ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിച്ചു ഇന്ത്യന്‍ സൈന്യം. പാക്കിസ്ഥാനില്‍ ആക്രമണം നടത്തിയത് എങ്ങനെയാണെന്ന് വിശദീകരിച്ചത് കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങുമാണ്. ഇരുവര്‍ക്കുമൊപ്പം വാര്‍ത്താസമ്മേളനത്തില്‍ വിദേശകാരയ സെക്രട്ടറി വിക്രം മിസ്രിയും പങ്കെടുത്തു.

പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കിയെന്ന് കേണല്‍ സോഫിയ ഖുറേഷി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. ഓപ്പറേഷന്‍ സിന്ദൂറിലൂടെ 9 ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു, സാധാരണക്കാരുടെ ജീവന് അപകടമുണ്ടാകാത്ത രീതിയിലായിരുന്നു ആക്രമണം. 25 മിനിറ്റാണ് ഓപ്പറേഷന്‍ നീണ്ടത്. ഭീകര കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്.

ഏപ്രില്‍ ഏഴാം തീയതി പുലര്‍ച്ചെ ഒരു മണിയോടുകൂടി ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്താന് ഇന്ത്യ മറുപടി നല്‍കിയെന്ന് കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു. 'ഭീകരവാദ താവളങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് പാകിസ്താന്‍ ചെയ്യുന്നത്. പാക് അധിനിവേശ കാശ്മീരിലും ഇതിനു വേണ്ടിയുള്ള നടപടികള്‍ പാകിസ്താന്‍ ചെയ്യുന്നുണ്ട്.ഈ താവളങ്ങള്‍ കണ്ടെത്തിയാണ് ഇന്ത്യ തിരിച്ചടി നല്‍കിയത്.ജെയ്ഷ മുഹമ്മദിന്റെ മുസാഭ ബാദിലെ താവളം തകര്‍ത്തു..-'കേണല്‍ സോഫിയ ഖുറേഷി വിശദീകരിച്ചു.

കൃത്യമായ ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. പഹല്‍ഗാം ആക്രമണത്തിന് ശേഷവും പാകിസ്ഥാന്‍ ഭീകരര്‍ക്കെതിരെ നടപടിയെടുക്കാതെ വന്നതോടെയാണ് ആക്രമണം നടത്തിയത്. സാധാരണക്കാരാരും ഇന്ത്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടില്ല. ആക്രമണത്തിന്റെ ഉപഗ്രഹ ദൃശ്യങ്ങടക്കം കാട്ടിയാണ് കേണല്‍ ഇക്കാര്യം വിശദീകരിച്ചത്.

വന്‍തോതിലുള്ള നാശം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണത്തിനു വേണ്ട ആയുധങ്ങള്‍ വരെ തെരഞ്ഞെടുത്തത്. അതായത്, ഏതെങ്കിലും ഒരു കെട്ടിടം അല്ലെങ്കില്‍ ഒരു കൂട്ടം കെട്ടിടമാണ് ലക്ഷ്യമിട്ടത്. പൊതുജനത്തിന് പ്രശ്‌നമുണ്ടാകാതിരിക്കാന്‍ വേണ്ടിയാണത്. സൈനിക കേന്ദ്രങ്ങളൊന്നും ലക്ഷ്യമിട്ടിട്ടില്ല. അതീവ സൂക്ഷ്മതയോടെയായിരുന്നു ആക്രമണം. ഒരു സര്‍ജറി നടത്തുന്നത്ര 'ക്ലിനിക്കല്‍ പ്രിസിഷനോടെ'യാണ് അത് പൂര്‍ത്തിയാക്കിയതെന്നും സംയുക്ത സേന വ്യക്തമാക്കി.

ഇന്ത്യ നേരിട്ട പഴയ ഭീകരാക്രമണങ്ങളെ എടുത്ത് പറഞ്ഞ് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും സംസാരിച്ചു. ഇന്ത്യയുടെ തിരിച്ചടി ഭീകരതക്കെതിരെയാണെന്നും പാകിസ്താനുമായി ഭീകരര്‍ക്ക് നിരന്തര ബന്ധമാണുള്ളതെന്നും വിക്രം മിശ്രി വ്യക്തമാക്കി. അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണത്തിന്റെ തീവ്രത വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ അവതരിപ്പിച്ചു കൊണ്ടാണ് വാര്‍ത്താസമ്മേളനം ആരംഭിച്ചത്. കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങും ചേര്‍ന്ന് സൈനിക നടപടികള്‍ വിശദീകരിച്ചു.

''മുംബൈ ഭീകരാക്രമണത്തില്‍ ഉള്‍പ്പെടെ പാകിസ്താന്റെ പങ്ക് വ്യക്തമാണ്. കശ്മീരില്‍ ദീര്‍ഘകാലമായി സമാധാനം ഇല്ലാതാക്കുന്നതിലും പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ക്ക് വലിയ പങ്കാണുള്ളത്. പഹല്‍ഗാമില്‍ കഴിഞ്ഞ മാസം നടന്നത് ഹീനമായ ആക്രമണമാണ്. കുടുംബത്തിന് മുന്നില്‍വച്ച് തലയില്‍ വെടിയേറ്റാണ് അന്ന് 26 പേര്‍ കൊല്ലപ്പെട്ടത്. ഉത്തരവാദിത്തമേറ്റെടുത്ത ടി.ആര്‍.എഫ് ലശ്കറെ തയ്യിബയുമായി ബന്ധമുള്ള സംഘടനയാണ്. ടി.ആര്‍.എഫ് പോലുള്ള സംഘടനകളെ ജയ്‌ശെ മുഹമ്മദ് പിന്തുണക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി.

