- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കങ്കണയുടെ വോട്ടില്ലെങ്കിലും എംപിമാരുടെ ചങ്കിലെ ചങ്കായി 'കേരളത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍'; കൊല്ലത്തെ ജനകീയ നേതാവിനെ പിടിച്ചു തള്ളിയ ആ സിഎസ്എഫ്ഐക്കാരനും ഈ ജനപ്രീയത കേട്ട് ഞെട്ടിക്കാണും; കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ് ഓഫ് ഇന്ത്യയുടെ ഭരണ സമിതിയില്‍ ഇനി പ്രേമചന്ദ്രനും അംഗം; ബിജെപിക്കാരുടെ കൂടി വോട്ട് നേടി മലയാളി പെരുമ ജയിച്ച കഥ
ന്യൂഡല്‍ഹി: ബിജെപി സ്ഥാനാര്‍ഥിക്കെതിരേ ബിജെപി മത്സരിച്ച എംപിമാരുടെ ക്ലബ്ബിന്റെ വാശിയേറിയ തെരഞ്ഞെടുപ്പിലും നേട്ടം കൊയ്ത് കേരളത്തിന്റെ സ്വന്തം എന്‍കെ പ്രേമചന്ദ്രന്‍. രാഷ്ട്രീയം മറന്ന് എംപിമാര്‍ വോട്ട് ചെയ്യുന്ന അപൂര്‍വ്വ തെരഞ്ഞെടുപ്പാണ് ഇത്. കോണ്‍ഗ്രസടക്കം പ്രതിപക്ഷം പിന്തുണച്ച മുന്‍ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ രാജീവ് പ്രതാപ് റൂഡിക്ക് താക്കോല്‍ സ്ഥാനവും കിട്ടി. പാര്‍ലമെന്റിനു കീഴില്‍ ലോക്‌സഭാ സ്പീക്കര്‍ പ്രസിഡന്റായുള്ള ഡല്‍ഹിയിലെ എംപിമാരുടെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ് ഓഫ് ഇന്ത്യയുടെ (സിസിഐ) 11 അംഗ ഭരണസമിതിയിലേക്ക് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി തെരഞ്ഞെടുക്കപ്പെട്ടതും അഭിനാര്‍ഹ വിജയം നേടിയാണ്. ഭരണസമിതിയിലേക്കു നടന്ന കടുത്ത മത്സരത്തില്‍ പോള്‍ ചെയ്ത 629 വോട്ടുകളില്‍ 444 നേടിയാണ് കേരളത്തില്‍നിന്നുള്ള ഏകാംഗമായ പ്രേമചന്ദ്രന്റെ ജയം. അങ്ങനെ കേരളത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍. പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്നുള്ളവര്‍ ഭൂരിപക്ഷമുള്ള റൂഡിയുടെ പാനലിലാണു വിജയിച്ചത്. ഭാരവാഹികളില്‍ പലരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
കേന്ദ്രമന്ത്രിമാരടക്കം ബിജെപി ഉന്നതര്‍ പിന്തുണച്ച മുന്‍ കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാണ്‍ ആണു കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ് ഓഫ് ഇന്ത്യയുടെ സെക്രട്ടറി (അഡ്മിനിസ്‌ട്രേഷന്‍) സ്ഥാനത്തേക്കു നടന്ന വോട്ടെടുപ്പില്‍ പരാജയപ്പെട്ടത്. മത്സരം കടുത്തപ്പോള്‍ അമിത് ഷാ, ജെ.