തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ കേരളവും ആണവ വഴയില്‍. കേരളത്തിലെ ആദ്യ ആണവ വൈദ്യുതനിലയം സ്ഥാപിക്കാന്‍ കെഎസ്ഇബിയും ഊര്‍ജവകുപ്പും ശ്രമം തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. മുമ്പ് പാരിസ്ഥിതിക പ്രശ്‌നങ്ങളാല്‍ ഇത് കേരളം വേണ്ടെന്ന് വച്ചിരുന്നു. അതിരപ്പിള്ളി അടക്കമുള്ള ജലവൈദ്യുത പദ്ധതികള്‍ക്ക് പോലും പാരിസ്ഥിതിക പ്രശ്‌നങ്ങളുയര്‍ത്തി പ്രതിഷേധം കേരളത്തില്‍ നടന്നിരുന്നു. അതിനിടെയാണ് പുതിയ നീക്കം. നേരത്തെ കേരളത്തിലെ തീരത്ത് ആണവനിലയം കേന്ദ്ര സര്‍ക്കാര്‍ ആലോചനയിലുണ്ടായിരുന്നു. എന്നാല്‍ അത് പ്രതിഷേധം കാരണം നടക്കില്ലെന്ന് തിരിച്ചറിഞ്ഞ് തമിഴ്‌നാട്ടിലെ തീരത്തേക്ക് മാറ്റി. അത്തരമൊരു പദ്ധതിയാണ് വീണ്ടും ഫയലുകളില്‍ നിറയാനൊരുങ്ങുന്നത്.

കേരളത്തിന് കുറഞ്ഞ വിലയ്ക്ക് 450 മെഗാവാട്ട് വൈദ്യുതി കൂടംകുളത്തുനിന്നോ രാജസ്ഥാനിലെ ആണവ വൈദ്യുതപദ്ധതിയില്‍ നിന്നോ ഉടന്‍ ലഭിക്കുന്നതിന്റെ സാധ്യത ന്യൂക്ലിയര്‍ കോര്‍പറേഷനുമായി ചര്‍ച്ച ചെയ്തിരുന്നു. ടെന്‍ഡറിലൂടെ മാത്രമേ ഇവിടെനിന്നു വൈദ്യുതി ലഭിക്കൂ. എന്നാല്‍, ആണവ വൈദ്യുതപദ്ധതി തുടങ്ങുന്ന സംസ്ഥാനത്തിന് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ പകുതി ലഭിക്കും. ഇക്കാര്യം പരിഗണിച്ചാണു കേരളവും ആണവ വൈദ്യുതനിലയം എന്ന ആശയത്തിലേക്ക് എത്തിയത്. വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ഇത്.

ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷനുമായി കെഎസ്ഇബി ചെയര്‍മാനും സംഘവും കഴിഞ്ഞ 15നു മുംബൈയില്‍ ആദ്യഘട്ട ചര്‍ച്ചകള്‍ നടത്തി. തുടര്‍ ചര്‍ച്ചകള്‍ക്കായി ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷനു കീഴിലുള്ളതും കല്‍പാക്കം ആണവ പദ്ധതി നടപ്പാക്കുന്നതുമായ ഭാരതീയ നാഭികീയ വിദ്യുത് നിഗം ലിമിറ്റഡിന്റെ (ഭാവിനി) ചെയര്‍മാനുമായി സംസ്ഥാന ഊര്‍ജവകുപ്പിന്റെ ചുമതലയുള്ള അഡീഷനല്‍ ചീഫ് സെക്രട്ടറി വിഡിയോ കോണ്‍ഫറന്‍സ് നടത്തും. 220 മെഗാവാട്ടിന്റെ 2 പദ്ധതികളിലായി 440 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുകയാണു ലക്ഷ്യം. രണ്ടു പദ്ധതിയും ഒരിടത്തു സ്ഥാപിക്കാം. കേരളം നേരിടാന്‍ പോകുന്ന വലിയ ഊര്‍ജ പ്രതിസന്ധിക്ക് അല്‍പമെങ്കിലും പരിഹാരം കാണാനാണു ശ്രമം.

അതിരപ്പിള്ളി, ചീമേനി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളാണ് കെഎസ്ഇബിയുടെ പരിഗണനയിലുള്ളതെന്നു ചെയര്‍മാന്‍ ബിജു പ്രഭാകര്‍ പറഞ്ഞു. 7000 കോടി രൂപയാണു ചെലവു കണക്കാക്കുന്നത്. പദ്ധതിയുടെ 60% തുക കേന്ദ്രം ഗ്രാന്റായി നല്‍കണമെന്ന ആവശ്യം ചര്‍ച്ചയില്‍ കെഎസ്ഇബി മുന്നോട്ടുവച്ചു. ആണവ വൈദ്യുതപദ്ധതി, തീരദേശത്തു സ്ഥാപിച്ചാല്‍ 625 ഹെക്ടറും മറ്റു സ്ഥലങ്ങളിലാണെങ്കില്‍ 960 ഹെക്ടറും വേണമെന്നാണു ഭാവിനി സിഎംഡി കെ.വി.സുരേഷ്‌കുമാര്‍ ചീഫ് സെക്രട്ടറിക്കയച്ച കത്തിലെ നിര്‍ദേശമെന്ന് മനോരമയും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനുപുറമേ, ഉദ്യോഗസ്ഥര്‍ക്കായി ടൗണ്‍ഷിപ് നിര്‍മിക്കാന്‍ 56 കിലോമീറ്ററിനുള്ളില്‍ 125 ഹെക്ടര്‍ കൂടി വേണം. ചെന്നൈ കല്‍പാക്കത്ത് സ്ഥാപിച്ചതുപോലെ ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍ സ്ഥാപിക്കാനാണ് നീക്കം.

നിലവില്‍ 13,000 കോടി രൂപയുടെ വൈദ്യുതിയാണു വര്‍ഷം തോറും കേരളം വാങ്ങുന്നത്. 2030ല്‍ ഇത് 25,000 കോടി കവിയും. ജലവൈദ്യുതി പദ്ധതി തുടങ്ങാന്‍ പരിസ്ഥിതി പ്രശ്‌നങ്ങളും കാലതാമസവുമുണ്ട്. സോളര്‍ പദ്ധതിയില്‍ പകല്‍ മാത്രമേ വൈദ്യുതി ലഭിക്കൂ. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം.