തിരുവനന്തപുരം: പട്ടികവിഭാഗക്കാരെയും സ്ത്രീകളെയും അധിക്ഷേപിച്ചെന്ന പരാതിയില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് കേരളാ പോലീസിന് നിയമോപദേശം ലഭിച്ചു. സര്‍ക്കാര്‍ സംഘടിപ്പിച്ച നയരൂപീകരണ യോഗത്തില്‍ നടത്തിയ പ്രസംഗത്തിനിലെ പരാമര്‍ശത്തില്‍ വിവാദം തുടരുന്നതിനിടെയാണ് കേസെടുക്കാനാകില്ലെന്ന നിയമോപദേശം ലഭിക്കുന്നത്. അടൂര്‍ ഗോപാലകൃഷ്ണനെതിരെ എസ്.സി/ എസ്.ടി കമീഷനും മ്യൂസിയം പൊലീസിനുമാണ് പരാതി ലഭിച്ചത്. പരാതിയില്‍ പത്തുദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ കമീഷന്‍ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.

ഇക്കാര്യത്തില്‍ പബ്ലിക് പ്രോസിക്യൂട്ടറോട് പൊലീസ് നിയമോപദേശം തേടുകയായിരുന്നു. മുഴുവന്‍ പ്രസംഗവുമടങ്ങിയ വിഡിയോ ക്ലിപ് അടക്കം നല്‍കിയാണ് നിയമോപദേശം തേടിയത്. മുഴുവന്‍ പ്രസംഗവും പരിശോധിക്കുമ്പോള്‍ പരാതിക്കാരന്‍ ഉന്നയിക്കുന്ന ആക്ഷേപം നിലനില്‍ക്കുന്നതല്ല എന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. ഒന്നരക്കോടി രൂപ മൂന്ന് പേര്‍ക്ക് വീതിച്ചു നല്‍കണമെന്നും ആവശ്യമെങ്കില്‍ പരിശീലനം നല്‍കണമെന്നുമാണ് അടൂര്‍ പറഞ്ഞത്. നിര്‍ത്തലാക്കണമെന്നോ ഏതെങ്കിലും വിഭാഗത്തിന് നല്‍കരുതെന്നോ പറഞ്ഞിട്ടില്ല. ചലച്ചിത്ര രംഗത്തെ വിദഗ്ധനെന്ന നിലയിലുള്ള അഭിപ്രായം മാത്രമാണ് പറഞ്ഞത്. മുഴുവന്‍ പ്രസംഗത്തിനിടയിലെ ഒരു പരാമര്‍ശം മാത്രമാണ് വിവാദമാക്കുന്നത്.

ആരെയെങ്കിലും അദ്ദേഹം അധിക്ഷേപിക്കുകയോ ഫണ്ട് നല്‍കരുതെന്ന് പറയുകയോ ചെയ്യുന്നില്ല. അതിനാല്‍ പരാതിയില്‍ ഉന്നയിച്ചിട്ടുള്ള വകുപ്പുകള്‍ പ്രകാരം കേസെടുക്കാന്‍ കഴിയില്ല. പ്രസംഗത്തിലില്ലാത്ത ഒരുകാര്യം പുറത്തുനിന്ന് മറ്റൊരാള്‍ വ്യാഖ്യാനിച്ച് എത്തിക്കഴിഞ്ഞാല്‍ അത്തരത്തില്‍ പൊലീസിന് കേസെടുക്കാന്‍ കഴിയില്ല. പിന്നാക്ക വിഭാഗത്തിന് ഫണ്ട് നല്‍കുന്നത് ശരിയായ രീതിയില്ല എന്ന ധ്വനി ഉയര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചെന്നാണ് ആക്ഷേപം. എന്നാല്‍ മുഴുവന്‍ പ്രസംഗത്തില്‍ ഒരു നിര്‍ദേശം പോലെയാണതെന്നും പൊലീസിന് ഉപദേശം ലഭിച്ചു.

ദളിത് ആക്ടിവിസ്റ്റായ ദിനു വെയിലാണ് അടൂര്‍ ഗോപാലകൃഷ്ണനെതിരെ പരാതി നല്‍കിയത്. അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവന പിന്നാക്ക വിഭാഗത്തില്‍പെട്ടവരെ അപമാനിക്കുന്നതാണെന്നാണ് പരാതിയില്‍ പറഞ്ഞത്. അടൂരിനെതിരെ എസ്സി/എസ്ടി അട്രോസിറ്റീസ് ആക്ട് പ്രകാരം കേസെടുക്കണമെന്നും പരാതിയില്‍ ദിനു ആവശ്യപ്പെട്ടിരുന്നു.

പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് ആദ്യം പരിശീലനമാണ് നല്‍കേണ്ടതെന്നാണ് അടൂര്‍ കോണ്‍ക്ലേവിന്റെ സമാപന വേദിയില്‍ പറഞ്ഞത്. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ വെറുതേ പണം മുടക്കരുത്. ഒന്നരക്കോടി രൂപ നല്‍കുന്നത് വളരെ കൂടുതലാണ്. പലരും ചെയ്തത് നിലവാരമില്ലാത്ത സിനിമകളാണെന്നും അടൂര്‍ പറഞ്ഞിരുന്നു. പിന്നാലെ അടൂരിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.

അതേസമയം, അടൂര്‍ ഗോപാലകൃഷ്ണനെതിരെ പട്ടികജാതി-വര്‍ഗ പീഡന നിരോധനമുള്‍പ്പെടെ നിയമങ്ങളനുസരിച്ച് കേസെടുക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ദലിത് ലീഡേഴ്സ് കൗണ്‍സില്‍ കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി ഐ.കെ. രവീന്ദ്രരാജ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി. പ്രസംഗത്തിന്റെ ഉള്ളടക്കം ജാതീയമാണ്. കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനംവഹിച്ചിരുന്ന അടൂര്‍, ആ സ്ഥാപനത്തിലെ പട്ടികജാതിക്കാരായ വിദ്യാര്‍ഥികളെ ജാതീയമായി അധിക്ഷേപിച്ചതും കൈയുറ ധരിക്കാതെ കക്കൂസ് വൃത്തിയാക്കണമെന്ന് ആജ്ഞാപിച്ചതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ക്കെതിരെ വലിയ സമരം നടന്നതാണ്.

ഇദ്ദേഹത്തിന്റെ പട്ടികജാതി വിരുദ്ധ മനോഭാവമാണ് സിനിമ കോണ്‍ക്ലേവിലെ പ്രസംഗത്തിലൂടെ വീണ്ടും പുറത്തുവന്നത്. ഗോപാലകൃഷ്ണനെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ഐ.കെ. രവീന്ദ്രരാജ് പരാതിയില്‍ ആവശ്യപ്പെട്ടു. നേരത്തെ ഇടതു പാര്‍ട്ടികളും കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖ സംഘടനകളും അടൂരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.