സ്റ്റോക്ക്‌ഹോം: രസതന്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം മൂന്നു ഗവേഷകര്‍ക്ക്. ഡേവിഡ് ബേക്കര്‍, ഡെമിസ് ഹസ്സാബിസ്, ജോണ്‍ എം. ജംബര്‍ എന്നിവരാണ് പുരസ്‌കാരം പങ്കിട്ടിരിക്കുന്നത്. പ്രോട്ടീന്റെ ഘടനയും മറ്റുമടങ്ങുന്ന ഗവേഷണങ്ങള്‍ക്കാണു പുരസ്‌കാരം. കമ്പ്യൂട്ടറുകളുടെ സഹായത്തോടെ പ്രോട്ടീന്‍ ഡിസൈന്‍ സാധ്യമാക്കുകയും നിര്‍മിതബുദ്ധി (എ.ഐ) യുടെ സഹായത്തോടെ പ്രോട്ടീന്‍ ഘടനകള്‍ പ്രവചിക്കാനുള്ള വിദ്യകള്‍ വികസിപ്പിക്കുകയും ചെയ്തതിനാണ് പുരസ്‌കാരം.

കംപ്യൂട്ടേഷനല്‍ പ്രോട്ടീന്‍ ഡിസൈനുമായി ബന്ധപ്പെട്ട ഗവേഷണത്തിനാണ് ബേക്കറിന് പുരസ്‌കാരം. പ്രോട്ടീനിന്റെ ഘടനാ പ്രവചനവുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കാണ് ഹസ്സാബിസിനും ജംബര്‍ക്കും പുരസ്‌കാരം.

'ഈ വര്‍ഷം അംഗീകരിക്കപ്പെട്ട ഒരു കണ്ടുപിടുത്തം അതിശയകരമായ പ്രോട്ടീനുകളുടെ നിര്‍മ്മാണത്തെക്കുറിച്ചാണ്. മറ്റൊന്ന്, 50 വര്‍ഷം പഴക്കമുള്ള ഒരു സ്വപ്നം നിറവേറ്റുന്നതിനെക്കുറിച്ചാണ്. അതായത് പ്രോട്ടീന്‍ ഘടനകളെ അവയുടെ അമിനോ ആസിഡ് സീക്വന്‍സുകളില്‍ നിന്ന് പ്രവചിക്കുന്നത്. ഈ രണ്ട് കണ്ടെത്തലുകളും വിശാലമായ ശാസ്ത്ര ലോകത്തിന് വിശാലമായ സാധ്യതകള്‍ തുറക്കുന്നു,' പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് രസതന്ത്രത്തിനുള്ള നൊബേല്‍ കമ്മിറ്റി ചെയര്‍ഹൈനര്‍ ലിങ്കെ പറഞ്ഞു.

യു.എസില്‍ സിയാറ്റിലിലെ വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഡേവിഡ് ബേക്കര്‍ക്ക് സമ്മാനത്തുകയുടെ പകുതി ലഭിക്കും. 'കംപ്യൂട്ടേഷണല്‍ പ്രോട്ടീന്‍ ഡിസൈന്‍' സാധ്യമാക്കിയ ഗവേഷകനാണ് ബേക്കര്‍. ബാക്കി പകുതി ലണ്ടനില്‍ 'ഗൂഗിള്‍ ഡീപ്‌മൈന്റി'ലെ ഗവേഷകരായ ഡെനിസ് ഹസ്സബിസ്, ജോണ്‍ ജംപര്‍ എന്നിവര്‍ പങ്കിടും. നിര്‍മിതബുദ്ധിയുടെ സാധ്യതകളുപയോഗിച്ച്, പ്രോട്ടീനുകളുടെ ഘടനകള്‍ പ്രവചിക്കാന്‍ വഴിതുറന്നവരാണ് ഈ രണ്ടുപേര്‍. 10.61 ലക്ഷം ഡോളറാണ് സമ്മാനത്തുക.

ജീവന്റെ ആധാരശിലകളാണ് പ്രോട്ടീനുകള്‍. ഒരു ജീവിയുടെ സകല ജീവല്‍പ്രവര്‍ത്തനങ്ങളും സംഭവിക്കുന്നത് ഏതെങ്കിലും പ്രോട്ടീനുകളുടെ പ്രവര്‍ത്തനഫലമായാണ്. ഇത്ര പ്രധാനപ്പെട്ടതാണെങ്കിലും, സങ്കീര്‍ണമായ ഘടനയായതിനാല്‍ പ്രോട്ടീനുകളെ കുറിച്ചുള്ള പഠനം ദുര്‍ഘടമാണ്. ആ പ്രതിസന്ധിക്ക് 'മരുന്ന്' കണ്ടെത്തിയവരാണ് ഈ വര്‍ഷത്തെ നൊബേല്‍ ജേതാക്കള്‍.

