തിരുവനന്തപുരം: പാകിസ്താന്‍ നിരവധി തവണ ഇന്ത്യയില്‍ ഭീകരാക്രമണം നടത്തിയിട്ടുണ്ട്, സ്‌ക്രിപ്റ്റ് പോലെ ചെയ്യും എന്നിട്ട് തങ്ങള്‍ അല്ലെന്ന് പറയുമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം പി. 8-10 സംഭവങ്ങള്‍ ഇതിനോടകം ഉണ്ടായിട്ടുണ്ട്. രാജ്യത്തിന്റെ ക്ഷമയ്ക്കും ഒരു പരിധി ഉണ്ടല്ലോ. ലിമിറ്റ് ഇല്ലാതെ പാകിസ്താന്‍ പെരുമാറിയാല്‍ നമുക്ക് എന്തിനാണ് ലിമിറ്റ്. ആര്‍ക്കും യുദ്ധം വേണ്ട. വികസനത്തിനും വളര്‍ച്ചയ്ക്കും യുദ്ധം നല്ലതല്ല. അവരെ തൊടുന്ന ഒരു ആക്ഷന്‍ എടുക്കേണ്ടി വരും. അല്ലെങ്കില്‍ ഇതു ഇനിയും ആവര്‍ത്തിക്കും. ഇനി സ്‌ട്രോങ്ങ് ആക്ഷന്‍ എടുത്തില്ലെങ്കില്‍ അവര്‍ ഇതു തുടരുമെന്നും തരൂര്‍ അറിയിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു തരൂരിന്റെ വാക്കുകള്‍.

ഇന്ത്യയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പാകിസ്ഥാന് പങ്കുണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്നു. ഭീകരര്‍ക്ക് പരിശീലവും ആയുധങ്ങളും നല്‍കുന്നുണ്ട്. എല്ലാ ഉത്തരവാദിത്തങ്ങളും പാകിസ്ഥാന്‍ നിഷേധിക്കുന്നതാണ് പതിവെങ്കിലും പീന്നീട് വിദേശ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഉള്‍പ്പെടെ ഇടപെടല്‍ സംബന്ധിച്ച തെളിവുകള്‍ പുറത്തുവിടാറുണ്ട് എന്നും ശശി തരൂര്‍ പ്രതികരിച്ചു.

2016 ലെ ഉറി ആക്രമണം, 2019 ലെ പുല്‍വാമ സംഭവത്തിനും ശേഷം ഇന്ത്യ ശക്തമായ തിരിച്ചടിച്ചിരുന്നു. ഇത്തവണ പാകിസ്ഥാന് അതിനേക്കാള്‍ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ശക്തമായ സൈനിക നീക്കം ഒഴിവാക്കാന്‍ കഴിയില്ലെന്നും തരൂര്‍ വ്യക്തമാക്കുന്നു. 'ഇന്ത്യയുടെ ഭാഗത്തുനിന്നും ശക്തമായ ഒരു നടപടി രാജ്യത്തെ ജനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. അത് എന്തായിരിക്കുമെന്ന്, എവിടെയായിരിക്കുമെന്ന്, എപ്പോള്‍ ആയിരിക്കുമെന്ന് ആര്‍ക്കും അറിയില്ല. പക്ഷേ പ്രതികരണം ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചയല്ല നിലവില്‍ ശ്രദ്ധിക്കേണ്ടതെന്നും തരൂര്‍ പറഞ്ഞു. വീഴ്ചകളില്ലാത്ത ഇന്റലിജന്‍സ് സംവിധാനം എന്നൊന്നില്ലയെന്നും സുരക്ഷാവീഴ്ചയില്‍ അല്ല ഇപ്പോള്‍ ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ പ്രതിസന്ധി മറികടക്കുകയാണ് ഇപ്പോള്‍ ലക്ഷ്യമാക്കേണ്ടത്. സര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പിന്നീടാവശ്യപ്പെടാം. വിജയകരമായി റദ്ദാക്കിയ ഭീകരാക്രമണങ്ങളെക്കുറിച്ച് നമ്മള്‍ അറിയുന്നില്ല. പരാജയപ്പെടുന്ന ചിലത് മാത്രമാണ് നമ്മള്‍ അറിയുന്നതെന്നും ഇത് ഏതൊരു രാജ്യത്തും സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലില്‍ സംഭവിച്ചത് ഉദാഹരിച്ചുകൊണ്ടാണ് തരൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

