- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വി കെ പ്രശാന്തിന്റെ ഓഫീസ് വിവാദം വടിയാക്കി സിപിഎമ്മിനെ പ്രഹരിക്കാന്‍ ബിജെപി; കോര്‍പ്പറേഷനില്‍ കെട്ടിടങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കുന്നതില്‍ വന്‍ ക്രമക്കേടെന്ന് കണ്ടെത്തല്‍; കടകള്‍ കൈമാറിയത് മാസത്തില്‍ 250 രൂപ വാടകയ്ക്ക് വരെ! സിപിഎ ഭരണസമതികള്‍ നേതൃത്വം കൊടുത്ത വാടക കൊള്ളയില്‍ സമഗ്ര അന്വേഷണം നടത്തും; മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കും
വി കെ പ്രശാന്തിന്റെ ഓഫീസ് വിവാദം വടിയാക്കി സിപിഎമ്മിനെ പ്രഹരിക്കാന്‍ ബിജെപി
തിരുവനന്തപുരം: ഓഫീസിനെ ചൊല്ലി വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്തും ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയും തമ്മിലുണ്ടായ തര്‍ക്കം ആയുധമാക്കി സിപിഎമ്മിനെ നേരിടാന്‍ ബിജെപിയുടെ നീക്കം. തിരുവനന്തപുരം കോര്‍പ്പറേഷന്റെ കെട്ടിടങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് വാടകക്ക് നല്‍കുന്നതില്‍ വന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന വാദം ഉയര്‍ത്തി വിഷയം സിപിഎമ്മിനെതിരെ തിരിച്ചുവിടാനാണ് തിരുവനന്തപുരത്തെ പുതിയ കോര്‍പ്പറേഷന്‍ ഭരണസമതിയുടെ നീക്കം നടക്കുന്നത്. കോര്‍പ്പറേഷന്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടക നല്‍കിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്താനാണ് നീക്കം നടക്കുന്നത്.
കോര്‍പ്പറേഷനിലെ കെട്ടിടങ്ങള്‍ വാടകക്ക് നല്‍കിയതിന്റെ മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കും. മിക്ക കെട്ടിടങ്ങളും കടമുറികളും പല ആളുകള്‍ കൈമാറി ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തല്‍. സിപിഎമ്മിന്റെ ഭരണ സ്വാധീനത്തില്‍ നടന്ന ഇത്തരം ക്രമക്കേടുകളെ ശക്തമായി നേരിടാനാണ് നീക്കം നടക്കുന്നത്. ഉയര്‍ന്ന തുകക്കാണ് ഇത്തരം കൈമാറ്റം നടന്നിട്ടുള്ളതെന്നും യഥാര്‍ത്ഥ വാടക്കാരല്ല ഇവ ഇപ്പോള്‍ ഉപയോഗിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ബിജെപിക്കായിരുന്നു മേധാവിത്വം. അക്കാലത്തു തന്നെ ക്രമക്കേട് ബോധ്യപ്പെട്ടിരുന്നുവെന്നാണ് ബിജെപി നേതാക്കള്‍ വ്യക്തമാക്കുന്നത്. പല വാണിജ്യ സ്ഥാപനങ്ങളും തലമുറകള്‍ കൈമാറിയെന്നും കണ്ടെത്തിയിട്ടുണ്ട്. അനധികൃത കൈമാറ്റം എല്ലാം തിരിച്ചു പിടിക്കാനാണ് കോര്‍പ്പറേഷന്റെ തീരുമാനം. മാസത്തില്‍ 250 രൂപ വാടകക്ക് വരെ കടകള്‍ കൈമാറിയിട്ടുണ്ട്. ഇവയെല്ലാം വന്‍ തുകക്ക് മറിച്ചു നല്‍കി ലക്ഷങ്ങള്‍ സമ്പാദിക്കുന്നുവെന്നാണ് കണ്ടെത്തല്‍. കുറഞ്ഞ വാടകക്ക് നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ മാനദണ്ഡം എന്താണെന്ന് സെക്രട്ടറി വ്യക്തമാക്കണമെന്നാണ് പുതിയ ഭരണ സമതിയുടെ ആവശ്യം.
