- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരിയൻ സ്‌പൈസിൽ നിന്ന് വാങ്ങിയ ഒരു തുണിസഞ്ചിയുടെ വില 8.46 രൂപ മുതൽ 8.66 രൂപ വരെ; 7.99 രൂപയ്ക്ക് ശ്യാം ഇംപെക്‌സിൽ നിന്നും 8.50 രൂപക്ക് മാരുതി ഓഫിസ് സൊല്യൂഷനിൽ നിന്നും 7.90 രൂപക്ക് വിവിഗോ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും തുണിസഞ്ചി വാങ്ങി; കണക്കിൽ അത് 12 രൂപയും; 7.83 കോടി ആർക്കു പോയി? ഓണക്കാലത്തെ കിറ്റ് വിവാദം തുടങ്ങുമ്പോൾ
തിരുവനന്തപുരം:ഒന്നാം പിണറായി സർക്കാരിന്റെ ഭരണത്തുടർച്ചയ്ക്ക് ഏറ്റവും സഹായകമായത് സൗജന്യമായി നൽകിയ കിറ്റുകളാണെന്നാണ് വയ്പ്. ഇതിന്റെ ചുവടു പിടിച്ച് ഈ ഓണക്കാലത്തും സൗജന്യ കിറ്റ് വിതരണം നടക്കുകയാണ്. സംസ്ഥാനത്തെ 87 ലക്ഷം കാർഡുടമകൾക്കാണ് ഓണക്കിറ്റ് വിതരണം നടത്തുന്നത്. എന്നാൽ ഈ കിറ്റ് വിതരണം ഇപ്പോൾ വിവാദത്തിലായിരിക്കുകയാണ്. കിറ്റിലെ തുണിസഞ്ചിയെച്ചൊല്ലിയാണ് വിവാദം.
ഭക്ഷ്യ വകുപ്പ് ഇറക്കിയ ഉത്തരവ് പ്രകാരം ഒരു തുണിസഞ്ചിയുടെ വില 12 രൂപ. അത് പ്രകാരം തുണിസഞ്ചിക്ക് ചെലവായതായി കാണിച്ചിരിക്കുന്നത്. 87 ലക്ഷത്തിന് 10.44 കോടി എന്നാണ്. എന്നാൽ ഒരു തുണിസഞ്ചിയുടെ യഥാർത്ഥ വില 7.90 രൂപ മുതൽ 11 രൂപ വരെയാണെന്ന് ആണ് രേഖകൾ തെളിയിക്കുന്നത്. അതായത് ശരാശരി ഒരു തുണിസഞ്ചിയുടെ യഥാർത്ഥ വില 9 രൂപ. 87 ലക്ഷം റേഷൻ കാർഡ് ഉടമകൾക്ക് 9 രൂപ നിരക്കിൽ തുണിസഞ്ചിക്ക് ചെലവാകുന്നത് 7.83 കോടി . 2.61 കോടി രൂപയുടെ (10.44 കോടി - 7.83 കോടി) ക്രമക്കേട് ഓണക്കിറ്റിലെ തുണിസഞ്ചി വാങ്ങിയതിൽ നടന്നു എന്നർത്ഥം.
ഓണക്കിറ്റിന്റെ 14 ഇനങ്ങളുടെ വിലയിൽ ഒരു തുണിസഞ്ചിക്ക് കൊടുത്തിരിക്കുന്ന വില 12 രൂപയാണ്. തുണിസഞ്ചി അടക്കം ഒരു കിറ്റിന്റെ ആകെ വില 447 രൂപയാണ് എന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി പി.എം അലി അസ്ഗർ പാഷ 1.8.22 ൽ ഇറക്കിയ ഉത്തരവിൽ പറയുന്നുണ്ട്. 13 വിതരണക്കാരിൽ നിന്നാണ് സപ്ലൈക്കോ തുണിസഞ്ചി വാങ്ങിയതെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ 23.8-22 ന് നിയമസഭയിൽ രേഖാമൂലം മറുപടി നൽകിയിട്ടുണ്ട്.
കോൺഗ്രസ് എം എൽ എ മാരായ ഉമ തോമസ്, കെ.കെ.രമ , ടി.സിദ്ദിഖ് എന്നിവരാണ് ഇത് സംബന്ധിച്ച് ഭക്ഷ്യ മന്ത്രിയോട് ചോദ്യമുന്നയിച്ചത്. 11 രൂപയ്ക്കാണ് കുടുബശ്രീമിഷനിൽ നിന്നും പി.എൻ പണിക്കർ ഫൗണ്ടേഷനിൽ നിന്നും തുണി സഞ്ചി വാങ്ങിയത്. 7.90 രൂപ മുതൽ 8.70 വരെയാണ് ഉണ്ണികുളം വനിത കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്ന് വാങ്ങിയ ഒരു തുണിസഞ്ചിയുടെ വില. പണിക്കശേരി ഏജൻസീസ്, തേവടിയിൽ ഇൻഡസ്ട്രിസ് , സീ ബാഗ്‌സ്, ജെഎസ് എന്റർ പ്രൈസസ്, ആജ്ഞനേയ ഇൻഡസ്ട്രിസ് , മിന്നു ട്രെയ്‌ഡേഴ്‌സ് എന്നിവയിൽ നിന്ന് വാങ്ങിയ ഒരു തുണിസഞ്ചിയുടെ വില 7.90 രൂപ മുതൽ 8.66 രൂപ വരെയാണ്.
മരിയൻ സ്‌പൈസിൽ നിന്ന് വാങ്ങിയ ഒരു തുണിസഞ്ചിയുടെ വില 8.46 രൂപ മുതൽ 8.66 രൂപ വരെയാണ്. 7.99 രൂപയ്ക്ക് ശ്യാം ഇംപെക്‌സിൽ നിന്നും 8.50 രൂപക്ക് മാരുതി ഓഫിസ് സൊല്യൂഷനിൽ നിന്നും 7.90 രൂപക്ക് വിവിഗോ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും തുണിസഞ്ചി വാങ്ങിയെന്നും ഭക്ഷ്യ മന്ത്രി ജി. ആർ അനിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ രേഖകൾ പരിശോധിക്കുമ്പോൾ സർക്കാർ തുണി സഞ്ചിക്ക് ചെലവായി എന്ന് പറയുന്ന തുക വാസ്തവ വിരുദ്ധമാണെന്നാണ് വ്യക്തമാകുന്നത്.
- എല്ലാ മലയാളികൾക്കും മറുനാടൻ മലയാളി കുടുംബത്തിന്റെ തിരുവോണ ആശംസകൾ. തിരുവോണ ദിനത്തിൽ (08/09/2022 -വ്യാഴാഴ്ച) ഓഫീസ് അവധി ആയതിനാൽ മറുനാടൻ മലയാളി സൈറ്റ് അപ്‌ഡേഷൻ ഉണ്ടായിരിക്കുന്നതല്ല.