സിയാറ്റയിലെ യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്ടനില്‍ പ്രവര്‍ത്തിക്കുകയാണ് ബേക്കര്‍, ഹസ്സാബിസും ജംബറും ലണ്ടനിലെ ഗൂഗിള്‍ ഡീപ്മൈന്‍ഡില്‍ ജോലി ചെയ്യുന്നു. 2003ലാണ് ബേക്കര്‍ പുതിയ പ്രോട്ടീന്‍ ഡിസൈന്‍ ചെയ്തത്. അദ്ദേഹത്തിനു കീഴിലുള്ള ഗവേഷക സംഘം സാങ്കല്‍പ്പിക പ്രോട്ടീന്‍ ഒന്നിനു പിന്നാലെ ഒന്നായി സൃഷ്ടിച്ചു. മരുന്നുകളിലും വാക്‌സീനുകളിലും നാനോമെറ്റീരിയലുകളിലും ചെറിയ സെന്‍സറുകളിലും ഉപയോഗിക്കാവുന്നവയാണിത്.

പുതിയ പ്രോട്ടീനുകള്‍ രൂപകല്‍പ്പന ചെയ്യുന്നതില്‍ അസാധാരണമായ നേട്ടം കൈവരിച്ച വ്യക്തിയാണ് ഡേവിഡ് ബേക്കര്‍. അതേസമയം ഡെമിസ് ഹസാബിസും ജോണ്‍ ജമ്പറും 50 വര്‍ഷം പഴക്കമുള്ള വെല്ലുവിളിയായ പ്രോട്ടീനുകളുടെ സങ്കീര്‍ണ്ണമായ ത്രിമാന ഘടനകള്‍ പ്രവചിക്കുന്നു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) മോഡല്‍ വികസിപ്പിച്ചെടുക്കുകയായിരുന്നു. ഫാര്‍മസ്യൂട്ടിക്കല്‍സ്, വാക്‌സിനുകള്‍, നാനോ മെറ്റീരിയലുകള്‍, സെന്‍സറുകള്‍ എന്നിവയില്‍ പ്രയോഗങ്ങളുള്ള നൂതന പ്രോട്ടീനുകളുടെ ഒരു ശ്രേണി തന്നെയാണ് ബേക്കറിന്റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘം സൃഷ്ടിച്ചത്.

ശാസ്ത്രലോകത്തിലെ ഏറ്റവും അഭിമാനകരമായ നേട്ടമായി കണക്കാക്കപ്പെടുന്ന നൊബേല്‍ സമ്മാനം റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസാണ് നല്‍കുന്നത്. കൂടാതെ 11 ദശലക്ഷം സ്വീഡിഷ് ക്രൌണാണ് സമ്മാനത്തുക. അതായത് 1.1 മില്യണ്‍ ഡോളര്‍.

ഗവേഷകര്‍ കണ്ടെത്തിയ 200 മില്യന്‍ പ്രോട്ടീനുകളുടെ ഘടന പ്രവചിക്കാന്‍ നിര്‍മിതബുദ്ധി ഉപയോഗിച്ചുണ്ടാക്കിയ ഒരു മോഡല്‍ രൂപപ്പെടുത്തിയതാണ് ഹസ്സാബിസിനെയും ജംബറിനെയും പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.

നാളെയാണ് സാഹിത്യത്തിനുള്ള നൊബേല്‍ പ്രഖ്യാപിക്കുന്നത്. സമാധാന നൊബേല്‍ വെള്ളിയാഴ്ചയും. തിങ്കളാഴ്ച സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേലും പ്രഖ്യാപിക്കും. ഒരു മില്യന്‍ യുഎസ് ഡോളറാണ് പുരസ്‌കാരത്തുക. ആല്‍ഫ്രഡ് നൊബേലിന്റെ ചരമവാര്‍ഷികമായ ഡിസംബര്‍ 10ന് സ്വീഡനില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം നല്‍കും


ഭൗതികശാസ്ത്ര നൊബേല്‍

2024 ലെ ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായത് ജെ ഹോപ്ഫീല്‍ഡും ജെഫ്രി ഇ ഹിന്റണുമാണ്. കൃത്രിമ ന്യൂറല്‍ നെറ്റ്വര്‍ക്കുകള്‍ ഉപയോഗിച്ച് മെഷീന്‍ ലേണിംഗ് സാധ്യമാക്കുന്ന അടിസ്ഥാന കണ്ടെത്തലുകളുമാണ് അംഗീകരിക്കപ്പെട്ടത്.

വൈദ്യ ശാസ്ത്ര നൊബേല്‍

അമേരിക്കന്‍ ശാസ്ത്രജ്ഞരായ വിക്ടര്‍ അംബ്രോസ്, ഗാരി റോവ്കിന്‍ എന്നിവര്‍ക്കാണ് ഇത്തവണത്തെ വൈദ്യശാസ്ത്ര നൊബേല്‍ ലഭിച്ചത്.മൈക്രോ ആര്‍ എന്‍ എയുടെ കണ്ടെത്തലിനോടൊപ്പം തന്നെ ജീന്‍ പ്രവര്‍ത്തനം ശരീരത്തില്‍ ക്രമപ്പെടുത്തുന്നതിന്റെ അടിസ്ഥാന പ്രക്രിയ മനസിലാക്കിയതുമാണ് ഇരുവരേയും പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.