സ്റ്റോക്ക്ഹോം: 2024ലെ ഭൗതികശാസ്ത്ര നൊബേല്‍ അമേരിക്കന്‍- കനേഡിയന്‍ ശാസ്ത്രജ്ഞര്‍ക്ക്. അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ ജോണ്‍ ജെ ഹോപ്പ്ഫീല്‍ഡും കാനഡയിലെ ടൊറന്റോ സര്‍വകലാശാലയിലെ ജെഫ്രി ഇ ഹിന്റണുമാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. കൃത്രിമ ന്യൂറല്‍ നെറ്റ്വര്‍ക്കുകള്‍ ഉപയോഗിച്ച് മെഷീന്‍ ലേണിംഗ് പ്രാപ്തമാക്കുന്ന അടിസ്ഥാന കണ്ടെത്തലുകള്‍ക്കും കണ്ടുപിടുത്തങ്ങള്‍ക്കുമാണ് ഇരുവര്‍ക്കും അംഗീകാരം നല്‍കിയത്.

ഇന്നത്തെ ശക്തമായ മെഷീന്‍ ലേണിംഗിന് അടിത്തറയിടാന്‍ സഹായിച്ച രീതികള്‍ ഭൗതികശാസ്ത്രത്തിന്റെ സഹായത്തോടെയാണ് ഇരുവരും നിര്‍മ്മിച്ചത്. വിവരങ്ങള്‍ സംഭരിക്കാനും പുനര്‍നിര്‍മ്മിക്കാനും കഴിയുന്ന ഒരു ഘടന ജോണ്‍ ഹോപ്പ്ഫീല്‍ഡ് സൃഷ്ടിച്ചു. ഡാറ്റയിലെ പ്രോപ്പര്‍ട്ടികള്‍ സ്വതന്ത്രമായി കണ്ടുപിടിക്കാന്‍ കഴിയുന്ന ഒരു രീതി ജെഫ്രി ഹിന്റണും കണ്ടുപിടിച്ചു, ഇത് ഇപ്പോള്‍ ഉപയോഗിക്കുന്ന വലിയ കൃത്രിമ ന്യൂറല്‍ നെറ്റ്വര്‍ക്കുകള്‍ക്ക് വളരെ പ്രധാനമാണ്.

നിര്‍മിത ന്യൂറല്‍ ശൃംഖലകള്‍ ഉപയോഗിച്ച് മെഷീന്‍ ലേണിങ് സാധ്യമാക്കിയ മൗലികമായ കണ്ടെത്തലുകളും മുന്നേറ്റവും സാധ്യമാക്കിയതിനാണ് ഇരുവര്‍ക്കും ഈ ബഹുമതി നല്‍കുന്നതെന്ന് നൊബേല്‍ അക്കാദമി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ഡേറ്റയില്‍ ചിത്രങ്ങളും മറ്റു തരത്തിലുള്ള പാറ്റേണുകളും സംഭരിക്കാനും പുനര്‍നിര്‍മിക്കാനും കഴിയുന്ന അനുബന്ധ മെമ്മറി ജോണ്‍ ഹോപ്പ്ഫീല്‍ഡ് സൃഷ്ടിച്ചു. ജെഫ്രി ഹിന്റണാവട്ടെ, ഡേറ്റയില്‍ സ്വയമേവ വസ്തുക്കള്‍ കണ്ടെത്താനും ചിത്രങ്ങളിലെ പ്രത്യേക ഘടകങ്ങള്‍ തിരിച്ചറിയുന്നതുപോലുള്ള ജോലികള്‍ ചെയ്യാനും കഴിയുന്ന രീതി ആവിഷ്‌കരിച്ചു.

