- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
തകര്‍ത്ത് എല്ലാം പാക്കിസ്ഥാന്‍ സൈന്യവും ഐഎസ്‌ഐയും നേരിട്ട് പിന്തുണയും അഭയവും നല്‍കുന്ന തീവ്രവാദ കേന്ദ്രങ്ങള്‍; ശത്രു രാജ്യത്തെ തീവ്രവാദ നീക്കങ്ങളെല്ലാം നമുക്ക് അറിയാമെന്ന സന്ദേശം നല്‍കിയ ഓപ്പറേഷന് സിന്ദൂര്‍; സ്‌കാള്‍പ് ക്രൂസ് മിസൈലുകളും ഹാമര്‍ പ്രിസിഷന്‍ ബോംബുകളും പിഴയ്ക്കാത്ത ആയുധങ്ങളായി; ലോകത്തിന് അത്ഭുതമായി വീണ്ടും 'ഡോവല്‍ യുദ്ധ തന്ത്രം'
ന്യൂഡല്‍ഹി: തീവ്രവാദികളെ വിരിയിക്കുന്ന ഒന്പത് കേന്ദ്രങ്ങളാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. പഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടിയായി പാക്കിസ്ഥാനിലെ നാല് തീവ്രവാദ കേന്ദ്രങ്ങളിലും പാക് അധിനിവേശ ജമ്മു കാഷ്മീരിലെ (പിഒകെ) അഞ്ച് ലക്ഷ്യസ്ഥാനങ്ങളിലുമാണ് ഇന്ത്യന്‍ സൈന്യം മിസൈല്‍ ആക്രമണം നടത്തിയത്. ഈ പ്രദേശങ്ങള്‍ തെരഞ്ഞെടുത്തതിന് കൃത്യമായ കാരണങ്ങളുണ്ട്. പാക്കിസ്ഥാന്‍ സൈന്യവും രഹസ്യാന്വേഷണ ഏജന്‍സി ഐഎസ്‌ഐയും നേരിട്ട് പിന്തുണയും അഭയവും നല്‍കുന്ന ലഷ്‌കര്‍ - ഇ - തൊയ്ബ (എല്‍ഇടി), ജയ്ഷ്- ഇ -മുഹമ്മദ് (ജെഎം), ഹിസ്ബുള്‍ മുജാഹിദീന്‍ (എച്ച്എം) തുടങ്ങിയ തീവ്രവാദ സംഘടനകളുടെ പരിശീലന ക്യാമ്പുകള്‍ ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. ആയുധ പരിശീലനം, തീവ്രാദികളുടെ റിക്രൂട്ട്‌മെന്റ്, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാങ്കേതിക സഹായം തുടങ്ങിയ കാര്യങ്ങളും ഈ മേഖലകളിലാണു നടക്കുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ കൃത്യമായ ഇടപെടലാണ് ഈ സ്ഥലങ്ങള്‍ കണ്ടെത്തിയത്. ഡോവിന്റെ 'സൂപ്പര്‍ കോപ്പ്' മികവ് തന്നെയാണ് എല്ലാം ശുഭകരമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സൈന്യത്തിന് നല്‍കിയ പൂര്‍ണ്ണാധികാരം അവരും കിറുകൃത്യതയോടെ നിര്‍വ്വഹിച്ചു. ആക്രമണത്തിന് വേണ്ടി ആയുധങ്ങള്‍ അടക്കം കിറുകൃത്യമായി ഇന്ത്യ തിരഞ്ഞെടുത്തു. ദീര്‍ഘ ദൂര മിസൈലുകളൊന്നും ഇന്ത്യ ഇതിന് വേണ്ടി പുറത്തെടുത്തില്ല. പകരം കൃത്യ സ്ഥലത്തെ ലക്ഷ്യമാക്കി ഇടത്തരം മിസൈലുകളുടെ പ്രയോഗം. പാക്കിസ്ഥാനിലെയും പാക് അധിനിവേശ കാഷ്മീരിലെയും ഒന്പത് ഭീകരകേന്ദ്രങ്ങള്‍ തീഗോളമാക്കിയ ദൗത്യത്തിന് സൈന്യം ഉപയോഗിച്ചത് സ്‌കാള്‍പ് ക്രൂസ് മിസൈലുകളും ഹാമര്‍ പ്രിസിഷന്‍ ബോംബുകളുമാണ്. ഇവ ഘടിപ്പിച്ചത് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായ റഫാല്‍ യുദ്ധവിമാനത്തിലും. അതീവ പ്രഹരശേഷിയുള്ള വിദേശ നിര്‍മിത ബോംബുകളും മിസൈലുകളും പാക്കിസ്ഥാനെ കരയിച്ചു.