പി. നഡ്ഡ എന്നിവരുള്‍പ്പെടെ മുതിര്‍ന്ന കേന്ദ്രമന്ത്രിമാരും കോണ്‍ഗ്രസിലെ സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടക്കമുള്ള പ്രമുഖരും വോട്ട് ചെയ്യാനെത്തിയിരുന്നു. സാധാരണ നൂറോളം അംഗങ്ങള്‍ വോട്ട് ചെയ്തിരുന്ന ക്ലബ്ബിന്റെ സെക്രട്ടറിതെരഞ്ഞെടുപ്പില്‍ ഇത്തവണ 707 വോട്ടുകളാണ് രേഖപ്പെടുത്തിയത്. എംപിമാരും മുന്‍ എംപിമാരുമാണ് ക്ലബ്ബിലെ അംഗങ്ങള്‍. അംഗത്വമെടുക്കുന്നതിന് ഫീസുണ്ട്. അത്രയേറെ വാശിയേറിയ തെരഞ്ഞെടുപ്പാണ് നടന്നത്. ഇവിടെയാണ് എന്‍കെ പ്രേമചന്ദ്രന്‍ വലിയ വിജയം നേടുന്നത്. ദേശീയ തലത്തില്‍ പ്രേമചന്ദ്രന്‍ എന്ന നേതാവിന് കിട്ടുന്ന അംഗീകാരം കൂടിയാണ് ഈ വിജയം. പാര്‍ട്ടിക്ക് അതീതമായ വ്യക്തിബന്ധങ്ങള്‍ പ്രേമചന്ദ്രനുണ്ട്. പ്രധാനമന്ത്രിയുടെ ഉച്ചയൂണിന് അടക്കം പോയ പ്രേമചന്ദ്രനെ ഏറെ ബഹുമാനത്തോടെയാണ് ഭരണ പക്ഷവും കാണുന്നത്. ലോക്‌സഭയിലെ ചര്‍ച്ചകളില്‍ പ്രേമചന്ദ്രന്‍ പ്രസംഗിക്കുമ്പോള്‍ പതിവായി സഭയില്‍ നിന്നു മുങ്ങി നില്‍ക്കുന്നവര്‍ പോലും ഹാജരായിരിക്കും. പാര്‍ലമെന്റില്‍ പ്രേമചന്ദ്രന്‍ നടത്തുന്ന ഇടപെടലിനുള്ള അംഗീകരാം കൂടിയാണ് ഈ വിജയം.
രാജീവ് പ്രതാപ് റൂഡിയുടെ നേതൃത്വത്തില്‍ 25 വര്‍ഷമായി തുടരുന്ന സിസിഐ ഭരണസമിതിയെ മാറ്റാന്‍ ബിജെപി ശക്തമായ കരുനീക്കം നടത്തിയിരുന്നു. കക്ഷിരാഷ്ട്രീയമില്ലെന്നു പറയുന്‌പോഴും യുപിയില്‍നിന്നുള്ള ബിജെപി എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ സഞ്ജീവ് ബല്യാണിനുവേണ്ടി ബിജെപി നേതാവ് നിഷികാന്ത് ദുബെയുടെ നേതൃത്വത്തില്‍ പ്രചാരണം നടത്തി. കേന്ദ്രമന്ത്രിസഭയില്‍നിന്നു കുറച്ചു വര്‍ഷങ്ങളായി ഒഴിവാക്കിയിരുന്ന റൂഡിയെയാണു സോണിയയും ഖാര്‍ഗെയും അടക്കമുള്ള പ്രതിപക്ഷം തുണച്ചത്. ഇന്നലെ പുലര്‍ച്ചെയാണു വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി വിജയികളെ പ്രഖ്യാപിച്ചത്. പ്രേമചന്ദ്രന്‍ അടക്കമുള്ളവരെ പാനലില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞതും റൂഡിക്ക് തുണയായി. ലോക്‌സഭാ സ്പീക്കറാണ് സിസിഐ പ്രസിഡന്റ്. ഈ പദവിയിലേക്കു മത്സരമില്ല. മറ്റു ഭാരവാഹികള്‍: രാജീവ് പ്രതാപ് റൂഡി (സെക്രട്ടറി- അഡ്മിനിസ്‌ട്രേഷന്‍), തിരുച്ചി ശിവ (സെക്രട്ടറി- കള്‍ച്ചര്‍), രാജീവ് ശുക്ല (സെക്രട്ടറി- സ്‌പോര്‍ട്‌സ്), എ.പി. ജീതേന്ദ്രര്‍ റെഡ്ഢി (ട്രഷറര്‍). റൂഡിയൊഴികെ മൂന്നുപേര്‍ക്കും എതിരുണ്ടായില്ല. എക്‌സിക്യൂട്ടീവ് അംഗങ്ങള്‍: നരേഷ് അഗര്‍വാള്‍, പ്രസൂണ്‍ ബാനര്‍ജി, ശ്രീരംഗ് അപ്പ ബര്‍നെ, കെ.എന്‍. സിംഗ് ദിയോ, പ്രദീപ് ഗാന്ധി, ജസ്ബീര്‍ സിംഗ് ഗില്‍, ദീപേന്ദര്‍ സിംഗ് ഹൂഡ, നവീന്‍ ജിന്‍ഡല്‍, എന്‍.കെ. പ്രേമചന്ദ്രന്‍, പ്രദീപ് കുമാര്‍ വര്‍മ, അക്ഷയ് യാദവ്.
