പുനലൂര്‍: മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പ്രസിഡന്റായ പത്തനാപുരം താലൂക്ക് എന്‍.എസ്.എസ്. കരയോഗ യൂണിയന്‍ ഭരണസമിതി എന്‍.എസ്.എസ്. നേതൃത്വം പിരിച്ചുവിടുമ്പോള്‍ തിരിച്ചടി കെബി ഗണേഷ് കുമാറിന്. പ്രസിഡന്റിന്റെ ഏകാധിപത്യപരമായ നടപടികളിലും സാമ്പത്തിക ക്രമക്കേടുകളിലും പ്രതിഷേധിച്ച് 19 അംഗ ഭരണസമിതിയിലെ 11 പേര്‍ രാജിവെച്ചതോടെയാണ് കടുത്ത നടപടിയുണ്ടായത്. സമിതിയിലെ മുതിര്‍ന്ന അംഗം കരിക്കത്തില്‍ കെ. തങ്കപ്പന്‍ പിള്ള ചെയര്‍മാനായി അഡ്ഹോക്ക് കമ്മിറ്റി ചുമതലയേറ്റെടുത്തു. മുരാരി ബാബുവിനെ കൈവിട്ട എന്‍.എസ്.എസ്. നേതൃത്വം ഗണേഷ് കുമാറിനെയും അതിവേഗം കൈവിടുന്നു എന്ന സൂചനയാണ് ഈ നീക്കം നല്‍കുന്നത്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആസ്തിയുള്ള എന്‍.എസ്.എസ്. യൂണിയനുകളില്‍ ഒന്നാണ് 148 കരയോഗങ്ങളുള്ള പത്തനാപുരം താലൂക്ക് യൂണിയന്‍. മന്ത്രി ഗണേഷ് കുമാറിന്റെ പിതാവ് ആര്‍. ബാലകൃഷ്ണപിള്ള 64 വര്‍ഷം തുടര്‍ച്ചയായി പ്രസിഡന്റായിരുന്ന ഈ യൂണിയനില്‍, അദ്ദേഹത്തിന്റെ വേര്‍പാടിന് പിന്നാലെയാണ് ഗണേഷ് കുമാര്‍ ചുമതലയേറ്റത്. എന്നാല്‍, പുനലൂരിലെ യൂണിയന്‍ ആസ്ഥാനത്ത് 'പത്മ കഫെ' തുടങ്ങുന്നതിലെ സാമ്പത്തിക ക്രമക്കേടുകളെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഒടുവില്‍ പിരിച്ചുവിടലില്‍ കലാശിച്ചത്. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് 11 പേര്‍ രാജിവച്ചതെന്നും സൂചനയുണ്ട്.

നാല് കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച പത്മ കഫെയുമായി ബന്ധപ്പെട്ട കണക്കുകളില്‍ അഴിമതിയുണ്ടെന്ന് ഭരണസമിതി അംഗങ്ങള്‍ ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച യോഗത്തില്‍ പ്രസിഡന്റ് രൂക്ഷമായി പെരുമാറിയതായും പരാതി ഉയര്‍ന്നു. ഗണേഷ് കുമാറിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് പത്തര വര്‍ഷം സെക്രട്ടറിയായിരുന്ന ജി. അനില്‍കുമാര്‍ നിര്‍ബന്ധിത സ്ഥലംമാറ്റം വാങ്ങി പോയതും, മന്ത്രിയുടെ ആളുകള്‍ ഭരണസമിതി അംഗം വേണുകുമാറിനെ മര്‍ദിച്ചെന്ന ആരോപണവും പ്രതിഷേധം കടുപ്പിച്ചു. യൂണിയന്‍ തന്റെ അച്ഛന്റെ സമ്പാദ്യം കൊണ്ട് ഉണ്ടാക്കിയതാണെന്ന ഗണേഷ് കുമാറിന്റെ പരാമര്‍ശവും അംഗങ്ങള്‍ക്കിടയില്‍ അമര്‍ഷമുണ്ടാക്കിയിരുന്നു.