സ്‌കാള്‍പ് അഥവാ സ്റ്റോം ഷാഡോ മിസൈലുകള്‍ ഇന്ത്യയുടെ കരുത്തു കൂട്ടിയിട്ടുണ്ട്. ഇത് തന്നെയാണ് പാക്കിസ്ഥാന്‍ തീവ്രവാദ കേന്ദ്രങ്ങളെ തകര്‍ത്തത്. ഏത് കാലാവസ്ഥയിലും വായുവില്‍നിന്ന് വിക്ഷേപിക്കാന്‍ കഴിയുന്ന ദീര്‍ഘദൂര യൂറോപ്യന്‍ നിര്‍മിത മിസൈലുകളാണിവ. സ്റ്റോം ഷാഡോ എന്നത് ബ്രിട്ടീഷ് പേരാണ്. ഫ്രാന്‍സില്‍ ഇതിനെ സ്‌കാള്‍പ്-ഇജി എന്നു വിളിക്കും. ലക്ഷ്യസ്ഥാനം കൃത്യമായി മനസിലാക്കി പ്രഹരിക്കാന്‍ ഈ മിസൈലുകള്‍ക്കു സാധിക്കും. അതിന്യൂതന ദിശ നിര്‍ണയ സംവിധാനം മിസൈലിന് ഉള്ളതിനാല്‍ ലക്ഷ്യസ്ഥാനം കൃത്യമായി നിര്‍ണയിക്കാന്‍ സാധിക്കും. മിസൈല്‍ റഡാറുകളുടെ കണ്ണില്‍പ്പെടാതിരിക്കാന്‍, വിക്ഷേപിച്ചശേഷം ഭൂപ്രദേശത്തോട് വളരെ താഴ്ന്നു ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിക്കുന്നു. ജിപിഎസും ഭൂപ്രദേശത്തിന്റെ മാപ്പും അടിസ്ഥാനമാക്കിയാണ് സ്‌കാള്‍പ് ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുക. ഇതെല്ലാം ഇന്ത്യന്‍ ആക്രമണത്തിന് കരുത്തായി മാറി. ഹാമര്‍ ഗൈഡഡ് ബോംബുകള്‍ ആണ് ഇതില്‍ ഏറ്റവും നിര്‍ണ്ണായകമായത്. വായുവില്‍നിന്ന് വിക്ഷേപിക്കാവുന്ന ഈ ബോംബുകള്‍ ബങ്കറുകള്‍, ബഹുനിലക്കെട്ടിടങ്ങള്‍ തുടങ്ങി പരുക്കന്‍ നിര്‍മിതികള്‍ തകര്‍ക്കാന്‍ കഴിയുന്ന പ്രഹരശേഷി ഉള്ളവയാണ്. ഫ്രഞ്ച് കന്പനിയായ സഫ്രാന്‍ ആണ് നിര്‍മാതാക്കള്‍. പരുക്കന്‍ സമതലങ്ങളില്‍നിന്നും താഴ്ന്ന പ്രദേശത്തുനിന്നും ഈ ബോംബുകള്‍ നിക്ഷേപിക്കാന്‍ സാധിക്കും. ഉയരത്തെ അടിസ്ഥാനമാക്കി, 50 മുതല്‍ 70 കിലോമീറ്റര്‍ വരെ ദൂരപരിധിയില്‍ ഇവ വിക്ഷേപിക്കാം. പുറത്ത്‌നിന്ന് പ്രവര്‍ത്തനരഹിതമാക്കാന്‍ സാധിക്കാത്ത ഈ ബോംബുകള്‍ സ്വയം നിയന്ത്രിത സംവിധാനത്തിലാണു പ്രവര്‍ത്തിക്കുന്നത്. റഡാര്‍ പോലുള്ള സാങ്കേതികവിദ്യക്ക് ഹാമര്‍ ഗൈഡഡ് ബോംബുകളെ എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ സാധിക്കില്ല. അങ്ങനെ പാക്കിസ്ഥാനെ ഞെട്ടിച്ച ആക്രമണങ്ങള്‍ വിജയകരമായി. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മികവാണ് എല്ലാ യുദ്ധ തന്ത്രങ്ങളിലും നിറയുന്നത്. രണ്ടു സര്‍ജിക്കല്‍ സട്രൈക്കുകള്‍ക്ക് പിന്നിലെ ചാലക ശക്തിയും ഡോവലയിരുന്നു. ഇപ്പോള്‍ ഇന്ത്യന്‍ മണ്ണില്‍ നിന്നും ഒരടി മുമ്പോട്ട് പോകാതെ തന്നെ പാക്കിസ്ഥാനെ തകര്‍ക്കാമെന്നും തെളിയിച്ചു. ഇന്ത്യയുടെ 'സൂപ്പര്‍ കോപ്പ്' എന്ന വിശേഷണമുള്ള ഡോവലിന്റെ യുദ്ധ തന്ത്രങ്ങള്‍ ലോക രാജ്യങ്ങളും ചര്‍ച്ചയാക്കുകയാണ്.
