- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ചൈനീസ് നിര്‍മിത അള്‍ട്രാ ഹൈ ഫ്രീക്വന്‍സി റേഡിയോ ഉപയോഗിച്ചുള്ള ആശയവിനിമയം; വീണ്ടും ആക്ടീവായതോടെ ട്രാക്ക് ചെയ്തു; നാടോടികള്‍ കൈമാറിയ വിവരവും നിര്‍ണായകമായി; മരച്ചുവട്ടില്‍ കൂടാരത്തിനുള്ളില്‍ ഭീകരരുടെ സുഖനിദ്ര; ഓപ്പറേഷന് മഹാദേവില്‍ വധിച്ചതില്‍ പഹല്‍ഗാമിലെ ഭീകരന്‍ സുലൈമാന്‍ ഷാ അടക്കം മൂന്ന് ഭീകരര്‍; പിടിച്ചെടുത്തത് അടുത്ത ആക്രമണത്തിനായി കരുതിയ വന്‍ആയുധശേഖരം
പിടിച്ചെടുത്തത് അടുത്ത ആക്രമണത്തിനായി കരുതിയ വന്‍ആയുധശേഖരം
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനും ഭീകരാക്രമണത്തില്‍ നേരിട്ട് പങ്കെടുക്കുകയും ചെയ്ത സുലൈമാന്‍ ഷായെ വധിച്ചത് ദിവസങ്ങളോളം നീണ്ടുനിന്ന തയ്യാറെടുപ്പുകള്‍ക്ക് ഒടുവില്‍. ഓപ്പറേഷന്‍ മഹാദേവ് എന്ന ദൗത്യത്തില്‍ സുലൈമാന്‍ ഷാ ഉള്‍പ്പെടെ മൂന്ന് ഭീകരവാദികളെയാണ് സൈന്യം വധിച്ചത്. ജമ്മു കശ്മീരിലെ ലിദ്വാസിലെ ജനറല്‍ ഏരിയയില്‍ ഓപ്പറേഷന്‍ മഹാദേവ് ആരംഭിച്ചതായി ചിനാര്‍ കോര്‍പ്സ് എക്‌സില്‍ കുറിച്ചു. ഇന്ത്യന്‍ സൈന്യവും ജമ്മു കശ്മീര്‍ പൊലീസിനും സി.ആര്‍.പി.എപിനും ഒപ്പം സംയുക്തമായി നടത്തിയ ഓപ്പറേഷന്‍ മഹാദേവിലാണ് പഹല്‍ഗാം സൂത്രധാരന്‍ അടക്കം മൂന്നുഭീകരരെ വധിച്ചത്.
ഭീകരവാദികളുടെ നീക്കങ്ങളേക്കുറിച്ച് സുരക്ഷാസേനയ്ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. ഈ മാസം ആദ്യം തന്നെ ഭീകരവാദികളുടെ ആശയവിനിമയത്തിന്റെ വിവരങ്ങള്‍ സുരക്ഷാസേന പിടിച്ചെടുത്തിരുന്നു. നേരിട്ടും ഇലക്ട്രോണിക് നിരീക്ഷണത്തിലൂടെയും ഭീകരവാദികളുടെ സന്ദേശങ്ങള്‍ പിടിച്ചെടുത്തതോടെ ഇവരുടെ നീക്കങ്ങള്‍ വ്യക്തമായി. ഭീകരവാദികള്‍ ഉപയോഗിച്ച ചൈനീസ് നിര്‍മിത അള്‍ട്രാ ഹൈ ഫ്രീക്വന്‍സി റേഡിയോ (വാക്കി ടോക്കി) ഉപയോഗിച്ചുള്ള ആശയവിനിമയത്തെ പറ്റിയുള്ള വിവരങ്ങളാണ് സുരക്ഷാസേനയ്ക്ക് ലഭിച്ചത്.
സാധാരണ റേഡിയോ സന്ദേശങ്ങള്‍ പോലെ ഇവ ചോര്‍ത്തിയെടുക്കാനാകില്ല. ഇവ സന്ദേശങ്ങള്‍ എന്‍ക്രിപ്റ്റഡ് ആയിട്ടാണ് ഒരു സിസ്റ്റത്തില്‍നിന്ന് മറ്റൊന്നിലേക്ക് പോവുക. എന്നാല്‍ ഈ ഫ്രീക്വന്‍സിയിലുള്ള ആശയവിനിമയം നടന്നുവെന്നതിന്റെ ഇലക്ട്രോണിക് മാപ്പിങ് കണ്ടെത്താനാകും. അങ്ങനെയാണ് ഭികരവാദികള്‍ ദാചീഗാം വനമേഖലയിലുണ്ടെന്ന് കണ്ടെത്തിയത്.
