- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്ന് ചെയര്‍മാന്‍ സ്ഥാനം രത്തന് ടാറ്റ നിഷേധിച്ചത് ഉത്തരവാദിത്തങ്ങള്‍ ചുമലിലേറ്റാന്‍ പ്രാപ്തനല്ലെന്ന കാരണത്താല്‍; ഇത്തവണ തീരുമാനം ടാറ്റാ ട്രസ്റ്റുകളുടെ ട്രസ്റ്റികള്‍ ഒറ്റക്കെട്ടായി; ആറു വന്‍കരകളില്‍ വ്യാപിച്ചു നില്ക്കുന്ന ബിസിനസ് സാമ്രാജ്യത്തിന് ആത്മവിശ്വാസമാകാന്‍ ഇനി നോയല്‍ ടാറ്റ
ഇന്ത്യന്‍ വ്യവസായ ചരിത്രത്തില്‍ ഇടം നേടിയ ടാറ്റ കുടുംബത്തിന്റെ ചരിത്രം
മുംബൈ: രാജ്യത്തെയൊട്ടാകെ ദുഃഖത്തിലാഴ്ത്തിയതായിരുന്നു വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനുമായിരുന്ന രത്തന്‍ ടാറ്റയുടെ വിയോഗം. രാജ്യത്തെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ അദ്ദേഹത്തോടൊപ്പമുള്ള ഓര്‍മകള്‍ പങ്കുവെച്ചിരുന്നു. ഒട്ടുമിക്ക മേഖലകളിലും തന്റേതായ മുദ്രപതിപ്പിച്ചാണ് അദ്ദേഹം കടന്നുപോകുന്നത്. പൊതുഇടങ്ങളില്‍ മാത്രമല്ല സാമൂഹികമാധ്യമത്തിലും സജീവമായി ഇടപെട്ടിരുന്ന വ്യക്തിയാണ് രത്തന്‍ ടാറ്റ. രത്തന്‍ ടാറ്റയുടെ വിയോഗത്തിന് പിന്നാലെ പിന്‍ഗാമിയായി ആരെത്തുമെന്ന് ആകാംക്ഷയിലായിരുന്നു വ്യവസായ ലോകം. രത്തന്‍ ടാറ്റയുടെ സഹോദരന്‍ ജിമ്മി ടാറ്റ മുതല്‍ അര്‍ധ സഹോദരന്‍ നോയല്‍ ടാറ്റയുടെ മക്കളുടെ പേരുകള്‍ വരെ കഴിഞ്ഞ ദിവസം ഉയര്‍ന്നു കേട്ടിരുന്നു.
എന്നാല്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ടാറ്റാ ട്രസ്റ്റുകളുടെ ട്രസ്റ്റികള്‍ ഒറ്റക്കെട്ടായാണ് ടാറ്റാ ട്രസ്റ്റുകളുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് അര്‍ധ സഹോദരന്‍ നോയല്‍ നവല്‍ ടാറ്റയെ നിയോഗിച്ചത്. ടാറ്റാ കുടുംബത്തിന്റെ നിയന്ത്രണത്തില്‍ സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റ്, സര്‍ ദൊറാബ്ജി ടാറ്റ ട്രസ്റ്റ് എന്നീ മുഖ്യ ട്രസ്റ്റുകളും അവയുടെ അനുബന്ധ ട്രസ്റ്റുകളുമാണുള്ളത്. ഇവയെ സംയോജിതമായി ടാറ്റാ ട്രസ്റ്റ്‌സ് എന്നുവിളിക്കുന്നു. ഇവയുടെ ചെയര്‍മാനായാണ് ഓരോ ട്രസ്റ്റിന്റെയും ബോര്‍ഡിലെ ട്രസ്റ്റികള്‍ ഐകണ്‌ഠ്യേന നോയല്‍ ടാറ്റയെ തിരഞ്ഞെടുത്തത്. സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റിന്റെ ആറാമത്തെയും സര്‍ ദൊറാബ്ജി ടാറ്റ ട്രസ്റ്റിന്റെ 11-ാമത്തെയും ചെയര്‍മാനാണ് നോയല്‍.
67 കാരനായ നോയല്‍ വര്‍ഷങ്ങളായി ടാറ്റ ട്രസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള ടാറ്റ ഗ്രൂപ്പുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. രത്തന്‍ ടാറ്റയുടെ പിതാവ് നേവല്‍ ടാറ്റയുടെ രണ്ടാം വിവാഹത്തിലെ മകനാണ് നോയല്‍. സിമോണ്‍ ടാറ്റയെയാണ് നവല്‍ ടാറ്റ രണ്ടാമത് വിവാഹം ചെയ്തത്.സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റിന്റെയും സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റിന്റെയും ബോര്‍ഡിലെ ട്രസ്റ്റിയും ആണ് അദ്ദേഹം. ടാറ്റ ട്രസ്റ്റിന് കീഴില്‍ 14 ട്രസ്റ്റുകളാണ് ഉള്ളത്. ടാറ്റ ട്രസ്റ്റില്‍ നിലവില്‍ വേണു ശ്രീനിവാസന്‍, വിജയ് സിംഗ്, മെഹ്ലി മിസ്ത്രി എന്നിവര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ ട്രസ്റ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ രത്തന്‍ ടാറ്റ നേരിട്ടായിരുന്നു ഏകോപിപ്പിച്ചിരുന്നത്.