സൈന്യം തകര്‍ത്ത ഭീകരവാദ ക്യാന്പുകള്‍
1. ഷാവായ് നല്ലാ ക്യാന്പ്, മുസാഫറാബാദ് (പിഒകെ)
ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ ക്യാന്പ് ലഷ്‌കര്‍- ഇ -തൊയ്ബയുടെ പരിശീലന കേന്ദ്രമാണ്. 2024 ഒക്ടോബര്‍ 20നും 24നും ഉണ്ടായ സോന്‍മാര്‍ഗ്, ഗുല്‍മാര്‍ഗ് ആക്രമണം, 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ആക്രമണം തുടങ്ങിയവയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച തീവ്രവാദികള്‍ക്ക് പരിശീലനം ലഭിച്ചത് ഈ ക്യാന്പില്‍നിന്നാണ്.
2. സയ്യിദ്‌ന ബിലാല്‍ ക്യാന്പ്, മുസാഫറാബാദ് (പിഒകെ)
തീവ്രവാദ സംഘടനയായ ജെയ്ഷ്-ഇ- മുഹമ്മദ് തീവ്രവാദികളെ പരിശീലിപ്പിക്കുന്ന ക്യാന്പുകളില്‍ ഒന്നാണിത്. ആയുധങ്ങള്‍, ബോംബുകള്‍, കാടുകളിലെ അതിജീവന മാര്‍ഗങ്ങള്‍ തുടങ്ങിയവ ഈ ക്യാന്പുകളിലെ പരിശീലനത്തില്‍ നല്‍കുന്നു.
3. ഗുല്‍പുര്‍ ക്യാന്പ്, കോട്ലി (പിഒകെ)
നിയന്ത്രണ രേഖയില്‍ നിന്നും (എല്‍ഒസി) ഏകദേശം 30 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ലഷ്‌കര്‍ ഭീകരരുടെ താവളങ്ങളില്‍ ഒന്നാണിത്. ഇവിടെ നിന്നുള്ള തീവ്രവാദികള്‍ ജമ്മു കാഷ്മീരിലെ പൂഞ്ച്, രജൗരി ജില്ലകളില്‍ സജീവമായിരുന്നു. 2023 ഏപ്രില്‍ 20 നും 2024 ജൂണ്‍ ഒന്‍പതിനും പൂഞ്ചില്‍ തീര്‍ഥാടകര്‍ക്കു നേരേയുണ്ടായ ആക്രമണത്തിനു പിന്നില്‍ ഈ ക്യാന്പുകളില്‍ നിന്നുള്ള തീവ്രാദികളായിരുന്നു. 2024 ജൂണ്‍ ഒന്പതിനു നടന്ന ആക്രമണത്തില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ഒരു ബസിനു നേരേ വെടിയുതിര്‍ക്കുകയും തുടര്‍ന്ന് മലയിടുക്കിലേക്ക് ബസ് മറിഞ്ഞതിനെത്തുടര്‍ന്ന് ഒന്പത് തീര്‍ഥാടകര്‍ മരിക്കുകയും ചെയ്തിരുന്നു.