കങ്കണ റണൗട്ട് എംപിയോട് സംസാരിക്കാന്‍ ശ്രമിക്കവെ പ്രേമചന്ദ്രന്‍ എംപിയോട് സുരക്ഷാ ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്ന വിമര്‍ശനം ചര്‍ച്ചയാകുമ്പോഴാണ് എംപിമാരുടെ ക്ലബ്ബിലെ പ്രേമചന്ദ്രന്റെ വിജയം. ഇത് മോശം സമീപനമെന്ന് പ്രിയങ്ക ചതുര്‍വേദി എംപി എക്‌സില്‍ കുറിച്ചിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ് തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയതായിരുന്നു കങ്കണ. അകത്തേക്ക് പ്രവേശിക്കാനൊരുങ്ങിയ കങ്കണയെ സ്ഥാനാര്‍ഥികളായ രാജീവ് പ്രതാപ് റൂഡിയും സഞ്ജീവ് ബല്യനും അഭിസംബോധന ചെയ്യുന്നുണ്ട്. ഇതിനിടെയാണ് എന്‍.കെ. പ്രേമചന്ദ്രന്‍ കങ്കണയോട് സംസാരിക്കാനായി അടുത്തേക്കുവന്നത്. എന്നാല്‍, കങ്കണയുടെ കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രേമചന്ദ്രനെ തള്ളിമാറ്റുകയായിരുന്നു. മുതിര്‍ന്ന എംപിയോട് മറ്റൊരു എംപി നടത്തിയ പെരുമാറ്റം ലജ്ജിപ്പിക്കുന്നതും ഒരിക്കലും അംഗീകരിക്കാനാകാത്തതും ശുദ്ധ അസംബന്ധവുമാണെന്ന് പ്രിയങ്കാ ചതുര്‍വേദി വിമര്‍ശിച്ചു. കൂടെയുണ്ടായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് എന്‍.കെ. പ്രേമചന്ദ്രനെ തള്ളിമാറ്റിയതെന്നായിരുന്നു പ്രിയങ്കാ ചതുര്‍വേദി പോസ്റ്റില്‍ പറഞ്ഞത്. എന്നാല്‍, ഇത് സിഐഎസ്എഫ് ഉദ്യോഗസ്ഥനല്ല എന്നു വ്യക്തമാക്കിക്കൊണ്ട് സിഐഎസ്എഫ് രംഗത്തെത്തിയിട്ടുണ്ട്.
