- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
രാഷ്ട്രീയക്കാരെ പരിപാടിയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന ആവശ്യം അംഗീകരിച്ചു സര്‍ക്കാര്‍; ആഗോള അയ്യപ്പസംഗമത്തില്‍ എന്‍.എസ്.എസ് പങ്കെടുക്കും; പ്രതിനിധിയെ അയക്കാമെന്ന് അറിയിച്ചു സുകുമാരന്‍ നായര്‍; എസ്.എന്‍.ഡി.പിയും പിന്തുണച്ചതോടെ എതിര്‍പ്പുകള്‍ കുറഞ്ഞെന്ന് വിലയിരുത്തല്‍; ബിജെപിയും നിലപാട് മയപ്പെടുത്തിയേക്കും
രാഷ്ട്രീയക്കാരെ പരിപാടിയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന ആവശ്യം അംഗീകരിച്ചു സര്‍ക്കാര്‍
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തില്‍ എന്‍.എസ്.എസ് പങ്കെടുക്കും. സംഗമ പരിപാടിയിലേക്ക് പ്രതിനിധിയെ അയക്കാന്‍ സംഘടന തീരുമാനിച്ചു. രാഷ്ട്രീയക്കാരെ പരിപാടിയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന എന്‍.എസ്.എസ് ആവശ്യം അംഗീകരിച്ചതിനെ തുടര്‍ന്നാണ് സംഗമത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതെന്ന് സംഘടന വ്യക്തമാക്കി. സംഗമത്തോട് തുടക്കം മുതല്‍ അനുകൂല നിലപാടാണ് സ്വീകരിച്ചത്. വിവാദങ്ങള്‍ ഉയര്‍ന്നപ്പോല്‍ വിശദീകരണ കുറിപ്പ് പുറത്തിറക്കിയെങ്കിലും തള്ളിപ്പറഞ്ഞിരുന്നില്ല. ഇതിന് പിന്നാലെ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതോടെയാണ് പ്രതിനിധിയെ അയക്കാന്‍ സുകുമാരന്‍ നായര്‍ തയ്യാറാകുന്നത്.
എന്‍.എസ്.എസിന് പുറമേ എസ്.എന്‍.ഡി.പിയും സംഗമത്തിന് പിന്തുണ അറിയിച്ചിരുന്നു. എന്നാല്‍, സംഗമത്തിന് എതിരായ നിലപാടാണ് കോണ്‍ഗ്രസും ബി.ജെ.പിയും സ്വീകരിച്ചത്. ആഗോള അയ്യപ്പസംഗമം സെപ്റ്റംബര്‍ 20ന് പമ്പ തീരത്ത് സംഘടിപ്പിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നായി 3000 പ്രതിനിധികള്‍ അണിചേരും. കേന്ദ്ര മന്ത്രിമാര്‍, മറ്റ് സംസ്ഥാന മുഖ്യമന്ത്രിമാരടക്കം പങ്കെടുക്കും. ചരിത്രത്തിലാദ്യമായാണ് ഇത്രയും പ്രതിനിധികളെ പങ്കെടുപ്പിച്ച് അയ്യപ്പസംഗമം സംഘടിപ്പിക്കുന്നത്.
ശബരിമലയുടെ പ്രശസ്തി വ്യാപിപ്പിച്ച് ആഗോള തീര്‍ഥാടനകേന്ദ്രമാക്കി ഉയര്‍ത്തുകയാണ് സംഗമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ദേവസ്വം മന്ത്രി വ്യക്തമാക്കി. ലോകമെങ്ങുമുള്ള അയ്യപ്പന്‍മാരെ കേള്‍ക്കാനുള്ള അവസരമാണിതെന്ന് മന്ത്രി പറഞ്ഞു. പത്തനംതിട്ട നഗരം കേന്ദ്രീകരിച്ച് ജില്ല ഭരണകൂടത്തിന്റെ കീഴില്‍ പ്രധാന സ്വാഗതസംഘം ഓഫിസ് തുറക്കും. പമ്പ, പെരുനാട്, സീതത്തോട് എന്നിവിടങ്ങളിലും സ്വാഗതസംഘം ഓഫിസുണ്ടാകും.