സിന്ധു നദീജല കരാര്‍ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനെക്കുറിച്ചുള്ള പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി മേധാവി ബിലാവല്‍ ഭൂട്ടോ സര്‍ദാരി നടത്തിയ പ്രതികരണത്തെ വെറുംവാക്കായി മാത്രമേ കാണാനാകു എന്നും തരൂര്‍ പറയുന്നു. ഒരു രക്തച്ചൊരിച്ചില്‍ ഉണ്ടായാല്‍ അതിന്റെ ഏറ്റവും വലിയ ദുരിതം നേരിടുക പാകിസ്ഥാന്‍ തന്നെയായിരിക്കും എന്നും തരൂര്‍ പ്രതികരിച്ചു.

ഏപ്രില്‍ 22-നാണ് പഹല്‍ഗാമിലെ ബൈസരണ്‍വാലിയില്‍ ഭീകരാക്രമണമുണ്ടായത്. പൈന്‍ മരങ്ങള്‍ക്കിടയില്‍ നിന്ന് ഇറങ്ങിവന്ന ഭീകരര്‍ വിനോദസഞ്ചാരികളെ വെടിവെച്ചു കൊല്ലുകയായിരുന്നു. 26 പേരാണ് പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തിലുള്‍പ്പെട്ട ഓരോ ഭീകരനെയും കണ്ടെത്തി അവര്‍ക്ക് ചിന്തിക്കാവുന്നതിലും അപ്പുറം വലിയ ശിക്ഷ നല്‍കുമെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഭീകരാക്രമണം കേന്ദ്ര സര്‍ക്കാരിന്റെയും ഇന്റലിജെന്‍സ് വിഭാഗത്തിന്റെയും വീഴ്ചയാണെന്ന് ചൂണ്ടികാട്ടി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷാവീഴ്ചകള്‍ സ്വാഭാവികമാണെന്ന തരത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയത്.

അതേസമയം ജമ്മു കശ്മീരിലെ പഹല്‍ ഗാമിലെ ഭീകരാക്രമണം ആഴത്തിലുള്ള ദുഃഖമുണ്ടാക്കിയെന്ന് മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിപ്രായപപ്പെട്ടിരുന്നു. എല്ലാ ഇന്ത്യക്കാരുടെ ഉള്ളിലും ആക്രമണത്തിനെതിരെയുള്ള പ്രതിഷേധം ഇരുമ്പുകയാണ്. പകല്‍കാമിലെ ഭീകരാക്രമണം പാക് ഭീരുത്വത്തെ കാണിക്കുന്നതാണ്. കാശ്മീരിലേക്ക് സമാധാനവും വികസനവും തിരികെയെത്തിയ സമയത്താണ് ആക്രമണം നടത്തിയത്. പല്‍ഗാമില്‍ ആക്രമണം നടത്തിയവര്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് രാജ്യം നേരിടുന്ന ഏതൊരു പ്രതിസന്ധിയെയും നേരിടും. ഭീകരാക്രമത്തിനു ശേഷം ഇന്ത്യയില്‍ എല്ലാവരും ഒറ്റക്കെട്ടായി ആക്രമണത്തെ അപലപിച്ചുകൊണ്ട് സംസാരിച്ചു. ലോക രാജ്യങ്ങള്‍ ഭീകരാക്രമണത്തെ അപലപിച്ചുകൊണ്ട് ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചു. ഭീകരവാദത്തിന് എതിരായിട്ടുള്ള പോരാട്ടത്തില്‍ ലോകം മുഴുവന്‍ ഇന്ത്യക്കൊപ്പം നിന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭീകരാക്രമണത്തില്‍ ഇരയാക്കപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കും എന്ന് നരേന്ദ്രമോദി പറഞ്ഞു. ആക്രമണം നടത്തിയവരും ഗൂഢാലോചനയില്‍ പങ്കാളികളായ വരും ശക്തമായ തിരിച്ചടി നേരിടുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.