പഞ്ചായത്ത് തലം മുതല്‍ പാര്‍ലമെന്റ് വരെയുള്ള ജനപ്രതിനിധി സഭകളില്‍ അംഗമാകാന്‍ സാധിച്ചതിന്റെ അപൂര്‍വ നേട്ടം സ്വന്തമായുള്ള രാഷ്ട്രീയ നേതാവാണ് എന്‍കെ പ്രേമചന്ദ്രന്‍. പൊതുജനസമ്മിതിയാലും നിയമ നിര്‍മാണ, ഭരണ നിര്‍വഹണ രംഗങ്ങളിലെ മികവിനാലും സമകാലീന ദേശീയ രാഷ്ട്രീയത്തില്‍ തിളങ്ങി നില്‍ക്കുന്ന പൊതുപ്രവര്‍ത്തകനാണ് എന്‍കെ പ്രേമചന്ദ്രന്‍. പാര്‍ലമെന്ററി രംഗത്ത് ഇന്ത്യയില്‍ തന്നെ അപൂര്‍വമായ റെക്കോഡ് നേട്ടത്തിന്റെ ഉടമ. സംസ്ഥാനത്തെ പ്രബലമായ ഇടതു, വലതു രാഷ്ട്രീയ ചേരികളില്‍ നിന്നും ഒരുപോലെ മത്സരിച്ച് തെരഞ്ഞെടുപ്പ് ഗോദയില്‍ നിന്നും വിജയിച്ചു കരകയറിട്ടുണ്ട് അദ്ദേഹം. നിലവില്‍ കൊല്ലത്തെ പ്രതിനിധീകരിക്കുന്ന ലോക്‌സഭാംഗം. 2014ലെ മുന്നണി മാറ്റത്തിനു ശേഷം സിപിഎം സംസ്ഥാന നേതാക്കളുടെ അതിരൂക്ഷ വിമര്‍ശനങ്ങള്‍ക്ക് ഇരയാകുന്നുണ്ടെങ്കിലും പ്രേമചന്ദ്രന്റെ ഭൂരിപക്ഷം ഓരോ തവണയും വര്‍ധിച്ചതേയുള്ളു. പാര്‍ലമെന്റില്‍ അദ്ദേഹം നടത്തുന്ന മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സൗഹൃദം അടുത്തിടയും കൂടി രാഷ്ട്രീയ ചര്‍ച്ചയായി.
പഞ്ചായത്ത് തലം മുതല്‍ പാര്‍ലമെന്റ് വരെയുള്ള എല്ലാ ജനപ്രതിനിധി സഭകളിലും അംഗമായിട്ടുള്ളതിന്റെ അത്യപൂര്‍വമായ നേട്ടം പ്രേമചന്ദ്രന് സ്വന്തമാണ്. പഞ്ചായത്ത് അംഗം, ജില്ലാ കൗണ്‍സില്‍ അംഗം, ജില്ലാപഞ്ചായത്ത് അംഗം, നിയമസഭാംഗം, രാജ്യസഭാംഗം, ലോക്‌സഭാംഗം തുടങ്ങിയ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിലൂടെയാണ് അപൂര്‍വ നേട്ടം അദ്ദേഹത്തിന് കരഗതമായത്. അതുപോലെ പാര്‍ലമെന്ററി രംഗത്ത് മികച്ച പ്രകടനം നടത്തുന്ന ജനപ്രതിനിധികള്‍ക്കുള്ള സന്‍സദ് മഹാരത്‌ന പുരസ്‌കാരവും പ്രേമചന്ദ്രനെ തേടിയെത്തിയിട്ടുണ്ട്. അതുപോലെ വിദ്യാര്‍ത്ഥിയായിരിക്കവേ, 1985ല്‍ കേരള സര്‍വകലാശാലയുടെ എല്‍എല്‍ബി പരീക്ഷയില്‍ ഒന്നാം റാങ്കും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ജന്മം കൊണ്ട് തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല താലൂക്കില്‍ ഉള്‍പ്പെട്ട നവായിക്കുളം സ്വദേശിയാണ് പ്രേമചന്ദ്രന്‍ എങ്കിലും പൊതു പ്രവര്‍ത്തന രംഗത്ത് തന്റെ കര്‍മ മണ്ഡലമാക്കിയത് കൊല്ലം ജില്ലയാണ്. 1996, 1998, 2014, 2019, 2024 വര്‍ഷങ്ങളില്‍ കൊല്ലം മണ്ഡലത്തില്‍ നിന്നും അദ്ദേഹം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ 1996, 1998 വര്‍ഷങ്ങളില്‍ ഇടതു മുന്നണിയുടെ സ്ഥനാര്‍ത്ഥിയായി ആര്‍എസ്പി ബാനറിലാണ് പ്രേമചന്ദ്രന്‍ ലോക്‌സഭാംഗമായത്.
