കോഴിക്കോട്: 40,000 രൂപ മിനിമം വേതനം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമ്പൂര്‍ണ പണിമുടക്ക് തുടങ്ങി. ശമ്പള വര്‍ധനയില്‍ യുഎന്‍എയുമായി ധാരണയില്‍ എത്താത്ത എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ ആശുപത്രികളിലാണ് ശക്തമായ സമരം നടക്കുന്നത്. മറ്റു ജില്ലകളിലെ 200 ഓളം സ്വകാര്യ ആശുപത്രികളില്‍ കൂടുതല്‍ വേതനം നല്‍കാമെന്ന് ഉറപ്പു നല്‍കിയതോടെ സമരം പിന്‍വലിച്ചു. അടിസ്ഥാന ശമ്പളം വര്‍ധിപ്പിച്ച് കരാര്‍ ഒപ്പിട്ട ആശുപത്രികളിലെ സമരം അവസാനിപ്പിച്ചു.

അതേസമയം കോഴിക്കോട്ടെ ബേബി മെമ്മോറിയല്‍ ആശുപത്രി സമരക്കാരെ അടിച്ചമര്‍ത്തുന്ന സമീപനമാണ് സ്വീകരിക്കുന്നത്. സമരക്കാര്‍ക്കെതിരെ മാനേജമെന്റ് പ്രതിനിധികള്‍ ഭീഷണി മുഴക്കി. ജോലിയില്‍നിന്ന് പിരിച്ചുവിടുമെന്ന മാനേജ്മെന്റ് ഭീഷണിപ്പെടുത്തിയെന്നാണ് നഴ്‌സുമാര്‍ ആരോപിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിക്ക് മുന്നില്‍ നഴ്‌സുമാരുടെ വന്‍ പ്രതിഷേധമാണ് നടക്കുന്നത്.

പ്രമുഖ സ്വകാര്യ ആശുപത്രിയായ ബേബി മെമ്മോറിയലിലെ നഴ്‌സുമാരാണ് അധികൃതരുടെ നിലപാടുകള്‍ക്കെതിരെ തെരുവിലിറങ്ങിയത്. വര്‍ഷങ്ങളായി സേവനം അനുഷ്ഠിക്കുന്ന ജീവനക്കാരെപ്പോലും യാതൊരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിടാന്‍ നീക്കം നടക്കുന്നു എന്നാണ് നഴ്‌സുമാരുടെ ആരോപണം. ശമ്പള വര്‍ധനവ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളെക്കുറിച്ച് സംസാരിച്ചവരെ തിരഞ്ഞുപിടിച്ച് വേട്ടയാടുകയാണെന്നും സമരക്കാര്‍ പറഞ്ഞു.

ന്യായമായ ആവശ്യങ്ങള്‍ ഉന്നയിക്കുന്നവരെ പിരിച്ചുവിടുമെന്ന് ആശുപത്രി അധികൃതര്‍ പരസ്യമായി ഭീഷണിപ്പെടുത്തിയതാണ് പെട്ടെന്നുള്ള പ്രതിഷേധത്തിന് കാരണമായത്. കൃത്യമായ കാരണങ്ങളില്ലാതെ ജീവനക്കാരെ ജോലിയില്‍ നിന്ന് നീക്കം ചെയ്യാനുള്ള നീക്കം അനുവദിക്കില്ലെന്ന് സംഘടനകള്‍ വ്യക്തമാക്കി. പ്രശ്‌നത്തില്‍ മാനേജ്മെന്റ് അനുകൂല നിലപാട് സ്വീകരിക്കുന്നത് വരെ സമരം തുടരാനാണ് നഴ്‌സുമാരുടെ തീരുമാനം. ആശുപത്രിയുടെ പ്രധാന കവാടത്തിന് മുന്നില്‍ പ്ലക്കാര്‍ഡുകളുമായാണ് നഴ്‌സുമാര്‍ പ്രതിഷേധിക്കുന്നത്. സംഭവത്തെത്തുടര്‍ന്ന് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി തടസ്സപ്പെട്ടു. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്.

