തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടെന്ന് ആരോപിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ജീവനൊടുക്കി. തിരുവനന്തപുരം കോര്‍പ്പറേഷനിലെ തൃക്കണ്ണാപുരം വാര്‍ഡില്‍ നിന്നുള്ള ബിജെപി പ്രവര്‍ത്തകനായ ആനന്ദിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വാര്‍ഡില്‍ തനിക്ക് സീറ്റ് നിഷേധിക്കപ്പെട്ടതിലുള്ള കടുത്ത നിരാശയാണ് ആനന്ദിനെ ഈ അന്ത്യത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക വിവരങ്ങള്‍ വ്യക്തമാക്കുന്നു.

തൃക്കണ്ണാപുരം വാര്‍ഡില്‍ ബിജെപി നേരത്തെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ആനന്ദിന്റെ പേര് ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നില്ല. പാര്‍ട്ടിയുടെ ഈ നടപടിയില്‍ കടുത്ത അമര്‍ഷവും വേദനയും അനുഭവിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം ജീവനൊടുക്കിയതെന്നാണ് സൂചന.

ആത്മഹത്യക്ക് മുമ്പ് ആനന്ദ് സുഹൃത്തുകള്‍ക്ക് അയച്ച വാട്‌സ് സന്ദേശം പുറത്ത് വന്നു. ബിജെപി നേതാക്കള്‍ക്കെതിരെയാണ് ആനന്ദിന്റെ കുറിപ്പ്. സ്ഥാനാര്‍ത്ഥിയാക്കാത്തതിന് പിന്നില്‍ ബിജെപി നേതാക്കളാണെന്ന് കുറിപ്പില്‍ ആരോപിക്കുന്നു. ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ക്ക് മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്നും ആനന്ദിന്റെ കുറിപ്പില്‍ പറയുന്നു. തൃക്കണ്ണാപുരത്ത് സ്ഥാനാര്‍ത്ഥിയാക്കിയത് മണ്ണ് മാഫിയക്കാരനെയാണെന്നും ആനന്ദ് ആരോപിക്കുന്നു.