- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭീകര താവളങ്ങളില്‍ ആളുകളുണ്ടെന്ന് വിവിധ രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചതിന് പിന്നാലെ കൃത്യമായ ആക്രമണം; ഓപ്പറേഷന്‍ സിന്ദൂരിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു; ഇന്ത്യ പ്രത്യാക്രമണത്തില്‍ തകര്‍ത്ത പാകിസ്ഥാന്റെ പ്രധാന വ്യോമതാവളങ്ങളുടെ ഉപഗ്രഹ ചിത്രങ്ങളും; വെടിനിര്‍ത്തല്‍ പാക്കിസ്ഥാന്‍ ചോദിച്ചുവാങ്ങിയത് കൂടുതല്‍ ആഘാതം നേരിടേണ്ടിവരുമെന്ന് ഭയന്ന്; ഇന്ത്യന്‍ സൈന്യം പുറത്തുവിട്ട ദൃശ്യങ്ങള്‍ പകല്‍പോലെ വ്യക്തം
ഇന്ത്യന്‍ സൈന്യം പുറത്തുവിട്ട ദൃശ്യങ്ങള്‍ പകല്‍പോലെ വ്യക്തം
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നല്‍കിയ ഓപ്പറേഷന്‍ സിന്ദൂരിന്റെ ഭാഗമായി ഇന്ത്യന്‍ സേന തകര്‍ത്ത പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇന്ത്യന്‍ സൈന്യം. പാക്കിസ്ഥാനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കുകയും നൂറോളം ഭീകരരെ വധിക്കുകയും ചെയ്തതായി ഡിജിഎംഒ ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ് വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ തകര്‍ന്ന ഭീകര താവളങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ടാണ് ഓപ്പറേഷന്‍ സിന്ദൂരിന്റെ ഭാഗമായി നടത്തിയ ആക്രമണങ്ങള്‍ അദ്ദേഹം വിശദീകരിച്ചത്.
അധിനിവേശ കശ്മീരിലെ അഞ്ച് ഭീകരകേന്ദ്രങ്ങളും പാക്കിസ്ഥാനിലെ നാല് ഭീകരകേന്ദ്രങ്ങളുമാണ് ഇന്ത്യ തകര്‍ത്തത്. മുസാഫര്‍ ബാദിലെ സവായ് നാല, സൈദ്ന ബിലാല്‍ എന്നിവിടങ്ങളിലുള്ള രണ്ട് ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ തരിപ്പണമാക്കി. ഗുല്‍പുര്‍, ഭര്‍നാല, അബ്ബാസ് എന്നിവിടങ്ങളിലെ ഭീകരകേന്ദ്രങ്ങളും തകര്‍ത്തു. ബഹവല്‍പുര്‍, മുരിദ്കെ, സര്‍ജല്‍, മെഹ്‌മൂന ജോയ എന്നീ സ്ഥലങ്ങളിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യ ആകെ ഒമ്പത് കേന്ദ്രങ്ങളാണ് തകര്‍ത്തത്. ഈ കേന്ദ്രങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
അതിര്‍ത്തികള്‍ക്കപ്പുറമുള്ള ഭീകര കേന്ദ്രങ്ങളില്‍ അതീവ ജാഗ്രതയോടെയാണ് ഓപ്പറേഷന്‍ നടത്തിയതെന്ന് ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ് പറഞ്ഞു. ഭീകരരെ മാത്രമാണ് ലക്ഷ്യമിട്ടതെന്നും വിവിധ രഹസ്യാന്വേഷണ ഏജന്‍സികള്‍ ആളുകളുണ്ടെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഒമ്പത് കേന്ദ്രങ്ങള്‍ തകര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു. ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രധാന കേന്ദ്രമായ മുരിദ്‌കെ, അജ്മല്‍ കസബിനെയും ഡേവിഡ് ഹെഡ്ലിയെയും പോലുള്ള ഭീകരരെ വളര്‍ത്തിയെടുത്തിട്ടുള്ള കേന്ദ്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പാക്കിസ്ഥാന്റെ ആക്രമണത്തിന് തിരിച്ചടി നല്‍കി ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ നടത്തിയ സൈനിക നടപടിയില്‍ പാകിസ്ഥാന്‍ വ്യോമസേനയുടെ (പിഎഎഫ്) നിരവധി താവളങ്ങള്‍ തകര്‍ന്നുവെന്നും, വലിയ നാശനഷ്ടമുണ്ടായെന്നും തെളിയിക്കുന്ന ഉപഗ്രഹ ചിത്രങ്ങളാണ് വ്യോമസേന പുറത്തു വിട്ടിരിക്കുന്നത്.