ഫിസിക്സിന്റെ പിന്തുണയോടെയാണ്, നിര്‍മിത ന്യൂറല്‍ ശൃംഖലകളെ പരിശീലിപ്പിച്ചെടുക്കാന്‍ ഇവര്‍ വഴികണ്ടെത്തിയത്. യു എസില്‍ പ്രിന്‍സ്റ്റന്‍ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞനാണ് ഹോപ്ഫീല്‍ഡ്. കാനഡയില്‍ ടൊറന്റോ യൂണിവേഴ്സിറ്റിയിലെ ഗവേഷകനാണ് ഹിന്റണ്‍.

11 മില്യണ്‍ സ്വീഡിഷ് ക്രോണ്‍സ് (8.3 കോടി രൂപ) ആണ് പുരസ്‌കാരത്തുക. 14ന് സാമ്പത്തിക ശാസ്ത്ര പുരസ്‌കാരത്തോടെ ഈ വര്‍ഷത്തെ നൊബേല്‍ പ്രഖ്യാപനം അവസാനിക്കും. പുരസ്‌കാരം ഏര്‍പ്പെടുത്തിയ ആല്‍ഫ്രെഡ് നൊബേലിന്റെ ചരമവാര്‍ഷികമായ ഡിസംബര്‍ പത്തിന് സ്റ്റോക്ഹോം സിറ്റി ഹാളിലാണ് പുരസ്‌കാരദാനം.

ഭൗതികശാസ്ത്രത്തിനുള്ള കഴിഞ്ഞവര്‍ഷത്തെ നൊബേല്‍ മൂന്നുപേര്‍ പങ്കിടുകയായിരുന്നു. പിയറെ അഗോസ്റ്റിനി, ഫെറെന്‍സ് ക്രൗസ്, ആന്‍ ലുലിയെ എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. ദ്രവ്യത്തിലെ ഇലക്ട്രോണ്‍ ചലാത്മനകതെയക്കുറിച്ചുള്ള പഠനത്തിനായി പ്രകാശത്തിന്റ അറ്റോസെക്കന്‍ഡ് സ്പന്ദനങ്ങള്‍ സൃഷ്ടിച്ചതിനാണ് ബഹുമതിക്ക് ഇവര്‍ അര്‍ഹരായത്.

കഴിഞ്ഞ ദിവസം വൈദ്യശാസ്ത്ര നൊബേല്‍ പ്രഖ്യാപിച്ചിരുന്നു. മൈക്രോ ആര്‍എന്‍എ കണ്ടെത്തുകയും ജീന്‍ പ്രവര്‍ത്തനം ശരീരത്തില്‍ ക്രമപ്പെടുത്തുന്നതിന്റെ അടിസ്ഥാന പ്രക്രിയ മനസിലാക്കുകയും ചെയ്തതിന് അമേരിക്കന്‍ ശാസ്ത്രജ്ഞരായ വിക്ടര്‍ അംബ്രോസിനും ഗാരി റോവ്കിനുമാണ് നൊബേല്‍ ലഭിച്ചത്.

വ്യത്യസ്തയിനം കോശങ്ങള്‍ എങ്ങനെ രൂപപ്പെടുന്നു എന്ന് കണ്ടെത്താന്‍ ശ്രമിച്ചതിനാണ് വിക്ടര്‍ ആംബ്രോസിനും ഗാരി റോവ്കിനും പുരസ്‌കാരം ലഭിച്ചത്. 'മൈക്രോ ആര്‍എന്‍എ' കണ്ടുപിടിച്ചത് ഇത്തരം ശ്രമങ്ങള്‍ക്കിടെയായിരുന്നു. ചെറു ആര്‍എന്‍എകളുടെ വിഭാഗത്തില്‍ ഒന്നാണ് മൈക്രോ ആര്‍എന്‍എ. പുതിയ ആര്‍എന്‍എ വിഭാഗത്തെ കണ്ടെത്തുക മാത്രമല്ല, ജീന്‍ ക്രമപ്പെടുത്തലില്‍ അവ വഹിക്കുന്ന നിര്‍ണായക പങ്കും ഇരുവരും കണ്ടെത്തി.