- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മരിച്ച വയോധികന്‍ കൂടുതലും യാത്ര ചെയ്തത് കെ എസ് ആര്‍ ടി സി ബസില്‍; പേരക്കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ താല്‍ക്കാലികമായി അടച്ചു; വൈറസിന്റെ ഉറവിടം ഇനിയും കണ്ടെത്താന്‍ കഴിയാത്തത് ആശങ്ക; പാണ്ടിക്കാട്ടെ 14കാരന്‍ എങ്ങനെ നിപ്പ ബാധിച്ചെന്നത് ഇന്നും അജ്ഞാതം; കേന്ദ്ര സംഘം കേരളത്തില്‍
മലപ്പുറം: വടക്കന്‍ കേരളം നിപ്പാ രോഗ ഭീതിയില്‍. ഒരു വര്‍ഷത്തിനിടെ മലപ്പുറത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് നാല് കേസുകളാണ്. പാണ്ടിക്കാട്, വണ്ടൂര്‍ നടുവത്ത്, വളാഞ്ചേരി, മക്കരപ്പറന്പ് എന്നിവിടങ്ങളിലാണ് നിപ്പ സ്ഥിരീകരിക്കപ്പെട്ടത്. രോഗ ബാധയുടെ ഉറവിടം കണ്ടെത്താന്‍ ഈ കേസുകളില്‍ ഒന്നും കഴിഞ്ഞില്ല. ഉറവിടം കണ്ടെത്തി അതിന് പരിഹാരമുണ്ടായാലേ നിപ്പാ ഭീതി അകലൂവെന്നതാണ് വസ്തുത. ഇതിന് സംവിധാനങ്ങള്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്നില്ല. ഇതാണ് കൂടുതല്‍ രോഗികളുണ്ടാകാന്‍ കാരണം. പാലക്കാടും കോഴിക്കോടുമെല്ലാം ഭീതിയിലാണ് ഇപ്പോള്‍.
പാലക്കാട് ജില്ലയില്‍ നിപ്പ വൈറസ് ബാധിച്ച് ഒരാള്‍ മരിച്ച സംഭവത്തില്‍ സമ്പര്‍ക്കപ്പട്ടിക ആശങ്ക ഉയര്‍ത്തുന്നു. മരിച്ച വയോധികന്‍ കൂടുതലും യാത്ര ചെയ്തത് കെ.എസ്.ആര്‍.ടി.സി. ബസിലാണെന്നതാണ് ആശങ്ക. ഇതുവരെ 46 പേരാണ് ആരോഗ്യവകുപ്പിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. നിപ്പ ബാധിച്ച് മരിച്ചയാളുടെ പേരക്കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ താല്‍ക്കാലികമായി അടച്ചു. കൂടാതെ, മരിച്ചയാള്‍ ചികിത്സ തേടിയ മൂന്ന് ആശുപത്രികളിലെ ജീവനക്കാരും നിരീക്ഷണത്തിലാണ്. സമ്പര്‍ക്കപ്പട്ടിക വിപുലമായതിനാല്‍ ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിലാണ്. ഇവിടേയും ഉറവിടം കണ്ടെത്തേണ്ടത് അനിവാര്യതയാണ്.
മലപ്പുറത്ത് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ 14 വയസുകാരന്‍ നിപ്പ ബാധിച്ചു മരിച്ചിരുന്നു. ചെമ്പ്രശേരിയില്‍നിന്ന് ഏകദേശം 10 കിലോമീറ്റര്‍ അകലെ തിരുവാലി നടുവത്ത് സെപ്റ്റംബറില്‍ 24 വയസുകാരന്‍ നിപ്പ ബാധിച്ചു മരിച്ചു. വണ്ടൂരിനടുത്ത് തിരുവാലി നടുവത്ത് യുവാവ് മരിച്ചത് നിപ്പ ബാധയെ ത്തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചത് പൂന വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ്. ബംഗളൂരുവില്‍ എംഎസ്സിക്കു പഠിച്ചിരുന്ന 24കാരന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയിലാണ് മരിച്ചത്. പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വളാഞ്ചേരി സ്വദേശിയായ വീട്ടമ്മയ്ക്കാണ് നിപ്പ സ്ഥിരീകരിച്ചത്.
