- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഓണസങ്കല്പം മുന്നോട്ടു വെക്കുന്നതിനേക്കാള്‍ സമൃദ്ധിയും സമത്വവും സന്തോഷവും നിറഞ്ഞ കേരളമായിരിക്കണം നമ്മുടെ ലക്ഷ്യമെന്ന് ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി; സന്തോഷവും മുന്നോട്ടുള്ള യാത്രയില്‍ കരുത്തും നല്‍കുന്നതാകട്ടെ ഇത്തവണത്തെ ഓണാഘോഷമെന്ന് പ്രതിപക്ഷ നേതാവ്; ഓണാശംസകളുമായി പിണറായിയും സതീശനും
തിരുവനന്തപുരം: മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണസങ്കല്പം മുന്നോട്ടുവെക്കുന്നതിനേക്കാള്‍ സമൃദ്ധിയും സമത്വവും സന്തോഷവും നിറഞ്ഞ കേരളമായിരിക്കണം നമ്മുടെ ലക്ഷ്യമെന്ന് അദ്ദേഹം ആശംസകള്‍ നേര്‍ന്നുകൊണ്ട് പറഞ്ഞു. അതേസമയം, ഈ മഹോദ്യമത്തെയാകെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയതയുടേയും ഭിന്നിപ്പിന്റേയും അപരവിദ്വേഷത്തിന്റേയും വിഷം തുപ്പുന്നവരെ തിരിച്ചറിയാനും ജാഗ്രതയോടെ അകറ്റിനിര്‍ത്താനും ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പ്രതിപക്ഷ നേതാവ് വിഡി സതീശനും ഓണാശംസകള്‍ നേര്‍ന്നു.
മുഖ്യമന്ത്രി പിണറായി വിജയശന്റ ഓണാശംസ
ഭേദചിന്തകളൊന്നുമില്ലാതെ ലോകമെങ്ങും മലയാളികള്‍ ഒത്തുചേരുന്ന ആഘോഷമാണ് ഓണം. വിശാലമായ മനുഷ്യസ്നേഹം നെഞ്ചോടു ചേര്‍ത്തും പരസ്പരംസ്നേഹം പങ്കുവച്ചും സമഭാവനയും സാഹോദര്യവും പകരുന്ന ആനന്ദം നാമോരോരുത്തരും അനുഭവിച്ചറിയുന്നു. ഓണസങ്കല്പം മുന്നോട്ടുവെക്കുന്നതിനേക്കാള്‍ സമൃദ്ധിയും സമത്വവും സന്തോഷവും നിറഞ്ഞ കേരളമായിരിക്കണം നമ്മുടെ ലക്ഷ്യം. ഇത്തവണത്തെ ഓണം ആ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ നമുക്ക് ഊര്‍ജ്ജവും പ്രചോദനവും പകരട്ടെ. വികസിത കേരളമെന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കുന്നതോടൊപ്പം ഒരാളെപ്പോലും വിട്ടുപോകാതെ അതിന്റെ ഗുണഫലം തുല്യമായി പങ്കുവെക്കാനും നമുക്ക് സാധിക്കണം.
അതേസമയം, ഈ മഹോദ്യമത്തെയാകെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയതയുടേയും ഭിന്നിപ്പിന്റേയും അപരവിദ്വേഷത്തിന്റേയും വിഷം തുപ്പുന്നവരെ തിരിച്ചറിയാനും ജാഗ്രതയോടെ അകറ്റിനിര്‍ത്താനും നാം ശ്രദ്ധിക്കേണ്ടതുണ്ട്. കേരളമെന്നാല്‍ ഐക്യത്തിന്റേയും സമാധാനത്തിന്റേയും മാതൃകസ്ഥാനമാണെന്ന് അവരെ ബോധ്യപ്പെടുത്താന്‍ നമുക്ക് കഴിയണം. സ്നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും മൂല്യങ്ങളെ ഉയര്‍ത്തിപിടിച്ചുകൊണ്ട് ഈ ആഘോഷവേളയില്‍ നമുക്കൊരുമിക്കാം. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍!
പ്രതിപക്ഷ നേതാവിന്റെ ഓണാശംസ
ജാതി മത ചിന്തകള്‍ക്ക് അതീതമായി എല്ലാ മലയാളികളുടെയും അഭിമാനകരമായ ആഘോഷമാണ് ഓണം. നമ്മുടെ സങ്കടങ്ങളും പ്രതിസന്ധികളും മാറ്റിവച്ച്, കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം എല്ലാവരും ഒന്നുപോലെയായിരുന്ന ഒരു കാലത്തെ കുറിച്ചുള്ള നിറഞ്ഞ സങ്കല്‍പങ്ങളുമായാണ് നാം ഓണം ആഘോഷിക്കുന്നത്.
അതിജീവനത്തിനുളള കരുത്തും ആത്മവിശ്വാസവുമാണ് ഒരോ ആഘോഷങ്ങളിലൂടെയും നാം കൈവരിക്കുന്നത്. സന്തോഷവും മുന്നോട്ടുള്ള യാത്രയില്‍ കരുത്തും നല്‍കുന്നതാകട്ടെ ഇത്തവണത്തെ ഓണാഘോഷം. ഏവര്‍ക്കും ഹൃദ്യമായ ഓണാശംസകള്‍.
(തിരുവോണം പ്രമാണിച്ച് നാളെ (5.09.2025) ഓഫീസിന് അവധി ആയതിനാല്‍ മറുനാടന്‍ മലയാളിയില്‍ വാര്‍ത്തകള്‍ അപ്ഡേറ്റ് ചെയ്യുന്നതല്ല. പ്രിയ വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍- എഡിറ്റര്‍)