വികെ പ്രശാന്ത് എംഎല്‍എയോട് ഓഫീസ് ഒഴിയണമെന്ന് ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ ആവശ്യപ്പെട്ടത് രാഷ്ട്രീയ വിവാദമായി മാറിയതിനിടെയാണ് കോര്‍പ്പറേഷന്റെ കെട്ടിടങ്ങള്‍ വാടകക്ക് നല്‍കുന്നതില്‍ സമഗ്ര അന്വേഷണവുമായി മുന്നോട്ടുപോകുന്നത്. സിപിഎമ്മിന്റെ മുന്‍ ഭരണ സമതികള്‍ നടത്തിയ അഴിമതികളില്‍ അന്വേഷണം വേണെന്ന ആവശ്യം നേരത്തെ തന്നെ ഉയരുന്നുണ്ട്. ഇപ്പോള്‍ സിപിഎം തന്നെ നല്‍കിയ അവസരം അവരെ അടിക്കാനുള്ള വടിയാക്കാനാണ് ബിജെപിയുടെ ശ്രമം.
അതേസമയം ശ്രീലേഖ ഓഫീസ് ആവശ്യപ്പെട്ട വിവാദം രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്നും വാടകക്ക് കെട്ടിടങ്ങള്‍ നല്‍കുന്നതില്‍ ആവശ്യമായ പരിശോധന നടത്തുമെന്നും അന്വേഷിക്കുമെന്നും തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വിവി രാജേഷ് ഇന്നലെ വ്യക്തമാക്കിയിരുന്നു. കെട്ടിടങ്ങള്‍ വാടകക്ക് നല്‍കുന്നതിന്റെ രേഖകളടക്കം വിശദമായി പരിശോധിക്കുമെന്നും വിവി രാജേഷ് പറഞ്ഞിരുന്നു.
അതേസമയം, എംഎല്‍എയുടെയും കൗണ്‍സിലറുടെയും ഓഫീസ് കെട്ടിടങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള വാടക കരാറിന്റെ മറവില്‍ നേടിയതാണെന്നും ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകന്‍ സര്‍ക്കാരിന് ഇന്നലെ പരാതി നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം ശാസ്തമംഗലത്തുള്ള കോര്‍പ്പറേഷന്റെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ. പ്രശാന്തിന്റെയും ശാസ്തമംഗലം വാര്‍ഡ് കോര്‍പ്പറേഷന്‍ കൗണ്‍സിലറുടെയും ഓഫീസുകള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള രഹസ്യ വാടക കരാറിന്റെ മറവില്‍ നേടിയെടുത്തതാണെന്നും അന്വേഷണം നടത്തി ഒഴിപ്പിക്കണമെന്നുമാണ് പരാതി.
ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്സിങ് ആണ് ഇത് സംബന്ധിച്ച പരാതി ചീഫ് സെക്രട്ടറിക്ക് നല്‍കിയത്. അതേസമയം ശ്രീലേഖയുടെ ആവശ്യം രാഷ്ട്രീയമായി ബിജെപിക്ക് ക്ഷീണം ചെയ്തിരുന്നു. ഈ ക്ഷീണം മറികടക്കാന്‍ വേണ്ടിക്കൂടിയാണ ഇപ്പോഴത്തെ അന്വേഷണ ശ്രമങ്ങളും നടക്കുന്നത്.
300 സ്‌ക്വയര്‍ ഫീറ്റ് റൂം 832 രൂപയ്ക്കാണ് പ്രശാന്തിന് നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ സ്വകാര്യ വ്യക്തികള്‍ക്ക് വാടകക്ക് നല്‍കിയിട്ടുണ്ടോ എന്നും പരിശോധിക്കും. എംഎല്‍എ ഓഫീസിന് ഇളവ് നല്‍കാവുന്നതാണ്. രേഖകള്‍ പരിശോധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയാം. സ്വകാര്യ വ്യക്തികള്‍ക്ക് കോര്‍പ്പറേഷന്‍ കെട്ടിടം കുറഞ്ഞ വാടകയ്ക്ക് കൊടുത്തിട്ടുണ്ടോ എന്ന് സമഗ്രമായ അന്വേഷണം നടത്തുമെന്നും വിവി രാജേഷ് പറഞ്ഞു. നികുതിപ്പണം പിരിഞ്ഞു കിട്ടുന്നുണ്ടോയെന്നും പരിശോധിക്കും.
