ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യത്തില്‍ എങ്ങനെയാണ് ഇന്ത്യ പാക്കിസ്ഥാനിലെ അപ്രതിരോധ്യമെന്ന് വാഴ്ത്തപ്പെട്ട ചൈനീസ് നിര്‍മ്മിത പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ലക്ഷ്യം ഭേദിച്ചത്? ചോദ്യങ്ങള്‍ക്ക് വിശദമായ ഉത്തരവുമായി കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണ കുറിപ്പ്. മെയ്ഡ് ഇന്‍ ഇന്ത്യ സാങ്കേതിക വിദ്യ ഉപയോഗിച്ച് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വ്യോമ പ്രതിരോധ സംവിധാനമാണ് ഇന്ത്യന്‍ നഗരങ്ങളെയും സൈനിക താവളങ്ങളെയും ഉന്നമിട്ട് തൊടുത്ത് വിട്ട പി എല്‍ 15, മിസൈലുകളും, ബെയ് രക്തര്‍ ഡ്രോണുകളും അടക്കമുള്ള ചൈനീസ്, തുര്‍ക്കി ആയുധങ്ങളെ നിര്‍വീര്യമാക്കിയത്.

കിറുകൃത്യത, 23 മിനിറ്റില്‍ പൂര്‍ത്തിയാക്കി

ഇന്ത്യയുടെ സൈനിക നടപടിയുടെ കൃത്യത മാത്രമല്ല, സാങ്കേതിക വിദ്യയിലെ സ്വാശ്രയത്വം കൂടി അടിവരയിടുന്നതായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. ചൈനീസ് വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടന്നും ജാം ചെയ്തും ഇന്ത്യയുടെ മറുപടി കിറുകൃത്യവും തന്ത്രപ്രധാനവുമായിരുന്നു.

ഇന്ത്യന്‍ പോര്‍ വിമാനങ്ങള്‍ പാക്കിസ്ഥാന്റെ നുര്‍ഖാന്‍, റഹിംയാര്‍ ഖാന്‍ വ്യോമതാവളങ്ങള്‍ അടക്കം സൈനിക താവളങ്ങള്‍ തദ്ദേശീയ സാങ്കേതിക വിദ്യ പ്രയോഗിച്ച് ആക്രമിച്ചു. ഈ ആക്രമണങ്ങള്‍ വെറും 23 മിനിറ്റില്‍ പൂര്‍ത്തിയാക്കി.

നിയന്ത്രണ രേഖയോ അന്താരാഷ്ട്ര അതിര്‍ത്തിയോ കടന്നില്ല

ഓപ്പറേഷന്‍ സിന്ദൂറില്‍ നിയന്ത്രണ രേഖയോ അന്താരാഷ്ട്ര അതിര്‍ത്തിയോ കടക്കാതെയാണ് ലക്ഷ്യങ്ങള്‍ ഭേദിച്ചത്. ഇന്ത്യക്ക് നഷ്ടങ്ങള്‍ ഉണ്ടായില്ല. അതേസമയം, ഇന്ത്യയുടെ ബഹുതല വ്യോമ പ്രതിരോധ സംവിധാനം പാക് സേനയുടെ ആക്രമണങ്ങളെ വിജയകരമായി ചെറുത്തു.

മിസൈലുകളെയും ഡ്രോണുകളെയും നിര്‍വീര്യമാക്കുന്നതില്‍ ആകാശ് മിസൈല്‍ സംവിധാനം തിളങ്ങുന്ന പ്രകടനം കാഴ്ച വച്ചു. ഇന്ത്യയില്‍ വികസിപ്പിച്ച അരുദ്ര, അശ്വനി റഡാറുകളാണ് ട്രാക്കിങ്ങിനും ഇടപെടലിനുമായി ഉപയോഗിച്ചത്. 360 ഡിഗ്രി നിരീക്ഷണത്തിനായി നേത്ര വ്യോമ മുന്നറിയിപ്പ്, നിയന്ത്രണ സംവിധാനങ്ങള്‍ ഇതാദ്യമായി ഉപയോഗിച്ചു. സര്‍ക്കാരിന്റെ തുടര്‍ച്ചയായ നിക്ഷേപത്തിലൂടെ കഴിഞ്ഞ ഒരുപതിറ്റാണ്ടിലേറെ കാലം കൊണ്ടാണ് ഈ സംവിധാനം ചിട്ടപ്പെടുത്തി എടുത്തത്. പരമ്പരാഗത വ്യോമപ്രതിരോധ സംവിധാനങ്ങളായ പെച്ചോര മിസൈല്‍, OSA - AK, LLAD എന്നീ ലോവര്‍ എയര്‍ ഡിഫന്‍സ് തോക്കുകള്‍ ഉപയോഗിച്ചുവെന്നും കേന്ദ്രം വ്യക്തമാക്കി. പത്ത് ഉപഗ്രഹങ്ങളാണ് ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യം ആസൂത്രണം ചെയ്യാന്‍ ഉപയോഗിച്ചത്.

ചൈനീസ് മിസൈലുകളും തുര്‍ക്കി നിര്‍മ്മിത ഡ്രോണുകളും വിവിധയിടങ്ങളില്‍ നിന്ന് കണ്ടെടുത്തു. ഇക്കൂട്ടത്തില്‍ പിഎല്‍-15 എയര്‍ ടു എയര്‍ മിസൈലുകള്‍, തുര്‍ക്കി നിര്‍മ്മിത യുഎവികള്‍( ആളില്ലാതെ പറക്കുന്ന വാഹനങ്ങള്‍), ദീര്‍ഘദൂര റോക്കറ്റുകള്‍ എന്നിവയുടെ അവശിഷ്ടങ്ങളും കണ്ടെടുത്തു. വിദേശ നിര്‍മ്മിത അത്യാധുനിക ആയുധങ്ങള്‍ പ്രയോഗിച്ച് മേല്‍ക്കൈ നേടാനുളള പാക് ശ്രമം ഇന്ത്യയുടെ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വ്യോമ പ്രതിരോധ സംവിധാനങ്ങളും ഇലക്രോണിക് യുദ്ധ ശൃംഖലകളും വിജയകരമായി ചെറുത്തതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.