- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണ്‍ലൈന്‍ തട്ടിപ്പില്‍ 11 ലക്ഷം നഷ്ടപ്പെട്ടതോടെ പ്രേമയുടെ മനസ്സാകെ തകര്‍ന്നു; എല്ലാ ദു:ഖങ്ങളും ഗുരുവായൂരപ്പനോട് പറയാന്‍ ആരോടും മിണ്ടാതെ വീടുവിട്ടിറങ്ങി; ഉള്ളില്‍ തീയുമായി എന്തുസംഭവിച്ചു എന്നറിയാതെ ബന്ധുക്കള്‍; ഒടുവില്‍ മനസ് ശാന്തമായപ്പോള്‍ വീട്ടില്‍ തിരിച്ചെത്തി വീട്ടമ്മ
ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായ വീട്ടമ്മ തിരിച്ചെത്തി
ശ്രീകൃഷ്ണപുരം: ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി 11 ലക്ഷം രൂപ നഷ്ടപ്പെട്ട ശേഷം വീടുവിട്ടിറങ്ങിയ കടമ്പഴിപ്പുറം സ്വദേശിനിയായ വീട്ടമ്മ തിരിച്ചെത്തി. ഇന്നലെ രാത്രി 12 മണിയോടെയാണ് ആലങ്ങാട് ചല്ലിക്കല്‍ സ്വദേശിനിയായ പ്രേമ വീട്ടിലെത്തിയത്. ഗുരുവായൂരില്‍ കഴിഞ്ഞിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്.
സെപ്റ്റംബര്‍ 13 ന് അര്‍ദ്ധരാത്രിയോടെ പ്രേമയെ കാണാതാവുകയായിരുന്നു. ഫേസ്ബുക്ക് വഴി പരിചയപ്പെട്ടവര്‍ 15 കോടി രൂപ സമ്മാനം വാഗ്ദാനം ചെയ്ത് വിശ്വസിപ്പിച്ച് പ്രേമയില്‍ നിന്ന് 11 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി. തട്ടിപ്പ് പുറത്തറിഞ്ഞതോടെ വീട്ടുകാര്‍ സംഭവം സംസാരിക്കുകയും പിന്നീട് സൈബര്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. എന്നാല്‍, പണം നഷ്ടപ്പെട്ടതിലുള്ള മാനസിക സംഘര്‍ഷത്തെത്തുടര്‍ന്നാണ് പ്രേമ വീടുവിട്ടിറങ്ങിയതെന്ന് കരുതുന്നു.
സെപ്റ്റംബര്‍ രണ്ടിന് 11 ലക്ഷം രൂപയാണ് പ്രേമ തട്ടിപ്പുകാര്‍ ആവശ്യപ്പെട്ട അക്കൗണ്ടുകളിലേക്ക് അയച്ചത്. സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ചാണ് ഇവര്‍ പണം കണ്ടെത്തിയത്. പിന്നീട് വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് താന്‍ തട്ടിപ്പിനിരയായെന്ന് പ്രേമയ്ക്ക് ബോധ്യപ്പെട്ടത്.
പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രേമ കെഎസ്ആര്‍ടിസി ബസില്‍ ഗുരുവായൂരിലെത്തുന്നതിന്റെയും മമ്മിയൂര്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളിലെ തട്ടിപ്പുകളെക്കുറിച്ച് വലിയ ധാരണയില്ലാത്ത വ്യക്തിയായിരുന്നു പ്രേമ. തട്ടിപ്പ് പുറത്തുവന്നതോടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം തുടരുകയാണ്.
പ്രേമയെ കാണാതായതിനെ തുടര്‍ന്ന് ശ്രീകൃഷ്ണപുരം പോലീസ് കേസെടുത്തിരുന്നു. പിന്നാലെ ഓണ്‍ലൈന്‍ തട്ടിപ്പിനും പോലീസ് കേസെടുത്തിട്ടുണ്ട്. ഗുരുവായൂരില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇവരില്‍ നിന്ന് വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്ന് ശ്രീകൃഷ്ണപുരം എസ്എച്ച്ഒ എസ്. അനീഷ് അറിയിച്ചു.