ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ ലക്ഷ്യം വച്ചത് പാക്കിസ്ഥാനിലെയും, പാക് അധീന കശ്മീലെയും ഭീകര ക്യാമ്പുകളെ മാത്രമെന്ന് ആവര്‍ത്തിച്ച് സംയുക്ത സേന. എന്നാല്‍, പാക്കിസ്ഥാന്‍ സൈന്യം ഭീകരര്‍ക്കൊപ്പം ചേര്‍ന്ന് അത് അവരുടെ പോരാട്ടമായി മാറ്റി. അവരുടെ നഷ്ടങ്ങള്‍ക്ക് അവര്‍ മാത്രമാണ്് ഉത്തരവാദികളെന്ന് സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ എയര്‍ മാര്‍ഷല്‍ എ കെ ഭാര്‍തി പറഞ്ഞു. പാക്കിസ്ഥാന്‍ ഭീകരര്‍ക്കൊപ്പം നിലകൊണ്ട് ഇന്ത്യയുടെ കോപത്തിന്റെ ചൂട് ഏറ്റുവാങ്ങുകയായിരുന്നു. കറാച്ചിയിലും, ലാഹോറിലും ഇസ്ലാമാബാദിലും ആക്രമണം നടത്തിയെന്ന് സംയുക്ത സേന സ്ഥിരീകരിച്ചു. അതിന്റെ ചിത്രവും പുറത്തുവിട്ടു. പാക്കിസ്ഥാന്റെ റഹിംയാര്‍ ഖാന്‍ വ്യോമതാവളം തകര്‍ത്തതിന്റെ വീഡിയോയും പുറത്തുവിട്ടു.

പാക്കിസ്ഥാന്‍ ആക്രമണങ്ങളെ ഇന്ത്യ വിജയകരമായി ചെറുത്തു. കരസേനയുടെയും നാവികസേനയുടെയും വ്യോമസേനയുടെയും സംയുക്ത നിയന്ത്രണത്തിലുള്ള വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് പാക് ഡ്രോണ്‍ ആക്രമണങ്ങളെ തടുത്തത്. ബഹുതല എഡി സെന്‍സറുകളും ആയുധ സംവിധാനങ്ങളും ഉപയോഗിച്ചതായി എ കെ ഭാര്‍തി പറഞ്ഞു. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വ്യോമ പ്രതിരോധ സംവിധാനം, വിശഷിച്ചും ആകാശ് സംവിധാനം മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചത് എടുത്തുപറയണമെന്നും എയര്‍ മാര്‍ഷല്‍ പറഞ്ഞു.


ചൈനാ നിര്‍മിത പിഎല്‍ 15 എയര്‍ ടു എയര്‍ മിസൈല്‍ അടക്കം പാക്കിസ്ഥാന്‍ പ്രയോഗിച്ചു. പക്ഷേ അതിനു ലക്ഷ്യം കാണാനായില്ല. ആക്രമണത്തെ വ്യോമ പ്രതിരോധ സംവിധാനം ഫലപ്രദമായി ചെറുത്തു. പാക്കിസ്ഥാന്‍ ഉപയോഗിച്ച ആയുധങ്ങളുടെ ദൃശ്യങ്ങള്‍ സേന പുറത്തുവിട്ടു. പാക്കിസ്ഥാനില്‍ ഇന്ത്യ ലക്ഷ്യം വച്ച പ്രദേശങ്ങളുടെ വിഡിയോകളും വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.




നേരത്തേ തുര്‍ക്കിഷ് നിര്‍മിത ഡ്രോണുകള്‍ പാകിസ്ഥാന്‍ ഉപയോഗിച്ചുവെന്ന് സൈന്യം സ്ഥിരീകരിച്ചിരുന്നു. നിരവധി ഡ്രോണുകളും ആളില്ലാ ചെറു സായുധ വിമാനങ്ങളും പാകിസ്ഥാന്‍ ആക്രമണത്തിന് ഉപയോഗിച്ചു. ഇവയെല്ലാം അമേരിക്കന്‍ നിര്‍മിത വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇന്ത്യ തകര്‍ത്തു. സോഫ്റ്റ് ആന്‍ഡ് ഹാര്‍ഡ് കില്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് പ്രതിരോധിച്ചത്. കേന്ദ്രീകൃതമായ എയര്‍ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റം ഉപയോഗിച്ചാണ് പാക് വ്യോമാക്രമണത്തെ ചെറുത്തത്.

എയര്‍ മാര്‍ഷല്‍ എ കെ ഭാര്‍തി ലഫ്റ്റ്‌നന്റ് ജനറല്‍ രാജീവ് ഖായ്,വൈസ് അഡ്മിറല്‍ എ എന്‍ പ്രമോദ്, മേജര്‍ ജനറല്‍ എസ് എസ് ശാര്‍ദ എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.