ശബരിമല വിഷയത്തില്‍ എന്‍.എസ്.എസ്. നേതൃത്വത്തെ പിന്തുണയ്ക്കുന്നുവെന്ന് ഗണേഷ് കുമാര്‍ ആവര്‍ത്തിച്ചിരുന്നുവെങ്കിലും, ആഭ്യന്തര കലഹങ്ങള്‍ രൂക്ഷമായതോടെ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ കര്‍ക്കശമായ നിലപാട് സ്വീകരിക്കുകയായിരുന്നു. വൈസ് പ്രസിഡന്റ് ജെ. രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ അംഗങ്ങള്‍ ചങ്ങനാശ്ശേരിയിലെത്തി രാജിക്കത്ത് നല്‍കിയതോടെ സമിതിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ എന്‍.എസ്.എസ്. നേതൃത്വത്തില്‍ നിന്നുണ്ടായ ഈ തിരിച്ചടി ഗണേഷ് കുമാറിന് വലിയ രാഷ്ട്രീയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.

പത്മാ കഫെ' തുടങ്ങുന്നതിലെ സാന്പത്തിക ക്രമക്കേടുകളെപ്പറ്റി ഏറെനാളായി വിവാദം പുകയുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ടാഴ്ചമുന്‍പ് ചേര്‍ന്ന ഭരണസമിതി യോഗത്തില്‍ സെക്രട്ടറിയോടും അംഗങ്ങളോടും പ്രസിഡന്റ് രൂക്ഷമായി പെരുമാറിയതായും പരാതിയുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് പത്തരവര്‍ഷം യൂണിയന്‍ സെക്രട്ടറിയായിരുന്ന ജി. അനില്‍കുമാര്‍ നിര്‍ബന്ധിത സ്ഥലംമാറ്റം വാങ്ങി കൊല്ലം യൂണിയനിലേക്ക് പോയി. ഈ പശ്ചാത്തലത്തിലാണ് വൈസ് പ്രസിഡന്റ് ജെ. രാധാകൃഷ്ണപിള്ളയടക്കം 11 ഭരണസമിതി അംഗങ്ങള്‍ ചങ്ങനാശ്ശേരിയിലെത്തി രാജിക്കത്ത് നല്‍കിയത്. ഇതേസമയം യൂണിയനുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് പ്രസിഡന്റ് കെ.ബി. ഗണേഷ്‌കുമാര്‍ രംഗത്തെത്തിയിരുന്നു. തന്നെയും യൂണിയനെയും തകര്‍ക്കാന്‍ രാഷ്ട്രീയമായി ലക്ഷ്യമിട്ടിട്ടുള്ളതാണ് ആരോപണങ്ങളെന്നായിരുന്നു അദ്ദേഹം വിശദീകരിച്ചിരുന്നത്.

പത്തനാപുരം താലൂക്ക് എന്‍എസ്എസ് കരയോഗ യൂണിയന്റെ വാര്‍ഷിക പൊതുയോഗം നിലവിലെ യൂണിയന്‍ പ്രസിഡന്റും എന്‍എസ്എസ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സുമായ മന്ത്രി കെ.ബി.ഗണേഷ് കുമാറിനെ വീണ്ടും എതിരില്ലാതെ തിരഞ്ഞെടുത്തത് 2025 സെപ്റ്റംബറിലാണ്. ഔദ്യോഗിക പാനല്‍ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. യൂണിയനിലെ 14 മേഖലകളില്‍ നിന്നും പ്രാതിനിധ്യം ഉറപ്പാക്കിയാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.

നാല് കോടി രൂപ പത്മ കഫെ നിര്‍മാണത്തിന് ചിലവായെന്ന യൂണിയന്‍ പ്രസിഡന്റ് ഗണേഷ്‌കുമാറിന്റെ വാദം ഭരണ സമിതി അംഗങ്ങള്‍ ചോദ്യം ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് മന്ത്രിയുടെ ഗുണ്ടകള്‍ ഭരണ സമിതി അംഗം വേണുകുമാറിനെ മര്‍ദിച്ചത് വ്യാപക പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. അഡ്‌ഹോക്ക് കമ്മിറ്റി അധ്യക്ഷനായി കരിക്കത്തില്‍ തങ്കപ്പന്‍ പിള്ളയെ താല്‍ക്കാലികമായി നിയമിച്ചിട്ടുണ്ട്. ഇതോടെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എന്‍.എസ്.എസ്. നീക്കം ഗണേഷ് കുമാറിന് കടുത്ത തിരിച്ചടിയായിരിക്കുകയാണ്.