- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ഇന്ത്യ ഇരുട്ടിന്റെ മറവില്‍ ആക്രമണം നടത്തി; പാക് സേന ശക്തമായി പ്രതിരോധിച്ചുവെന്നും പാക്ക് പ്രധാനമന്ത്രി; 26 പേര്‍ മരിച്ചെന്ന് പാകിസ്ഥാന്; 90 പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍; കൊടും ഭീകരരുടെ മരണം മറച്ചുവക്കുന്നു? തീമഴയായി പെയ്തിറങ്ങിയ 'ഓപ്പറേഷന്‍ സിന്ദൂര്‍' തുടര്‍ന്നേക്കും; കൂടുതല്‍ ഭീകര ക്യാമ്പുകള്‍ ഉന്നമിട്ട് ഇന്ത്യ; അതിര്‍ത്തിയില്‍ അതീവ ജാഗ്രത
കൂടുതല്‍ ഭീകര ക്യാമ്പുകള്‍ ഉന്നമിട്ട് ഇന്ത്യ; അതിര്‍ത്തിയില്‍ അതീവ ജാഗ്രത
ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കി പാകിസ്ഥാന്റെ മണ്ണിലെ ഭീകരതാവളങ്ങള്‍ ചുട്ടെരിച്ച 'ഓപ്പറേഷന്‍ സിന്ദൂര്‍' തുടര്‍ന്നേക്കുമെന്ന് സൂചന. കൂടുതല്‍ ഭീകര ക്യാമ്പുകള്‍ ഇന്ത്യ ഉന്നം വയ്ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഒന്‍പത് ഭീകര ക്യാമ്പുകള്‍ ചുട്ടെരിച്ച സൈനിക നടപടി ആവര്‍ത്തിച്ചേക്കും. പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കാന്‍ സേനകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രകോപനമുണ്ടായാല്‍ പാക്ക് സൈനിക താവളങ്ങള്‍ അടക്കം ആക്രമിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തി മേഖലയില്‍ അതീവ ജാഗ്രത തുടരുകയാണ്. നിരവധി ഗ്രാമീണരെ സൈന്യം സുരക്ഷിത മേഖലകളിലേക്ക് മാറ്റി.
പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷന്‍ സിന്ദൂര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കും എന്നാണ് ഇന്ത്യയുടെ നിലപാട്. വിദേശ നയതന്ത്ര പ്രതിനിധികളെ ഇന്ത്യ ഇക്കാര്യം അറിയിച്ചു. സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ മടിക്കില്ലെന്നും ഇന്ത്യ മുന്നറിയിപ്പ് നല്‍കി. വിദേശ രാജ്യങ്ങളോട് ഇക്കാര്യത്തില്‍ ഇന്ത്യ നിലപാടറിയിച്ചത്. പാകിസ്ഥാന്‍ ഇനി ആക്രമണത്തിന് മുതിര്‍ന്നാല്‍ ഇന്ത്യ ശക്തമായി തിരിച്ചിടിക്കും. പാകിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കാന്‍ മടിക്കില്ലെന്നും വിദേശ നയതന്ത്ര പ്രതിനിധികളെ ഇന്ത്യ അറിയിച്ചു.
ഭീകരവാദത്തെ പാലൂട്ടി വളര്‍ത്തുന്ന പാകിസ്ഥാന് സമീപകാലത്തുണ്ടായ ഏറ്റവും വലിയ തിരിച്ചടിയാണ് ഒന്‍പത് തീവ്രവാദ പരിശീലന കേന്ദ്രങ്ങളിലേക്ക് ഇന്ത്യന്‍ സേന നടത്തിയ മിന്നല്‍ ആക്രമണം. കഷ്ടിച്ച് അര മണിക്കൂര്‍ നീണ്ടുനിന്ന ആക്രമണത്തില്‍ 26 പേര്‍ മരിച്ചെന്നും 46 പേര്‍ക്ക് പരിക്കേറ്റുവെന്നും പാകിസ്ഥാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. എന്നാല്‍ 90 പേരെങ്കിലും മരിച്ചെന്നും അതില്‍ പലരും കൊടും ഭീകരര്‍ ആയതിനാല്‍ വിവരം പാകിസ്ഥാന്‍ മറച്ചുവയ്ക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഭയന്നുവിറച്ച് പാക്കിസ്ഥാന്‍
അതേസമയം, ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന് മറുപടി നല്‍കാന്‍ പാക് സൈന്യത്തിന് പാക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി എന്നാണ് വിവരം. പാകിസ്ഥാന്‍ സൈന്യം പ്രതികരണം തീരുമാനിക്കുമെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്ഥാന്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യത്തെ നേരിടാന്‍ തയ്യാറായിരിക്കാന്‍ ആശുപത്രികള്‍ക്കും പാക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ 36 മണിക്കൂറിലേക്ക് നിര്‍ത്തിവച്ചു. വ്യോമപാത പൂര്‍ണ്ണമായും അടച്ചു. പാക് പഞ്ചാബിലെയും ഇസ്ലാമാബാദിലെയും സ്‌കൂളുകളും അടച്ചു.