ഇന്നലെ തൃശൂരില്‍ ചില മാനേജ്‌മെന്റുകളുമായി നടന്ന ചര്‍ച്ച വിജയിച്ചിരുന്നു. പിന്നാലെ തൃശൂര്‍ ദയ ഹോസ്പിറ്റല്‍, സണ്‍ മെഡിക്കല്‍ ഹോസ്പിറ്റല്‍, മദര്‍ ഹോസ്പിറ്റല്‍, കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് എന്നിവിടങ്ങളില്‍ സമരമവസാനിപ്പിച്ചു. നഴ്‌സുമാര്‍ ജോലിയിലും പ്രവേശിച്ചു. ഒത്തുതീര്‍പ്പിന് തയ്യാറാവാത്ത ആശുപത്രികളില്‍ അനിശ്ചിതകാല സമ്പൂര്‍ണ പണിമുടക്ക് തുടങ്ങാനാണ് തീരുമാനിച്ചിരുന്നത്. മാനേജ്‌മെന്റ് കൂട്ടായ്മയായ അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത്‌കെയര്‍ പ്രൊവൈടേഴ്‌സ് ഇന്ത്യയും യുഎന്‍എയും ആയി നടന്ന ചര്‍ച്ചയിലാണ് ഹോസ്പിറ്റലുകളിലെ സമവായം ഉണ്ടായത്.

അതിനിടെ കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ നഴ്‌സുമാര്‍ നടത്തിവരുന്ന സമരം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. ന്യായമായ ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന നഴ്‌സുമാരെ മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തി ജോലി ചെയ്യിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ആശുപത്രി കവാടത്തില്‍ വന്‍പ്രതിഷേധമാണ് അരങ്ങേറിയത്. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ദേശീയ അധ്യക്ഷന്‍ ജാസ്മിന്‍ ഷാ നേരിട്ട് സമരരംഗത്തിറങ്ങിയതോടെ മാനേജ്‌മെന്റ് പ്രതിരോധത്തിലായിരിക്കുകയാണ്. ന്യായമായ ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നഴ്‌സുമാരെ മാനേജ്‌മെന്റ് ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നു എന്ന ഗുരുതരമായ ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്.

അടിസ്ഥാന ശമ്പളം വര്‍ദ്ധിപ്പിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് ഉറച്ച നിലപാടിലാണ് നഴ്‌സുമാര്‍. എന്നാല്‍, സമരം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തിയും സമ്മര്‍ദ്ദത്തിലാക്കിയും തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാനാണ് ആശുപത്രി അധികൃതര്‍ ശ്രമിക്കുന്നത്. നഴ്‌സുമാരുടെ ആത്മവിശ്വാസം തകര്‍ക്കാനുള്ള മാനേജ്‌മെന്റിന്റെ ഈ നീക്കം പ്രതിഷേധം കൂടുതല്‍ ശക്തമാക്കാന്‍ കാരണമായി.

ഹോസ്റ്റലില്‍ കഴിയുന്ന നഴ്‌സുമാരെ ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തി ബസ്സില്‍ കയറ്റി ആശുപത്രിയിലേക്ക് എത്തിക്കുന്നു എന്ന ആക്ഷേപം ശക്തമാണ്. ഷിഫ്റ്റ് കഴിഞ്ഞിട്ടും നഴ്‌സുമാരെ ഡ്യൂട്ടിയില്‍ തുടരാന്‍ നിര്‍ബന്ധിക്കുന്നതായും, വിസമ്മതിക്കുന്നവരെ പോലീസ് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായും നഴ്‌സുമാര്‍ ആരോപിക്കുന്നു.

പ്രതിദിനം 1333 രൂപ വേതനം ഉറപ്പാക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് യുഎന്‍എ പ്രഖ്യാപിച്ചു. വന്‍കിട കോര്‍പ്പറേറ്റ് ആശുപത്രികള്‍ ലാഭം കൊയ്യുമ്പോഴും നഴ്‌സുമാരെ അടിമപ്പണി ചെയ്യിക്കുന്നു എന്നാണ് സംഘടനയുടെ നിലപാട്. 'അടിയും ഇടിയും ചോര ചിന്തിയും വളര്‍ന്ന പ്രസ്ഥാനമാണ് യുഎന്‍എ' എന്ന് പ്രഖ്യാപിച്ചുകൊണ്ട്, മാനേജ്‌മെന്റിന്റെ ഏത് തരം ക്വട്ടേഷന്‍ നീക്കങ്ങളെയും നേരിടുമെന്ന് ജാസ്മിന്‍ ഷാ വ്യക്തമാക്കി.