- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അണു ബോംബുകള്‍ കൊണ്ടു നടക്കാന്‍ പറ്റുമെങ്കില്‍ ആണവ നിലയങ്ങള്‍ ഉറപ്പിച്ചു വെച്ച അണുബോംബ്; രണ്ടിലും പ്ലൂട്ടോണിയം ആണ് പ്രധാനമായും ഉപയോഗിക്കുന്നത്; ചീമേനിയില്‍ എതിര്‍പ്പ് തുടങ്ങി; കൂടംകുളം ഉദയകുമാറും സംഘവും നല്‍കുന്നത് കേരളത്തില്‍ ആണവ നിലയം വേണ്ടെന്ന സന്ദേശം; ചവറയിലെ 'തോറിയം' കല്‍പ്പാക്കത്ത് എത്തുമോ?
ചീമേനി : കേരളത്തില്‍ ആണവ നിലയങ്ങള്‍ സ്ഥാപിക്കാനൊരുങ്ങിയാല്‍ വന്‍ പ്രതിഷേധം നേരിടേണ്ടി വരുമെന്ന തിരിച്ചറിവില്‍ സംസ്ഥാന സര്‍ക്കാര്‍. ഈ സാഹചര്യത്തിലാണ് കേരളത്തിലെ തോറിയം ഉപയോഗിച്ച് കേരളത്തിന് പുറത്ത് ആണവ നിലയങ്ങള്‍ എന്ന ആശയം ഉയര്‍ത്തുന്നത്. യൂണിറ്റിന് ഒരു രൂപയില്‍ വൈദ്യുതി നിര്‍മ്മാണമാണ് കേരളത്തിന്റെ ലക്ഷ്യം. അതിനിടെ കേരളത്തില്‍ ആണവ വിരുദ്ധ കണ്‍വെന്‍ഷനും തുടങ്ങി കഴിഞ്ഞു. അണുബോംബുകള്‍ കൊണ്ടുനടക്കാന്‍ പറ്റുമെങ്കില്‍ ആണവനിലയങ്ങള്‍ ഉറപ്പിച്ചുവെച്ച അണുബോംബാണ്. രണ്ടിലും പ്ലൂട്ടോണിയം ആണ് പ്രധാനമായും ഉപയോഗിക്കുന്നതെന്ന് കൂടംകുളം എസ്.പി. ഉദയകുമാര്‍ പറഞ്ഞു. ചീമേനിയില്‍ നടന്ന ആണവവിരുദ്ധ കണ്‍വെന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ആണവനിലയം തുടങ്ങുമ്പോഴും അവസാനിപ്പിക്കുമ്പോഴും വലിയതോതില്‍ നമുക്ക് വൈദ്യുതി നഷ്ടം സംഭവിക്കുന്നു. മാത്രമല്ല 600 വര്‍ഷത്തോളം ആണവ മാലിന്യങ്ങള്‍ സൂക്ഷിച്ചുവെക്കണം. ഇതിനായി വന്‍ തുകയാണ് ആവശ്യം. ഇരുപതിനായിരം വര്‍ഷത്തോളം ആണവമാലിന്യങ്ങള്‍ ഭീഷണിയുമാണ്. പെരിങ്ങോം, ഭൂതത്താന്‍കെട്ട് ആണവ പദ്ധതികള്‍ വന്നപ്പോള്‍ എതിര്‍ത്ത് തള്ളിയതാണ് കേരളത്തിലെ ജനങ്ങള്‍. മറ്റ് സംസ്ഥാനങ്ങള്‍ പോലെ അല്ല കേരളം. ഇവിടെ ഇത് തടയാന്‍ പറ്റുന്നില്ലെങ്കില്‍ ഇനി എവിടെയും തടയാന്‍കഴിയില്ല. -എസ്.പി. ഉദയകുമാര്‍ പറഞ്ഞു. ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷനായി. എന്‍. സുബ്രഹ്‌മണ്യന്‍, സുഭാഷ് ചീമേനി, കെ. രാമചന്ദ്രന്‍, എ. ജയരാമന്‍, ടി.വി. രാജേന്ദ്രന്‍, വി.കെ. രവീന്ദ്രന്‍, വിനോദ് രാമന്തളി, മുരളി, ഷഹസാദ്, കെ. രാജന്‍, ടി.വി. ഉമേശന്‍ എന്നിവര്‍ സംസാരിച്ചു. ചീമേനിയില്‍ ആണവ നിലയത്തിന് കേന്ദ്രം അനുകൂല നിലപാടിലാണ്. ഇതിനിടെയാണ് ചീമേനിയില്‍ നിന്നും പ്രതിഷേധം തുടങ്ങുന്നത്.
കേരളത്തില്‍ ആണവ വൈദ്യുത നിലയം സ്ഥാപിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ആലോചിരുന്നു. നിലവില്‍ തമിഴ്‌നാട്ടിലെ കല്‍പ്പാക്കത്ത് 32 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന തോറിയം അധിഷ്ഠിത വൈദ്യുതനിലയം സ്ഥാപിച്ചിട്ടുണ്ട്. ഭാഭ ആറ്റമിക് റിസര്‍ച് സെന്റര്‍ (ബാര്‍ക്) ആണ് ഇത് വികസിപ്പിച്ചെടുത്തത്. ഈ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന തോറിയം അധിഷ്ഠിത ആണവ നിലയം സ്ഥാപിക്കുന്നതിന്റെ സാധ്യത പരിശോധിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയില്‍ നടന്ന ഊര്‍ജമന്ത്രിമാരുടെ യോഗത്തിലും തോറിയത്തെക്കുറിച്ച് കേരളം പരാമര്‍ശിച്ചിരുന്നു. അന്ന് കേരളത്തില്‍നിന്ന് ഖനനം ചെയ്‌തെടുക്കുന്ന തോറിയം കല്‍പാക്കത്തെ ആണവ കേന്ദ്രത്തില്‍ എത്തിക്കുന്നതിന്റെ സാധ്യതകളാണ് കേരളം പരാമര്‍ശിച്ചത്. ഇതിന് കേന്ദ്ര ഊര്‍ജ മന്ത്രാലയം അനുകൂലമായ സമീപനമാണ് സ്വീകരിച്ചത്.
