ന്യൂയോര്‍ക്ക്: ഒരൊറ്റ ദിവസം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായി മാറി ഒറാക്കിള്‍ സഹ സ്ഥാപകന്‍ ലാറി എലിസണ്‍. ലോകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരന്‍ എന്ന ഖ്യാതി വര്‍ഷങ്ങളായി നിലനിര്‍ത്തിയ ഇലോണ്‍ മസ്‌കിനെ ഒരൊറ്റ ദിവസം കൊണ്ട് മറികടന്നാണ് എലിസണ്‍ ആ പട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം ഒറാക്കിളിന്റെ വരുമാന റിപ്പോര്‍ട്ട് വന്നതോടെ ലാറി എലിസണിന്റെ സമ്പത്ത് 101 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 393 ബില്യണ്‍ ഡോളറായി. മസ്‌കിന്റെ 385 ബില്യണ്‍ ഡോളറിനെയാണ് ഇതോടെ ലാറി മറികടന്നത്.

ഒരൊറ്റ ദിവസം കൊണ്ട് ലാറി എലിസണ്‍ ഉണ്ടാക്കിയിരിക്കുന്ന നേട്ടം കണ്ട് അമ്പരന്ന് ഇരിക്കുകയാണ് ലോക സമ്പന്നര്‍. ഒറ്റദിവസം ഒരാളുടെ ആസ്തിയില്‍ ഇത്രയധികം കുതിപ്പുണ്ടാകുന്നതും റെക്കോര്‍ഡാണ്. ഒറ്റദിനം കൊണ്ട് വലിയ നേട്ടമാണ് ലാറിക്കുണ്ടായതെന്നും അദ്ദേഹത്തിന്റെ സമ്പത്തിലുണ്ടായ വര്‍ധന ഇതുവരെ രേഖപ്പെടുത്തിയല്‍വെച്ച് ഒരുദിവസം കൊണ്ട് ഉണ്ടായ ഏറ്റവും വലിയ വര്‍ധനവാണെന്നും ബ്ലൂംബെര്‍ഗിന്റെ കണക്കുകള്‍ പറയുന്നു. സോഫ്റ്റ്‌വെയര്‍ കമ്പനിയായ ഒറാക്കിള്‍ കോര്‍പറേഷന്റെ സഹസ്ഥാപകനും ചെയര്‍മാനും ചീഫ് ടെക്‌നോളജി ഓഫിസറുമാണ് (സിടിഒ) 81കാരനായ ലാറി എലിസണ്‍.

ബ്ലൂംബെര്‍ഗിന്റെ കണക്കുകള്‍ പ്രകാരം 393 ബില്യന്‍ ഡോളറാണ് (34.63 ലക്ഷം കോടി രൂപ) നിലവില്‍ ലാറി എലിസണിന്റെ ആസ്തി. മസ്‌കിന്റേത് 385 ബില്യനും (33.93 ലക്ഷം കോടി രൂപ). ബുധനാഴ്ച രാവിലെ മാത്രം ഓറാക്കിള്‍ ഓഹരികള്‍ 41 ശതമാനമാണ് ഉയര്‍ന്നത്. ഒറ്റദിനംകൊണ്ട് കമ്പനി നേടുന്ന ഏറ്റവും വലിയ ഓഹരി മുന്നേറ്റമാണിത്. ഒറാക്കിളിന്റെ ഏറ്റവും വലിയ വ്യകിതഗത ഓഹരി ഉടമയാണ് എലിസണ്‍. ഓഹരികളുടെ വില വര്‍ധിക്കുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന പദവി അദ്ദേഹത്തിന് നിലനിര്‍ത്താനാകും.

ലോകത്തിലെ ഏറ്റവും വലിയ ധനികനെന്ന നിലയില്‍ മസ്‌ക് സൂക്ഷിച്ച ആധിപത്യമാണ് ഇതോടെ അവസാനിച്ചത്. 2021 ലാണ് മസ്‌ക് ആദ്യമായി ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന പദവി നേടിയത്. ഇതിനിടെ രണ്ടുതവണ മസ്‌കിന് ഈ പദവി നഷ്ടമായിരുന്നെങ്കിലും അദ്ദേഹം അത് തിരിച്ചു പിടിച്ചിരുന്നു. അതേസമയം, ഫോബ്‌സിന്റെ റിയല്‍ടൈം ശതകോടീശ്വര പട്ടികപ്രകാരം മസ്‌ക് തന്നെയാണ് ഇപ്പോഴും ഒന്നാമന്‍; ആസ്തി ഇന്ത്യന്‍ സമയം ബുധനാഴ്ച രാത്രി 9.40 പ്രകാരം 439.9 ബില്യന്‍ ഡോളര്‍ (38.75 ലക്ഷം കോടി രൂപ). എന്നാല്‍, 401.1 ബില്യനുമായി (35.34 ലക്ഷം കോടി രൂപ) ലാറി എലിസണ്‍ തൊട്ടടുത്തുണ്ട്; ഏതുനിമിഷവും മസ്‌കിന്റെ ഒന്നാം നമ്പര്‍ 'കസേര' തെറിക്കാമെന്ന് ഈ കണക്കും വ്യക്തമാക്കുന്നു.

