കൊച്ചി: നിയമസഭാ കയ്യാങ്കളിക്കിടെ ഇടത് വനിതാ എംഎല്‍എമാരെ കയ്യേറ്റം ചെയ്‌തെന്നാരോപിച്ച് കോണ്‍ഗ്രസ് മുന്‍ എംഎല്‍എമാര്‍ക്കെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. കേസെടുത്തതിനെതിരെ മുന്‍ എംഎല്‍എമാരായ എം.എ.വാഹിദ്, ഡൊമിനിക് പ്രസന്റേഷന്‍, കെ.ശിവദാസന്‍ നായര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.

2015 മാര്‍ച്ച് 13ന് സംസ്ഥാന ബജറ്റ് അവതരണത്തിനിടെ ആയിരുന്നു സംഭവം. അന്തരിച്ച മുന്‍ ധനമന്ത്രി കെ.എം.മാണി ബാര്‍ കോഴക്കേസിലെ പ്രതിയാണെന്ന് ആരോപിച്ച് ബജറ്റ് അവതരണം തടയാന്‍ പ്രതിപക്ഷം നടത്തിയ ശ്രമം വലിയ കയ്യാങ്കളിയിലെത്തിയിരുന്നു. തുടര്‍ന്ന് ഇന്നത്തെ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി, മുന്‍ മന്ത്രിമാരായ ഇ.പി.ജയരാജന്‍, കെ.ടി.ജലീല്‍ എന്നിവരടക്കമുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇടത് എംഎല്‍എമാര്‍ മാത്രം പ്രതികളായ കേസില്‍ 2023ലാണ് കോണ്‍ഗ്രസ് നേതാക്കളെയും പ്രതി ചേര്‍ക്കാന്‍ തീരുമാനിക്കുന്നത്.

വനിതാ നേതാക്കളായ കെ.കെ.ലതിക, ജമീല പ്രകാശം തുടങ്ങിയവരെ കയ്യേറ്റം ചെയ്തു, തടഞ്ഞുവച്ചു എന്നായിരുന്നു കേസ്. ഇതിനെതിരെയാണ് കോണ്‍ഗ്രസ് മുന്‍ എംഎല്‍എമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. വി ശിവന്‍കുട്ടിയും ഇപി ജയരാജനുമടക്കം ആറ് എല്‍ഡിഎഫ് നേതാക്കളാണ് പൊതുമുതല്‍ നശിപ്പിച്ചതിന് കേസില്‍ പ്രതികളായിരുന്നത്. കേസ് എഴുതിത്തളളാന്‍ സര്‍ക്കാരും, കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കാന്‍ പ്രതികളും സുപ്രീംകോടതി വരെ പോയെങ്കിലും തിരിച്ചടി നേരിടുകയായിരുന്നു.

ജമീല പ്രകാശത്തിനെ അന്യായമായി തടഞ്ഞുവച്ചതിനും കൈയേറ്റം ചെയ്തതിനുമാണ് എംഎ വാഹിദിനെയും ശിവദാസന്‍ നായരെയും പ്രതിചേര്‍ത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമം 341, 323 എന്നീ വകുപ്പുകളാണ് ചുമത്തിയത്. ഇടതു നേതാക്കള്‍ക്കൊപ്പം രണ്ട് കോണ്‍ഗ്രസ് നേതാക്കളെയും പ്രതി ചേര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.

പൊതുമുതല്‍ നശിപ്പിച്ച വകുപ്പ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ചുമത്തിയിരുന്നില്ല. മുന്‍ ധനമന്ത്രി കെഎം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെ പൊതുമുതല്‍ നശിപ്പിച്ചെന്നാണ് നിയമസഭാ കയ്യാങ്കളി കേസ്.