നിലവില്‍ ഗുണനിലവാരമുള്ള തോറിയം കേരള തീരത്തു കാര്യമായുണ്ടെന്നും സംസ്ഥാനം ചൂണ്ടിക്കാട്ടുന്നു. തോറിയം അധിഷ്ഠിത ആണവ നിലയം വരുന്നതിന് വലിയ പ്രതിസന്ധികള്‍ മറികടക്കേണ്ടതുണ്ട്. പരിസ്ഥിതി വാദികളുടെ അടക്കം എതിര്‍പ്പുകള്‍ സര്‍ക്കാരിന് നേരിടേണ്ടി വന്നേക്കാം. കേരളത്തില്‍ നിലവില്‍ ആണവോര്‍ജ നിലയമില്ല. ആണവ വൈദ്യുത നിലയങ്ങളോട് സംസ്ഥാനത്ത് പൊതുവായി എതിര്‍പ്പുയരുന്ന സാഹചര്യമാണ് ഉള്ളത്. ഇത് മനസ്സിലാക്കിയാണ് കേരളത്തിന് പുറത്ത് ആണവ നിലയം പുതുതായി സ്ഥാപിക്കാമെന്ന നിര്‍ദ്ദേശം കേരളം വയ്ക്കുന്നത്.
ലോകത്തെ തോറിയം നിക്ഷേപത്തിന്റെ 90 ശതമാനവും ഇന്ത്യയിലാണ്. കേരള തീരത്തെ കരിമണലില്‍ രണ്ടുലക്ഷം ടണ്‍ തോറിയം നിക്ഷേപമുണ്ടെന്നാണ് കണക്കാക്കുന്നത്. ലോകത്തില്‍വച്ച് ഏറ്റവും നിലവാരമുള്ള തോറിയം നിക്ഷേപമുള്ള മണലും കേരളത്തിലേതാണ്. ഇത് വേര്‍തിരിച്ചെടുത്ത് കല്‍പ്പാക്കം ആണവ നിലയത്തില്‍ എത്തിച്ചാലും കേരളത്തിന് സാമ്പത്തിക നേട്ടമുണ്ടാകും. ആണവ നിലയത്തിന് നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ടെങ്കിലും കുറഞ്ഞ നിരക്കില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കല്‍പ്പാക്കം ആണവ നിലയത്തിന് കേരളത്തില്‍ നിന്നുള്ള തോറിയം സഹായകമാകും.
ലോകത്തെ തോറിയം ശേഖരത്തിന്റെ 30 ശതമാനവും കേരള കടല്‍ത്തീരത്താണ്.കേരള തീരത്ത് രണ്ടു ലക്ഷം ടണ്‍ തോറിയം നിക്ഷേപമുണ്ടെന്നാണ് കണക്കാക്കുന്നത്. കൂടുതല്‍ തോറിയം നിക്ഷേപമുള്ളത് ചവറ തീരത്തെ കരിമണലിലാണ്. ഇതുപയോഗപ്പെടുത്തിയാല്‍ കുറഞ്ഞ ചെലവില്‍ വൈദ്യുതിയുണ്ടാക്കാമെന്ന നിര്‍ദ്ദേശമാണ് സംസ്ഥാനം സമര്‍പ്പിച്ചത്. തോറിയം അടിസ്ഥാനമാക്കിയുള്ള ആണവ നിലയം ഭാഭാ അറ്റോറിക് റിസര്‍ച്ച് സെന്റര്‍ കല്‍പാക്കത്ത് സ്ഥാപിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള വിദഗ്ധ സംഘം ഈ നിലയം സന്ദര്‍ശിച്ച് സാധ്യതാ പഠനം നടത്തിയിരുന്നു. യുറേനിയം 35 റിയാക്ടറില്‍ തോറിയം നിക്ഷേപിച്ച് പ്രവര്‍ത്തിപ്പിച്ചാല്‍ യുറേനിയം 233 ഐസോടോപ്പ് ലഭ്യമാകും. ഇതിനെ ശുദ്ധീകരിച്ച് കൃത്രിമമായി ആണവോര്‍ജം ഉത്പാദിപ്പിക്കുന്നതാണ് കല്‍പാക്കം മാതൃക. ഇതിന് അനുയോജ്യമായ തോറിയം ശേഖരമാണ് കേരളത്തിലുള്ളത്.
സംസ്‌ക്കരണ ചെലവും വൈദ്യുതി ഉല്‍പാദന ചെലവും കുറയും. ശക്തമായ സുരക്ഷാ കവചത്തോടെ ഒരുക്കുന്നതായതിനാല്‍ പാരിസ്ഥിതികമായോ അല്ലാതെയോ ഉള്ള പ്രശ്‌നങ്ങളില്ലാത്തതാണ് കല്‍പാക്കം മാതൃക. അത് കേരളത്തിന് അനുയോജ്യമാണെങ്കിലും കേരളത്തിലെ പരിസ്ഥിതി വാദികള്‍ ഏതറ്റം വരേയും പോകുമെന്ന് ഉറപ്പാണ്.
ആണവ നിലയം, തോറിയം, കല്‍പ്പാക്കം, വൈദ്യുതി, കെ എസ് ഇ ബി