പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്‌സിങ് വിദ്യാര്‍ഥിയുടെ മരണത്തില്‍ അന്വേഷണം നടത്താന്‍ മന്ത്രി വീണ ജോര്‍ജ് ആരോഗ്യ സര്‍വകലാശാലക്ക് നിര്‍ദേശം നല്‍കി. സഹപാഠികളില്‍ നിന്നുള്ള മാനസിക പീഡനം മരണകാരണമെന്നാണ് കുടുംബം ആരോപിച്ചിരുന്നു. തുടര്‍ന്നാണ് നഴ്‌സിങ് വിദ്യാര്‍ഥിയുടെ മരണത്തില്‍ അന്വേഷണം നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്.

വെള്ളിയാഴ്ച ഉച്ചക്ക് ഹോസ്റ്റലിന്റെ മുകളില്‍ നിന്നും ചാടിയാണ് തിരുവനന്തപുരം സ്വദേശിനിയായ നഴ്‌സിങ് വിദ്യാര്‍ഥി അമ്മു മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. റാഗിങ്ങും വ്യക്തിഹത്യയും സ്ഥിരമായി നേരിടേണ്ടി വന്നുവെന്നും അമ്മു കിടന്നുറങ്ങിയ മുറിയില്‍ അതിക്രമിച്ച് കടക്കാന്‍ സഹപാഠികള്‍ ശ്രമിച്ചുവെന്നും കുടുംബം ആരോപിക്കുന്നു. അധ്യാപകരും ഇതിനൊക്കെ കൂട്ട് നിന്നുവെന്നാണ് കുടുംബം കുറ്റപ്പെടുത്തുന്നത്.

സഹോദരി മാനസിക പിരിമുറുക്കത്തിലായിരുന്നുവെന്നാണ് അമ്മുവിന്റെ സഹോദരന്‍ പറഞ്ഞത്. പലപ്പോഴും സഹപാഠികള്‍ മര്‍ദ്ദിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അമ്മു ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സഹോദരന്‍ ചൂണ്ടിക്കാണിച്ചു. അതേസമയം അമ്മു എ. സജീവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പാളിനും അധ്യാപകര്‍ക്കുമെതിരേ നടപടി ആവശ്യപ്പെട്ട് എബിവിപി നഴ്സിങ് കോളജിലേക്ക് എ.ബി.വി.പി മാര്‍ച്ച് നടത്തി. കോളജ് കവാടത്തില്‍ പോലീസ് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് രണ്ടു നേതാക്കളെ പ്രിന്‍സിപ്പാളുമായി ചര്‍ച്ചയ്ക്ക് അനുവദിച്ചു.

അമ്മുവും മറ്റ് മൂന്ന് വിദ്യാര്‍ഥിനികളുമായുള്ള പ്രശ്നം പരിഹരിച്ചതാണെന്ന് പ്രിന്‍സിപ്പാല്‍ അബ്ദുള്‍ സലാം പറഞ്ഞു. ഒക്ടോബര്‍ 27 ഞായറാഴ്ചയാണ് അമ്മുവിന്റെ പിതാവ് സജീവിന്റെ പരാതി ലഭിക്കുന്നത്. 28 ന് രാവിലെ 9.30 ന് തന്നെ നാലുപേരെയും വിളിച്ചു വരുത്തി. ഒരു പ്രശ്നവുമില്ലെന്ന് എഴുതി നല്‍കിയാണ് അവര്‍ മടങ്ങിയത്. ഇതില്‍ ഒരു കുട്ടിയുടെ നോട്ട് ബുക്ക് കാണാനില്ലെന്ന് കഴിഞ്ഞ ഏഴിന് പരാതി വന്നിരുന്നു. അതിന് ശേഷമാണ് ടൂര്‍ സംബന്ധിച്ച തര്‍ക്കം ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

പ്രിന്‍സിപ്പലുമായി സംസാരിക്കുന്നതിനിടെ നേതാക്കള്‍ കൈയില്‍ കരുതിയിരുന്ന എ.ബി.വിപിയുടെ കൊടി പൊക്കിക്കാട്ടി മുദ്രാവാക്യം വിളിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.