ലണ്ടന്‍: സിറിയയില്‍ അസ്സദ് ഭരണം വീണതോടെ, സിറിയയില്‍ നിന്നെത്തിയ അഭയാര്‍ത്ഥികളെ എത്രയും പെട്ടെന്ന് തിരികെ അയയ്ക്കണമെന്ന് നിഴല്‍ ജസ്റ്റിസ് സെക്രട്ടറി റോബര്‍ട്ട് ജെന്റിക് ആവശ്യപ്പെട്ടു. ബ്രിട്ടനില്‍ അഭയം തേടിയെത്തിയ (അവരില്‍ മിക്കവരും അനധികൃതമായി ചെറുയാനങ്ങളില്‍ ഇംഗ്ലീഷ് ചാനല്‍ കടന്നെത്തിയവരാണ്). സിറിയക്കാരെ മടക്കി അയയ്ക്കുന്നത് ഉടന്‍ ആരംഭിക്കണം എന്നാണ് മുന്‍ ഇമിഗ്രേഷന്‍ മന്ത്രി കൂടിയായ ജെന്റിക് ആവശ്യപ്പെടുന്നത്. സിറിയക്കാരുടെ അഭയാപേക്ഷകള്‍ തത്ക്കാലം പരിഗണിക്കില്ലെന്ന് ഹോം ഓഫീസ് വ്യക്തമാക്കിയതിന് പിന്നാലെയാണിത്.

സിറിയയിലെ മുന്‍ ഏകാധിപതിയുടെ ഭരണത്തിന്‍ കീഴിലുള്ള മനുഷ്യാവകാശ ലംഘനങ്ങളാണ് ഒട്ടു മിക്ക അഭയാപേക്ഷകളിലും കാരണമായി പറഞ്ഞിരിക്കുന്നത്. നിലവിലെ സാഹചര്യങ്ങള്‍ സസൂക്ഷ്മം വിലയിരുത്തുന്നതിനാല്‍, സിറിയയില്‍ നിന്നുള്ള അപേക്ഷകളില്‍ തീരുമാനമെടുക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് ഹോം ഓഫീസ് അധികൃതര്‍ അറിയിച്ചു. രാജ്യത്തിന്റെ കുടിയേറ്റ- അഭയാര്‍ത്ഥി നിയമങ്ങള്‍ കൃത്യമായി പാലിച്ചു കൊണ്ടായിരിക്കും തീരുമാനമെടുക്കുക എന്നും ഹോം ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടയില്‍, സിറിയയിലെ ഭരണമാറ്റം, ബ്രിട്ടീഷ് പൗരത്വം റദ്ദാക്കപ്പെട്ട ഷമീമ ബീഗത്തിന്റെ തിരിച്ചു വരവിന് വഴിയൊരുക്കില്ലെന്ന് ഡച്ചി ഓഫ് ലങ്കാസ്റ്റര്‍ ചാന്‍സലര്‍ പറ്റ് മെക് ഫഡേന്‍ പറഞ്ഞു. സ്‌കൈ ന്യൂസിനോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അത്തരത്തിലുള്ള ഒന്ന് ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2019 ല്‍ ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയായിരുന്നു ഷമീമ ബീഗത്തിന്റെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ, തന്റെ പതിനഞ്ചാം വയസ്സിലാണ് മറ്റ് രണ്ട് കൂട്ടുകാരുമൊത്ത് ഷമീമ ബീഗം ഐസിസില്‍ ചേരാനായി സിറിയയിലേക്ക് പോയത്.