ഇന്ത്യന്‍ സ്‌പേസ് അനലിറ്റിക്‌സ് സ്ഥാപനമായ കാവസ്‌പേസും ചൈന ആസ്ഥാനമായുള്ള മിസാസ്വിഷനുമാണ് ഈ ഉപഗ്രഹ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ഭോലാരി, ജക്കോബാബാദ് (ഷാബാസ്), സര്‍ഗോധ, റാവല്‍പിണ്ടിക്കടുത്തുള്ള തന്ത്രപ്രധാനമായ നൂര്‍ ഖാന്‍ എയര്‍ബേസ് എന്നിവയുള്‍പ്പെടെയുള്ള പിഎഎഫുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതും തകര്‍ന്നതുമാണ് ചിത്രങ്ങളില്‍ കാണാനാകുന്നത്.
പാക്കിസ്ഥാനിലെ ഒന്‍പത് ഭീകരകേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ നൂറോളം ഭീകരരെ വധിച്ചെന്നാണ് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയത്. ഇന്ത്യ -പാക്ക് വെടിനിര്‍ത്തല്‍ ധാരണയ്ക്കുശേഷം നടത്തുന്ന സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷന്‍സ് ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഗായ്, എയര്‍മാര്‍ഷല്‍ എ.കെ.ഭാരതി, വൈസ് അഡ്മിറല്‍ എ.എന്‍.പ്രമോദ് തുടങ്ങിയവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.
സൈന്യം ലക്ഷ്യമിട്ടത് ഭീകരവാദികളെ മാത്രമാണ്. കൃത്യവും നിയന്ത്രിതവുമായി ഇന്ത്യ തിരിച്ചടിച്ചു. ഇന്ത്യയുടെ ആക്രമണത്തില്‍ ചില ഭീകര കേന്ദ്രങ്ങളില്‍നിന്ന് ഭീകരര്‍ ഒഴിഞ്ഞുപോയെന്നും സൈന്യം വ്യക്തമാക്കി.
പാക്കിസ്ഥാനില്‍ കൃത്യമായ ബോംബിങ്ങിലൂടെ തകര്‍ത്ത കെട്ടിടങ്ങളുടെ ചിത്രങ്ങള്‍ എയര്‍മാര്‍ഷല്‍ എ.കെ.ഭാരതി പുറത്തുവിട്ടു. ബാവല്‍പുരിലെ ഭീകര ക്യാംപായിരുന്ന കെട്ടിടം പൂര്‍ണമായി തകര്‍ത്തു. മുരിദ്‌കെയിലെ ഭീകരകേന്ദ്രവും തകര്‍ത്തു. കൊടുംഭീകരരെ പരിശീലിപ്പിക്കുന്ന മുരിദ്‌കെയിലെ കേന്ദ്രം പ്രധാന ലക്ഷ്യമായിരുന്നു. പുല്‍വാമ ആക്രമണവും കാണ്ഡഹാര്‍ വിമാനറാഞ്ചലും നടത്തിയ ഭീകരരെയും വധിച്ചു. ജനവാസ കേന്ദ്രങ്ങളില്‍ നാശനഷ്ടം ഉണ്ടായിട്ടില്ലെന്നതിന്റെ തെളിവുകള്‍ വ്യോമസേന പുറത്തുവിട്ടു.