സിപിഎമ്മിനെ പരാജയപ്പെടുത്തി ബിജെപി അധികാരം പിടിച്ച തിരുവനന്തപുരം കോര്‍പ്പറേഷനിലെ ആദ്യ രാഷ്ട്രീയ തര്‍ക്കമായി മാറിയിരിക്കുയാണ് ശാസ്തമംഗലത്തെ വികെ പ്രശാന്ത് എംഎല്‍എയുടെ ഓഫീസ്. കോര്‍പറേഷനാണ് കെട്ടിടത്തിന്റെ അവകാശമെന്നും കൗണ്‍സിലറുടെ ഓഫീസ് പ്രവര്‍ത്തിക്കേണ്ട സ്ഥലമാണെന്നും ആര്‍. ശ്രീലേഖ പറഞ്ഞു. വി.കെ. പ്രശാന്ത് സഹോദര തുല്യനാണെന്നും ഒരു മുറി വിട്ടു തരണമെന്ന് അഭ്യര്‍ത്ഥിക്കുക മാത്രമാണ് ചെയ്തതെന്നും ശ്രീലേഖ പറഞ്ഞു. യാചനസ്വരത്തിലാണ് താന്‍ സംസാരിച്ചത്. തനിക്ക് ഓഫീസ് ഇല്ലെന്ന് എം.എല്‍.എ.യെ അറിയിക്കുകയായിരുന്നു. എന്നാല്‍ വിട്ടു തരാനാകില്ലെന്ന് വി.കെ. പ്രശാന്ത് പറഞ്ഞെന്നും ആര്‍. ശ്രീലേഖ വ്യക്തമാക്കി.
എം.എല്‍.എക്ക് എവിടെ വേണമെങ്കിലും ഓഫീസ് ലഭിക്കും. പക്ഷെ കൗണ്‍സിലറായ താന്‍ എന്ത് ചെയ്യും?. വി.കെ. പ്രശാന്തുമായുള്ള സൗഹൃദ സംഭാഷണം വിവാദമാക്കരുതെന്നും ആര്‍. ശ്രീലേഖ പറഞ്ഞു. നേതൃത്വവുമായി ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതിനിടെ എംഎല്‍എ ഓഫീസിലെത്തി കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ വി കെ പ്രശാന്തിനെ കണ്ടു. ആര്‍ ശ്രീലേഖയുടെ യാചന സ്വീകരിച്ചുകൊണ്ട് എല്‍എല്‍എ ഓഫീസ് ഒഴിയാനാകില്ലെന്നും കാലാവധി കഴിഞ്ഞാലും ഒഴിയുന്ന കാര്യം ആലോചിച്ച് മാത്രമേ തീരുമാനിക്കുകയുള്ളൂവെന്നും വി കെ പ്രശാന്ത് പ്രതികരിച്ചു. വാടക കാലാവധി കഴിയുന്നതുവരെ എംഎല്‍എ ഓഫീസില്‍ തുടരും. ഇതുവരെയുള്ള കൗണ്‍സിലര്‍മാര്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വി കെ പ്രശാന്തിനെ ഇന്നലെ രാവിലെ ഫോണില്‍ വിളിച്ചാണ് ഈ കെട്ടിടത്തിലുള്ള വാര്‍ഡ് കൗണ്‍സിലറുടെ ഓഫീസില്‍ സൗകര്യമില്ലെന്നും അതുകൊണ്ട് ഇതേസ്ഥലത്തുള്ള എംഎല്‍എ ഓഫീസ് ഒഴിയണമെന്നും ശ്രീലേഖ ആവശ്യപ്പെട്ടത്. കൗണ്‍സില്‍ തനിക്ക് അനുവദിച്ച സമയപരിധി മാര്‍ച്ച് 31 വരെയാണെന്നും അതുവരെ ഒഴിയില്ലെന്നുമാണ് പ്രശാന്ത് ഇതിന് മറുപടി നല്‍കിയത്. തദ്ദേശ മന്ത്രി എം ബി രാജേഷും മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും കക്ഷി ചേര്‍ന്നതോടെ ഓഫീസ് ഒഴിപ്പിക്കല്‍ വിവാദം കൊഴുത്തു.