അവിടെ, തീവ്രവാദ ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്നവര്‍ക്ക് മേധാവിത്വമുള്ള അല്‍ റോജ് അഭയാര്‍ത്ഥി ക്യാമ്പിലാണ് ഇപ്പോള്‍ അവര്‍ ഉള്ളത് എന്നാണ് കരുതപ്പെടുന്നത്. വിമതര്‍ സിറിയയുടെ ഭരണത്തിലേക്ക് നടന്നടുക്കുന്നതോടെ ഈ ക്യാമ്പ് നിര്‍ത്തലാക്കിയേക്കും എന്ന ആശങ്കയും ഉയരുന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ ഷമീമ ബീഗത്തിന് ബ്രിട്ടനില്‍ തിരികെ വരാനുള്ള അനുമതി നല്‍കുമോ എന്ന ചോദ്യത്തിനാണ്, അത്തരമൊരു കാര്യം ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് മെക് ഫാഡന്‍ മറുപടി നല്‍കിയത്. കിഴക്കന്‍ ലണ്ടന്‍ നിവാസിയായ ഷമീമ, 2015 ല്‍ ആയിരുന്നു ആട് മേയ്ക്കാന്‍ സിറിയയിലേക്ക് പോയത്.

കഴിഞ്ഞ ഏപ്രിലില്‍, പൗരത്വം റദ്ദാക്കിയതിനെതിരെ അപ്പീല്‍ കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയതോടെ, ആഗസ്റ്റില്‍, ഇനി ഇക്കാര്യത്തില്‍ ഷമീമ ബീഗത്തിന് അപ്പീല്‍ സമര്‍പ്പിക്കാന്‍ കഴിയില്ലെന്ന് ബ്രിട്ടനിലെ ഉന്നത കോടതി വ്യക്തമായി ഉത്തരവിട്ടിരുന്നു. ബീഗത്തിനെയും മറ്റ് ഐസിസ് തീവ്രവാദികളെയും താമസിപ്പിച്ചിരിക്കുന്ന അഭയാര്‍ത്ഥി ക്യാമ്പ് ഇല്ലാതെയായാല്‍ അത് ബ്രിട്ടന് കനത്ത സുരക്ഷാ ഭീഷണിയാകുമെന്ന് മുന്‍ എം ഐ 6 മേധാവി മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇപ്പോള്‍, ക്യാമ്പ് സ്ഥിതി ചെയ്യുന്ന സിറിയയുടെ വടക്ക് കിഴക്കന്‍ പ്രദേശങ്ങള്‍ കുര്‍ദ്ദിഷുകളുടെ നേതൃത്വത്തിലുള്ള സിറിയന്‍ ഡെമോക്രാറ്റിക് സേനയുടെ നിയന്ത്രണത്തിലാണ്. ഇവര്‍ക്ക് 900 ഓളം വരുന്ന അമേരിക്കന്‍ സൈന്യത്തിന്റെ പിന്തുണയുമുണ്ട്. എന്നാല്‍, ഡൊണാള്‍ഡ് ട്രംപ് അധികാരമേറുന്നതോടെ ഈ സേനയെ പിന്‍വലിക്കാന്‍ ഇടയുണ്ടെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഇത് ഈ പ്രദേശത്തിന്റെ അധികാര സമവാക്യങ്ങള്‍ പൊളിച്ചെഴുതുന്നതിന് കാരണമാകും.

ഏകദേശം 55 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അല്‍ ഹോജ് ക്യാമ്പിലുള്ളത്. അവരില്‍ മിക്കവരും ഭീകരരെ വിവാഹം ചെയ്ത് സിറിയയില്‍ എത്തിയവരും അവരുടെ കുട്ടികളുമാണ്. പുറമെ മിതവാദത്തിന്റെ മുഖം പുറമെ കാട്ടുന്നുണ്ടെങ്കിലും, തീവ്രവാദ പശ്ചാത്തലമുള്ള അല്‍ക്വയ്ദയുടെ നിഴലിലുള്ള വിമതര്‍ കടുത്ത മതവാദത്തിലേക്ക് തന്നെ തിരിയും എന്നാണ് പാശ്ചാത്യ നിരീക്ഷകര്‍ കരുതുന്നത്. ഇത് ഒരുപക്ഷെ, ക്യാമ്പിലുള്ള അഭയാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ദുരിതങ്ങള്‍ക്ക് കാരണമായേക്കാം.