കണ്ണൂര്‍: തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡിലെ പി.കെ കോംപ്‌ളക്‌സിലുണ്ടയ തീപ്പിടുത്തതില്‍ വ്യാപാരത്തിലൂടെ ലഭിച്ച വിറ്റുവരവും സാധനങ്ങള്‍ ഇറക്കാന്‍ സ്വരുക്കൂട്ടിയ കാശും ഉള്‍പ്പടെ ഒരു കോടി വിലമതിക്കുന്ന നോട്ടുകളാണ് കത്തിയമര്‍ന്ന് ചാരമായത്. എന്നാല്‍, ഈ വിയര്‍പ്പ് തുന്നിയുണ്ടാക്കിയ സമ്പാദ്യമൊക്കെ മുന്നില്‍ കത്തിയമരുന്നത് കണ്ടുനില്‍ക്കേണ്ട നില്‍ക്കേണ്ട നിസഹായാവസ്ഥയിലായിരുന്നു വ്യാപാരികള്‍. തീ പടര്‍ന്നപ്പോല്‍ ജീവന്‍ രക്ഷിക്കാനുള്ള തത്രപ്പാടില്‍ എല്ലാം ഉപേക്ഷിച്ച് പ്രാണന്‍ കൈയ്യിലെടുത്ത് അവര്‍ പുറത്തേക്ക് ഓടുകയായിരുന്നു അവര്‍. തുടര്‍ന്ന് ബക്കറ്റിലും പാത്രങ്ങളിലുമായി വെള്ളമെടുത്ത് വ്യാപാരികള്‍ തീ അണയ്ക്കാന്‍ ശ്രമിച്ചിരുന്നു.

ഒന്ന് മുതല്‍ മൂന്ന് ദിവസം വരെയുള്ള വിറ്റുവരവാണ് പല കടകളിലും ഉണ്ടായിരുന്നത്. തീപ്പിടുത്തത്തില്‍ ഇത്രയധികം നാശനഷ്ടമുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് വ്യാപാരികള്‍ പറയുന്നു. വേഗം തീയണയ്ക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് കളക്ഷന്‍ പണമൊന്നും വ്യാപാരികള്‍ എടുത്തുമാറ്റാഞ്ഞതെന്നും അവര്‍ പറയുന്നു. ഴിഞ്ഞ വ്യാഴായ്ച വൈകിട്ടായിരുന്നു തളിപ്പറമ്പ് ബസ്റ്റാന്‍ഡിന് സമീപത്തെ കെവി കോംപ്ലക്സിലുള്ള കളിപ്പാട്ട വില്‍പനശാലയില്‍ വന്‍ തീപ്പിടുത്തമുണ്ടായത്. സമീപത്തെ മറ്റു കടകളിലേക്കും തീ പടരുകയായിരുന്നു.

തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡിന് സമീപത്തെവ്യാപാര സമുച്ചയത്തില്‍ വ്യാഴാഴ്ച ഉണ്ടായ തീപ്പിടിത്തത്തില്‍ വലിയ തോതില്‍ നാശനഷ്ടം സംഭവിച്ച വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങള്‍ക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കുമെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ ഉറപ്പുനല്‍കിയിട്ടുണ്ട്.. അഗ്നിബാധിത പ്രദേശത്ത് സന്ദര്‍ശനം നടത്തിയ ശേഷം തളിപ്പറമ്പ് താലൂക്ക് ഓഫീസില്‍ ചേര്‍ന്ന വിവിധ വകുപ്പ് മേധാവികളുടെയും വ്യാപാരികളുടെയും തൊഴിലാളി പ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം അറിയിച്ചതായും എംഎല്‍എ പറഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ സമീപകാലത്തുണ്ടായ ഏറ്റവും വലിയ ദുരന്തമാണ് തളിപ്പറമ്പില്‍ സംഭവിച്ചത്. നൂറിലേറെ കടകളാണ് പൂര്‍ണമായും അഗ്നിക്കിരയായത്. ഒരാഴ്ചയ്ക്കകം എല്ലാ വ്യാപാരികളില്‍ നിന്നും നഷ്ടപരിഹാരത്തിനുള്ള അപേക്ഷ സ്വീകരിക്കാന്‍ റവന്യൂ വകുപ്പ് അടിയന്തരമായി നടപടി സ്വീകരിക്കും. നഷ്ടപരിഹാരം അനുവദിക്കുന്നതില്‍

സങ്കേതികത്വം ഒഴിവാക്കി ദുരന്ത ബാധിതര്‍ക്ക് അനൂകൂലമായ നടപടികള്‍ എടുക്കണമെന്ന് എം എല്‍ എ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.

വ്യാപാരികള്‍ പറയുന്നത് സര്‍ക്കാര്‍ മുഖവിലക്കെടുക്കും. വ്യാപാരസമുച്ചയങ്ങളിലെ നൂറിലേറെ കടകളില്‍ ജോലി ചെയ്തിരുന്ന ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പെടെയുള്ള 400 ലേറെ തൊഴിലാളികളുടെ പുനരധിവാസം പരിഗണിക്കേണ്ടതുണ്ട്. സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുള്ള പരമാവധി സഹായം ദുരന്തബാധിതര്‍ക്ക് നല്‍കാന്‍ ശ്രമിക്കും.

അഗ്നിബാധ നിയന്ത്രണ വിധേയമാക്കാന്‍ സഹായിച്ച കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍, ജില്ലാ ഭരണകൂടം, പോലീസ്, സന്നദ്ധ പ്രവര്‍ത്തകര്‍, കക്ഷിരാഷ്ട്രീയഭേദമന്യേ പ്രവര്‍ത്തിച്ച നാട്ടുകാര്‍ എന്നിവരെ അഭിനന്ദിക്കുന്നതായും എം എല്‍ എ പറഞ്ഞു. ജീവാപായം ഒഴിവാക്കാനും അഗ്നിബാധ കൂടുതല്‍ മേഖലകളിലേക്ക് പടരുന്നത് തടയാനും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സാധിച്ചു.

വ്യാപാരികളെയും തൊഴിലാളികളെയും പുനരധിവസിപ്പിക്കാന്‍ എല്ലാവിധ സഹകരണവും പൊതുസമൂഹത്തോട് യോഗം അഭ്യര്‍ത്ഥിച്ചു.