നോയല്‍ നിലവില്‍ ടാറ്റ ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ ചെയര്‍മാനും നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായി സേവനമനുഷ്ഠിച്ച് വരികയാണ്. നാല് പതിറ്റാണ്ടുകളായി ടാറ്റ ഗ്രൂപ്പിന്റെ ഭാഗമാണ് അദ്ദേഹം. ട്രെന്റ്, വോള്‍ട്ടാസ്, ടാറ്റ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ എന്നിവയുടെ ചെയര്‍മാനായും ടാറ്റ സ്റ്റീല്‍സ്, ടൈറ്റാന്‍ കമ്പനി ലിമിറ്റഡിന്റെ വൈസ് ചെയര്‍മാനായും ഉള്‍പ്പെടെ നിരവധി ടാറ്റ ഗ്രൂപ്പ് കമ്പനികളില്‍ ഒന്നിലധികം ബോര്‍ഡ് സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്.
രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയാകും മുമ്പ് ഏറ്റവും ഒടുവിലായി അദ്ദേഹത്തെ തേടിയെത്തിയ വലിയ പദവി ടാറ്റ ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറെന്നതാണ്, അതിന്റെ ഗണ്യമായ വളര്‍ച്ചയ്ക്ക് മേല്‍നോട്ടം വഹിച്ചു, ഓഗസ്റ്റ് 2010 മുതല്‍ നവംബര്‍ 2021 വരെയുള്ള അദ്ദേഹത്തിന്റെ ഭരണകാലത്ത് വരുമാനം 500 മില്യണില്‍ നിന്ന് മൂന്ന് ബില്യണ്‍ ഡോളറായി വര്‍ദ്ധിച്ചു. 1998-ല്‍ ഒരൊറ്റ സ്റ്റോറില്‍ നിന്ന് ഇന്ന് 700-ലധികം സ്റ്റോറുകളിലേക്ക് വ്യാപിപ്പിച്ച ടാറ്റ ട്രെന്റ് ലിമിറ്റഡ് നോയല്‍ ടാറ്റയുടെ നേതൃപരിചയം വരച്ചുകാട്ടുന്നു. ഇതോടെ രത്തന്‍ ടാറ്റയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ പിന്‍ഗാമിയായി നോയല്‍ വന്നേക്കുമെന്ന് അന്ന് തന്നെ സൂചനയുണ്ടായിരുന്നു.
യുകെയിലെ സസെക്സ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം കരസ്ഥമാക്കി. പിന്നീട് ഫ്രാന്‍സിലെ ഇന്‍സീഡില്‍ നിന്ന് ഇന്റര്‍നാഷണല്‍ എക്സിക്യൂട്ടീവ് പ്രോഗ്രാമും പൂര്‍ത്തിയാക്കിയ നോയല്‍ നേരത്തെ യുകെയിലെ നെസ്ലെയില്‍ പ്രവര്‍ത്തിച്ചിരുന്നു. 2014 മുതല്‍ നോയല്‍ ട്രെന്റ് ലിമിറ്റഡിന്റെ ചെയര്‍മാനാണ്. ടാറ്റ ഗ്രൂപ്പിന്റെ വസ്ത്രവ്യാപാര സ്ഥാപനമാണിത്. കഴിഞ്ഞ ദശകത്തില്‍ ഇതിന്റെ ഷെയറുകള്‍ വലിയ നേട്ടം കൊയ്തിരുന്നു. നോയല്‍ വിവാഹം കഴിച്ചത് ടാറ്റ സണ്‍സിലെ ഏറ്റവും വലിയ ഏക ഓഹരി ഉടമയായിരുന്ന പല്ലോന്‍ജി മിസ്ത്രിയുടെ മകള്‍ ആലു മിസ്ത്രിയെയാണ്.
ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ മാതൃസ്ഥാപനമായ ടാറ്റാ സണ്‍സിന്റെ മുഖ്യ ഓഹരി ഉടമകളാണ് ടാറ്റാ ട്രസ്റ്റ്‌സ്. ടാറ്റാ സണ്‍സിന്റെ 66% ഓഹരികളും ഈ ട്രസ്റ്റുകളുടെ കൈവശമാണ്. സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റ്, സര്‍ ദൊറാബ്ജി ടാറ്റ ട്രസ്റ്റ് എന്നിവയുടെ പക്കലാണ് 51.5 ശതമാനം ഓഹരികളും. ടാറ്റാ കമ്പനികളുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടപ്പാക്കുന്നതും ടാറ്റാ ട്രസ്റ്റ്‌സ് ആണ്. സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റിനൊപ്പം ടാറ്റ എഡ്യുക്കേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ് ട്രസ്റ്റ്, നവജ്ബായ് രത്തന്‍ ടാറ്റ ട്രസ്റ്റ്, ബായ് ഹിരാബായ് ജെ.എന്‍. ടാറ്റ നവ്‌സാരി ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷന്‍, സര്‍വജനിക് സേവ ട്രസ്റ്റ് എന്നിവയാണുള്ളത്.
സര്‍ ദൊറാബ്ജി ടാറ്റ ട്രസ്റ്റിനൊപ്പമാണ് ലേഡി ടാറ്റ മെമ്മോറിയല്‍ ട്രസ്റ്റ്, ജാംസേട്ജി ട്രസ്റ്റ്, ജെആര്‍ഡി ടാറ്റ ട്രസ്റ്റ്, ടാറ്റ സോഷ്യല്‍ വെല്‍ഫെയര്‍ ട്രസ്റ്റ്, ജെഎന്‍ ടാറ്റ എന്‍ഡോവ്‌മെന്റ്, ടാറ്റ എഡ്യുക്കേഷന്‍ ട്രസ്റ്റ്, ആര്‍ഡി ടാറ്റ ട്രസ്റ്റ്, ദ് ജെആര്‍ഡി ആന്‍ഡ് തെല്‍മ ജെ. ടാറ്റ ട്രസ്റ്റ് എന്നിവ. ഇവയുടെ ചെയര്‍മാനും ടാറ്റാ സണ്‍സ് മുന്‍ ചെയര്‍മാനുമായിരുന്ന രത്തന്‍ ടാറ്റ (86) ബുധനാഴ്ച രാത്രിയാണ് അന്തരിച്ചത്.
രത്തന്‍ ടാറ്റയുടെ പിന്‍ഗാമി ആരെന്ന ചോദ്യം മാസങ്ങള്‍ക്ക് മുമ്പേ തന്നെ ഉയര്‍ന്നിരുന്നെങ്കിലും അദ്ദേഹത്തിന്റെ നിര്യാണത്തിന് ശേഷമാണ് നോയലിന്റെ ഉള്‍പ്പെടെ പേരുകള്‍ ചര്‍ച്ചയായത്. നേരത്തേ ടാറ്റാ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രത്തന്‍ ടാറ്റ വിരമിച്ചപ്പോള്‍ പകരക്കാരനായി എത്തിയത് ടാറ്റാ സണ്‍സില്‍ ഓഹരി പങ്കാളിത്തമുള്ള ഷാപുര്‍ജി പലോണ്‍ജി കുടുംബത്തില്‍ നിന്നുള്ള സൈറസ് മിസ്ത്രിയായിരുന്നു. നോയലിനെ ആ സമയം പരിഗണിച്ചിരുന്നില്ല.
പിന്നീട് രത്തന്‍ ടാറ്റയുമായുള്ള അഭിപ്രായഭിന്നതകളെ തുടര്‍ന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയപ്പോഴും നോയലിനെ പരിഗണിച്ചില്ല. ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനും കര്‍ക്കശ തീരുമാനങ്ങളെടുക്കാനും കഴിവുള്ള പ്രൊഫഷണല്‍ വേണമെന്ന നിലപാടായിരുന്നു രത്തന്‍ ടാറ്റയ്ക്ക്. ഇടക്കാല ചെയര്‍മാന്‍ സ്ഥാനമേറ്റെടുത്ത രത്തന്‍ ടാറ്റയുടെ നേതൃത്വത്തില്‍ എന്‍. ചന്ദ്രശേഖരനെയാണ് പിന്നീട് ടാറ്റാ സണ്‍സിന്റെ ചെയര്‍മാനാക്കിയത്. എന്നാല്‍, ഇക്കുറി രത്തന്‍ ടാറ്റയുടെ പകരക്കാരനായി ടാറ്റാ ട്രസ്റ്റുകളുടെ ട്രസ്റ്റികള്‍ ഒറ്റക്കെട്ടായാണ് നോയലിനെ തിരഞ്ഞെടുത്തത്.
ഒടുവില്‍ നേതൃപദവിയില്‍
130 വര്‍ഷത്തിലധികം പാരമ്പര്യമുള്ള ടാറ്റാ ട്രസ്റ്റുകളുടെ നിര്‍ണായക നേതൃപദവിയിലേക്കാണ് 67കാരന്‍ നോയല്‍ നവല്‍ ടാറ്റ എത്തുന്നത്. രത്തന്‍ ടാറ്റയുടെയും നോയല്‍ ടാറ്റയുടെയും മുതുമുത്തച്ഛന്‍ ജാംസേട്ജി ടാറ്റ 1892ലാണ് ടാറ്റ ട്രസ്റ്റുകള്‍ക്ക് തുടക്കമിട്ടത്. രത്തന്‍ ടാറ്റ ഉള്‍പ്പെടെയുള്ള തന്റെ മുന്‍ഗാമികള്‍ കാത്തുസൂക്ഷിച്ച മൂല്യങ്ങള്‍ മുറുകെപ്പിടിക്കുകയെന്ന വെല്ലുവിളിയാണ് പ്രധാനമായും നോയലിന് മുന്നിലുള്ളത്. രത്തന്‍ ടാറ്റ കഴിഞ്ഞ അരനൂറ്റാണ്ടായി ടാറ്റ ഗ്രൂപ്പിലെ ഓരോരുത്തര്‍ക്കും പകര്‍ന്നുനല്‍കിയ ആത്മവിശ്വാസമാകാന്‍ ഇനി നോയലിനും കഴിയുമോയെന്ന് ഏവരും ഉറ്റുനോക്കുന്നു. ടാറ്റാ ട്രസ്റ്റുകളുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നോയലിന്റെ മക്കളായ മായ ടാറ്റ, ലിയ ടാറ്റ, നെവില്‍ ടാറ്റ എന്നിവരുടെ പേരുകളും പരിഗണിച്ചിരുന്നെങ്കിലും നോയലിനെ തിരഞ്ഞെടുക്കുകയായിരുന്നു. മിസ്ത്രി കുടുംബത്തില്‍ നിന്നുള്ള അലൂ മിസ്ത്രിയാണ് നോയലിന്റെ ഭാര്യ. രത്തന്‍ ടാറ്റ അവിവാഹിതനായിരുന്നു. ജീവിച്ചിരുന്നപ്പോള്‍, തന്റെ പകരക്കാരന്‍ ആരായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നുമില്ല.
ടാറ്റാ ഗ്രൂപ്പില്‍ ഒരു കമ്പനിയിലും നേതൃസ്ഥാനം ഒഴിഞ്ഞുകിടക്കുന്നത് രത്തന്‍ ടാറ്റ ഇഷ്ടപ്പെട്ടിരുന്നില്ല. താന്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞപ്പോള്‍ സൈറസ് മിസ്ത്രിയെയും പിന്നീട് മിസ്ത്രിക്ക് പകരക്കാരനായി എന്‍. ചന്ദ്രശേഖരനെയും തിരഞ്ഞെടുത്തത് അതിവേഗമായിരുന്നു. രത്തന്‍ ടാറ്റയുടെ ഈ മൂല്യത്തിലൂന്നിയാണ്, അദ്ദേഹത്തിന്റെ സംസ്‌കാരത്തിന് തൊട്ടടുത്തദിവസം തന്നെ ടാറ്റാ ട്രസ്റ്റ്‌സ് ചെയര്‍മാനായി നോയലിനെയും തിരഞ്ഞെടുത്തത്. ടാറ്റ ട്രസ്റ്റുകളുടെയും ടാറ്റ സണ്‍സിന്റെയും ചെയര്‍മാനായി ഒരേസമയം ഒരാള്‍ തന്നെ വേണ്ട എന്ന് 2022ല്‍ തന്നെ കമ്പനി നിയമഭേദഗതിയിലൂടെ തീരുമാനിച്ചിരുന്നു.
നിലവില്‍ സര്‍ ദൊറാബ്ജി ടാറ്റ ട്രസ്റ്റ്, സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റ് എന്നിവയുടെ ട്രസ്റ്റിയാണ് നോയല്‍. വോള്‍ട്ടാസ്, ടാറ്റ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍, ടാറ്റ ഇന്റര്‍നാഷണല്‍ തുടങ്ങി ടാറ്റാ ഗ്രൂപ്പിലെ നിരവധി കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ്.
ടാറ്റ ഗ്രൂപ്പിന്റെ റീറ്റെയ്ല്‍ കമ്പനിയായ ട്രെന്റിനെ കഴിഞ്ഞ 11 വര്‍ഷമായി നയിക്കുന്നത് ചെയര്‍മാനും എംഡിയുമായ നോയലാണ്. നോയലിന്റെ കീഴില്‍ ട്രെന്റിന്റെ ഓഹരി വില കഴിഞ്ഞ ദശാബ്ദത്തില്‍ 6,000 ശതമാനം കുതിച്ചു. കമ്പനിയുടെ വിപണിമൂല്യം 2.8 ലക്ഷം കോടി രൂപയിലുമെത്തി. 2010 മുതല്‍ 2021 വരെ ടാറ്റ ഇന്റര്‍നാഷണലിന്റെയും മാനേജിങ് ഡയറക്ടര്‍ ആയിരുന്നു നോയല്‍. അദ്ദേഹത്തിന് കീഴില്‍ കമ്പനിയുടെ വരുമാനം 50 കോടി ഡോളറില്‍ നിന്ന് 300 കോടി ഡോളറായി വര്‍ധിച്ചിരുന്നു. ടാറ്റാ സ്റ്റീല്‍, ടൈറ്റന്‍ എന്നിവയുടെ വൈസ് ചെയര്‍മാന്‍ പദവിയും നോയല്‍ വഹിക്കുന്നു. യുകെയിലെ സസക്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദവും ഫ്രാന്‍സിലെ പ്രസിദ്ധമായ ഇന്‍സീഡ് ബിസിനസ് സ്‌കൂളില്‍ നിന്ന് ഇന്റര്‍നാഷണല്‍ എക്‌സിക്യുട്ടിവ് പ്രോഗ്രാമും നേടിയിട്ടുണ്ട് നോയല്‍.
നോയലിന്റെ മകന്‍ നെവില്‍ ടാറ്റ (34) 2016ല്‍ ട്രെന്റില്‍ ചേര്‍ന്നു. നിലവില്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സ്റ്റാര്‍ ബസാറിന്റെ മേല്‍നോട്ടമാണ് വഹിക്കുന്നത്. ടാറ്റാ ഗ്രൂപ്പ് ഭാവിയിലെ വരുമാനത്തിലും വളര്‍ച്ചയിലും നിര്‍ണായക പങ്കുവഹിക്കുമെന്ന് കരുതുന്ന ബിസിനസ് വിഭാഗമാണ് സ്റ്റാര്‍ ബസാര്‍. ടാറ്റയുടെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ടാറ്റാ ന്യൂ അവതരിപ്പിച്ചതിന് പിന്നിലെ ബുദ്ധികേന്ദ്രമാണ് മായ ടാറ്റ എന്ന 34കാരി. ടാറ്റാ ഓപ്പര്‍ച്യൂണിറ്റീസ്, ടാറ്റ ഡിജിറ്റല്‍ എന്നിവയിലും നിര്‍ണായക പദവികള്‍. ബ്രിട്ടനിലെ വാര്‍വിക് യൂണിവേഴ്‌സിറ്റി, ബെയ്‌സ് ബിസിനസ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് ബിരുദം നേടിയിട്ടുണ്ട്. ടാറ്റാ ഗ്രൂപ്പിലെ ഹോസ്പിറ്റാലിറ്റി വിഭാഗത്തിന്റെ മേല്‍നോട്ടം വഹിക്കുകയാണ് 39കാരിയായ ലിയ ടാറ്റ. സ്‌പെയിനിലെ ഐഇ ബിസിനസ് സ്‌കൂളില്‍ നിന്ന് ബിരുദം സ്വന്തമാക്കിയിട്ടുള്ള ലിയ, ടാറ്റാ ഗ്രൂപ്പിലെ ഇന്ത്യന്‍ ഹോട്ടല്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളിലാണ് പ്രധാനമായും ശ്രദ്ധിക്കുന്നത്. താജ് ഹോട്ടല്‍ ശൃംഖലകളുടെ വളര്‍ച്ചയിലും നിര്‍ണായക പങ്കുവഹിക്കുന്നു.
അവകാശവാദങ്ങളില്ലാതെ ജിമ്മി
രത്തന്‍ ടാറ്റയുടെ വിയോഗത്തിന് പിന്നാലെ പിന്‍ഗാമിയായി ഉയര്‍ന്നുവന്ന പേരുകളില്‍ മുന്നിലുണ്ടായിരുന്നത് സഹോദരന്‍ ജിമ്മി ടാറ്റയുടെതായിരുന്നു. ജിമ്മിയും അവിവാഹിതനാണ്. ആര്‍പിജി ഗ്രൂപ്പ് ചെയര്‍മാനായ ഹര്‍ഷ് ഗോയങ്കെ 2022-ല്‍ ജിമ്മി ടാറ്റയുടെ ചിത്രം എക്സില്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ 2023 ജനുവരിയില്‍ ജിമ്മിക്കൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രം രത്തനും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. 1945-ല്‍ എടുത്തതാണ് ഈ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം. 'സന്തോഷകരമായ ദിവസങ്ങള്‍. അന്ന് ഞങ്ങള്‍ക്കിടയില്‍ ഒന്നുമില്ലായിരുന്നു' എന്ന ക്യാപ്ഷനും രത്തന്‍ നല്‍കിയിരുന്നു. ഇരുവരുടേയും വളര്‍ത്തുനായയും ചിത്രത്തിലുണ്ടായിരുന്നു.
നവല്‍ ടാറ്റയുടേയും സൂനി ടാറ്റയുടേയും മക്കളാണ് രത്തനും ജിമ്മിയും. രത്തന് പത്ത് വയസുളപ്പോള്‍ നവെലും സൂനിയും വേര്‍പിരിഞ്ഞു. ഇരുവരും പുതിയ വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചു. സ്വിറ്റ്സര്‍ലന്‍ഡുകാരിയായ സിമോണിനെയാണ് നവല്‍ പിന്നീട് വിവാഹം ചെയ്തത്. നവലിന്റേയും സിമോണിന്റേയും മകനാണ് നോയല്‍ ടാറ്റ. നേതൃപദവിയുടെ ഉത്തരവാദിത്തങ്ങള്‍ ചുമലിലേറ്റാന്‍ നോയല്‍ പ്രാപ്തനല്ലെന്നായിരുന്നു രത്തന്റെ പക്ഷം. അതിനാല്‍ തന്നെ ചെയര്‍മാനായി ആദ്യം സൈറസ് പി മിസ്ത്രിയേയും പിന്നീട് എന്‍ ചന്ദ്രശേഖരനേയും രത്തന്‍ തെരഞ്ഞെടുക്കുകയും ചെയ്തു.