4 . ബര്‍ണാല ക്യാന്പ്, ഭിംബര്‍ (പിഒകെ)
നിയന്ത്രണരേഖയില്‍ നിന്ന് ഒന്പതു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ ക്യാന്പുകളില്‍ തീവ്രവാദികള്‍ക്ക് ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും, ഐഇഡികള്‍ ഉപയോഗിക്കുന്നതിലും കാട്ടില്‍ അതിജീവനം നടത്തുന്നതിനുമുള്ള പരിശീലനം നല്‍കുന്നു.
5 . അബ്ബാസ് ക്യാന്പ്, കോട്ലി (പിഒകെ)
നിയന്ത്രണരേഖയില്‍നിന്ന് 13 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ലഷ്‌കര്‍ തീവ്രവാദികളുടെ ഈ ക്യാന്പ് ചാവേറുകളായ ഫിദായീന്‍ പോരാളികളെ പരിശീലിപ്പിക്കുന്നു. 15 തീവ്രവാദികളെ വരെയും ഇവിടെ പരിശീലിപ്പിക്കാന്‍ കഴിയും.
6. സര്‍ജല്‍ ക്യാന്പ്, സിയാല്‍കോട്ട്(പാക്കിസ്ഥാന്‍)
രാജ്യാന്തര അതിര്‍ത്തിയില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെയാണ് ഈ തീവ്രവാദ ക്യാന്പ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ജമ്മു കാഷ്മീരില്‍ പോലീസുകാരെ കൊലപ്പെടുത്തിയ തീവ്രവാദികള്‍ക്ക് പരിശീലനം ലഭിച്ചത് സര്‍ജാല്‍ ക്യാന്പില്‍ നിന്നുമാണ്.
7. മെഹ്‌മൂന ജോയ ക്യാന്പ്, സിയാല്‍കോട്ട് (പാക്കിസ്ഥാന്‍)
രാജ്യാന്തര അതിര്‍ത്തിയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു. തീവ്രവാദ സംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്റെ ഏറ്റവും വലിയ ക്യാന്പുകളില്‍ ഒന്നാണിത്. ജമ്മുവിലെ കത്വയില്‍ നടക്കുന്ന ആക്രമണത്തിന് പിന്നിലെ തീവ്രവാദികള്‍ ഈ ക്യാന്പില്‍ നിന്നുള്ളവരാണ്. 2016ല്‍ എട്ട് സൈനികര്‍ കൊല്ലപ്പെട്ട പത്താന്‍കോട്ട് വ്യോമതാവള ആക്രമണം ആസൂത്രണം ചെയ്തത് ഈ ക്യാന്പില്‍ നിന്നുമാണ്.
8 . മര്‍കസ് തയ്ബ മുരിദ്ക (പാക്കിസ്ഥാന്‍)
26/11 മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ലഷ്‌കര്‍ തീവ്രവാദികളായ അജ്മല്‍ കസബിനും ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനക്കാരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിക്കും പരിശീലനം ലഭിച്ചത് ഈ കേന്ദ്രത്തില്‍ നിന്നാണ്. രാജ്യാന്തര അതിര്‍ത്തിയില്‍ നിന്ന് 18- 25 കിലോമീറ്റര്‍ വരെ അകലെയാണ് ലഷ്‌കര്‍-ഇ-തൊയ്ബയുടെ ഈ തീവ്രവാദ കേന്ദ്രം.
9 . മര്‍കസ് സുബ്ഹാനല്ല, ബഹാവല്‍പുര്‍ (പാക്കിസ്ഥാന്‍)
മൗലാന മസൂദ് അസ്ഹര്‍ നയിക്കുന്ന തീവ്രവാദ സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദിന്റെ ബഹാവല്‍പുര്‍. ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ തകര്‍ന്ന ഈ ക്യാന്പില്‍ തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കുകയും അവരെ റിക്രൂട്ട് ചെയ്യുകയും ചെയ്തിരുന്നു. ഉന്നത തീവ്രവാദ നേതാക്കള്‍ ഒത്തുകൂടുന്നതും ഇവിടെ വച്ചാണ്. പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ മൗലാന മസൂദ് അസ്ഹറിന്റെ ബന്ധുക്കളടക്കം കൊല്ലപ്പെട്ടതും ഈ ക്യാന്പില്‍ വച്ചാണ്.