മേപ്പാടി: കാത്തിരുന്ന് കണ്ട മുത്തച്ഛനോടുള്ള പേരക്കുട്ടിയുടെ സ്‌നേഹപ്രകടനം പോലെയായിരുന്നു ആ സീന്‍. വയനാട് സന്ദര്‍ശനത്തിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കളിചിരികളില്‍ ഏര്‍പ്പെട്ട കുഞ്ഞു നൈസാ മോളിനെ ആരു മറക്കാന്‍. മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പിതാവിനെയും സഹോദരങ്ങളെയും അടക്കം കുടുംബത്തിലെ അഞ്ചുപേരെ നഷ്ടമായ ഈ മൂന്ന് വയസുകാരി ആശുപത്രി വിട്ടു. മേപ്പാടി നെല്ലിമുണ്ട സ്‌കൂള്‍പടിയിലെ വാടക ക്വാര്‍ട്ടേഴ്സിലാണ് ഇവര്‍ക്ക് താത്കാലിക താമസസൗകര്യം ഒരുക്കിയത്.

ഉമ്മ കൊടുത്തും താടിയില്‍ പിടിച്ച് വലിച്ചും കണ്ണാടി ഊരിയും വികൃതി കാട്ടിയ നൈസ മോളെ മോദിക്കും പെരുത്തിഷ്ടമായിരുന്നു. ചൂരല്‍മലയില്‍ സ്‌കൂള്‍ റോഡിന്റെ മുകള്‍ഭാഗത്തായി താമസിച്ചിരുന്ന ജസീലയുടെ മകള്‍ നൈസ( റൂബിയ)യാണ് പ്രധാനമന്ത്രിയോട് കുറുമ്പ് കാട്ടിയത്. ദുരിതബാധിതരെ കാണാനെത്തിയ പ്രധാനമന്ത്രി മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെത്തിയപ്പോഴാണ് കട്ടിലില്‍ കയറിനിന്ന് കൈകൂപ്പി നമസ്തെ നല്‍കുന്ന നൈസയെ കണ്ടത്. ഉടനെ തിരികെ കൂപ്പുകൈയുമായി അദ്ദേഹം അവള്‍ക്കരികിലെത്തി.

പ്രധാനമന്ത്രി കൈ നീട്ടിയപ്പോള്‍ കുഞ്ഞു നൈസ മടിക്കാതെ കൈകൊടുത്തു. ഇതോടെ അദ്ദേഹം കട്ടിലിനരികിലിരുന്നു അവളെ ലാളിക്കുകയും കുശലാന്വേഷണം നടത്തുകയുമായിരുന്നു. ഉമ്മ ജസീലയോടും വിവരം ചോദിച്ചറിഞ്ഞ ശേഷമാണ് അദ്ദേഹം മടങ്ങിയത്.
പ്രധാനമന്ത്രി വരുന്നതറിഞ്ഞപ്പോള്‍ അദ്ദേഹത്തിന് നമസ്‌കാരം പറയണമെന്ന് ഡോക്ടര്‍മാരാരോ നൈസയോട് പറഞ്ഞിരുന്നു. അതോര്‍മ്മിച്ചാണ് മോദിയെ കണ്ടപ്പോള്‍ അവള്‍ കൈകൂപ്പിയത്.

മോദിയോട് വളരെ വേഗം അടുത്ത നൈസ അദ്ദേഹത്തിന്റെ താടിയിലും കണ്ണടയിലും പിടിച്ച് കളിക്കാന്‍ തുടങ്ങി. അപ്പോള്‍ ആരോ പറഞ്ഞു, കുട്ടിയെ എടുത്തോളൂ. 'വേണ്ട,വേണ്ട, അവളിവിടെ ഇരുന്നോട്ടെ"-ഉടനെ വന്നു പ്രധാനമന്ത്രിയുടെ മറുപടി. പിന്നെയും അവളുടെ കുഞ്ഞുവര്‍ത്തമാനം കേട്ട് കുറച്ചുസമയം കൂടി ചെലവഴിച്ചാണ് അദ്ദേഹം യാത്രപറഞ്ഞത്.

താത്കാലിക വീട്ടിലെത്തിയ നൈസമോള്‍ക്ക് പുത്തന്‍ ബാഗുമായി ഉടന്‍ തന്നെ അംഗന്‍വാടിയിലേക്ക് പോകണമെന്നാണ് ആഗ്രഹം. പിതാവും സഹോദരങ്ങളും അടക്കം അഞ്ചുപേരെ നഷ്ടപ്പെട്ട നൈസമോളുമായി എത്രനാള്‍ വാടകവീട്ടില്‍ കഴിയാന്‍ ആകുമെന്ന പരിഭവത്തിലാണ് ഉമ്മ ജസീല.

ദുരന്തം ഉണ്ടായ രാത്രി വീട്ടിലേക്ക് കുതിച്ചെത്തിയ വെള്ളത്തില്‍ ഒഴുകിപ്പോകുമ്പോഴും നൈസയെ മാറോട് ചേര്‍ത്ത് മുറുകെ പിടിക്കുകയായിരുന്നു ജസീല. മണ്ണിലും ചെളിയിലും പെട്ട് ഒഴുകിയെടുവില്‍ എവിടെയൊക്കെയോ പിടിച്ച് രക്ഷപ്പെട്ടു.

ജസീലയുടെ ഭര്‍ത്താവ് ഷാജഹാന്‍, മക്കളായ ഹിന,ഫൈസ,ഷാജഹാന്റെ മാതാപിതാക്കളായ മുഹമ്മദ് കുട്ടി,ജമീല,മുഹമ്മദ് കുട്ടിയുടെ ജ്യേഷ്ഠന്‍ ഹംസ രണ്ട് പേരക്കുട്ടികള്‍ എന്നിവരാണ് ദുരന്തമുണ്ടായപ്പോള്‍ വീട്ടിലുണ്ടായിരുന്നത്. ജസീലയും നൈസയും മാത്രമാണ് രക്ഷപ്പെട്ടത്.