ഇന്ത്യന്‍ ആക്രമണത്തിന് പാക് പ്രതിരോധ സേന ശക്തവും അനുയോജ്യവുമായ മറുപടി നല്‍കിയതായാണ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് പറഞ്ഞത്. ഇന്ത്യ ഇരുട്ടിന്റെ മറവില്‍ ആക്രമണം നടത്തിയെങ്കിലും പാക് സേന അതിനെ ശക്തമായി പ്രതിരോധിച്ചുവെന്നും പാക് പ്രധാനമന്ത്രി അവകാശപ്പെട്ടു. ഇന്ത്യയ്ക്കെതിരായ നടപടിക്ക് പാക് സൈന്യത്തിന് പൂര്‍ണ അധികാരം നല്‍കിയെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരിഫ് പറഞ്ഞു. പാക്കിസ്ഥാന്‍ സൈന്യം പ്രതികരണം തീരുമാനിക്കുമെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യന്‍ ആക്രമണത്തില്‍ കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടെന്ന് ഷെഹബാസ് ഷെരീഫ് വിശദീകരിച്ചു. രക്തസാക്ഷികള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നു. പഹല്‍ഗാം ആക്രമണത്തിന്റെ മുഴുവന്‍ പഴിയും പാകിസ്താന് മുകളില്‍ കെട്ടിവയ്ക്കാന്‍ ഇന്ത്യ ശ്രമിക്കുകയാണ്. ഒരു തെളിവുമില്ലാതെയാണ് ഇന്ത്യ പാക്കിസ്ഥനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും ഷെഹബാസ് ഷെരീഫ് പറഞ്ഞു. ജാഫറാബാദ് ട്രെയിന്‍ റാഞ്ചലിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഇന്ത്യയുമായി ബന്ധമുണ്ടെന്നും പാക് പ്രധാനമന്ത്രി ആരോപിച്ചു.
അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ തുടര്‍ച്ചയായി ഇന്ത്യക്കെതിരെ പ്രകോപനപരമായി സംസാരിച്ച പാക് പ്രതിരോധ മന്ത്രി നിലപാട് മാറ്റി രംഗത്തെത്തിയിരുന്നു. സംഘര്‍ഷത്തിന് ആയവ് വരുത്താം എന്ന് പാക്കിസ്ഥാന്‍ പ്രതിരോധമന്ത്രി പറഞ്ഞു.
ഇന്ത്യ ആക്രമണം നിര്‍ത്തിയാല്‍ തങ്ങളും ഒരു നടപടിയും സ്വീകരിക്കില്ലെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. ഇന്ത്യ ഇനി ആക്രമണം നടത്താതിരുന്നാല്‍ പാക്കിസ്ഥാനും പിന്മാറാം എന്ന് പാക് പ്രതിരോധമന്ത്രി അറിയിച്ചു. പാക്കിസ്ഥാന്‍ മൂന്ന് ഇന്ത്യന്‍ സൈനികരെ യുദ്ധത്തടവുകാരായി പിടികൂടിയതായി നേരത്തെ നടത്തിയ പ്രസ്താവന ആസിഫ് പിന്‍വലിച്ചു.
ഇന്ത്യന്‍ സൈനികരില്‍ ആരെയും പിടികൂടുകയോ തടവുകാരായി കൊണ്ടുപോകുകയോ ചെയ്തിട്ടില്ലെന്ന് പാക് പ്രതിരോധ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാനിലെ തീവ്രവാദ ക്യാമ്പുകളില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ആസിഫിന്റെ പ്രതികരണം.
പഹല്‍ഗാമിലെ കണ്ണീരിന് മറുപടി
പുലര്‍ച്ചെ 1.05 മുതല്‍ ഒന്നര വരെ നീണ്ടു നിന്ന ശക്തമായ ആക്രമണമായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. പഹല്‍ഗാമില്‍ സിന്ദൂരം മായ്ക്കപ്പെട്ട സ്ത്രീകളുടെ കണ്ണീരിന്, തീമഴയായി പാകിസ്ഥാനോട് പകരം വീട്ടല്‍ നടത്തി. പ്രധാനമന്തി നരേന്ദ്രമോദി തന്നെയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ടത്. ഭവല്‍ പൂര്‍, മുറിട്‌കേ, സിലാല്‍ കോട്ട്, കോട്‌ലി, ഭിംബീര്‍, ടെഹ്‌റകലാന്‍, മുസഫറബാദ് എന്നിവടങ്ങളിലായി ഒന്‍പത് ഭീകര കേന്ദ്രങ്ങളുടെ മേല്‍ റഫാല്‍ വിമനത്തില്‍ നിന്ന് മിസൈലുകള്‍ വര്‍ഷിച്ചു.