സൈറസ് പി. മിസ്ത്രി പുറത്തായതിന് പിന്നാലെ എന്‍. ചന്ദ്രശേഖരന്‍ എന്ന നടരാജന്‍ ചന്ദ്രശേഖരന്‍ ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനത്തെത്തി. ടാറ്റ സണ്‍സിന്റെ ചെയര്‍മാനായി 2017-ലാണ് എന്‍ ചന്ദ്രശേഖരന്‍ ചുമതലയേല്‍ക്കുന്നത്. എന്നാല്‍ രത്തന്റെ മരണ ശേഷം അര്‍ദ്ധ സഹോദരന്‍ ചെയര്‍മാനാകുന്നു. കുടുംബത്തിനല്ല, പ്രൊഫഷണലിസത്തിനാണ് മുന്‍തൂക്കം എന്നായിരുന്നു ജീവിതകാലമത്രയും രത്തന്‍ ടാറ്റയുടെ സിദ്ധാന്തം. അര്‍ധസഹോദരന്‍ നോയല്‍ ടാറ്റയെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതിന് രത്തന്‍ ടാറ്റ് നല്‍കിയ വിശദീകരണവും ഇതിനോട് ചേര്‍ന്ന് നില്‍ക്കുന്നതായിരുന്നു.
അധികാരം മക്കളിലേക്കും
നേതൃപദവിയുടെ ഉത്തരവാദിത്തങ്ങള്‍ ചുമലിലേറ്റാന്‍ നോയല്‍ ടാറ്റ പ്രാപ്തനല്ലായെന്നായിരുന്നു രത്തന്‍ ടാറ്റയുടെ പക്ഷം. എന്നാല്‍, രത്താന്‍ ടാറ്റയ്ക്കുശേഷം ടാറ്റ ഗ്രൂപ്പ് ഒരു തലമുറ മാറ്റത്തിനുള്ള സാധ്യതകള്‍ ചിന്തിക്കുമ്പോള്‍ സ്വാഭാവികമായും ആദ്യ പേരുകാരനായി നോയല്‍ ടാറ്റ മാറി. ലിയ ടാറ്റ, മായ ടാറ്റ, നെവില്‍ ടാറ്റ എന്നിങ്ങനെ മൂന്ന് മക്കളാണ് നോയല്‍ ടാറ്റയ്ക്ക്. ടാറ്റ ഗ്രൂപ്പ് സംവിധാനത്തിന്റെ കൂടുതല്‍ ചുമതലകള്‍ നല്‍കാനും ക്രമേണ നേതൃപദവിയിലേക്ക് എത്തിക്കാനും ലക്ഷ്യമിട്ട് ടാറ്റ ഗ്രൂപ്പിനെ നിയന്ത്രിക്കുന്ന ടാറ്റ ട്രസ്റ്റില്‍ ലിയ ടാറ്റ, മായ ടാറ്റ, നെവില്‍ ടാറ്റ എന്നിവരെ നിയമിച്ചിരുന്നു. 2024 മേയിലാണ് ടാറ്റാ ട്രസ്റ്റിലേക്ക് കുടുംബത്തിലെ പുതുതലമുറയായ ലിയയും നെവിലും മായയും നിയമിതരാകുന്നത്.
ഗ്രൂപ്പിലുള്‍പ്പെട്ട കമ്പനികളുടെ മാതൃകമ്പനിയായ ടാറ്റ സണ്‍സിന്റെ നിയന്ത്രണം ടാറ്റ ട്രസ്റ്റുകള്‍ക്കാണ്. മാഡ്രിഡിലെ ഐ.ഇ. ബിസിനസ് സ്‌കൂളില്‍നിന്ന് ബിരുദമെടുത്ത ലിയ താജ് ഗ്രൂപ്പിന്റെ നടത്തിപ്പുള്ള ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ടാറ്റ എജുക്കേഷന്‍ ട്രസ്റ്റ്, ടാറ്റ സോഷ്യല്‍ വെല്‍ ഫെയര്‍ ട്രസ്റ്റ്, സാര്‍വജനിക് ട്രസ്റ്റ് എന്നിവയിലാണ് ലിയ പ്രവര്‍ത്തിക്കുക. ടാറ്റയുടെ ഫാഷന്‍ വിഭാഗമായ ട്രെന്റുമായിച്ചേര്‍ന്നാണ് നെവിലിന്റെ പ്രവര്‍ത്തനം. ജെ.ആര്‍.ഡി. ടാറ്റ ട്രസ്റ്റ്, ആര്‍.ഡി. ടാറ്റ ട്രസ്റ്റ്, ടാറ്റ സോഷ്യല്‍ വെല്‍ഫെയര്‍ ട്രസ്റ്റ് എന്നിവയിലായിരിക്കും നെവില്‍ പ്രവര്‍ത്തിക്കുക. ടാറ്റ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റീല്‍സിന്റെ ബോര്‍ഡംഗമായും നെവിലിനെ നിയമിച്ചിട്ടുണ്ട്.