പാക്കിസ്ഥാന്‍ യാത്രാവിമാനങ്ങളെ കവചമാക്കി ആക്രമണം നടത്തിയെന്നും ഇന്ത്യ ജാഗ്രതയോടെ ഇതിനെ നേരിട്ടെന്നും എയര്‍മാര്‍ഷല്‍ എ.കെ.ഭാരതി പറഞ്ഞു. പാക്കിസ്ഥാനിലെ വ്യോമതാവളങ്ങളും റഡാര്‍ സ്റ്റേഷനുകളും തകര്‍ത്തു. റഫീഖി, ചുനിയാന്‍, സര്‍ഗോധ, റഹിംയാര്‍ഖാന്‍, സുക്കൂര്‍, ഭോലാരി, ജക്കോബാബാദ് അടക്കമുള്ള വ്യോമതാവളങ്ങളും പസ്രുരിലെ റഡാര്‍ കേന്ദ്രവും തകര്‍ത്തു. പാക്ക് സേനയുടെ എഫ് 16, ജെഎഫ് 17 യുദ്ധവിമാനങ്ങള്‍ സ്ഥിതി ചെയ്യുന്ന താവളമാണ് സര്‍ഗോധ. 35 മുതല്‍ 40 വരെ പാക്ക് സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് പാക്കിസ്ഥാന്റെ കണക്കെന്നും സൈന്യം പറഞ്ഞു.
പാക്കിസ്ഥാന്‍ മിലിറ്ററി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ഫോണില്‍ വിളിച്ചതിനെ തുടര്‍ന്നാണ് വെടിനിര്‍ത്തലിന് ധാരണയായതെന്ന് എയര്‍ മാര്‍ഷല്‍ എ.കെ.ഭാരതി പറഞ്ഞു. എന്നാല്‍, പാക്കിസ്ഥാന്‍ ഈ ധാരണ ലംഘിച്ച് വിവിധയിടങ്ങളില്‍ ആക്രമണം നടത്തി. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളെക്കുറിച്ച് വെളിപ്പെടുത്താനാകില്ല. ശത്രുവിന് കനത്ത തിരിച്ചടി നല്‍കി. ചില പാക്ക് വിമാനങ്ങള്‍ തകര്‍ത്തു. എത്ര എണ്ണമാണെന്ന് ഈ ഘട്ടത്തില്‍ വെളിപ്പെടുത്തുന്നില്ല. പാക്ക് വിമാനങ്ങള്‍ തകര്‍ത്തതിനെക്കുറിച്ച് വരുംദിവസങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരുമെന്നും ഇതുസംബന്ധിച്ച സാങ്കേതിക പരിശോധന നടക്കുന്നെന്നും എ.കെ.ഭാരതി വ്യക്തമാക്കി.
റഫാല്‍ വിമാനം പാക്കിസ്ഥാന്‍ തകര്‍ത്തോ എന്ന ചോദ്യത്തിന്, ഇന്ത്യന്‍ വിമാനങ്ങള്‍ തകര്‍ന്നോ, പാക്ക് വിമാനങ്ങള്‍ ഏതൊക്കെ തകര്‍ന്നു എന്നതുപോലുള്ള കാര്യങ്ങള്‍ ഈ ഘട്ടത്തില്‍ വിശദീകരിക്കാനാകില്ലെന്ന് എ.കെ.ഭാരതി മറുപടി പറഞ്ഞു. സംഘര്‍ഷം ഇപ്പോഴും നിലനില്‍ക്കുകയാണ്. അത്തരം വെളിപ്പെടുത്തലുകള്‍ എതിരാളികള്‍ക്ക് അനുകൂലമാകും. രാജ്യം ശക്തമായ തിരിച്ചടിയാണ് ശത്രുവിന് നല്‍കിയതെന്ന് മാത്രമേ ഈ ഘട്ടത്തില്‍ പറയാന്‍ കഴിയൂ. പോര്‍മുഖത്ത് നഷ്ടങ്ങളും സ്വാഭാവികമാണെന്നും എ.കെ.ഭാരതി പറഞ്ഞു.