ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട ഇന്ത്യയുടെ സൈനിക നടപടി പാക്കിസ്ഥാനെ അമ്പേ ഉലച്ചുകളഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ സംഹാര താണ്ഡവമാണ് പാക്കിസ്ഥാന്‍ കണ്ടത്. സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള ഇന്ത്യന്‍ നീക്കത്തില്‍ പാക്കിസ്ഥാന് ശരിക്കും അടിപതറി. പാക് വ്യോമസേനക്ക് അടക്കം വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചു എന്നാണ് പുറത്തുവരുന്ന വിവരം.

പാകിസ്താനിലുടനീളം ഒരു ഡസനിലധികം സൈനിക താവളങ്ങളില്‍ ഇന്ത്യ നടത്തിയ ആക്രമണങ്ങളില്‍ പാകിസ്താന്‍ വ്യോമസേനയുടെ അടിസ്ഥാന സൗകര്യങ്ങളുടെ ഏകദേശം 20 ശതമാനവും നിരവധി പിഎഎഫ് യുദ്ധവിമാനങ്ങളും നശിപ്പിക്കപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. സൈനിക ജനവാസമേഖലകളിലും പാകിസ്താന്‍ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ഇന്ത്യ പ്രത്യാക്രമണം നടത്തിയത്. ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ്

പിഎഎഫിന്റെ (പാകിസ്താന്‍ എയര്‍ ഫോഴ്സിന്റെ) എഫ്-16, എഫ് -17 യുദ്ധവിമാനങ്ങള്‍ നിലയുറപ്പിച്ചിരുന്ന സര്‍ഗോധ, ബൊലാരി തുടങ്ങിയ വ്യോമത്താവളങ്ങളെയും പ്രധാന വെടിമരുന്ന് ഡിപ്പോകളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. സിന്ധിലെ ജംഷോറോ ജില്ലയിലെ ബൊലാരി വ്യോമതാവളത്തില്‍ നടന്ന ആക്രമണത്തില്‍ സ്‌ക്വാഡ്രണ്‍ ലീഡര്‍ ഉസ്മാന്‍ യൂസഫും നാല് വ്യോമസേനാംഗങ്ങളും ഉള്‍പ്പെടെ 50 ലധികം പേര്‍ കൊല്ലപ്പെട്ടു.

ആക്രമണത്തില്‍ നിരവധി പിഎഎഫ് യുദ്ധവിമാനങ്ങള്‍ നശിപ്പിക്കപ്പെട്ടതായി വൃത്തങ്ങള്‍ അറിയിച്ചു. ചക്ലാലയിലെ നൂര്‍ ഖാന്‍, ഷൊര്‍ക്കോട്ടിലെ റഫീഖി, ചക്വാളിലെ മുരിദ്, സുക്കൂര്‍, സിയാല്‍കോട്ട്, പസ്രൂര്‍, ചുനിയന്‍, സര്‍ഗോധ, സ്‌കര്‍ദു, ഭോലാരി, ജേക്കബ്ബാദ് എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങളും വ്യോമത്താവളങ്ങളും ഇന്ത്യ ലക്ഷ്യമിട്ടു.

പാകിസ്താന്‍ വ്യോമത്താവളങ്ങലുണ്ടായ നാശനഷ്ടങ്ങളുടെയും ഇന്ത്യന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വിജയകരമായി തടഞ്ഞു നശിപ്പിച്ച വിവിധ പാകിസ്താന്‍ ഡ്രോണുകളുടെയും മിസൈലുകളുടെയും ദൃശ്യങ്ങള്‍ സേന നേരത്തേ പുറത്തുവിട്ടിരുന്നു. അതേ സമയം, ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥനെ പാകിസ്താന്‍ പുറത്താക്കി. 24 മണിക്കൂറിനുള്ളില്‍ രാജ്യംവിടാനാണ് നിര്‍ദേശം. ഡല്‍ഹിയിലെ പാക് ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കിയതിനു പിന്നാലെയാണ് നടപടി. ഉടനടി രാജ്യംവിടാനുള്ള നിര്‍ദേശമാണ് ഇന്ത്യയും നല്‍കിയത്.

അതേസമയം ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണ നിലവില്‍ വന്ന ശേഷമുള്ള ആദ്യ കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് നടക്കും. ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പാക്കിയ ശേഷം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പാകിസ്ഥാന് നല്‍കിയ തിരിച്ചടി ഇന്ത്യയ്ക്ക് അഭിമാനനിമിഷമാണെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. അതിര്‍ത്തിയിലെ സാഹചര്യം എന്തെന്ന് ഇന്നത്തെ മന്ത്രിസഭായോഗം വിലയിരുത്തും. സുരക്ഷാകാര്യങ്ങള്‍ പരിഗണിക്കുന്ന ക്യാബിനറ്റ് സമിതിയും ഇന്ന് യോഗം ചേരും. പഹല്‍ഗാം ഭീകരാക്രമണം നടന്ന ശേഷം ഈ സമിതി മൂന്നാമത്തെ തവണയാണ് യോഗം ചേരുന്നത്.

ഇന്ത്യ - പാക് ഡിജിഎംഒ തല ചര്‍ച്ച 48 മണിക്കൂറിനകം വീണ്ടും നടത്താനാണ് ധാരണ. അതില്‍ സ്വീകരിക്കേണ്ട നിലപാടുകളും യോഗത്തില്‍ ചര്‍ച്ചയാകും. പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ടിആര്‍എഫിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് തെളിവുകള്‍ സഹിതം അടുത്തയാഴ്ച യുഎന്‍ സുരക്ഷാ സമിതിയെ സമീപിക്കാനിരിക്കുകയാണ് ഇന്ത്യ. ഇതിനെക്കുറിച്ചും ഇന്നത്തെ കേന്ദ്രമന്ത്രിസഭായോഗത്തില്‍ ചര്‍ച്ചയുണ്ടാകും.

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണ നിലവില്‍ വന്ന ശേഷമുള്ള നാലാം രാത്രിയും അതിര്‍ത്തി ശാന്തം. ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയും ജമ്മു കശ്മീരും പഞ്ചാബും രാജസ്ഥാനും ഗുജറാത്തുമടക്കമുള്ള അതിര്‍ത്തി മേഖലകളില്‍ സംഘര്‍ഷമുണ്ടായിട്ടില്ല. എവിടെയും ഡ്രോണ്‍ സാന്നിധ്യം കണ്ടതായോ സൈന്യം തിരിച്ചടിച്ചതായോ റിപ്പോര്‍ട്ടില്ല.

ഇതിനിടെ പഞ്ചാബിലെ അഞ്ച് അതിര്‍ത്തി ജില്ലകളിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കുകയാണ്. ഉച്ച വരെ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനം. എന്നാല്‍, ജമ്മുവില്‍ സ്‌കൂളുകള്‍ തുറക്കാന്‍ വൈകും. രാജ്യത്തെ അടച്ചിട്ട എല്ലാ വ്യോമപാതകളിലും വിമാനത്താവളങ്ങളിലും നാളെയോടെ സര്‍വീസുകള്‍ സാധാരണ നിലയിലാകും എന്നാണ് വ്യോമയാനമന്ത്രാലയത്തിന്റെ അറിയിപ്പ്.