അതേസമയം 1999ലെ തെരഞ്ഞെടുപ്പില്‍ ആര്‍എസ്പിയില്‍ നിന്നും കൊല്ലം സീറ്റ് സിപിഎം ഏറ്റെടുത്തപ്പോള്‍ പ്രേമചന്ദ്രന് അവസരം നഷ്ടമായി. എന്നിരുന്നാലും 2000 മുതല്‍ 2006 വരെ അദ്ദേഹത്തിന് രാജ്യസഭാംഗമായി പ്രവര്‍ത്തിക്കാനുള്ള നിയോഗം ഇടതു മുന്നണി നല്‍കി. തുടര്‍ന്ന് 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചവറ മണ്ഡലത്തില്‍ നിന്നും ആര്‍എസ്പി (ബി)യുടെ സ്ഥാനാര്‍ത്ഥിയായ ഷിബു ബേബി ജോണിനെ പരാജയപ്പെടുത്തി അദ്ദേഹം കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തി. അത്തവണത്തെ വിഎസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ജലവിഭവ വകുപ്പ് മന്ത്രിയായി പ്രേമചന്ദ്രന്‍ ചുമതലയേറ്റു. തമിഴ്‌നാടുമായി തര്‍ക്കം നിലനില്‍ക്കുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തില്‍ മേല്‍ക്കൈയെടുത്തത് അദ്ദേഹത്തെ കേരളത്തില്‍ ശ്രദ്ധേയനാക്കി തീര്‍ത്തു. എന്നിരുന്നാലും 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ ഷിബു ബേബി ജോണിനോട് അദ്ദേഹം പരാജയപ്പെട്ടു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റ് നല്‍കാതിരുന്നതില്‍ പ്രതിഷേധിച്ച് ആര്‍എസ്പി കേരള ഘടകം ഇടതു മുന്നണി വിട്ടതോടെ പ്രേമചന്ദ്രനും യുഡിഎഫ് ക്യാമ്പിലേക്ക് എത്തിച്ചേര്‍ന്നു.
പിന്നാലെ തന്നെ ഷിബു ബേബി ജോണിന്റെ നേതൃത്വത്തിലുള്ള ആര്‍എസ്പി (ബി)യും പ്രേമചന്ദ്രന്‍ ഉള്‍പ്പെടുന്ന ആര്‍എസ്പി കേരള ഘടകവും തമ്മില്‍ ലയിക്കുകയും ആര്‍എസ്പി എന്ന ഒറ്റ പാര്‍ട്ടിയായി. ഇതോടെ യുഡിഎഫ് ഘടകകക്ഷിയുമായി മാറി. പൊടുന്നനേ കലങ്ങിമറിഞ്ഞ സവിശേഷ രാഷ്ട്രീയ സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ സിറ്റിങ് സീറ്റ് കൈമാറാന്‍ കോണ്‍ഗ്രസ് തയ്യാറായതോടെ, 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കൊല്ലത്ത് നിന്നും വീണ്ടും മത്സരിക്കാന്‍ പ്രേമചന്ദ്രന് അവസരം ലഭിച്ചു. സിപിഎം സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ നടത്തിയ വിവാദ പ്രസ്താവനയോടെ 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കേരളവും ഉറ്റുനോക്കിയ പോരാട്ടത്തില്‍, ഇടതു മുന്നണിയുടെ കരുത്തനായ സ്ഥാനാര്‍ത്ഥി എംഎ ബേബിയെ പരാജയപ്പെടുത്തി ഡല്‍ഹിയിലേക്ക് പറക്കാന്‍ പ്രേമചന്ദ്രന് സാധിച്ചു. തുടര്‍ന്ന് 2019ല്‍ സിപിഎമ്മിന്റെ മുന്‍ രാജ്യസഭാംഗവും ഇന്നത്തെ സംസ്ഥാന ധനവകുപ്പ് മന്ത്രിയുമായ കെഎന്‍ ബാലഗോപാലിനെ വമ്പന്‍ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി വീണ്ടും കൊല്ലത്തിന്റെ ലോക്‌സഭാംഗമായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തവണ മുകേഷിനെയാണ് തോല്‍പ്പിച്ചത്.