ഒന്ന് നാല്‍പത്തി നാലിന് ആദ്യ വാര്‍ത്താ കുറിപ്പിറക്കി പ്രതിരോധ മന്ത്രാലയം രാജ്യം കാത്തിരുന്ന ആക്രമണത്തിന്റെ വിവരങ്ങള്‍ ലോകത്തോട് പറഞ്ഞു. പിന്നാലെ ആക്രമണ സ്ഥലങ്ങളുടെ ദൃശ്യങ്ങളടക്കം പുറത്ത് വന്നു. പാകിസ്ഥാനില്‍ പരിഭ്രാന്തരായി ജനം നാലുപാടും ചിതറയോടുന്നതിന്റെയും ആശുപത്രികളിലേക്ക് ആംബുലന്‍സുകളടക്കം ചീറിപ്പായുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത് വന്നു. ജെയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസറിന്റെ കുടുംബത്തിലെ 14 പേരെങ്കിലും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് വിവരം.
രാത്രി മുഴുവന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആക്രമണം നിരീക്ഷിച്ചു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവല്‍ ഒപ്പമിരുന്ന് പ്രധാനമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിച്ചു. സംയുക്ത സൈനിക മേധാവിയോടും, സൈനിക മേധാവിമാരോടും പ്രധാനമന്ത്രി നേരിട്ട് സംസാരിച്ചു. പ്രതിരോധമന്ത്രി രാജ് നാഥ് സിംഗും പ്രധാനമന്ത്രിയെ കാര്യങ്ങള്‍ അറിയിച്ചു. പാകിസ്ഥാനോട് തൊട്ടടുത്തുള്ളതും, വ്യോമാക്രണത്തിന് സാധ്യതയുള്ളതുമായ രാജ്യത്തെ 10 വിമാനത്താവങ്ങള്‍ അടച്ച് ഇന്ത്യ ആദ്യ പ്രതിരോധവും തീര്‍ത്തു.
തെളിവുകള്‍ പുറത്തുവിട്ട് ഇന്ത്യ
'ഞങ്ങള്‍ക്ക് ഈ രക്തത്തില്‍ പങ്കില്ല' ഇന്ത്യയില്‍ എപ്പോള്‍ തീവ്രവാദ ആക്രമണം ഉണ്ടായാലും പാക്കിസ്ഥാന്‍ ആവര്‍ത്തിക്കുന്ന പല്ലവി ഇതാണ്. പാര്‍ലമെന്റ് ആക്രമണത്തിലും ഉറിയിലും പുല്‍വാമയിലും രണ്ടാഴ്ച്ച മുന്‍പ് പഹല്‍ഗാമിലും ഒക്കെ പാക്കിസ്ഥാന്‍ ആദ്യം കൈക്കൊണ്ട നിലപാട് ഇത് തന്നെയായിരുന്നു. എന്നാല്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും സായുധ സേനയിലെ മുതിര്‍ന്ന വനിതാ ഓഫീസിസര്‍മാരും ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനം ഈ നുണയെ അടപടലം പൊളിച്ചുകളയുന്ന ഒന്നായിരുന്നു.
ജെയ്ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ തോയിബ, ഹിസ്ബുള്‍ മുജാഹിദീന്‍ സംഘടനകളുടെ പരിശീലന കേന്ദ്രങ്ങളുടെ ദൃശ്യങ്ങളും കൃത്യവും സൂക്ഷ്മവുമായ ആയുധങ്ങള്‍ ഉപയോഗിച്ച് ഇന്ത്യന്‍ സേന അവ തകര്‍ത്ത ശേഷമുള്ള ദൃശ്യങ്ങളും വാര്‍ത്താ സമ്മേളനത്തിലൂടെ അവര്‍ ലോകത്തിനു മുന്നില്‍ തെളിവായി സമര്‍പ്പിച്ചു. ഒരു സൈനിക കേന്ദ്രത്തെ പോലും തകര്‍ത്തിട്ടില്ലെന്നും തകര്‍ത്തത് പാകിസ്ഥാനിലെ ഭീകരാക്രമണ കേന്ദ്രങ്ങളാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി.