ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധിയുടെ ജീവന്‍ പൊലിഞ്ഞ തീരുമാനം എടുത്തത് ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ എന്ന നടപടിയുടെ പേരിലായിരുന്നു. സുവര്‍ണ ക്ഷേത്രത്തില്‍ നിന്നും ബിന്ദ്രന്‍വാലെയെയും സംഘത്തെയും തുരത്താന്‍ എടുത്ത സൈനിക തീരുമാനമായിരുന്നു അത്. 50 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ വിഷയത്തില്‍ വിവാദ പരാമര്‍ശവുമായി രംഗത്തുവന്നത് മുതിര്‍ന്ന നേതാവ് പി ചിദംബരമാണ്. 1984 ല്‍ നടത്തിയ ആഭ്യന്തര സൈനികനടപടിയായ ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ തെറ്റായിരുന്നുവെന്ന് തുറന്നുപറഞ്ഞത് മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരമാണ്. ആ തീരുമാനം അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി ഒറ്റയ്‌ക്കെടുത്തതല്ലെന്ന് പറഞ്ഞ ചിദംബരം അതിന് ഇന്ദിരാ ഗാന്ധിക്ക് തന്റെ ജീവന്‍ തന്നെ വിലയായി നല്‍കേണ്ടി വന്നുവെന്നും കൂട്ടിച്ചേര്‍ത്തു. 1984 ജൂണ്‍ ഒന്നുമുതല്‍ 10 വരെയാണ് ഈ സൈനിക നടപടി നീണ്ടുനിന്നത്.

'ഒരു സൈനിക ഉദ്യോഗസ്ഥരോടും അനാദരവില്ല, പക്ഷേ സുവര്‍ണ്ണക്ഷേത്രം തിരിച്ചുപിടിക്കാന്‍ അത് തെറ്റായ മാര്‍ഗമായിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, സൈന്യത്തെ പുറത്തുനിര്‍ത്തിക്കൊണ്ട് അത് തിരിച്ചുപിടിക്കാനുള്ള ശരിയായ മാര്‍ഗം ഞങ്ങള്‍ കാണിച്ചുകൊടുത്തു. ബ്ലൂ സ്റ്റാര്‍ ഒരു തെറ്റായ വഴിയായിരുന്നു. ആ തെറ്റിന് ഇന്ദിരാ ഗാന്ധിക്ക് തന്റെ ജീവന്‍ വിലയായി നല്‍കേണ്ടി വന്നു എന്ന് ഞാന്‍ സമ്മതിക്കുന്നു.'' - കസൗളിയില്‍ നടന്ന ഒരു സാഹിത്യോത്സവത്തില്‍ ചിദംബരം പറഞ്ഞു.

അത് സൈന്യം, പോലീസ്, രഹസ്യാന്വേഷണ വിഭാഗം, സിവില്‍ സര്‍വീസ് എന്നിവരുടെയെല്ലാം കൂട്ടായ തീരുമാനമായിരുന്നു. അതിന്റെ കുറ്റം ഇന്ദിരാ ഗാന്ധിയുടെ മേല്‍ മാത്രം ചുമത്താന്‍ കഴിയില്ലെന്നും മുന്‍ ധനമന്ത്രി പറഞ്ഞു. ഇന്ന് പഞ്ചാബില്‍ ഖാലിസ്ഥാന് വേണ്ടിയുള്ള മുറവിളികള്‍ വലിയൊരളവില്‍ ഇല്ലാതായതായും സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനത്തെ പ്രധാന പ്രശ്‌നമെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു. 'ഖാലിസ്ഥാന് വേണ്ടിയുള്ളതോ വിഘടനവാദത്തിനുള്ളതോ ആയ മുറവിളികള്‍ പ്രായോഗികമായി അവസാനിച്ചു എന്നാണ് എന്റെ പഞ്ചാബ് സന്ദര്‍ശനങ്ങള്‍ എന്നെ ബോധ്യപ്പെടുത്തിയത്. യഥാര്‍ഥ പ്രശ്‌നം സാമ്പത്തിക സാഹചര്യമാണ്. നിയമവിരുദ്ധ കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും പഞ്ചാബില്‍ നിന്നുള്ളവരാണ്,'- അദ്ദേഹം പറഞ്ഞു.

അതേസമയം വിവാദ പരാമര്‍ശത്തില്‍ ചിദംബരത്തിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ നിന്നും വിമര്‍ശനം ഉയരുന്നു. ചിദംബരത്തിന്റെ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. ചിദംബരം സമ്മര്‍ദത്തിലാണെന്നും ബിജെപിയുടെ നിലപാട് ആവര്‍ത്തിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് റാഷിദ് ആല്‍വി പറഞ്ഞു.

'ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ ശരിയോ തെറ്റോ എന്നത് ചര്‍ച്ചാവിഷയമാണ്. എന്നാല്‍ 50 വര്‍ഷത്തിനു ശേഷം പി ചിദംബരം എന്തിനാണ് കോണ്‍ഗ്രസിനെ ലക്ഷ്യം വയ്ക്കുന്നത് ഇന്ദിരാഗാന്ധി തെറ്റായ നടപടി സ്വീകരിച്ചുവെന്ന് പറയുന്നു. ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറയുന്ന അതേ കാര്യമാണ് ചിദംബരവും പറയുന്നത്,' സംസാരിക്കവേ റാഷിദ് ആല്‍വി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ചിദംബരത്തിന്റെ പരാമര്‍ശത്തെ കോണ്‍ഗ്രസ് വൃത്തങ്ങള്‍ അപലപിച്ചു. 'പാര്‍ടി എല്ലാം നല്‍കിയിട്ടുള്ള ഒരു മുതിര്‍ന്ന നേതാവ് ഉത്തരവാദിത്തത്തോടെ സംസാരിക്കണം. പാര്‍ടിയെ വേദനിപ്പിക്കുന്ന ആവര്‍ത്തിച്ചുള്ള പ്രസ്താവനകള്‍ ശരിയല്ല' എന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര സൈനിക നടപടിയായിരുന്നു ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍. ക്ഷേത്രത്തില്‍ തമ്പടിച്ചിരുന്ന ഖലിസ്താന്‍ വിഘടനവാദ നേതാവ് ജര്‍ണെയില്‍ സിങ് ഭിന്ദ്രന്‍വാലയെയും അനുയായികളെയും ഒഴിപ്പിക്കാന്‍ നടത്തിയ നിര്‍ണായക നീക്കമായിരുന്നു അത്.

ഖലിസ്താന്‍ എന്ന പേരില്‍ സിഖ് പരമാധികാരമുള്ള രാജ്യം വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. 1984 ജനുവരി 26-ന് റിപ്പബ്ലിക് ദിനത്തില്‍ സുവര്‍ണക്ഷേത്രസമുച്ചയത്തില്‍ ത്രിവര്‍ണ പതാകയ്ക്ക് പകരം ഖലിസ്താന്‍ പതാകയാണുയര്‍ത്തിയത്. സിഖ് പരമാധികാരമുള്ള രാഷ്ട്രം വേണമെന്നാവശ്യപ്പെട്ട് 1984 ജൂണ്‍ മൂന്നിന് പ്രക്ഷോഭമാരംഭിക്കുമെന്ന പ്രഖ്യാപനം വന്നതോടെ കേന്ദ്രം കടുത്ത നടപടികളിലേക്ക് നീങ്ങി. അങ്ങനെയാണ് ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന് ഉത്തരവാകുന്നത്.

സുവര്‍ണക്ഷേത്രസമുച്ചയത്തില്‍നിന്ന് ഭിന്ദ്രന്‍വാലയെയും കൂട്ടാളികളെയും പുറത്താക്കാന്‍ ഓപ്പറേഷന്‍ മെറ്റല്‍, പഞ്ചാബിലെങ്ങും ഭീകരവാദികളെ തുരത്താന്‍ ഓപ്പറേഷന്‍ ഷോപ്പ്, അതിര്‍ത്തികളില്‍ വളഞ്ഞുള്ള ഓപ്പറേഷന്‍ വുഡ്റോസ് എന്നിവ ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്റെ ഭാഗമായിരുന്നു. ഒടുവില്‍ സുവര്‍ണക്ഷേത്രത്തില്‍ യുദ്ധസന്നാഹങ്ങളോടെ കയറിയാണ് സൈന്യം ഭിന്ദ്രന്‍വാലയെയും കൂട്ടരെയും വധിച്ചത്. ഔദ്യോഗികരേഖകള്‍പ്രകാരം ഓപ്പറേഷനില്‍ 83 സൈനികര്‍ക്ക് ജീവന്‍നഷ്ടമായി. ഖലിസ്താന്‍വാദികളും പൊതുജനങ്ങളുമടക്കം അഞ്ഞൂറിലേറെപ്പേര്‍ മരിച്ചെന്നുമാണ് സര്‍ക്കാര്‍ കണക്കുകള്‍.