1992നുശേഷം ഒറാക്കിള്‍ ഓഹരിവില കൈവരിക്കുന്ന ഏറ്റവും വലിയ ഏകദിന നേട്ടമാണിത്. നിലവില്‍ ഒറാക്കിളിന്റെ വിപണിമൂല്യം 950 ബില്യന്‍ ഡോളറിലെത്തി. ഒരു ട്രില്യന്‍ ഡോളര്‍ മൂല്യമെന്ന നാഴികക്കല്ല് ഏത് നിമിഷവും മറികടന്നേക്കും. എഐ അധിഷ്ഠിത ക്ലൗഡ് സേവനങ്ങളില്‍ നിന്നുള്ള വരുമാനം ആമസോണ്‍, മൈക്രോസോഫ്റ്റ്, ഗൂഗിള്‍ എന്നിവയുമായുള്ള കരാറിന്റെ ഭാഗമായി 1,529 ശതമാനം കൂടിയെന്നും ഈ വിഭാഗത്തില്‍ നിന്ന് 2026ല്‍ 18 ബില്യനും തുടര്‍ന്നുള്ള 4 വര്‍ഷങ്ങളില്‍ യഥാക്രമം 32 ബില്യന്‍, 72 ബില്യന്‍, 114 ബില്യന്‍, 144 ബില്യന്‍ എന്നിങ്ങനെയും വരുമാനം പ്രതീക്ഷിക്കുന്നതായും ലാറി എലിസണ്‍ പറഞ്ഞതിനു പിന്നാലെയാണ് ഒറാക്കിളിന്റെ ഓഹരിവില റോക്കറ്റിലേറിയത്.

ഇതോടെ, ഡോയിച് ബാങ്ക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ അനലിസ്റ്റുകള്‍ ഒറാക്കിളിന്റെ ഓഹരികളുടെ ലക്ഷ്യവില (ടാര്‍ജറ്റ് പ്രൈസ്) 240 ഡോളറില്‍ നിന്ന് 335 ഡോളറിലേക്ക് ഉയര്‍ത്തി. ഇതുംകൂടിയായതോടെ, ഓഹരിവില കുതിച്ചുപറപറന്നു. എലിസണിന്റെ ആസ്തിയും ഒപ്പംമുന്നേറി. 1977ല്‍ ഒറാക്കിള്‍ സ്ഥാപിച്ചവരില്‍ ഒരാളാണ് ലാറി എലിസണ്‍. കൈവശമുള്ള ഒറാക്കിളിന്റെ ഓഹരികള്‍ കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലേറെയായി വിറ്റഴിക്കാതെ സൂക്ഷിക്കുകയുമാണ് അദ്ദേഹം. 116 കോടി ഓഹരികളാണ് അദ്ദേഹത്തിന്റെ കൈയിലുള്ളത്. 4 വര്‍ഷക്കാലം ടെസ്‌ലയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗവുമായിരുന്നു എലിസണ്‍. 2022ലാണ് പടിയിറങ്ങിയത്. ആമസോണ്‍, മൈക്രോസോഫ്റ്റ്, ഗൂഗിള്‍ എന്നിവയ്ക്ക് പുറമെ ചാറ്റ്ജിപിടിയുടെ ഉടമസ്ഥരായ ഓപ്പണ്‍എഐ, മസ്‌കിന്റെ എക്‌സ്എഐ, മെറ്റ, എന്‍വിഡിയ, എഎംഡി തുടങ്ങിയവയുമായും ക്ലൗഡ് സേവന കരാറുകള്‍ ഒപ്പുവച്ചിട്ടുണ്ടെന്ന് എലിസണ്‍ വ്യക്തമാക്കിയിട്ടുണ്ട്.