‍ ദുബായില്‍ വച്ചാണ് സംഭവം നടന്നതെന്നാണ് യുവതി പൊലീസിനു നല്‍കിയ മൊഴി. മൊബൈല്‍ ഫോണില്‍ പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും അതു പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂട്ടബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് കേസില്‍ ആറാം പ്രതിയായ നിവിന്‍ പോളിക്കെതിരെ ചുമത്തിയിരിക്കുന്നത്.
എന്നാല്‍ നടി പറയുന്ന ദിവസങ്ങളില്‍ നിവിന്‍ 'വര്‍ഷങ്ങള്‍ക്ക് ശേഷം' സിനിമയുടെ ഷൂട്ടിങ്ങിനായി കൊച്ചിയില്‍ ഉണ്ടായിരുന്നുവെന്നാണ് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ പറഞ്ഞത്. ഇത് തെളിവ് സഹിതം വിനീത് ശ്രീനിവാസന്‍ ചര്‍ച്ചയാക്കുകയും ചെയ്തു. പോലീസിനും തെളിവ് കൈമാറി. ഇതോടെയാണ് നവീന്‍ പോളിക്കെതിരായ പരാതിയില്‍ ട്വിസ്റ്റുണ്ടാകുന്നത്. യുവതി പരാതിയുമായി രംഗത്തെത്തിയതിന് പിന്നാലെ ആരോപണങ്ങള്‍ തള്ളി നിവിന്‍ രംഗത്തെത്തിയിരുന്നു. വാര്‍ത്ത പുറത്തുവന്ന രാത്രി തന്നെ നിവിന്‍ പോളി വാര്‍ത്താസമ്മേളനം വിളിച്ച് ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. സിനിമയില്‍നിന്നുള്ളവര്‍ തന്നെയാണ് ഇതിനുപിന്നിലെന്ന് സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനുപിന്നാലെ നടിമാരുള്‍പ്പെടെ നിരവധി പേര്‍ നടന്മാര്‍ക്കും സംവിധായകര്‍ക്കുമെതിരെ ലൈംഗികാരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തിലാണ് നിവിന്‍ പോളിയുടെ പേരും ഉയര്‍ന്നത്. അവസരം വാഗ്ദാനംചെയ്ത് ദുബായില്‍ ഹോട്ടല്‍മുറിയില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു ഏവരേയും ഞെട്ടിച്ച ആരോപണം. എന്നാല്‍ ആരോപണം ഉയര്‍ന്ന അന്നുതന്നെ ഇക്കാര്യം നിഷേധിച്ച നിവിന്‍ പരാതിക്കാരിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നറിയിച്ചിരുന്നു. പിന്നാലെ പരാതിക്കാരിയുടെ വാദങ്ങള്‍ തെറ്റാണെന്ന് പറഞ്ഞ് തെളിവുമായി വിനീത് ശ്രീനിവാസന്‍, നടി പാര്‍വതി കൃഷ്ണ, ഭഗത് മാനുവല്‍ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു.
ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി എച്ച്.വെങ്കടേഷായിരുന്നു പ്രത്യേക അന്വേഷണ സംഘത്തലവന്‍. അദ്ദേഹത്തിന്റെ ഓഫീസിലെത്തി നിവിന്‍ മറ്റൊരു പരാതി കൈമാറിയിരുന്നു്. തനിക്കെതിരായ പീഡന പരാതി ചതിയാണെന്നാണ് അദ്ദേഹം പരാതിയില്‍ പറയുന്നത്. ഈ സംഭവവുമായി ബന്ധപ്പെട്ട് താന്‍ നിരപരാധിയാണെന്നും പരാതിയിലുണ്ട്. തനിക്കെതിരായ പീഡനപരാതിയില്‍ വിശദമായ അന്വേഷണം വേണമെന്ന് നിവിന്‍ പോളി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പീഡനപരാതി എങ്ങനെയുണ്ടായി എന്നതിനെ സംബന്ധിച്ചാണ് അന്വേഷണം വേണ്ടത്. അതില്‍ ഗുരുതരമായ ഗൂഢാലോചന നടന്നതായി സംശയിക്കുന്നു. സിനിമാ മേഖലയിലുള്ളവര്‍തന്നെയാണ് ഇതിനുപിന്നിലെന്ന് സംശയിക്കുന്നുവെന്നും അദ്ദേഹത്തിന്റെ പരാതിയില്‍ പറയുന്നു. ഈ പരാതിയില്‍ ഇനി അന്വേഷണം നടക്കുമോ എന്നാണ് അറിയേണ്ടത്.
തനിക്കെതിരായ പരാതിക്ക് പിന്നില്‍ ഗൂഡാലോചന ഉണ്ടെന്നും പരാതിക്കാരിയെ കണ്ടിട്ടുപോലുമില്ലെന്നാണ് നിവിന്റെ നിലപാട്. തന്റെ പരാതി കൂടി സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം പരിശോധിച്ച് നിലപാടിലെത്തണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് നിവിന്‍ പോളിക്ക്.