ആക്രമണം ആസൂത്രണം ചെയ്തവരെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. പാകിസ്താന്‍ ലോകത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഭീകരര്‍ക്ക് പാകിസ്താനുമായി നിരന്തര ബന്ധമാണുള്ളത്. ഭീകരരുടെ സുരക്ഷിത താവളമായി പാകിസ്താന്‍ മാറിയിരിക്കുന്നു. ഭീകരതക്കെതിരെ അവര്‍ മിണ്ടാന്‍ തയാറല്ല. ഭീകരതയെ ചെറുക്കുകയെന്നത് ഇന്ത്യയുടെ ഉത്തരവാദിത്തമാണ്. ഭീകര കേന്ദ്രങ്ങളാണ് ബുധനാഴ്ച പുലര്‍ച്ചെ ഇന്ത്യ ആക്രമിച്ചത്. പാകിസ്താനെതിരെയല്ല, ഭീകരതക്കെതിരെയാണ് തിരിച്ചടി'' -വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു.

പഹല്‍ഗാമിനുശേഷം കൂടുതല്‍ ഭീകരാക്രമണങ്ങളുണ്ടാകുമെന്ന രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങള്‍ക്കെതിരേ ഇന്ത്യ ബുധനാഴ്ച പുലര്‍ച്ചെ ആക്രമണം നടത്തിയതെന്നും മിസ്രി വിശദീകരിച്ചു. 'ഇന്ത്യയ്‌ക്കെതിരായി കൂടുതല്‍ ആക്രമണങ്ങള്‍ വരാനിരിക്കുന്നതായി ഞങ്ങളുടെ ഇന്റലിജന്‍സ് വൃത്തങ്ങള്‍ സൂചനകള്‍ നല്‍കി. അത് തടയാന്‍ ഇന്ത്യയെ നിര്‍ബന്ധിതരാക്കി. ഇന്ന് രാവിലെ, അതിര്‍ത്തി കടന്നുള്ള ഭീകരതയെ തടയാനുള്ള അവകാശം ഇന്ത്യ ഉപയോഗിച്ചു. ഞങ്ങളുടെ നടപടികള്‍ കിറുകൃത്യവും വ്യാപനം കുറഞ്ഞതും ഉത്തരവാദിത്തത്തോട് കൂടിയതുമായിരുന്നു. തീവ്രവാദികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുന്നതിലാണ് ഇന്ത്യന്‍ സൈന്യം ശ്രദ്ധ കേന്ദ്രീകരിച്ചത്-വിക്രം മിസ്രി പറഞ്ഞു.

പഹല്‍ഗാം ആക്രമണത്തിന്റെ കുറ്റവാളികളെയും ആസൂത്രകരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്ന് കണക്കുകൂട്ടിയിരുന്നു. രണ്ടാഴ്ച കഴിഞ്ഞിട്ടും തീവ്രവാദികള്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കിയ പാകിസ്താന്‍ ഒരു നടപടിയും സ്വീകരിച്ചില്ല. അതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയ്ക്ക് തിരിച്ചടിക്കേണ്ടി വന്നതെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.

പഹല്‍ഗാമിലെ ആക്രമണം അങ്ങേയറ്റം ക്രൂരമായിരുന്നു, ഇരകളില്‍ ഭൂരിഭാഗവും കൊല്ലപ്പെട്ടത് വളരെ അടുത്തുനിന്നും കുടുംബത്തിന്റെ മുന്നില്‍ വെച്ചുമാണ്. കൊലപാതകരീതി കുടുംബാംഗങ്ങളെ മാനസികമായി വേദനിപ്പിച്ചു. പഹല്‍ഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത റെസിസ്റ്റന്‍സ് ഫ്രണ്ട് എന്നൊരു ഗൂപ്പിന് ലഷ്‌കര്‍-ഇ തൊയ്ബയുമായി ബന്ധമുണ്ട്. ഈ ആക്രമണത്തില്‍ പാകിസ്താന്‍ ബന്ധങ്ങള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. അഭിവൃദ്ധി പ്രാപിച്ചുവരുന്ന ജമ്മു കശ്മീരിലെ ടൂറിസം മേഖല തകര്‍ക്കുകയായിരുന്നു, ആക്രമണത്തിന്റെ പ്രധാന ലക്ഷ്യം-വിക്രം മിസ്രി പറഞ്ഞു.

ഏപ്രില്‍ 25-ന് യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ മാധ്യമക്കുറിപ്പില്‍ നിന്ന് ടിആര്‍എഫിനെക്കുറിച്ചുള്ള പരാമര്‍ശം നീക്കം ചെയ്യാനുള്ള പാകിസ്താന്റെ സമ്മര്‍ദ്ദം പഹല്‍ഗാം ഭീകരാക്രമണത്തില്‍ തീവ്രവാദികളുമായുള്ള അവരുടെ ബന്ധം തുറന്നുകാട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യന്‍ സേന നടത്തിയ ആക്രമണത്തില്‍ 70 ഭീകരര്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. ഭീകര കേന്ദ്രങ്ങള്‍ക്കുനേരെ സേന 24 മിസൈലുകളാണ് പ്രയോഗിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓപറേഷന്‍ സിന്ദൂറില്‍ ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് സംയുക്ത സേനാനീക്കത്തിലൂടെ തകര്‍ത്തത്.