പ്രതിനിധികളെ സ്വീകരിക്കാന്‍ കെ.എസ്.ആര്‍.ടി.സി സൗകര്യം ഏര്‍പ്പെടുത്തും. പ്രതിനിധികള്‍ക്ക് ദര്‍ശനത്തിനുള്ള അവസരമൊരുക്കും. പമ്പയിലടക്കമുള്ള ആശുപത്രികളില്‍ ആധുനിക ചികത്സ സൗകര്യം ഉറപ്പാക്കും. 1300 കോടിയുടെ ശബരിമല മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി. 2028ല്‍ ശബരിമല വിമാനത്താവളം കമീഷന്‍ ചെയ്യാനാണ് ഉദ്ദേശ്യം. വിവിധ സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തുന്നതായും മന്ത്രി അറിയിച്ചു.
ശബരിമല ചരിത്രത്തിലെ പുതിയ അധ്യായമാകും ആഗോള അയ്യപ്പസംഗമമെന്ന് കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എയും പറഞ്ഞു. ഓരോവര്‍ഷവും ശബരിമലയിലെത്തുന്ന ഭക്തരുടെ എണ്ണം വര്‍ധിക്കുകയാണെന്നും അയ്യപ്പസംഗമത്തിലൂടെ പ്രസക്തി കൂടുതല്‍ ഉയരുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.
അതേസമയം, അയ്യപ്പസംഗമം ഭൂരിപക്ഷ പ്രീണനമാണെന്ന വിമര്‍ശനമാണ് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ഉയര്‍ത്തിയത്. അയ്യപ്പ സംഗമം രാഷ്ട്രീയനാടകമെന്നാരോപിച്ച് ബി.ജെ.പി രംഗത്തുവന്നിരുന്നു. വോട്ടുബാങ്ക് ലക്ഷ്യമിട്ടുളളതാണെന്നും തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് സംഗമം സംഘടിപ്പിക്കുന്നത് രാഷ്ട്രീയ നാടകമാണെന്നുമാണ് പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ഇതിനിടെ ശബരിമലയില്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. എം നന്ദകുമാര്‍, വിസി അജികുമാര്‍ എന്നീ വ്യക്തികളാണ് ഹര്‍ജി നല്‍കിയത്. അയ്യപ്പസംഗമം ഹൈന്ദവ ആരാധനാലയ നിയമത്തിന്റെ ലംഘനമാണെന്നും അയ്യപ്പസംഗമത്തിലൂടെ സര്‍ക്കാര്‍ മതേതരത്വ കടമകളില്‍ നിന്ന് മാറുന്നുവെന്നുമാണ് ഹര്‍ജിക്കാരുടെ വാദം.
ദേവസ്വം ബോര്‍ഡ് അധികാരപരിധി ലംഘിച്ച് പ്രവര്‍ത്തിക്കുന്നെന്ന ആരോപണവും ഹര്‍ജിയിലുണ്ട്. അയ്യപ്പസംഗമത്തിനൊപ്പം ആഗോള ക്രിസ്ത്യന്‍ സംഗമവും നടത്തണമെന്ന ആവശ്യവും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
അതേസമയം സംഗമത്തെ അനുകൂലിച്ച് എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും പിന്തുണ അറിയിച്ചതോടെ എതിര്‍പ്പ് മയപ്പെടുത്തുകയാണ് ബിജെപി. തെരഞ്ഞെടുപ്പ് നാടകമെന്നും ശബരിമലയിലെ ആചാരങ്ങളെ തകര്‍ക്കാനുള്ള സര്‍ക്കാറിന്റെ കടന്നുകയറ്റമെന്നും കുറ്റപ്പെടുത്തിയ ബി.ജെ.പി, നിലവില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി സര്‍ക്കാരും ദേവസ്വം ബോര്‍ഡും മാനിക്കണം എന്ന അഭിപ്രായത്തിലാണ്.
ശബരിമലയുടെ വികസനമടക്കം മുന്‍നിര്‍ത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടത്തുന്ന അയ്യപ്പ സംഗമം ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചായിരിക്കുമെന്നും കേന്ദ്ര മന്ത്രിമാരെ സംഗമത്തിലേക്ക് ക്ഷണിക്കുമെന്നും ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ തന്നെ അറിയിച്ചതോടെ വിശ്വാസികള്‍ ഏറെ പങ്കെടുക്കുന്ന പരിപാടിയെ എതിര്‍ക്കുന്നത് തിരിച്ചടിയാകുമോ എന്ന് ബി.ജെ.പിയില്‍ ആശയക്കുഴപ്പമുണ്ട്. ഇതോടെ ജാഗ്രതയോടെ മാത്രമേ അഭിപ്രായം പറയാവൂ എന്നതിനാലാണ് പാര്‍ട്ടി നിലപാടിലാണ് അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.