ഈ വിവരങ്ങള്‍ പിന്തുടര്‍ന്ന സുരക്ഷാസേന ഭീകരവാദികള്‍ ലിദ്വാസില്‍ മഹാദേവ കുന്നിന് സമീപം വനത്തിലൊളിച്ചുവെന്ന് വ്യക്തമായതോടെയാണ് ഓപ്പറേഷന് തുടക്കം കുറിച്ചത്. ഈ മേഖല കേന്ദ്രീകരിച്ചുള്ള ഭീകരവിരുദ്ധ നടപടിക്ക് അങ്ങനെ ഓപ്പറേഷന്‍ മഹാദേവ് എന്ന് പേരുമിട്ടു. ഏതാണ്ട് 14 ദിവസത്തോളമായി ഈ ഭീകരവാദികള്‍ക്ക് പിന്നാലെയായിരുന്നു സുരക്ഷാസേന. സൈന്യവും ജമ്മു കശ്മീര്‍ പോലീസും സിആര്‍പിഎഫും സംയുക്തമായാണ് സൈനിക നടപടി തുടങ്ങിയത്. വനമേഖലയില്‍ പോരാട്ടം നടത്താനുള്ള ഗറില്ലാ യുദ്ധമുറകളില്‍ പരിശീലനം ലഭിച്ചവരായിരുന്നു ഭീകരവാദികളെന്നാണ് സുരക്ഷാസേന പറയുന്നത്.
ദാച്ചിഗാം വനത്തില്‍ നിന്നുള്ള സംശയാസ്പദമായ ആശയവിനിമയ വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് ദിവസമായി ഭീകര വിരുദ്ധ ഓപ്പറേഷന്‍ മേഖലയില്‍ നടക്കുന്നുണ്ട്. മേഖലയിലെ നാടോടികളും ഭീകരരുടെ സഞ്ചാരവിവരം സൈന്യത്തിന് കൈമാറിയിരുന്നു. വിവിധ സൈനിക വിഭാഗങ്ങള്‍ രണ്ട് ദിവസമായി മേഖല വളഞ്ഞ് തിരച്ചില്‍ നടത്തുകയായിരുന്നു. വീണ്ടും സാറ്റ്‌ലൈന്‍ കമ്മ്യൂണിക്കേഷന്‍ ആക്ടീവായതോടെ ട്രാക്ക് ചെയ്യാന്‍ എളുപ്പമായി. രാവിലെ 11.30 ക്കാണ് സൈന്യം ഭീകരരെ കണ്ടെത്തുകയും വധിക്കുകയും ചെയ്തത്.
വനത്തിനുള്ളില്‍ ഇലകളാല്‍ മറച്ച മരചുവട്ടില്‍ താല്‍ക്കാലിക ട്രഞ്ചിലെ ഒളിത്താവളത്തിലാണ് മൂവരും ക്യാമ്പ് ചെയ്തിരുന്നത്. ഒരു കൂടാരത്തിനുള്ളില്‍ കിടന്നുറങ്ങുന്നതിനിടെയാണ് ഭീകരരെ സൈന്യം ട്രാക്ക് ചെയ്തത്. ഉടന്‍ നടത്തിയ ആക്രമണത്തിലാണ് മൂന്നു ഭീകരരും കൊല്ലപ്പെട്ടു. 12.37 ഓടെ ഡ്രോണ്‍ ദൃശ്യങ്ങളില്‍ മൂന്ന് മൃതദേഹം കണ്ടെത്തിയതായി ചാനാര്‍ കോര്‍പ്‌സ് അറിയിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനായിരുന്ന ഭീകരന്‍ ഹാഷിം മൂസ പാക് സൈന്യത്തിന്റെ ഭാഗമായിരുന്നു. സ്‌പെഷ്യല്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ പാര കമാന്‍ഡറായിരുന്നു ഹാഷിം മൂസ പാക്കിസ്ഥാനി ഭീകരസംഘടനയായ ലഷ്‌കറെ തയ്ബയുടെ പ്രധാന പ്രവര്‍ത്തകരില്‍ ഒരാളുമാണ്. കശ്മീരില്‍ പുറത്തുനിന്നുള്ളവര്‍ക്കും സുരക്ഷാഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം നടത്താനുള്ള ദൗത്യവുമായാണ് ലഷ്‌കര്‍ ഹാഷിം മൂസയെ കശ്മീരിലേക്ക് വിട്ടത്.
