തിരുവനന്തപുരം: ബോണസും ഉത്സവബത്തയുമില്ലാതെ വലയുന്ന കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇരുട്ടടിയായിരുന്നു സാലറി ചലഞ്ച്. എന്നാല്‍ ജീവനക്കാരില്‍ നിന്ന് തുക പിടിക്കരുതെന്ന് ഗതാഗത മന്ത്രി നിര്‍ദ്ദേശം നല്‍കി. ശമ്പളം ലഭിച്ചതിന് പിന്നാലെ വയനാടിനായുള്ള സാലറി ചലഞ്ചില്‍ പങ്കാളികളാകണമെന്ന് മാനേജ്‌മെന്റ് ഉത്തരവ് ഇറക്കിയിരുന്നു. ഇത് റദ്ദാക്കാനാണ് മന്ത്രിയുടെ നിര്‍ദേശം.

സാലറി ചലഞ്ചുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍ പറഞ്ഞു. ഉത്തരവിറക്കിയതിന് പിന്നിലെ ദുരൂഹത അന്വേഷിക്കാന്‍ കെഎസ്ആര്‍ടിസി സിഎംഡിയോട് മന്ത്രി ആവശ്യപ്പെട്ടു. ജീവനക്കാര്‍ സാലറി ചലഞ്ചില്‍ പങ്കെടുക്കണമെന്ന് കെഎസ്ആര്‍ടിസി സിഎംഡി തന്നെയാണ് ഉത്തരവിറക്കിയത്. ഇതേ സിഎംഡിക്കാണ് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

കെഎസ്ആര്‍ടിസി ജീവനക്കാരുടെ അഞ്ചുദിവസത്തില്‍ കുറയാത്ത ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാനായിരുന്നു നിര്‍ദേശം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നത് നിര്‍ബന്ധമല്ലെന്നാണ് ഇതിനായി പുറത്തിറങ്ങിയ കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നത്. തുക ഈടാക്കാനായി സമ്മതപത്രം ജീവനക്കാരില്‍ നിന്നും സ്വീകരിക്കും. അഞ്ചുദിവസത്തെ വേതനം സംഭാവന ചെയ്യുന്നവര്‍ക്ക് 3 ഗഡുക്കളായി തുക നല്‍കാമെന്നാണ് ഉത്തരവില്‍ പറയുന്നത്. സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കുന്ന തുക സെപ്റ്റംബര്‍ മാസത്തെ ശമ്പളം മുതല്‍ കുറവ് ചെയ്യും. ജീവനക്കാര്‍ക്ക് പിഎഫില്‍ നിന്നും തുക അടയ്ക്കാമെന്നും നിര്‍ദേശമുണ്ട്.

സെപ്റ്റംബറിലെ ശമ്പളം അടുത്തമാസമാണ് ലഭിക്കുക. ഈ ശമ്പളത്തില്‍ നിന്നാണ് പണം അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഒന്നര വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഓണത്തിന് ജീവനക്കാര്‍ക്ക് ഒറ്റ ഗഡുവായി മുഴുവന്‍ ശമ്പളം ലഭിച്ചത്. മറ്റ് സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഓണത്തിന് ബോണസും ഉത്തവബത്തയുമൊക്കെ ലഭിച്ചപ്പോഴും ശമ്പളമെങ്കിലും ലഭിക്കുന്നുണ്ടല്ലോ എന്ന ആശ്വാസത്തിലിരിക്കുന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പോക്കറ്റടിക്കുകയാണ് പുതിയ തീരുമാനത്തിലൂടെ എന്ന ആക്ഷേപമാണ് ഉയര്‍ന്നത്.

സമ്മതപത്രം നല്‍കിയവരില്‍ നിന്ന് മാത്രമേ ശമ്പളം പിടിക്കുവെന്ന് പറയുന്നുണ്ടെങ്കിലും ഇത് പറഞ്ഞ മറ്റ് സര്‍ക്കാര്‍- അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനൗദ്യോഗിക നിര്‍ബന്ധിത പിരിവാണ് ഫലത്തില്‍ വന്നത്. ഇത് തന്നെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കും നേരിടേണ്ടി വരുമെന്നാണ് കരുതുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുദിവസത്തെ വേതനത്തിന് പകരം ഇഷ്ടമുള്ള തുക സംഭാവന ചെയ്യാന്‍ അവസരമില്ല. ഇത് തന്നെയാണ് മറ്റ് വകുപ്പ് ജീവനക്കാരും നേരിടേണ്ടി വന്നത്.

ഇത്തവണ ഒന്നിച്ച് ശമ്പളം നല്‍കാന്‍ പാടുപെട്ടാണ് കെ.എസ്.ആര്‍.ടി.സി പണം കണ്ടെത്തിയത്. ഓവര്‍ ഡ്രാഫ്റ്റായി 50 കോടി എടുക്കുകയും ഇന്ധന കമ്പനികള്‍ക്ക് നല്‍കാതെ മാറ്റിവെച്ച തുകയും ചേര്‍ത്താണ് ഇത്തവണ ശമ്പളം ഒറ്റത്തവണയായി നല്‍കിയത്. 74.8 കോടി രൂപയാണ് ഇങ്ങനെ കണ്ടെത്തിയത്. ഓണത്തിന് ഒറ്റത്തവണയായി ശമ്പളം നല്‍കുമെന്ന ഉറപ്പ് പാലിക്കാനാണ് മാനേജ്‌മെന്റ് ഈ കടുംകൈ ചെയ്തത്. ഒന്നര വര്‍ഷത്തിന് ശേഷമാണ് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് ഒറ്റത്തവണയായി മുഴുവന്‍ ശമ്പളവും ലഭിക്കുന്നത്. 2023 ഫെബ്രുവരി മുതല്‍ രണ്ടു ഗഡുക്കളായാണ് ശമ്പളം നല്‍കുന്നത്. ഇതുപോലും മുടക്കമില്ലാതെ നല്‍കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് സാധിച്ചിരുന്നില്ല.

ഇത്തവണ ശമ്പളം മുടങ്ങിയാല്‍ പണിമുടക്ക് അടക്കം നടത്താന്‍ ജീവനക്കാരുടെ സംഘടനകള്‍ തീരുമാനിച്ചിരുന്നു. ഏതായാലും ആ പ്രതിസന്ധി ഒഴിവായി. പൂര്‍ണ ശമ്പളം നല്‍കാന്‍ ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് ഒറ്റത്തവണയായി 450 കോടി കടമെടുത്ത് പ്രതിസന്ധി പരിഹരിക്കാന്‍ നീക്കം നടത്തിയെങ്കിലും അത് വിജയിച്ചിരുന്നില്ല. പിന്നാലെ കേരള ബാങ്കില്‍ നിന്ന് പണം കടമെടുക്കാന്‍ ശ്രമിച്ചെങ്കിലും വ്യവസ്ഥകള്‍ വെല്ലുവിളിയായി. അധിക ധനസഹായത്തിനായി സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു. പക്ഷെ പെന്‍ഷന്‍കാര്‍ക്ക് കൊടുക്കാനുള്ള തുക മാത്രമാണ് കിട്ടിയത്. ഇതോടെയാണ് ഓവര്‍ഡ്രാഫ്‌റ്റെടുക്കാനും ഇന്ധന കമ്പനികള്‍ക്ക് നല്‍കാനുള്ള പണമെടുക്കാനും കോര്‍പ്പറേഷന്‍ നിര്‍ബന്ധിതമായത്. അടുത്തമാസം മുതല്‍ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് കരുതുന്നത്.