തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐയും ഇടതുപക്ഷ അനുബന്ധ സംഘടനകളും ഉന്നത വിദ്യാഭ്യാസ മേഖലയിലെ സുതാര്യതയും അക്കാദമിക മൂല്യങ്ങളും നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന ആരോപണം പരിശോധിക്കാന്‍ രാജ്ഭവന്‍. ഡോ പ്രസാദിന്റെ പരാതിയിലാകും ഇടപെടല്‍.

പരീക്ഷാഫലങ്ങളിലും പ്രവേശനത്തിനു വരെ അനധികൃത കൈടത്തല്‍ നടത്തുന്നുവെന്നാണ് ആരോപണം. ഇടത് വിദ്യാര്‍ത്ഥി സംഘടനകളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ആരോപണങ്ങള്‍. 'കേരളയെ' നേരെയാക്കാന്‍ ഗവര്‍ണ്ണര്‍ക്ക് പുതിയൊരു പരാതി കൂടി. ഇത് സംബന്ധിച്ച് അദ്ദേഹം കേരള സര്‍വകലാശാല ചാന്‍സിലറാല ആരിഫ് മുഹമ്മദ് ഖാന് പരാതി നല്‍കി. അനധികൃതമായ പ്രചാരണങ്ങളും ഭീഷണിപ്പെടുത്തലുകളും സര്‍വകലാശാലയിലെ പാഠപദ്ധതികളിലും പരീക്ഷാ ഫലത്തിലും ഗുരുതരമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നും ഡോ പ്രസാദ് ചാനസലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

കുട്ടികള്‍ക്കും അധ്യാപകര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ പോലും ഇടത് പക്ഷ സംഘടനകള്‍ സമ്മതിക്കുന്നില്ല. എന്തെങ്കിലും പറഞ്ഞാല്‍ അടിച്ചമര്‍ത്തലും ഭീഷണിയുമാണ് നേരിടേണ്ടി വരുന്നത്. പ്രശ്നങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ അക്കാദമിക നേട്ടങ്ങള്‍ പോലും മറികടക്കാന്‍ അനുവദിക്കാതെ ചൂഷണത്തിന് ഇരയാക്കുന്നുണ്ട്. ഇത് വിദ്യാര്‍ഥികള്‍ കടുത്ത ഭയമാണ് ഉണ്ടാക്കുന്നത്.

കൂടാതെ പരീക്ഷാ ഫലങ്ങളിലും യോഗ്യത ഇല്ലാത്തവര്‍ക്ക് ഉന്നത വിജയവും ഉണ്ടാകുന്നത് ഇപ്പോള്‍ തുടള്‍ക്കഥയായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷങ്ങളിലെ പരീക്ഷാ ഫലങ്ങളില്‍ അപാകതകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ചില ഇടതുപക്ഷ അനുബന്ധ സംഘടനകള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നതിന്റെ ഭാഗമായി ചില വിദ്യാര്‍ത്ഥികള്‍ യോഗ്യതയില്ലാതെ വിജയിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. യോഗ്യത നേടിയിട്ടില്ലാത്തവര്‍ പോലും പരീക്ഷകളില്‍ വിജയം നേടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്, ഇത് സര്‍വകലാശാലയുടെ മാന്യതയും വിശ്വാസ്യതയും നഷ്ടപ്പെടുന്നതിന് കാരണമാകുന്നു.

അതേസമയം, സര്‍വകലാശാലയില്‍ പ്രവേശനത്തിനായി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കുന്ന രീതികളും വ്യാപകമായി നടക്കുന്നുണ്ട്. ഈ പ്രവര്‍ത്തിയെ എസ്എഫ്ഐ നേതാക്കള്‍ ഉള്‍പ്പെടെ ചിലര്‍ പിന്തുണ നല്‍കുന്നുമുണ്ട്. മുന്‍ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പ്രവേശനം നേടാന്‍ ശ്രമിച്ചതും ചൂണ്ടികാട്ടുന്നു. ബി.എസ്.സി (2022) ബാച്ചില്‍ വിദ്യാര്‍ത്ഥിയായിരുന്ന വിധു ഉദയിന്റെ വിഷയവും ചര്‍ച്ചയാക്കുന്നു.

ഈ പ്രശ്‌നത്തില്‍ കേരള സര്‍വകലാശാലയുടെ വിശ്വാസ്യത രക്ഷിക്കാന്‍ ഉന്നത അധികാരികള്‍ അടിയന്തര ഇടപെടലുകള്‍ നടത്തണമെന്നാണ് ഡോ പ്രസാദിന്റെ ആവശ്യം. വിദ്യാര്‍ത്ഥികളുടെ അക്കാദമിക മികവ് സംരക്ഷിക്കാനും ശരിയായ പഠനാന്തരീക്ഷം ഉറപ്പുവരുത്താനുമാണ് ചാന്‍സിലര്‍ക്ക് ഇത്തരത്തിലൊരു കത്ത് നല്‍കുന്നതെന്നാണ് പ്രസാദ് വിശദീകരിക്കുന്നത്.

കൃത്യമായ നടപടി സ്വീകരിച്ചാല്‍ മാത്രമേ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും വിശ്വാസം വീണ്ടെടുക്കാന്‍ സാധിക്കുകയുള്ളൂ അദ്ദേഹത്തിന്റെ നിലപാട്. ഇതില്‍ രാജ് ഭവനും പരിശോധനകള്‍ നടത്തും. കേരളാ യൂണിവേഴ്‌സിറ്റിയില്‍ അടുത്ത കാലത്തുയര്‍ന്ന എല്ലാ വിഷയങ്ങളെ പോലെ ഇതും പരിഗണിക്കാനാണ് തീരുമാനം.