സൈനിക നടപടിയിലൂടെ വധിച്ച മൂന്ന് പേരും പാക് ഭീകരരാണ്. ഇവരില്‍നിന്ന് എകെ-47, യുഎസ് നിര്‍മിത എം-4 കാര്‍ബൈന്‍, റൈഫിളില്‍നിന്ന് പ്രയോഗിക്കാവുന്ന 17 ഗ്രനേഡുകള്‍, വെടിയുണ്ടകള്‍ നിറച്ച മാഗസിനുകള്‍ തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്. ഇത്രവലിയ ആയുധശേഖരം കാണിക്കുന്നത് ഇവര്‍ മറ്റൊരു വലിയ ആക്രമണത്തിന്റെ തയ്യാറെടുപ്പിലായിരുന്നു എന്നാണ്.
പാക് സൈന്യത്തില്‍ നിന്നും ലഷ്‌കര്‍ ക്യാമ്പിലേക്ക്
സുലൈമാന്‍ ഷായെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ജമ്മു കശ്മീര്‍ പോലീസ് 20 ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. പൊതുവില്‍ ഹാഷിം മൂസ എന്നാണ് സുലൈമാന്‍ ഷായെ അറിയപ്പെട്ടിരുന്നത്. പാക് സൈന്യത്തിന്റെ കമാന്‍ഡോ വിഭാഗമായ സ്‌പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പില്‍ (എസ്എസ്ജി) സേവനമനുഷ്ടിച്ചതിന് ശേഷമാണ് സുലൈമാന്‍ ഷാ ലഷ്‌കറിന്റെ ഭാഗമായത്. 2023-ലാണ് ഇയാള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത് എന്നാണ് വിവരം. പഹല്‍ഗാം ഭീകരാക്രമണത്തിന് മുമ്പ് 2024 ഒക്ടോബറില്‍ സോനാമാര്‍ഗ് തുരങ്കനിര്‍മാണ തൊഴിലാളികള്‍ക്കെതിരായ ആക്രമണത്തിലും ഇയാള്‍ക്ക് പങ്കുണ്ടായിരുന്നു. അന്നത്തെ ആക്രമണത്തില്‍ ഏഴ് തൊഴിലാളികള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.
ബാരാമുള്ളയില്‍ പോലീസിന് നേരെയുണ്ടായ ആക്രമണത്തിലും സുലൈമാന്‍ ഷായ്ക്ക് പങ്കുണ്ട്. പഹല്‍ഗാമുള്‍പ്പെടെ ജമ്മുകശ്മീരില്‍ ഉടനീളമുണ്ടായ ആറ് ഭീകരാക്രമണങ്ങളില്‍ സുലൈമാന്‍ ഷായ്ക്ക് നേരിട്ട് പങ്കാളിത്തമുണ്ടായിരുന്നു. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ സുലൈമാന്‍ ഷായ്ക്ക് വേണ്ടി സംസ്ഥാനത്തെ വനമേഖലകളും ഗ്രാമങ്ങളിലെ വീടുകളുമടക്കം സുരക്ഷാ സേന അരിച്ചുപെറുക്കിയിരുന്നു.
ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട തീവ്രവാദികളുടെ താവളങ്ങളില്‍നിന്ന് എകെ 47 അടക്കമുള്ള തോക്കുകളും മറ്റ് ആയുധങ്ങളും കണ്ടെടുത്തതായി സൈന്യം അറിയിച്ചു. തീവ്രവാദികള്‍ കശ്മീരില്‍ വലിയ ആക്രമണങ്ങള്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്നു എന്ന് തെളിയിക്കുന്ന തെളിവുകളാണ് ഇവരുടെ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ചിരിക്കുന്നത് എന്നാണ് വിവരം. 2016-ല്‍ WY SMS എന്ന് വിളിച്ചിരുന്ന ഒരു ചൈനീസ് റേഡിയോ കമ്യൂണിക്കേഷന്‍ ഉപകരണം ഉപയോഗിച്ചാണ് ലഷ്‌കറെ തൊയ്ബ ഭീകരര്‍ ആശയവിനിമയം നടത്തിയിരുന്നത്. ഇതിന് സമാനമായ ചൈനീസ് റേഡിയോയും ഇന്ന് വധിക്കപ്പെട്ടവരുടെ പക്കല്‍നിന്ന് കണ്ടെടുത്തതായി സൈന്യം വ്യക്തമാക്കി.