മോസ്‌കോ: റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം ആയിരം ദിവസവും കടന്ന് മുന്നേറുമ്പോള്‍ ഉയരുന്ന ഒരു ചോദ്യമുണ്ട്. റഷ്യ ആണവായുധം പ്രയോഗിക്കുമോ എന്ന്. റഷ്യയുടെ ആണവ നയത്തില്‍ തന്നെ കഴിഞ്ഞ ദിവസം പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍ ഭേദഗതി വരുത്തിയതും ഇത്തരത്തില്‍ ഒരു നീക്കത്തിനാണോ എന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. റഷ്യക്ക് നേരേ ആണവായുധം കൈവശമുള്ള ഒരു രാജ്യം ആണവായുധം കൈവശമില്ലാത്ത ഒരു രാജ്യത്തിന് അത് കൈമാറിയാല്‍ സംയുക്താക്രമണം ആണെന്ന് കണക്കാക്കി ആണവാക്രമണം നടത്താനാണ് പുതിയ ഭേദഗതി അംഗീകാരം നല്‍കിയിരിക്കുന്നത്.

റഷ്യ ഉള്‍പ്പെടെ ലോകത്തെ വന്‍ സൈനിക ശക്തികളുടെ കൈയ്യില്‍ എത്ര ആണവായുധങ്ങള്‍ ഉണ്ട് എന്ന് പരിശോധിക്കാം. സോവിയറ്റ് യൂണിയന്‍ വിഭജിക്കപ്പെട്ട സമയത്ത് റഷ്യക്കാണ് ഏറ്റവും പ്രധാനപ്പെട്ട ആണവ സംവിധാനങ്ങളും ആണവായുധങ്ങളും ലഭിച്ചത്. അത് കൊണ്ട് തന്നെ ഒരു പക്ഷെ ലോകത്തെ ഏറ്റവുമധികം ആണവായുധങ്ങള്‍ കൈവശമുള്ള രണ്ടാമത്തെ രാജ്യം റഷ്യ തന്നെ ആയിരിക്കാനാണ് സാധ്യത.

ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സയന്റിസ്റ്റ്സ് എന്ന സംഘടനയുടെ കണക്കുകള്‍ പ്രകാരം റഷ്യയുടെ കൈവശം 5580 ആണവായുധങ്ങള്‍ ഉണ്ടെന്നാണ്. ഇവയില്‍ 1200 ഓളം കാലഹരണപ്പെട്ടു പോയിരിക്കുന്നു. എന്നാല്‍ 4380 എണ്ണം ഇപ്പോഴും കാര്യക്ഷമമാണ്. ഇവയില്‍ തന്നെ 1710 എണ്ണം ഇപ്പോള്‍ തന്നെ ഏത് സമയത്തും ആക്രമണം നടത്താന്‍ ഉതകുന്ന തരത്തില്‍ വിന്യസിച്ചിരിക്കുകയാണ്. ഇതില്‍ തന്നെ 870 ആണവായുധങ്ങള്‍ ബാലിസ്റ്റിക് മിസൈലുകളില്‍ ഘടിപ്പിച്ചിരിക്കുകയാണ്. 640 എണ്ണം അന്തര്‍വാഹിനികളിലും 200 എണ്ണം യുദ്ധവിമാനങ്ങളിലും തയ്യാറാക്കി നിര്‍ത്തിയിരിക്കുകയാണ്.

ദീര്‍ഘദൂരത്തിലും ഹ്രസ്വദൂരത്തിലും എല്ലാം തൊടുത്തുവിടാന്‍ കഴിയുന്നവയാണ് ഈ മിസൈല്‍ ശേഖരം. അമേരിക്കയുടെ കൈവശമുള്ളത് 5748 ആണവായുധങ്ങളാണ്. അതായത് ലോകത്തെ ഏറ്റവും വലിയ ആണവായുധ ശേഖരം സ്വന്തമായിട്ടുള്ളത് അമേരിക്കയ്ക്കാണ്.

ഇവയില്‍ 1419 എണ്ണം ഏത് നിമിഷവും ആക്രമണത്തിന് സജ്ജമാക്കിയിരിക്കുകയാണ്.

മറ്റുള്ള ഓരോ രാജ്യത്തിന്റെയും കൈവശമുള്ള ആണവായുധങ്ങളുടെ എണ്ണം ഇങ്ങനെയാണ്- ചൈന 500, ഫ്രാന്‍സ് 290, ബ്രിട്ടന്‍ 225, ഇന്ത്യ 172, പാക്കിസ്ഥാന്‍ 170 എന്നിങ്ങനെയാണ്. ഉത്തരകൊറിയയുടെ കൈയ്യില്‍ 50 ആണവായുധങ്ങള്‍ ഉണ്ടെന്നും അവയുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ നീക്കം നടക്കുന്നതായും പറയപ്പെടുന്നു.

റഷ്യയുടെ കൈശമുള്ള ആണവായുധങ്ങള്‍ മൊത്തം ഭാരം ആയിരം ടണ്‍ ആണ്. അതായത് രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കയിലെ ഹിരോഷിമയില്‍ വര്‍ഷിച്ച അണുബോംബിന്റെ ആറിരട്ടി വലിപ്പവും ശക്തിയും ഇതിനുണ്ട്. കൂടാതെ റഷ്യ അവരുടെ ഭൂഖണ്ഡാന്തര മിസൈല്‍ ലോഞ്ചറുകളിലാണ് ആണവായുധങ്ങള്‍ ഉറപ്പിച്ചിരിക്കുന്നത്.

ലോകത്തെ പ്രധാന നഗരങ്ങളായ ലണ്ടനിലും വാഷിംഗ്ടണിലും എല്ലാം റഷ്യക്ക് നിഷ്പ്രയാസം ആണവായുധം പ്രയോഗിക്കാന്‍ കഴിയും. റഷ്യയില്‍ നിന്ന് ലണ്ടനിലേക്ക് അയയ്ക്കുന്ന ഒരു ഭൂഖണ്ഡാന്തര മിസൈലിന് 20 മിനിട്ട് കൊണ്ട് ലണ്ടനില്‍ എത്താന്‍ കഴിയും. ആണവായുധങ്ങളുടെ പാസ്വേഡുകള്‍ അടങ്ങിയ ബ്രീഫ്കെയ്സ് റഷ്യയുടെ പ്രസിഡന്റിന്റെ കൈവശമായിരിക്കും ഉണ്ടായിരിക്കുക.