- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്‍എസ്എസ് നേതൃത്വം പ്രവര്‍ത്തിക്കുന്നത് സമുദായ നന്മയ്ക്കായല്ല; വ്യക്തിഗത നേട്ടങ്ങള്‍ക്ക് വേണ്ടി മാത്രം'; സുകുമാരന്‍ നായര്‍ക്കെതിരെ പടയൊരുക്കവുമായി നായര്‍ ഐക്യവേദി; ആലപ്പുഴയില്‍ നായര്‍ നേതൃസംഗമം സംഘടിപ്പിച്ചു; ജസ്റ്റിസ് ഹരിഹരന്‍ നായര്‍ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട് മൂന്നരവര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ പുറത്തു വിടാത്തതില്‍ പ്രതിഷേധം
'എന്‍എസ്എസ് നേതൃത്വം പ്രവര്‍ത്തിക്കുന്നത് സമുദായ നന്മയ്ക്കായല്ല
തിരുവനന്തപുരം: എന്‍എസ്എസ് ജനറല്‍സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ പടയൊരുക്കവുമായി നായര്‍ ഐക്യവേദി. ആലപ്പുഴ വള്ളികുന്നത്ത് വിവിധ നായര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നായര്‍ നേതൃസംഗമം സംഘടിപ്പിച്ചു. സമീപകാലത്ത് എന്‍എസ്എസ് കൈക്കൊണ്ട നിലപാടുകളില്‍ പ്രതിഷേധിച്ചു കൊണ്ടാണ് നായര്‍ നേതൃസംഗമം സംഘടിപ്പിച്ചത്. സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെയും സംഗമം പ്രതിഷേധമറിയിച്ചു.
എന്‍എസ്എസിന്റെ സമീപകാല നിലപാടിനെതിരെയായിരുന്നു വള്ളികുന്നം വിദ്യാധിരാജാപുരത്ത് നായര്‍ ഐക്യവേദിയുടെ നേതൃസംഗമം. സമുദായ നന്മയ്ക്കായല്ല ഇന്നത്തെ എന്‍എസ്എസ് നേതൃത്വം പ്രവര്‍ത്തിക്കുന്നതെന്നും വ്യക്തിഗത നേട്ടങ്ങള്‍ക്ക് വേണ്ടി മാത്രമാണെന്നും സംഘാടകര്‍ ആരോപിച്ചു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെയായിരുന്നു രൂക്ഷ വിമര്‍ശനം.
ജസ്റ്റിസ് ഹരിഹരന്‍ നായര്‍ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട് മൂന്നരവര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിക്കാനോ നടപ്പാക്കാനോ തയ്യാറായിട്ടില്ലെന്ന് നേതൃത്വം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ മുന്നോക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്നവരെ കണ്ടെത്തി പഠനം നടത്താന്‍ സര്‍ക്കാര്‍ നിയോഗിച്ചതായിരുന്നു ജസ്റ്റിസ് ഹരിഹരന്‍ നായര്‍ കമ്മീഷനെ. സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കാനും നേതൃസംഗമത്തില്‍ തീരുമാനമായി.
കേരളത്തിന് അകത്തും പുറത്തുമുള്ള വിവിധ നായര്‍ സംഘടനാ പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു. എന്‍എസ്എസിന് ബദലായി സമുദായ അംഗങ്ങളെ സംഘടിപ്പിച്ചുകൊണ്ട് ഒരു പുതിയ മാറ്റത്തിന് തുടക്കം കുറിക്കുകയാണ് നായര്‍ ഐക്യവേദി ലക്ഷ്യമിടുന്നത്. മന്നത്തിന്റെ പുഷ്‌കല കാലത്ത് നായര്‍ ആജ്ഞാശക്തിയും സമ്പത്തുമുള്ള സമുദായമായിരുന്നു. ആചാര്യന്റെ നേതൃത്വത്തില്‍ നായര്‍ സംഘടിത ശക്തിയായിരുന്നു. ആ നായര്‍ ശക്തിയാണ് വിമോചന സമരം വിജയിപ്പിച്ചത്. കേരള രാഷ്ട്രീയത്തെ നിയന്ത്രിച്ചതും നായര്‍ ശക്തിയായിരുന്നു.
എന്നാല്‍. ഇന്നു പല കാരണത്താല്‍ സമ്പത്തും സ്വാധീനവും നഷ്ടപ്പെട്ട സമുദായമാണ് നായരെന്നാണ് നേതൃസംഗമത്തില്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടിയത്.
60 ശതമാനത്തിലധികം കുടുംബങ്ങള്‍ പരമദരിദ്രാവസ്ഥയില്‍. സഹായിക്കുവാന്‍ ആരുമില്ല. പഴയ കാല പ്രമാണിത്തത്തിന്റെ പേരില്‍ അധികാരികളും സമൂഹവും സവര്‍ണനെന്നു പരിഹസിച്ച് നായരെ അവഗണിക്കുന്നു. 50 ലക്ഷം വരുന്ന നായന്മാരില്‍ കേവലം ഏഴു ലക്ഷം അംഗങ്ങള്‍ മാത്രമുള്ള എന്‍എസ്എസ് നേതൃത്വം, നായരുടെ കുത്തക അവകാശപ്പെട്ടു സമുദായത്തെക്കൊണ്ട് സ്വന്തം കാര്യം നേടുകയാണെന്നും നായര്‍ ഐക്യവേദി ആരോപിച്ചിരുന്നു.
50 വര്‍ഷമായി എന്‍എസ്എസ് നേതൃത്വം ഉറക്കിയ നായര്‍ ശക്തിയെ ഉണര്‍ത്തുവാനുള്ള അവസാന ശ്രമമാണ് നായര്‍ നേതൃസംഗമമെന്നും അതിനാല്‍ എല്ലാവരും പങ്കെടുക്കണമെന്നും ഐക്യവേദി കണ്‍വീനറുടെ പേരിലുള്ള പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. സര്‍ക്കാര്‍ നടത്തിയ ആഗോള അയ്യപ്പ സമംഗവുമായി എന്‍എസ്എസ് കൈകോര്‍ത്തതും പ്രതിഷേധാര്‍ഹമാണെന്നു സംഘാടകര്‍ പറയുന്നു.