കൂട്ടത്തിലെ ഇളയ അവകാശി മായ രത്തന്‍ ടാറ്റയുടെ പിന്മുറക്കാരിയാവുമന്ന് പ്രചരണമുണ്ടായിരുന്നു. 34 കാരിയായ മായ, ടാറ്റ ഗ്രൂപ്പിനുള്ളില്‍ കാര്യമായ പിടിമുറിക്കിയിരുന്നു. ലണ്ടനിലെ ബെയ്സ് ബിസിനസ് സ്‌കൂളിലും വാര്‍വിക്ക് യൂണിവേഴ്സിറ്റിയിലും വിദ്യാഭ്യാസം നേടിയ അവര്‍ ടാറ്റ ഓപ്പര്‍ച്യുണിറ്റീസ് ഫണ്ടിലൂടെയാണ് കരിയര്‍ ആരംഭിക്കുന്നത്. ടാറ്റ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ടാറ്റ ക്യാപിറ്റലിന്റെ ഫണ്ടില്‍ പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റും നിക്ഷേപക ബന്ധങ്ങളും കൈകാര്യം ചെയ്തതിരുന്നത് മായയായിരുന്നു. എന്നാല്‍ ഫണ്ടിന്റെ പെട്ടെന്നുള്ള അടച്ചുപൂട്ടല്‍ കാരണം മായ ടാറ്റ ഡിജിറ്റലിലേക്ക് മാറി. ടാറ്റ ഡിജിറ്റലില്‍ ജോലി ചെയ്തിരുന്ന കാലത്ത് ടാറ്റ ന്യൂ ആപ്പ് പുറത്തിറക്കിയതും മായയാണ്.
ഇന്ത്യന്‍ വ്യവസായ ചരിത്രത്തില്‍ ഇടം നേടിയ ടാറ്റ കുടുംബത്തിന്റെ ചരിത്രം നുസര്‍വാന്‍ജി ടാറ്റയില്‍ നിന്നാണ് തുടങ്ങുന്നത്.
നുസര്‍വാന്‍ജി ടാറ്റ (1822 1886) ടാറ്റ കുടുംബത്തിന്റെ കുടുംബാധിപനായിരുന്നു നുസര്‍വാന്‍ജി. പാഴ്സി പുരോഹിതനായിരുന്ന ഇദ്ദേഹമാണ് കുടുംബ ബിസിനസിന് തുടക്കം കുറിച്ചത്. ജംഷെഡ്ജി ടാറ്റ (1839 1904) നുസര്‍വാന്‍ജി ടാറ്റയുടെ മകനാണ് ജംഷെഡ്ജി. ടാറ്റ ഗ്രൂപ്പിന്റെ സ്ഥാപകന്‍. ഇന്ത്യന്‍ വ്യവസായത്തിന്റെ പിതാവ് എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. ടാറ്റ സ്റ്റീല്‍, ടാറ്റ ഹോട്ടലുകള്‍, ഹൈഡ്രോപവര്‍ എന്നീ മേഖലകളിലേക്ക് ബിസിനസ് വ്യാപിപ്പിച്ചതും ഇദ്ദേഹമാണ്.
ദൊറാബ്ജി ടാറ്റ (1859 1932) ജംഷെഡ്ജി ടാറ്റയുടെ മൂത്ത മകനാണ് ദൊറാബ്ജി. ജംഷെഡ്ജിയുടെ മരണശേഷം ടാറ്റ ഗ്രൂപ്പിന്റെ അമരക്കാരനായി ഇദ്ദേഹം. ടാറ്റ സ്റ്റീല്‍, ടാറ്റ പവര്‍ എന്നീ ബിസിനസ് സംരഭങ്ങളെ പുതിയ പാതയിലേക്കെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.
രത്തന്‍ ടാറ്റ (1871 1918) ജംഷെഡ്ജി ടാറ്റയുടെ ഇളയമകനാണ് ഇദ്ദേഹം. ടാറ്റ ഗ്രൂപ്പിന്റെ വികസനത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തി. ജെആര്‍ഡി ടാറ്റ (ജഹാംഗീര്‍ രത്തന്‍ജി ദാദാഭോയ് ടാറ്റ, 1904-1993) രത്തന്‍ജി ദാദാഭോയ് ടാറ്റയുടേയും സൂസെന്‍ ബ്രിയര്‍ ദമ്പതികളുടേയും മകനാണ് ജെആര്‍ഡി ടാറ്റ. 50 വര്‍ഷത്തോളം ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനം വഹിച്ച വ്യക്തിയാണ് ജെആര്‍ഡി. ടാറ്റ എയര്‍ലൈന്‍സ് സ്ഥാപിച്ചത് ഇദ്ദേഹമാണ്. ഇതാണ് പിന്നീട് എയര്‍ ഇന്ത്യയായി മാറിയത്.
