കല്‍പ്പറ്റ: വയനാട്ടില്‍ എവിടെയും ഭൂകമ്പം ഉണ്ടായിട്ടില്ലെന്ന് സ്ഥിരീകരണം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി ഡയറക്ടര്‍ ഒപി മിശ്ര പറഞ്ഞു. വയനാട്ടില്‍ ഭൂമി പാളികളുടെ നീക്കം ആണ് ഉണ്ടായതെന്നും ഇതുമൂലമായിരിക്കാം പ്രകമ്പനം അനുഭവപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. സാധാരണഗതിയില്‍ ഉരുള്‍പൊട്ടലിന് ശേഷം ഇത്തരം നീക്കങ്ങള്‍ ഉണ്ടാകാറുണ്ട്. അതില്‍ ഉണ്ടായ ശബ്ദമാണ് കേട്ടത്. കേരളത്തില്‍ സ്ഥാപിച്ചിട്ടുള്ള ഒരു ഭൂകമ്പമാപിനിയിലും കേരളത്തിലോ വയനാട്ടിലോ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ എവിടെയും ഭൂകമ്പം ഉണ്ടായിട്ടില്ലെന്നാണ് നാഷനല്‍ സീസ്‌മോളജി സെന്റര്‍ വാര്‍ത്താകുറിപ്പിലൂടെയും അറിയിച്ചു. അതേസമയം, വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍ ഉള്‍പ്പെടെ ജിയോളജി സര്‍വേ ഓഫ് ഇന്ത്യ സംഘമെത്തി പരിശോധന നടത്തുകയാണ്. ചൂരല്‍മലയില്‍ ഉള്‍പ്പെടെ പരിശോധന തുടരുകയാണ്. പ്രകമ്പനം ഉണ്ടായ സാഹചര്യത്തിലാണ് പരിശോധന.വയനാട്ടിലും കോഴിക്കോട്ടും ഭൂമിക്കടിയില്‍ നിന്ന് വലിയ മുഴക്കവും പ്രകമ്പനവും നേരിയ കുലുക്കവും അനുഭവപ്പെട്ടതായാണ് പ്രദേശവാസികള്‍ പറയുന്നത്. മലപ്പുറത്തും പാലക്കാടും സമാനായ രീതിയില്‍ ശബ്ദം കേട്ടതായി നാട്ടുകാര്‍ പറയുന്നുണ്ട്. വയനാട്ടിലെ വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി, നെന്‍മേനി, അമ്പലവയല്‍ പഞ്ചായത്തുകളിലെ പ്രദേശങ്ങളിലും കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പ്രദേശത്തും രാവിലെ 10 മണിയോടെയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം, വയനാടിനും കോഴിക്കോടിനും പുറമേ പാലക്കാട് ജില്ലയിലും സമാന പ്രകമ്പനം ഉണ്ടായതായി റിപ്പോര്‍ട്ട്. പാലക്കാട് ഒറ്റപ്പാലം മേഖലയില്‍ ഇടിവെട്ടുന്നത് പോലെ ശബ്ദം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഒറ്റപ്പാലം നഗരസഭയിലെ പനമണ്ണ, വീട്ടാപ്പാറ, ലക്കിടി എന്നീ മേഖലയിലാണ് രാവിലെ 10.30-ഓടെ ഇടിമുഴക്കം പോലുള്ള ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറയുന്നത്. പ്രകമ്പനം പോലെ അനുഭവപ്പെട്ടതായും പറയുന്നു. കോതക്കുറുശ്ശി, വാണിയങ്കുളം, പനയൂര്‍ തുടങ്ങിയ മേഖലകള്‍ വരെ ശബ്ദമുണ്ടായതായി പറയുന്നു. എന്നാല്‍ ഈ പ്രദേശത്ത് പ്രകമ്പനം ഉണ്ടായതായി വിവരമില്ല.

ആദ്യം എന്താണ് സംഭവിക്കുന്നത് മനസ്സിലായില്ല. തുടര്‍ന്ന് മാധ്യമങ്ങളില്‍ കൂടി വയനാട്ടിലെ പ്രകമ്പന വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് ഇതിന്റെ ഭാഗമായിട്ടുള്ള തുടര്‍ച്ച ആയിരിക്കാം പാലക്കാടും ഉണ്ടായിട്ടുള്ളത് എന്ന് പ്രദേശവാസികള്‍ കരുതുന്നത്. മലപ്പുറം എടപ്പാളില്‍ നിന്നും സമാനമായ ശബ്ദങ്ങള്‍ കേട്ടതായുള്ള റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. തൃശ്ശൂര്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന എടപ്പാള്‍ ഭാഗത്താണ് ശബ്ദം കേട്ടതായി പ്രദേശവാസി പറയുന്നത്. രാവിലെ 10.30ഓടെയാണ് സംഭവം. വീടിന് മുകളില്‍ എന്തോ പതിക്കുന്നതായുള്ള ശബ്ദമാണ് കേട്ടതെന്ന് പ്രദേശവാസികള്‍ പറയുന്നു.