കൊച്ചി: ലൈംഗികാരോപണക്കേസില്‍ മുകേഷിന് എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്ന് താല്‍ക്കാലിക ആശ്വാസം. സെപ്റ്റംബര്‍ 3 വരെ മുകേഷിനെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞു. മുകേഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവ്. കേസ് സെപ്റ്റംബര്‍ 3ന് കോടതി പരിഗണിക്കും.

കേസില്‍ തന്നെ ബ്ലാക്‌മെയില്‍ ചെയ്തതുള്‍പ്പെടെ തനിക്ക് അനുകൂലമായ നിരവധി കാര്യങ്ങളുമുണ്ട്. എന്നാല്‍ ഒരു മൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ തനിക്കെതിരെ കേസെടുക്കുകയായിരുന്നെന്നാണു മുകേഷിന്റെ വാദം. പൊലീസ് കടുത്ത നടപടിയിലേക്ക് കടക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണ് മുകേഷ് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചത്. തുടര്‍ന്നാണ് ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ചത്.

മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കൊച്ചി മരട് പൊലീസാണ് കേസെടുത്തത്. ഐപിസി 376 (1) ബലാത്സംഗം, ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ ബലപ്രയോഗം, ഐസിപി 452 അതിക്രമിച്ച് കടക്കല്‍, ഐപിസി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകള്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.

കൊച്ചിയിലെ നടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. മുകേഷ്, ജയസൂര്യ തുടങ്ങി ഏഴുപേര്‍ക്കെതിരെയാണ് യുവനടി പൊലീസിന് പരാതി നല്‍കിയിരുന്നത്. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തിലെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥരായ ഡിഐജി അജിതാ ബീഗം, എഐജി ജി പൂങ്കുഴലി എന്നിവര്‍ നടിയുടെ വസതിയിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. മൊഴിയെടുപ്പ് 10 മണിക്കൂറോളം നീണ്ടിരുന്നു.

മരടിലെ സ്വകാര്യ ഹോട്ടലില്‍ വെച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് നടി പൊലീസ് സംഘത്തിന് നല്‍കിയ മൊഴി. സിനിമയില്‍ അവസരങ്ങള്‍ വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് പീഡിപ്പിച്ചതെന്നും നടി വ്യക്തമാക്കി. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിച്ചു തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

മുകേഷിനെയും ജയസൂര്യയെയും കൂടാതെ മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവര്‍ക്കെതിരെയും ഒരു നിര്‍മാതാവിനും രണ്ട് പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവുമാര്‍ക്കും എതിരെയാണ് നടി പരാതി നല്‍കിയത്. ലൈംഗികാതിക്രമം കാട്ടിയെന്ന നടിയുടെ പരാതിയില്‍ നടന്‍ ജയസൂര്യക്കെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

അതേസമയം മുകേഷ് തല്‍ക്കാലം എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നാണ് സിപിഎമ്മിന്റെ നിലപാട്. സിനിമാ നയരൂപീകരണ സമിതി പുനസംഘടിപ്പിക്കാനും ആ സമയത്ത് മുകേഷിനെ സമിതിയില്‍ നിന്ന് ഒഴിവാക്കാനും ആണ് സിപിഎം അവൈലബിള്‍ സെക്രട്ടേറിയറ്റിലുണ്ടാക്കിയ ധാരണ. യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരായ കേസും അന്നത്തെ കീഴ്വഴക്കങ്ങളും എല്ലാം ഓര്‍മ്മിപ്പിച്ചാണ് മുതിര്‍ന്ന വനിതാ നേതാക്കളുടെ വരെ പ്രതികരണം.

മുകേഷിന്റെ രാജി ആവശ്യപ്പെടുന്നതില്‍ സിപിഐക്ക് അകത്തുമുണ്ടായി രൂക്ഷമായ അഭിപ്രായ വ്യത്യാസം. ദേശീയ സെക്രട്ടേറിയറ്റ് അംഗം ആനി രാജയും അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവും രാജിയില്‍ പരസ്യ നിലപാടെടുത്തപ്പോള്‍ ധാര്‍മ്മികത നേര്‍പ്പിച്ചായിരുന്നു സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണം. അടിയന്തര എക്‌സിക്യൂട്ടീവില്‍ രാജി അനിവാര്യമെന്ന നിലപാടിനൊപ്പമായിരുന്നു ഭൂരിപക്ഷം. പാര്‍ട്ടിയുടെ പൊതു വികാരം മുഖ്യമന്ത്രിയേയും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനേയും ധരിപ്പിക്കാന്‍ ബിനോയ് വിശ്വത്തെ ചുമതലപ്പെടുത്തിയാണ് യോഗം പിരിഞ്ഞത്.