നവല്‍ ടാറ്റ (1904 1989) രത്തന്‍ ടാറ്റയുടെ ദത്തുപുത്രനാണ് നവല്‍ ടാറ്റ. ടാറ്റ ഗ്രൂപ്പിലെ ഒരു പ്രമുഖ വ്യക്തിയാണ് ഇദ്ദേഹം.
രത്തന്‍ നവല്‍ ടാറ്റ (1937 2024) നവല്‍ ടാറ്റയുടേയും സൂനി ടാറ്റയുടേയും മകനാണ് രത്തന്‍ രത്തന്‍ നവല്‍ ടാറ്റ. ടാറ്റ ഗ്രൂപ്പിലെ ഏറ്റവും പ്രമുഖനായ വ്യക്തി. ടാറ്റ ഗ്രൂപ്പിനെ ഒരു ആഗോള ബിസിനസ് സംരഭമായി മാറ്റാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. കോറസ്, ജെഎല്‍എല്‍, ടെറ്റ്ലി തുടങ്ങിയ സംരഭങ്ങള്‍ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതും രത്തന്റെ കാലത്താണ്. നോയല്‍ ടാറ്റ (1957) രത്തന്‍ ടാറ്റയുടെ അര്‍ധ സഹോദരനാണ്. നവലിന്റേയും സിമോണിന്റേയും മകന്‍. ടാറ്റ ഗ്രൂപ്പിന്റെ റീട്ടെയ്ല്‍ വിഭാഗമായ ട്രെന്റിന്റെ ചെയര്‍മാന്‍ ആയിരുന്നു ഇതുവരെ.
ഓഹരി വിപണിയില്‍ മുന്നോട്ട്
രത്തന്‍ ടാറ്റയുടെ നിര്യാണം, ടാറ്റാ ട്രസ്റ്റ്‌സ് ചെയര്‍മാനായി നോയല്‍ ടാറ്റയുടെ വരവ് എന്നിവയുടെ പശ്ചാത്തലത്തില്‍ ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ ഇന്നും സമ്മിശ്ര പ്രകടനമാണ് നടത്തിയത്. ഓട്ടോ കോര്‍പ്പറേഷന്‍, റാലിസ്, ടാറ്റ കെമിക്കല്‍സ്, ടാറ്റാ കോഫീ, ടാറ്റ ഇന്‍വെസ്റ്റ്‌മെന്റ്, ടാറ്റ മെറ്റാലിക്, ട്രെന്റ് എന്നിവ രണ്ടുമതല്‍ 3.6 ശതമാനം വരെ നേട്ടത്തിലാണ്.
ഇന്ത്യന്‍ ഹോട്ടല്‍സ്, ടാറ്റ കമ്യൂണിക്കേഷന്‍സ്, ടാറ്റ കണ്‍സ്യൂമര്‍, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, ടൈറ്റന്‍, വോള്‍ട്ടാസ് എന്നിവ ഒരു ശതമാനത്തില്‍ താഴെ നേട്ടം കുറിച്ചു. നെല്‍കോ, ടാറ്റ എല്‍ക്‌സി, ടാറ്റ ടെക്, ടാറ്റ ടെലിസര്‍വീസസ്, ടിസിഎസ് എന്നിവ 0.4 മുതല്‍ 2.14% വരെ നഷ്ടത്തിലായി.
ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസ് ഇന്നലെ പ്രവര്‍ത്തനഫലം പുറത്തുവിട്ടിരുന്നെങ്കിലും നിരീക്ഷകര്‍ പ്രതീക്ഷിച്ചത്ര നേടാനായില്ലെന്നത് ഇന്ന് ഓഹരികളില്‍ രണ്ടു ശതമാനത്തിലധികം നഷ്ടത്തിന് വഴിവച്ചു. 11,909 കോടി രൂപയാണ് കമ്പനിയുടെ സെപ്റ്റംബര്‍പാദ ലാഭം. വാര്‍ഷികാടിസ്ഥാനത്തില്‍ 4.9%, പാദാടിസ്ഥാനത്തില്‍ നെഗറ്റീവ് 1.1% എന്നിങ്ങനെയാണ് വളര്‍ച്ച. വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 7.6% ഉയര്‍ന്ന് 64,259 കോടിരൂപ. പാദാടിസ്ഥാനത്തിലെ വളര്‍ച്ച 2.6% മാത്രം. ടാറ്റാ എല്‍ക്‌സി 15% വാര്‍ഷിക വളര്‍ച്ചയോടെ 229 കോടി രൂപ ലാഭവും 8% വളര്‍ച്ചയോടെ 955 കോടി രൂപ പ്രവര്‍ത്തന വരുമാനവും നേടിയിട്ടുണ്ട്.