അതേസമയം, പാണ്ടിക്കാട് ചെമ്പ്രശേരിയില്‍ പതിനാലുകാരനായ വിദ്യാര്‍ഥിക്ക് ഏങ്ങനെയാണ് രോഗം പകര്‍ന്നതെന്ന് ആദ്യം വ്യക്തമായിരുന്നില്ല. അതിനിടെ നിപ്പ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമായി കേന്ദ്ര സംഘം മലപ്പുറത്തെത്തി. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം നിയോഗിച്ച നാഷണല്‍ ജോയിന്റ് ഔട്ട്‌ബ്രേക്ക് റെസ്‌പോണ്‍സ് ടീമാണ് കഴിഞ്ഞദിവസം മലപ്പുറത്തെത്തിയത്. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ (എന്‍സിഡിസി) ജോയിന്റ് ഡയറക്ടറും പൊതുജനാരോഗ്യ സ്‌പെഷലിസ്റ്റുമായ ഡോ. പ്രണായ് വര്‍മയുടെ നേതൃത്വത്തിലുള്ള 10 പേരാണ് സംഘത്തിലുള്ളത്.
ഐസിഎംആര്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോജി പൂനയില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍, വന്യജീവി സ്‌പെഷലിസ്റ്റ്, വെറ്ററിനറി കണ്‍സള്‍ട്ടന്റ്, മൃഗസംരക്ഷ വകുപ്പിലെ വിദഗ്ധര്‍ തുടങ്ങിയവരും സംഘത്തിലുണ്ട്. സംഘം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുകയുമായി കൂടിക്കാഴ്ച നടത്തി. വവ്വാലുകളുടെ നിരീക്ഷണത്തിനും സര്‍വേക്കുമായി ഡോ. ഇ. ദിലീപ് പാട്ടീലിന്റെ നേതൃത്വത്തിലുള്ള എട്ട് പേരടങ്ങുന്ന മറ്റൊരു എന്‍ഐവി സംഘവും ഉടന്‍ മലപ്പുറത്തെത്തും. നിലവില്‍ പാലക്കാടാണ് ഈ സംഘമുള്ളത്.
2018ല്‍ കോഴിക്കോട് പേരാമ്പ്രയില്‍ നിപ്പ വൈറസ് സ്ഥിരീകരിച്ച സമയത്ത് ഇതിന്റെ ഉറവിടം സംബന്ധിച്ച് പല പരിശോധനകളും നടന്നിരുന്നു. എന്നാല്‍ കൃത്യമായ ഉത്തരം ലഭിച്ചിരുന്നില്ല. പഴംതീനി വവ്വാലുകളാണ് നിപ്പ വൈറസിന്റെ മുഖ്യവാഹകരെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. വലിയ പഴംതീനി വവ്വാലുകളിലാണ് വൈറസ് കണ്ടെത്തിയിരിക്കുന്നത്. ടെറോപ്പസ് ജൈജാന്റസ്, ഇന്ത്യന്‍ ഫ്‌ലയിങ് ഫോക്‌സ് എന്നീ പേരിലും ഇവ അറിയപ്പെടുന്നു. ഇന്ത്യ, ചൈന, ഭൂട്ടാന്‍, ബംഗ്ലദേശ് എന്നീ രാജ്യങ്ങളിലാണ് പഴംതീനി വവ്വാലുകള്‍ കൂടുതല്‍ ഉള്ളത്. ഇന്ത്യയില്‍ കേരളം ഉള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളിലും ഇവയെ കാണാം.
നിപ്പ വൈറസ് ആദ്യമായി കണ്ടെത്തിയത് മലേഷ്യയിലും സിംഗപ്പൂരിലുമായിരുന്നു. 1998 സെപ്റ്റംബര്‍ മുതല്‍ 1999 മേയ് വരെ നിപ്പ ഭീതി തുടര്‍ന്നു. അന്ന് അണുബാധയേറ്റവര്‍ പന്നികളെ വളര്‍ത്തുന്നവരും അവയുമായി അടുത്തിടപഴകുന്നവരുമായിരുന്നു. വവ്വാല്‍ കടിച്ച പഴങ്ങളും വവ്വാലിന്റെ മൂത്രംവീണ മലിനമായ ഭക്ഷണങ്ങളും കഴിച്ചതുമൂലം പന്നികളില്‍ വൈറസ് കടന്നുകൂടുകയായിരുന്നു.